Friday, July 29, 2011

നോമ്പുകാലത്തെ രാത്രി പടം.

നിസ്കാരം കഴിഞ്ഞ ഉമ്മുമ്മ നോക്കിയത് എന്റെ മുഖത്ത്. ഞാന്‍ തല ചൊറിഞ്ഞുകൊണ്ട് ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു:

"ഉമ്മുമ്മാ പൂക്കോട്ടുംപാടം അങ്ങാടീല് ചുഴലി അബൂബക്കര്‍ മുസ്ല്യാരുടെ വയള് ഉണ്ട്. (വയള് - മതപ്രസംഗം). ഞാനും മാമയും കേള്‍ക്കാന്‍ പോകട്ടെ?"

ഉമ്മുമ്മ സന്തോഷച്ചിരിയോടെ തലയാട്ടി പറഞ്ഞു : "അങ്ങനെ നല്ല കാര്യമൊക്കെ ചെയ്യ്‌. റമളാനില്‍ പുണ്യകാര്യം ചെയ്‌താല്‍ നൂറിരട്ടിയാ പടച്ചോന്‍ കൂലി തരിക.  ഉം പോയി കേട്ടിട്ട് വാ."

അപ്പോഴേക്കും മാമ മുണ്ടും കുപ്പായവും ഇട്ടു റെഡി ആവാന്‍ തുടങ്ങിയിരുന്നു. നേരിയ കുറ്റബോധം എനിക്ക് ഉണ്ടാകാതെ ഇരുന്നില്ല. ചുഴലി മുസ്ല്യാരെ അല്ലാലോ രജനീകാന്ത് സിനിമ ആണല്ലോ കാണാന്‍ പോകുന്നത്. മാമ സൈക്കിള്‍ എടുത്ത് മുറ്റത്ത്‌ ഇറക്കി കയറി എന്നെ കാത്തുനിന്നു.

നിലാവുള്ള ആ രാത്രിയില്‍ സൈക്കിളില്‍ ഞങ്ങള്‍ പൂക്കോട്ടുംപാടം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഇളംകാറ്റ്‌ വീശുന്നുണ്ടായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ എവിടെനിന്നോ കുറ്റിചൂളാന്‍ പക്ഷിയുടെ മാസ്മരിക ചൂളംവിളി കേള്‍ക്കുന്നുണ്ട്. ഉണക്കയിലകള്‍ക്ക്‌ ഇടയില്‍ ഒളിച്ച് ഇരിപ്പുള്ള പലതരം പ്രാണികളുടെ സംഗീതകച്ചേരി കേട്ടുകൊണ്ട് ഞങ്ങള്‍ ഒരു വല്ലാത്ത മൂഡില്‍ സൈക്കിളില്‍ പൊതുപാതയില്‍ പ്രവേശിച്ചു. ദൂരെ എവിടെയോ നിന്ന് കുറുക്കന്മാരുടെ ഓരിയിടല്‍ കാറ്റില്‍ അലച്ചുവന്നു. പിറകില്‍ ഇരുന്നുകൊണ്ട് ഞാന്‍ മാമയെ തള്ളി സൈക്കിളിന്റെ വേഗം കൂട്ടാന്‍ പറഞ്ഞു.

പേടി മാറാന്‍ ഞാന്‍ ഓരോരോ പാട്ടുകള്‍ മൂളി. മാമയും പാടി. ഞങ്ങളേയും വഹിച്ച് സൈക്കിള്‍ വിജനമായ പാതയിലൂടെ വളഞ്ഞു പുളഞ്ഞ് പോയികൊണ്ടിരുന്നു. നിലാവുള്ള ആകാശത്ത് നോക്കുമ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്ന്‍ വരുന്ന പൂര്‍ണ്ണചന്ദ്രന്‍ ഇടയ്ക്കിടെ മേഘക്കൂട്ടത്തില്‍ ഒളിക്കുന്നു പിന്നെ തെളിയുന്നു. പാതയോരത്തെ ഒരു വാഴത്തോട്ടത്തില്‍ നിന്നും വലിയൊരു വവ്വാല്‍ സ്ലോമോഷനില്‍ പാറി പോകുന്നത് ഒരു നിഴല്‍ പോലെ നിലാവില്‍ കണ്ടു. പണ്ട് വായിച്ച 'ഡ്രാക്കുള' കഥ മനസ്സില്‍ എത്തി. പിന്നിട്ട പാതയോരത്തെ ഇരുളില്‍ നോക്കാന്‍ പേടിയായി. ഞാന്‍ മാമയെ ഇറുക്കിപ്പിടിച്ച് ഇരുന്നു.

ഒടുവില്‍ പൂക്കോട്ടുംപാടം എത്തി. അവിടെ നിന്നും സരണി ടാക്കീസ് ഉള്ള റോഡിലേക്ക്‌ ഞങ്ങള്‍ തിരിഞ്ഞു. ഒരു ചായമക്കാനി കണ്ടു. ഓരോ കട്ടന്‍ ചായ കുടിച്ച് ഞങ്ങള്‍ സരണിയില്‍ എത്തി. പടം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ ബാക്കിയുണ്ട്. ആളെക്കൂട്ടാനുള്ള പാട്ട് കോളാമ്പി മൈക്കിലൂടെ കേള്‍ക്കുന്നുണ്ട്. ഏതോ ജയന്‍ സിനിമയിലെ പാട്ട് ആയിരുന്നു എന്ന് തോന്നുന്നു. മൂന്ന്‍ രൂപയുടെ ടിക്കറ്റില്‍ ഞങ്ങള്‍ അകത്തു കയറി. സെക്കന്റ് ഷോ ആയതിനാല്‍ ആളുകള്‍ അധികമൊന്നും ഇല്ല.  പരസ്യ സ്ലൈഡുകള്‍ തുടങ്ങി. പിന്നെ ഒരു പൊട്ടലും ചീറ്റലും കഴിഞ്ഞ് വെട്ടുവരകള്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന ദൃശ്യങ്ങള്‍ പുകമൂലം മഞ്ഞയായി തുടങ്ങിയ വെള്ളിത്തിരയില്‍ പത്യക്ഷമായി. തുറന്നുകിടക്കുന്ന വാതിലിനപ്പുറം നിലാവെളിച്ചത്തില്‍ മുങ്ങിയ റബ്ബര്‍തോട്ടങ്ങള്‍ കാണാം. നല്ല ഇളം കാറ്റ്‌ വരുന്നുണ്ട്. ഏതാനും ആളുകള്‍ ബീഡി പുകച്ച് ആസ്വദിച്ച് അങ്ങിങ്ങായി ഇരുന്നു കാലുകള്‍ മുന്നിലെ സീറ്റില്‍ വെച്ച് ഇളക്കികൊണ്ടിരിക്കുന്നു.

വലിയ സ്ക്രീനില്‍ വലിയൊരു നിഴല്‍ പ്രത്യക്ഷപ്പെട്ടു. അത് ഒരു വശത്ത് നിന്നും മറുവശത്തേക്ക് നീങ്ങി. രണ്ടു വലിയ ആന്റിനകള്‍ ഇളക്കി ആറു നാരുപോലത്തെ കാലുകള്‍ ഉള്ള വിചിത്രരൂപം കണ്ടു ഞാന്‍ മാമയെ ഇറുക്കിപ്പിടിച്ച് വിറച്ചു. പിന്നെ മനുഷ്യവിരലുകളുടെ വലിയൊരു നിഴല്‍ സ്ക്രീനില്‍ നീങ്ങുന്ന ആ സത്വത്തെ തട്ടിമാറ്റി. അങ്ങിങ്ങായി ഇരുന്ന ആള്‍ക്കാര്‍ കൂക്കിവിളിച്ചു.

മാമ കൂള്‍ ആയി എന്നോട് പറഞ്ഞു. "പേടിക്കേണ്ട. അത് ഒരു കൂറയോ പാറ്റയോ ആണ്. ഫിലിം പ്രോജക്ടറില്‍ കുടുങ്ങിയ പാവം ജീവി ലെന്‍സിലൂടെ ഇത്രേം വലിയ ഭീകരജീവിയായതാ. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അത് ശരി. അപ്പോള്‍ ഇതിവിടെ പതിവുപരിപാടിയാണ് എന്നാശ്വസിച്ചു സിനിമയില്‍ മുഴുകി ഞാന്‍ ഇരുന്നു. രജനീകാന്ത്‌ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല. സില്‍ക്ക്‌ സ്മിത പ്രത്യക്ഷപ്പെട്ട് അധികനേരം ആയില്ല തുറന്നുകിടക്കുന്ന വാതില്‍ വഴി എന്തോ ഒരു സാധനം മൂളലോടെ ആരോ എറിഞ്ഞ കല്ല് പോലെ വന്നു ഞങ്ങളിരുന്ന സീറ്റിനു മുന്നില്‍ വന്നു വീണു. കാലുകള്‍ ഞാന്‍ പോലും അറിയാതെ സീറ്റിലേക്ക്‌ ഉയര്‍ന്നു. മാമാ എന്നൊരു വിളി എന്റെ വായില്‍ തങ്ങിനിന്നു.

മാമ കൂള്‍ ആയി എഴുന്നേറ്റ്‌ ചെന്ന് ആ വന്നുവീണ സാധനത്തെ കാലുകൊണ്ട് തട്ടി പുറത്തേക്കു നീക്കി കളഞ്ഞു. അതിന്റെ മൂളല്‍ കേള്‍ക്കാം. എന്നിട്ട് തിരികെ വന്നു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുന്നു സിനിമ കാണാന്‍ തുടങ്ങി.

"നീ പേടിക്കേണ്ട. അതൊരു വല്യ വണ്ട്‌. ഒന്നും ചെയ്യില്ല. പക്ഷെ വല്ലാത്ത നാറ്റമാണ്. ന്നാ മണത്തുനോക്ക്. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അതിന്റെ വല്ലാത്ത നാറ്റം മാമയുടെ വിരലില്‍ നിന്നും എന്റെ മൂക്കില്‍ എത്തി. എനിക്ക് സിനിമയില്‍ ശരിക്കും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഇനി ആരാണാവോ അടുത്തതായി വരുന്നത് എന്ന വെവലാതിയില്‍ ഞാന്‍ തലയ്ക്ക് മുകളിലൂടെ വെള്ളിത്തിര ലക്ഷ്യമാക്കി പായുന്ന പ്രോജകടര്‍ ദ്രുശ്യവെളിച്ചത്തില്‍ നോക്കി. പെട്ടെന്ന് ഒരു ചിലങ്കയുടെയോ ചങ്ങലയുടെയോ ശബ്ദം കേള്‍ക്കായി. അതിട്ട് ആരോ വേഗത്തില്‍ ഓടിവരുന്നപോലെ. ഞാന്‍ പിന്നെയും മാമയെ കേറിപ്പിടിച്ച് പേടിച്ച് ഇരുന്നു. ആ ചിലങ്ക ചങ്ങല ശബ്ദം ഒരു സൈഡിലൂടെ ദൂരേക്ക്‌ അകന്നുപോയി.

"നീ പിന്നേം പേടിച്ചോ? അത് ഒരു ചുണ്ടെലിയാണ്. ഇവിടെ താമസിക്കുന്ന ഒരു പാവം ജീവി. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അങ്ങനെ ഇടവേളയായി. ഞങ്ങള്‍ പുറത്ത്‌ ഇറങ്ങി. മതിലിനു അരികില്‍ ബീഡി പുകച്ച് മൂത്രം ഒഴിക്കുന്ന കാണികള്‍ നിരന്നു നില്‍ക്കുന്നു. ഞങ്ങളും ആ കൂട്ടത്തില്‍ കൂടി. പ്രോജകടര്‍ മുറിയുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കി. ഒരു വയസ്സന്‍ ഓപ്പറേറ്റര്‍ ഫിലിം റോളുകള്‍ റെഡിയാക്കുന്നുണ്ട്. ഒരു ഫിലിം റോള്‍ തര്വോ എന്ന് ചോദിച്ചു. അയാള്‍ പുഞ്ചിരിച്ച് കൊണ്ട് ഒരു കഷ്ണം ഫിലിം തന്നു. ഞാന്‍ സൂക്ഷിച്ച് നോക്കി. ഏതോ സിനിമയുടെ രംഗങ്ങള്‍. സുകുമാരനും സോമനും ആണെന്ന് തോന്നുന്നു. സന്തോഷത്തോടെ ഞാന്‍ അതും കീശയിലിട്ടു ഓടി.

ഇടവേളയ്ക്ക് ശേഷം പടം തുടര്‍ന്നു. ശിവാജി ഗണേശനും രജനീകാന്തും മത്സരിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ മിന്നിമറഞ്ഞു. കൈയ്യിലൂടെ എന്തോ അരിച്ചരിച്ച് വരുന്ന പോലെ തോന്നി. ഞാന്‍ തട്ടിമാറ്റി. ഒരു വല്ലാത്ത മണം പറന്നു.

"കോട്ടരുമ" -  മാമ എന്നെ നോക്കാതെ മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു.

ഞാനും മന്ത്രിച്ചു. "കോട്ടരുമ" അരുമ അല്ലാത്ത ഒരു തരം ജീവി. റബ്ബര്‍ കാടുകളില്‍ നിന്നും മനുഷ്യരെ തേടി പറന്നെത്തുന്ന ഒരു പ്രാണി. പുറത്ത്‌ എവിടെയോ ബഹളം വെക്കുന്ന തെണ്ടിപ്പട്ടികളുടെ ഒച്ച കേട്ട് തുറന്നുകിടക്കുന്ന വാതില്‍ വഴി ഞാന്‍ ഭയത്തോടെ നോക്കി.

"നായ്ക്കള്‍ ഇങ്ങോട്ടൊന്നും വരില്ല. മതിലുണ്ട്. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

മാമ എന്നെ ആശ്വസിപ്പിച്ചു.

സിനിമ തീര്‍ന്നു. ഞങ്ങള്‍ പുറത്തിറങ്ങി. ഏതാനും സൈക്കിളുകള്‍ നിരത്തിവെച്ചതില്‍ ഞങ്ങളുടെ സൈക്കിള്‍ തിരഞ്ഞെടുത്ത്‌ അതില്‍ കയറി പുറപ്പെട്ടു. നിദ്ര കണ്‍പോളകളെ കനം വെപ്പിച്ചു. തിരകെ വരുംവഴി ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. ഉറക്കം ഞങ്ങളെ പിടികൂടിയിരുന്നു. പിറകില്‍ ഇരുന്നു ഞാന്‍ മയക്കം ആയിതുടങ്ങി. വീട് എത്തിയത്‌ അറിഞ്ഞില്ല.

ഞങ്ങള്‍ എത്തിയത്‌ അറിഞ്ഞ ഉമ്മുമ്മ ഉറക്കം വിട്ടെഴുന്നെറ്റ്‌ വാതില്‍ തുറന്നുതന്നു ചോദിച്ചു.

"മുസ്ല്യാരുടെ വയള് എങ്ങനെ ഉണ്ടായിരുന്നു? എന്തായിരുന്നു വിഷയം?"

"അധോലോകം. നല്ല അടിപിടി. കലക്കി."

"എന്ത് ലോകം?"  ഒന്നും മനസ്സിലാകാതെ ഉമ്മുമ്മ ചോദിച്ചു.

ഉറക്കച്ചടവില്‍ സാഹചര്യം ഓര്‍ക്കാതെ ഞാന്‍ പറഞ്ഞത്‌ ഉമ്മുമയ്ക്ക് മനസ്സിലായില്ല. മാമ എന്നെ നുള്ളി കണ്ണിറുക്കി പറഞ്ഞു.

"അതെ ഉമ്മാ.. പരലോകം. നല്ല അടിപൊളി വിഷയം കലക്കായിട്ട് ചുഴലി മുസ്ല്യാര്‍ പറഞ്ഞു."

"ആ അതെന്നെ.."

എന്റെ കീശയില്‍ പ്രോജകടര്‍ ഓപ്പറേറ്റര്‍ തന്ന ഫിലിം റോള്‍ ഒരു അറ്റം പുറത്ത്‌ കിടക്കുന്നത് കണ്ട് ഉമ്മുമ്മ സംശയത്തോടെ അകത്തേക്ക് പോയി.

ഞങ്ങള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു.

Thursday, March 3, 2011

നോമ്പുകാലത്തെ പാതിരാപടം.

പണ്ട്, അതായത്‌, എന്‍റെ പന്ത്രണ്ടാം വയസ്സില്‍ ആണത്. സ്കൂള്‍ അവധിയും റമസാന്‍ നോയമ്പും ഒരുമിച്ച് വന്ന കാലം. അന്ന് കുറച്ചുനാള്‍ ഞാന്‍ ഉമ്മയുടെ ചോക്കാട് വീട്ടില്‍ പാര്‍ക്കാന്‍ പോയി. ആ വീടിനെ പറ്റി പറയുകയാണെങ്കില്‍, പത്ത്‌ ഏക്കറില്‍ ഭാഗം തിരിച്ച് വളര്‍ത്തുന്ന റബ്ബര്‍, തെങ്ങ്, കവുങ്ങ്, കശുവണ്ടി, മാവ്‌, പ്ലാവ്‌, വാഴത്തോട്ടം എന്നിവയ്ക്ക് നടുവില്‍ നിലകൊള്ളുന്ന പഴയ ഓടിട്ട വീടാണ്. കിണറിനപ്പുറം റബ്ബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രങ്ങള്‍ രണ്ടെണ്ണം ഉള്ള ഷെഡ്‌. പരിസരമാകെ റബ്ബറും കശുവണ്ടിയും ചക്കയും വാഴപ്പഴവും കൂടിക്കലര്‍ന്ന മണം ഉണ്ടാവും. മണിയന്‍ ഈച്ചകള്‍ മൂളി പറക്കുന്നതും തേനീച്ചകള്‍ വെട്ടിമാറി മറയുന്നതും കാണാം. പറമ്പിന്റെ അരതിര്  പരുത്തിവള്ളികള്‍ കെട്ടുപിണഞ്ഞ് തടയിട്ടുള്ള  നല്ല തെളിനീര് ഒഴുകുന്ന പുഴയാണ്. മഴക്കാലത്ത്‌ കരകവിഞ്ഞൊഴുകുന്ന മാന്‍ചീരി പുഴ വേനല്‍കാലത്ത്‌ തെളിച്ചമുള്ള അരുവി പോലെയാകും. അതില്‍ 'എഴുത്തച്ഛന്‍ ' എന്ന് വിളിക്കപ്പെടുന്ന മെലിഞ്ഞു നീണ്ട പ്രാണികള്‍ ജലോപരിതലത്തില്‍ പലതും എഴുതിക്കൊണ്ട് നീങ്ങുന്നത് കാണാം.

ഈ വീട്ടില്‍ കഴിയുന്നത് ഉമ്മുമ്മയും (മരിച്ചുപോയി) കുഞ്ഞാമയും മൂന്ന് മാമമാരും ആയിരുന്നു. നോയമ്പ് കാലം ആയതിനാല്‍ മാമാമാര്‍ക്ക് തിന്നാനുള്ളത് ഉണ്ടാക്കി നോമ്പ്‌ നോറ്റ ഉമ്മുമ്മയും കുഞ്ഞാമയും ക്ഷീണിച്ച് നോമ്പുതുറ നേരം ആവുന്നതും കാത്തിരിക്കും. കുഞാമയ്ക്കും മകള്‍ പാത്തുണ്ണിക്കും (മരിച്ചുപോയി) താമസിക്കാന്‍ പണ്ട് വല്യുപ്പ നിര്‍മ്മിച്ച്‌ കൊടുത്ത ഒറ്റമുറിപുര റബ്ബര്‍മരങ്ങള്‍ക്കിടയില്‍ ദൂരെയായി ഒരു കുന്നിന്‍മുകളില്‍ (പറമ്പിലെ ഒരറ്റത്ത്‌) കാണാം. (അതിന്നില്ല). മകള്‍ മരിച്ചപ്പോള്‍ കുഞ്ഞാമ എട്ടത്തിയുടെ കൂടെ കഴിയാന്‍ തറവാട്ടുപുരയിലേക്ക് പോന്നു.

ഇപ്പോള്‍ കുന്നിന്‍മുകളിലെ ഒറ്റമുറിപുരയില്‍ പകല്‍ കഴിയുന്നത് കുഞ്ഞുമാമയായ അബ്ദുള്ളക്കുട്ടിയാണ്. പ്രിഡിഗ്രി തോറ്റപ്പോള്‍ പഠിക്കാന്‍ എന്നും പറഞ്ഞ് പുസ്തകങ്ങളുമായി മൂപ്പര്‍ അവിടെ ആയി വാസം. ഭക്ഷണസമയം ആവുമ്പോള്‍ തറവാട്ടില്‍ പൊങ്ങും, പിന്നെ മുങ്ങും. അവധിക്ക് തറവാട്ടില്‍ എത്തിയ ഞാന്‍ മാമയെ കാണാന്‍ വേണ്ടി അവിടെ ചെന്നപ്പോള്‍ മാമ കോലായില്‍ തിണ്ടിന്മേല്‍ കാലുകള്‍ നീട്ടിവെച്ചുകൊണ്ട് പ്ലാസ്ടിക് വയര്‍ മുടഞ്ഞ കസേരയില്‍ സുഖമായി ഇരുന്ന് പുസ്തകം വായിക്കുകയാണ്. പാഠപുസ്തകം അല്ല. നാന വാരികയാണ്. സമീപം വേറെയും നാനമാര്‍, സഖിമാര്‍, മനോരമമാര്‍, വനിതാ, ഗൃഹലക്ഷ്മിമാര്‍, പിന്നെ മനശ്ശാസ്ത്രം, മനോരോഗം മാസികമാരും കുന്നുകൂടി കിടപ്പുണ്ട്. അവധിക്കാലം ബോറടിക്കില്ല എന്ന് മനസ്സിലായ ഞാന്‍ മാമയെ കെട്ടിപ്പിടിച്ചു ആഹ്ലാദം അറിയിച്ചു.

ആ വാരികകൂനയിലേക്ക് കൂപ്പുകുത്താന്‍ തുനിഞ്ഞ എന്നെ മാമ തടഞ്ഞു. അവയൊന്നും കുട്ടികള്‍ക്ക്‌ നോക്കാന്‍ പോലും പാടില്ലാത്രേ. അത് വക വെക്കാതെ ഞാന്‍ അവ എടുത്ത് തിണ്ണയില്‍ ഇരുന്ന് മറിച്ചുനോക്കി. തടഞ്ഞാല്‍ സംഗതി കേന്ദ്രത്തില്‍ അറിയിക്കുമെന്ന് കട്ടായം പറഞ്ഞപ്പോള്‍ മാമ സമ്മതിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു കിളിനാദം ഉമ്മറപ്പടിയില്‍ എത്തി. നോക്കുമ്പോള്‍ അയല്‍പക്കത്തെ പെണ്ണാണ്. പാല്‍ വിതരണം കഴിഞ്ഞുവരും വഴിയാണെന്ന് തോന്നുന്നു, കൈയ്യില്‍ പാത്രമുണ്ട്. മറുകൈയ്യില്‍ മംഗളം വാരികയും. അത് മാമയെ ഏല്പിച്ച് പുതിയ മംഗളം എത്തിയോ എന്ന് അവള്‍ ചോദിച്ചു. പകരം മനോരമ മതിയോ എന്ന് മാമയും ചോദിച്ചു. എന്നെ നോക്കി എപ്പോ എത്തി ഈ ചെക്കന്‍ എന്നൊരു ചോദ്യം ആ പെണ്ണ്.. വരും വഴിയാണ് എന്ന് ഞാനും മൊഴിഞ്ഞു. മനോരമ ചുരുട്ടി പാല്‍ പാത്രത്തില്‍ ഇട്ടു മൂടിയിട്ട് അധികം നില്‍ക്കാതെ അവള്‍ വന്ന വഴിയെ മടങ്ങി. ഒറ്റപ്പുര ഒരു താല്‍ക്കാലിക ലൈബ്രറി ആയിരിക്കുന്നു എന്ന് തോന്നുന്നു..

മാമ എന്‍റെ മാമ ഒക്കെ ആണെങ്കിലും എനിക്ക് ഒരു സുഹൃത്തിനെ പോലെയാണ്. ഞങ്ങള്‍ സിനിമാവിശേഷങ്ങള്‍ നാന, ചിത്രഭൂമി എന്നിവ നോക്കി ചര്‍ച്ച ചെയ്യും. കണ്ട സിനിമകളെ കീറിമുറിക്കും. അല്പസ്വല്പം നാട്ടുവിശേഷങ്ങള്‍ പറയും. അങ്ങനെ കാലം കഴിയും. പാവം ആ പോയ പെണ്ണിന്‍റെ കെട്ട്യോന്‍ പോയി. കുട്ട്യോളും ഇല്ല. മാമ സംഗതി പറഞ്ഞ് നിശ്വസിച്ചുകൊണ്ട് ഒരു മനശ്ശാസ്ത്രം വാരിക തുറന്നുപിടിച്ച് വീശിത്തുടങ്ങി. ദൂരെ പോയിമറയുന്ന അവളെ ഞാന്‍ ഏന്തിവലിഞ്ഞു നോക്കി നെടുവീര്‍പ്പിട്ടു. ഓരോ വിധി.. അങ്ങകലെ ഒരു കുയില്‍ ഇടവിട്ട്‌ കൂവിക്കൊണ്ടിരുന്നു.

തറവാട്ടില്‍ പോയിട്ടാണോ വരുന്നതെന്ന് മാമ ചോദിച്ചു. അവിടെ അടുക്കളയില്‍ വല്ലതും തിന്നാന്‍ തയ്യാര്‍ ആണോന്നു ചോദിച്ചു. പത്തിരി ചുട്ടുകൊണ്ടിരിക്കുന്ന സംഗതി പറഞ്ഞപ്പോള്‍ എന്നാല്‍ കുറച്ചു കഴിഞ്ഞു പോകാംന്ന്‍ മാമ പറഞ്ഞു. ഇന്ന് രാത്രി ഒരു സിനിമക്ക്‌ പോയാലോ എന്നായി മാമ.. എന്നാല്‍ ആവാലോ എന്ന് ഞാനും. പക്ഷെ എങ്ങനെ പോയി വരും? രാത്രി ബസ്സ്‌ കിട്ടുമോ പൂക്കോട്ടുംപാടം വരെ പോവെണ്ടേ? (സിനിമ കാണണമെങ്കില്‍ ചോക്കാട് ടു പൂക്കോട്ടുംപാടം 14 കി.മീ പോകണം).

അബുമാമയുടെ സൈക്കിള്‍ എടുത്ത് പോകാം എന്നായി മാമ. എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയാം, പക്ഷെ റോഡില്‍ ചവിട്ടി പരിചയമില്ല എന്നായി ഞാന്‍. നീ അനങ്ങാതെ ഇരുന്നാല്‍ മതി എന്ന് മാമ പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷായി. പക്ഷെ ഉമ്മുമ്മയോടു എന്തെങ്കിലും നുണ പറയണം. അത് എന്‍റെ ജോലിയാണ് എന്ന് മാമ സൂചിപ്പിച്ചു. ഒക്കെ ഞാനേറ്റു എന്ന് വീമ്പിളക്കി ഞങ്ങള്‍ ഊറ്റം കൊണ്ട് ഇരുന്നു. ഏതാ സിനിമ എന്ന് ചോദിച്ചപ്പോള്‍ മാമ അന്നത്തെ മനോരമ ദിനപത്രം മറിച്ചുനോക്കി എനിക്ക് തന്നു. ഞാനും മറിച്ചുനോക്കി.

'ഇന്നത്തെ സിനിമ' എന്ന കോളത്തില്‍ കണ്ടു, പൂക്കോട്ടുംപാടം സരണിയില്‍ പടം 'വിടുതലൈ', നടിക്കുന്നത് രജനീകാന്ത്‌, ശിവാജി ഗണേശന്‍ , ബാലാജി, വിഷ്ണുവര്‍ദ്ധന്‍ , മാധവി, അനുരാധ. അത് വിടമാട്ടൈ എന്നായി ഞങ്ങള്‍ ..

തറവാട്ടില്‍ ഞങ്ങള്‍ ഒരുമിച്ച് ചെന്നു. ഉമ്മുമ്മ അടുക്കള വീഥനയില്‍ കയറി ഇരുന്നുകൊണ്ട് കുഞ്ഞാമ പരത്തികൊടുക്കുന്ന പത്തിരി ചട്ടിയില്‍ ഇട്ടുചുടുന്ന തിരക്കിലാണ്. സമീപം മണ്ണെണ്ണ വിളക്ക് പുകച്ചുരുള്‍ പരത്തി കത്തികൊണ്ട് ഇരിപ്പുണ്ട്. പോത്തിറച്ചിക്കറിയുടെ മണം മൂക്കില്‍ അടിച്ചുവരുന്നു. അത് എപ്പോഴോ കിട്ടിത്തുടങ്ങിയിട്ടാവാം രണ്ട് പൂച്ചകള്‍ മോങ്ങികൊണ്ട് അടുക്കളയില്‍ ചുറ്റിത്തിരിയുന്നുണ്ട്. അബുമാമ നോമ്പില്ലാതെ പട്ടാപകല്‍ കാജാബീഡി കത്തിച്ച് പുകച്ചുകൊണ്ട് മുറ്റത്ത്‌ ഉലാത്തുന്നു. സുഖമില്ലാത്ത കമാല്‍ മാമ (മരിച്ചു പോയി) തന്‍റെ മുറിയില്‍ വിജനതയിലേക്ക് നോക്കി ആരോടെന്നില്ലാതെ പുഞ്ചിരിച്ചുകൊണ്ട് ഇരിപ്പുണ്ട്.

മഗ്രിബ് വാങ്ക് കൊടുത്തു. നോമ്പ് തുറക്കാനുള്ള അലാറം കേട്ടപ്പോള്‍ ഉമ്മുമ്മ, കുഞ്ഞാമ പിന്നെ നോമ്പില്ലാത്ത ഞങ്ങളും പത്തിരി പോത്തിറച്ചിക്കറി, ചൂടുചായ എന്നിവ ആവോളം ഭക്ഷിച്ചു എമ്പക്കമിട്ടു. നിസ്കാരപ്പായയില്‍ ഇരിക്കുന്ന ഉമ്മുമ്മയും കുഞ്ഞാമയും. കോലായില്‍ ഇരുന്ന മാമ എന്നെ തോണ്ടി നേരത്തെ ഉറപ്പിച്ച നമ്പര്‍ ഇറക്കാനും രാത്രി സിനിമക്ക്‌ പോകാനുള്ള വഴി ഒപ്പിക്കാനും തിരക്കൂട്ടി. ഞാന്‍ പതുക്കെ ഉമ്മുമ്മയുടെ അരികിലേക്ക്‌ നടന്നു.

(തുടരും.../-)

Sunday, February 13, 2011

ശ്രീനിവാസന്‍ എന്ന നടനും വ്യക്‌തിയും.

2007-ല്‍ ദുബായില്‍ ലാല്‍ജോസിന്റെ 'അറബിക്കഥ'യുടെ ലൊക്കേഷനില്‍വെച്ച്‌ നടന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്‌ച നടത്തുവാനും 'തുഷാരം' വെബ്‌മാഗസിനെ പരിചയപ്പെടുത്തുവാനും അവസരമുണ്ടായി. നാട്ടിലെ ലൊക്കേഷനുകളില്‍നിന്നും വിഭിന്നമായി ഇവിടെവെച്ച്‌ സന്ദര്‍ശകരുടേയോ ആരാധകരുടേയോ തിരക്കുകളില്ലാതെ ഈ ബഹുര്‍മുഖവ്യക്തിത്വത്തെ അടുത്ത്‌ പരിചയപ്പെടുവാനും അദ്ധേഹത്തിന്റെ മുഷിപ്പില്ലാത്തതും ഏറെചിന്തിച്ചാല്‍ സൂക്ഷിച്ചുവെക്കാവുന്നതുമായ സാരോപദേശങ്ങളും അനുഭവങ്ങളും മണിക്കൂറുകളോളം നേരില്‍ കേള്‍ക്കുവാനും കഴിഞ്ഞു.

ആ കൂടിക്കാഴ്‌ചയില്‍ ഉരുത്തിരിഞ്ഞ ചില 'ശ്രീനിവചനങ്ങള്‍' വായനക്കാരുമായിട്ട്‌ പങ്കിടട്ടേ..

സിനിമയില്‍ എത്തിയിട്ട്‌ മുപ്പത്‌ വര്‍ഷങ്ങളായിട്ടും ഇന്നും കച്ചവട-സമാന്തര സിനിമകളില്‍ ഒരു അവിഭാച്യഘടകമായി അചഞ്ചലനായി നില്‍ക്കുന്ന സര്‍വകലാവല്ലഭനാണല്ലോ ശ്രിനിവാസന്‍. മലയാളസിനിമയുടെ താരരാജാക്കന്‍മാരുടെയിടയിലും തന്റേതായ ശൈലിയുമായി സിംഹാസനം വിടാതെ നില്‍ക്കുന്നതിലാണ്‌ അയാളുടെ കഴിവ്‌ സമ്മതിച്ചുകൊടുക്കേണ്ടത്‌.

തിരക്കഥയിലായാലും സംവിധാനത്തിലായാലും അഭിനയത്തിലായാലും ഒരു 'ശ്രീനി-ടച്ച്‌' നമുക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അദ്ധേഹം ഒരു 'ജീനിയസ്സ്‌' തന്നെ. സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തെ 'ജീനിയസ്സ്‌'. എത്ര തിരക്കഥകള്‍ എഴുതി, എത്ര സിനിമകളില്‍ അഭിനയിച്ചു എന്നതൊന്നും ശ്രീനിവാസന്‍ കണക്ക്‌ സൂക്ഷിക്കാറില്ല. അതൊക്കെകൊണ്ട്‌ എന്തു പ്രയോജനം എന്നാണ്‌ ഇക്കാര്യം ആരായുമ്പോള്‍ തിരിച്ചുകിട്ടുന്ന 'ശ്രീനിചോദ്യം'.

"ഗിന്നസ്സ്‌ ബുക്കില്‍ പേരുവന്നാല്‍ അവരുടെ വക റേഷന്‍ കിട്ടുമോ?" എന്നാണ്‌ മറുചോദ്യം വന്നത്‌.

രാവിലെ ഷൂട്ടിംഗിനിടയില്‍ ഏതാനും കുടുംബങ്ങള്‍ വന്ന്‌ ശ്രീനിയോടൊപ്പം പടമെടുക്കാന്‍ തിരക്കുകൂട്ടി. അവരോട്‌ ലാല്‍ജോസിന്റെ വക ഒരു മുന്നറിയിപ്പുണ്ടായി.

സിനിമയില്‍ മണ്ടത്തരമോ തമാശയോ കാണിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ശ്രീനിവാസന്‍ എന്ന വ്യക്തി പരുക്കനും തമാശ രസിക്കാത്തയാളുമാണെന്ന്‌.

ഇക്കാര്യം ശ്രീനിവാസനോട്‌ സരസവര്‍ത്തമാനത്തിനിടയില്‍ ചോദിച്ചപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു അപ്രതീക്ഷിതമായി കിട്ടിയത്‌.

"അതു പറഞ്ഞത്‌ ലാല്‍ജോസ്സല്ലേ. അതിന്റെ ഉത്തരം പുള്ളിയോടു ചെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം ലഭിച്ചേക്കും." -ശ്രീനിയുത്തരം ഇങ്ങനെ.

സിനിമയില്‍ പാരകള്‍ പണ്ടുമുതല്‍ക്കേ നിലനിന്നുപോരുന്നതിനെകുറിച്ച്‌...

ശ്രീനിവാസന്‍ സീരിയസ്സായി. ഒരു ചിന്തകനെപോലെ മുഖത്ത്‌ ഗൗരവം നിഴലിച്ചു. വിശദമായിട്ടാണ്‌ ഇതിനുത്തരം പറഞ്ഞത്‌:

"ഇത്‌ ന്യായീകരിക്കാന്‍ ഒരിക്കലും പറ്റില്ല. കാരണം As a human, we have a small portion of space to exist in this earth. ഒരു മനുഷ്യന്‌ ജീവിക്കുന്ന കാലത്തോളം അവന്റെ ശരീരത്തിന്‌ നിലനില്‍ക്കാന്‍ ഒരു ഇടം വേണം. അതവന്‍ തന്നെ കണ്ടെത്തണം. (മരിച്ചാലും വേണം ഇടം, എന്നാലും.) അതില്‍ അധിനിവേശം വന്നേക്കാം. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരാള്‍ക്ക്‌ ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്നര്‍ത്ഥം.

"If you have peculiar talents or credentials and a strongmind, then you will achieve your aim through hurdles or obstacles. Or else you have no right to live here."

എന്നിട്ടയാള്‍ മാതൃഭാഷയില്‍ തുടര്‍ന്നു. "അതായത്‌ ഒരാള്‍ ജീവിതത്തില്‍ പരാജിതനെങ്കില്‍ അതിന്‌ ആരേയും പഴിചാരിയിട്ട്‌ കാര്യമില്ല. അവന്റെ കഴിവില്ലായ്‌മ മാത്രമാണതിനുത്തരവാധി."

ഇക്കാര്യം സമര്‍ത്ഥിക്കുന്നതായിട്ട്‌ സമീപത്തുണ്ടായിരുന്ന സംവിധായകന്‍ ലാല്‍ജോസ്സ്‌ സ്വന്തം അനുഭവം പങ്കിട്ടു.

"ഏറെകാലം സംവിധാനസഹായി ആയിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ പലരും ഇന്നും അതേ സ്ഥാനങ്ങളില്‍ തന്നെ തുടരുന്നു. അവര്‍ക്കും സ്വതന്ത്രസംവിധായകര്‍ ആവാനുള്ള പരിചയവും കഴിവും ഉണ്ട്‌. ഒരു പക്ഷെ തന്നേക്കാളും ഒരുപടി മുന്നിലാവാം അവരുടെ സിദ്ധി. എന്നാലും അവര്‍ ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കില്ല. കഠിനപ്രയത്നം ചെയ്യില്ല.

പകരം, പലവേദികളിലും ഉപചാപകവൃന്ദങ്ങളിലും അവര്‍ പറഞ്ഞുനടക്കുന്നത്‌: ലാല്‍ജോസ്‌ ഈ നിലയിലെത്തിയത്‌ പലതും ചെയ്തിട്ടാ, സോപ്പിട്ടിട്ടാ, എന്നരീതിയിലാണ്‌. ശ്രിനിയേട്ടന്‍ പറഞ്ഞതാണ്‌ ശരി. കഴിവുള്ളവര്‍ പരിശ്രമിച്ചാല്‍ എന്തും സാധിക്കും."

വീണ്ടും ശ്രീനിവാസനിലേക്ക്‌...

താങ്കളുടെ തിരക്കഥകള്‍ എന്തുകൊണ്ട്‌ പ്രസിദ്ധീകരിക്കാറില്ല. ഇന്നതും സാഹിത്യത്തിലെ ഒരു ശാഖയായി മാറിയിട്ടില്ലേ?

"തിരക്കഥാകൃത്തുക്കള്‍ സാഹിത്യകാരന്‍മാരല്ല. എന്നാല്‍ സാഹിത്യകാരന്‍മാരില്‍ പലരും തിരക്കഥാകൃത്തുക്കളാണ്‌. തിരക്കിട്ടെഴുതുന്നതായിരുന്നു എന്റെ പല തിരക്കഥകളും. അതിലൊന്നിന്റേയും കൈയ്യെഴുത്തുപ്രതി സൂക്ഷിച്ചുവെച്ചിട്ടില്ല. ഒരു സിനിമയുടെ ജോലി തീര്‍ന്നാല്‍ പിന്നെ തിരക്കഥയുടെ ദൗത്യം തീര്‍ന്നു. അതിനാല്‍ എന്തോ.., ഒന്നും എന്റെ കൈയ്യിലില്ല."

ഒരിക്കല്‍ തൃശൂരിലെ ഒരു പ്രസാധകര്‍ എന്നെ ഒരുപാട്‌ നിര്‍ബന്ധിച്ചപ്പോള്‍ തപ്പിനോക്കിയിട്ട്‌ കിട്ടിയ 'സന്ദേശം' എന്ന പടത്തിന്റെ തിരക്കഥ കൊടുത്തു. പിന്നെ അവരുടെ വിളിയില്ല. ഒരു വിവരവുമില്ല. ഏറേനാള്‍ കഴിഞ്ഞപ്പോള്‍ അച്ചടിച്ച തിരക്കഥ പരിശോധനക്കായിട്ട്‌ അയച്ചുതന്നു."

"ശരിക്കും ഞെട്ടിപോയി. അതില്‍ വെറും സംഭാഷണങ്ങള്‍ മാത്രമേയുള്ളൂ. ആര്‌ ആരോട്‌ എവിടെവെച്ച്‌ എന്നൊന്നുമില്ല. സന്ദര്‍ഭമില്ല. പശ്ചാത്തലമില്ല. ഞാനത്‌ പിടിച്ചുവെച്ചു. അച്ചടിക്കേണ്ടയെന്നും അറിയിച്ചു."

"ഇതാണോ തിരക്കഥ? ഞാന്‍ അവരോട്‌ ചോദിച്ചു."

എന്താണ്‌ ഒരു സിനിമയുടെ കഥ തിരയുമ്പോള്‍ നോക്കുന്നത്‌? അതിന്‌ എന്തെങ്കിലും മാനദണ്ഡം..?

കഥയില്‍ പുതുമയാണ്‌ നോക്കേണ്ടത്‌. ഇല്ലെങ്കില്‍ അതില്‍ പുതുമ വരുത്തണം. ഒരു പ്രശ്‌നം അതിന്റെ പരിഹാരം അതിലുണ്ടായിരിക്കണം. അത്‌ വ്യക്തികള്‍ തമ്മിലാവാം, വ്യക്തിയും സമൂഹവും തമ്മിലുമാവാം. ഉദാഹരണത്തിന്‌:"

"ഞാന്‍ തന്നോട്‌ നൂറുരൂപ ചോദിച്ചു. നീ തന്നു. ഞാനതും വാങ്ങി പോയി. ഇതില്‍ വല്ലതുമുണ്ടോ. കഥയായിട്ട്‌? ഇല്ല. എന്നാല്‍ നീ പണം തന്നില്ല. എന്നെ തല്ലി, ഈ വഴി കാണരുതെന്നും പറഞ്ഞ്‌ ആട്ടി. ഞാന്‍ കുറേയാളുകളുമായി വന്ന്‌ നിന്നെ വകവരുത്തുന്നു. അത്‌ സങ്കീര്‍ണമായി നാട്ടിലൊരു പ്രശ്‌നമാവുന്നു. അങ്ങിനെയങ്ങനെ.."

"നമ്മള്‍ നിത്യേന കാണുന്നതെന്തും ശ്രദ്ധാപൂര്‍വം നോക്കിയാല്‍ പലതും കിട്ടും ഒരു കഥയാക്കാനുള്ള അസംസ്‌കൃതവസ്‌തു ലഭിക്കുവാന്‍ നല്ലൊരു വീക്ഷണം മാത്രം മതി. ഞാന്‍ സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ ദിനേശന്‍ സാങ്കല്‍പികമല്ല. ജീവിക്കുന്ന വ്യക്തിയാണ്‌. അയാളുടെ ശരിക്കുമുള്ള ചെയ്തികള്‍ കാണിച്ചിരുന്നെങ്കില്‍ എന്റെ ലേബല്‍ മാറ്റേണ്ടിവന്നേനെ!"

"അതിനാലാണ്‌ സിനിമയുടെ അവസാനരംഗം പറമ്പിലെ വാഴയില ഇളകുമ്പോള്‍ ടോര്‍ച്ചടിച്ച്‌ സംശയിച്ച്‌ നോക്കുന്ന നായകനില്‍ അവസാനിപ്പിച്ചത്‌. ഇത്തരം മനോരോഗികള്‍ പരിപൂര്‍ണ്ണരായും രോഗവിമുക്‌തിയിലെത്തില്ല എന്നാണ്‌ മനോരോഗവിദഗ്‌ധരുടെ നിഗമനവും. അവരുമായെല്ലാം ചര്‍ച്ച ചെയ്തിട്ടാണ്‌ കഥ തയ്യാറാക്കിയതും."

സിനിമാ പ്രേക്ഷകരുടെ അഭിരുചി മുന്‍കൂട്ടി കാണാന്‍ കഴിയാറുണ്ടോ? ഒരു വിജയചിത്രത്തിന്‌ എന്തെങ്കിലും സമവാക്യമുണ്ടോ?

"അങ്ങിനെ ഒരു പ്രത്യേക ചട്ടക്കൂടോ എഴുതപ്പെട്ട നിയമങ്ങളോ ഒന്നുമില്ലെങ്കിലും പൊതുവേ പറയുകയാണെങ്കില്‍, സിനിമ തുടങ്ങിയാലുള്ള ആദ്യത്തെ പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കുള്ളില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ കഥാപാത്രങ്ങളെ അവരുടെ മനസ്സില്‍ എത്തിച്ചിട്ടുണ്ടാവണം. എന്നാലോ കഥാഗതി അവര്‍ക്ക്‌ ഊഹിക്കാന്‍ വിട്ടുകൊടുക്കുകയും അരുത്‌. ഇനിയടുത്ത നിമിഷം ഇങ്ങനേയേ സംഭവിക്കൂ എന്ന മുന്‍വിധി അവരില്‍ ഉണ്ടായാല്‍ സിനിമ പരാജയമായി. അവര്‍ ഊഹിക്കുന്നതിന്‌ വിപരീതമായിട്ടാവണം തിരക്കഥ മെനയേണ്ടതും സിനിമ അവതരിപ്പിക്കേണ്ടതും. എന്തെങ്കിലും ഒരു സന്ദേശം പ്രേക്ഷകര്‍ക്ക്‌ നല്‍കുവാന്‍ ഉണ്ടായിരിക്കണം."

"സിനിമാക്കാരന്‌ സമൂഹം നന്നാക്കേണ്ട കടമ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും അതൊരു പരിധിയില്‍ നിന്നുകൊണ്ട്‌ ചെയ്യാമല്ലോ. എന്നുവെച്ച്‌ ഞാന്‍ ജനങ്ങള്‍ക്ക്‌ ഒരു മാതൃകാവ്യക്തിയാവാന്‍ ഉദ്ധ്യേശമില്ല. എന്റെ കഥാപാത്രങ്ങള്‍ ഒരുപക്ഷെ ജനങ്ങളെ രസിപ്പിക്കുന്നെന്ന് കരുതി ഞാന്‍ നേരില്‍ അങ്ങിനെയാവാന്‍ പറ്റുമോ? സിനിമയിലെന്നെ കണ്ടിട്ട്‌ നേരില്‍ വരുന്ന പലരും എന്നോട്‌ ഒരു തമാശ പറയാന്‍ പറയും. ഞാനെന്താ തമാശ പോക്കറ്റില്‍ കൊണ്ടുനടക്കുന്നുണ്ടോ, ചോദിച്ചാലുടനെ എടുത്തുകൊടുക്കാന്‍!"

യുക്തിപൂര്‍വമായ ഇത്തരം വര്‍ത്തമാനത്തിലും ശ്രീനിടച്ചുള്ള കോമഡിയൊളിഞ്ഞിരിപ്പില്ലേ?

അച്‌ഛനെക്കാളും പ്രസിദ്ധിയിലേക്ക്‌ കുതിക്കുന്ന മകന്‍ വിനീത്‌ ശ്രീനിവാസനെ എങ്ങനെ വിലയിരുത്തുന്നു.

"മകന്‌ ഒന്നര വയസ്സുള്ളപ്പോഴേ പാട്ട്‌ എവിടെയെങ്കിലും കേട്ടുതുടങ്ങിയാല്‍ കരച്ചില്‍ നിറുത്തി അത്‌ ശ്രദ്ധിക്കുമായിരുന്നു. മാതാപിതാക്കളോ കുടുംബത്തിലുള്ളവരോ സംഗീതവുമായിട്ട്‌ ബന്ധമില്ലാത്തവരായിട്ടും വിനീതിന്‌ ദൈവം കൊടുത്ത വരമാണ്‌ പാടാനുള്ള കഴിവ്‌. അതവന്‍ പെട്ടെന്ന് പഠിച്ചെടുക്കാനും ശ്രമിച്ചു. മൂന്ന്‌ വയസ്സുള്ളപ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളെല്ലാം വളരെ ഭംഗിയായിട്ടവന്‍ പാടിതുടങ്ങി."

"ആദ്യഗാനം (കസവിന്റേ തട്ടമിട്ട്‌..) ഹിറ്റായതിന്‌ ശേഷം അവന്‌ അതേ തരം പാട്ടുകള്‍ വന്നപ്പോള്‍ അവന്‍ എന്തുചെയ്യണമെന്ന്‌ ചോദിച്ചു. നീ യുവാവായിരിക്കുന്നു. നിന്റെ യുക്തിക്കും നിലനില്‍പിനും അനുജിതമായത്‌ നീ ചെയ്യുക. ഇപ്പോള്‍ വിനീത്‌ ശ്രദ്ധിച്ച്‌ സ്വയം തീരുമാനമെടുക്കുന്നു, നല്ല ഗായകനായി മാറുന്നതില്‍ പിതാവെന്ന നിലയില്‍ അഭിമാനം കൊള്ളുന്നു. അല്ലാതെ അവന്‌ പുരസ്‌കാരങ്ങള്‍ എത്തിച്ചുകൊടുക്കാനോ ശുപാര്‍ശ ചെയ്യാനോ എന്റെ ബന്ധങ്ങള്‍ ഉപയോഗിക്കാറില്ല."

ദുബായിലെ പഴയ ഒരു സഹപാഠി കവിതകള്‍ എഴുതുന്നുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ ശ്രീനിവാസന്‍ അന്തംവിട്ടത്രേ! ഇത്രയും കാലം കവിതയെഴുതാത്ത അയാള്‍ പെട്ടെന്നൊരു കവിയായിരിക്കുന്നു. ആ കവിതാസമാഹാരം ഗംഭീരമായിട്ട്‌ നാട്ടിലെ ഒരു ഹോട്ടലില്‍ പണം വാരിയെറിഞ്ഞ ചടങ്ങില്‍ പ്രകാശിതമാക്കി. അതിലേക്ക്‌ ഒരു സംവിധായകസുഹൃത്തിനെ ക്ഷണിക്കുവാന്‍ ശുപാര്‍ശയ്‌ക്ക്‌ വന്നപ്പോള്‍. ആ സംവിധായകന്‍ കവിതയോ പദ്യമോ ഒന്നുമായും പുലബന്ധമില്ല. ചടങ്ങില്‍ എന്താ പറയുക, എന്നൊക്കെ ശ്രീനിവാസനോട്‌ ചോദിച്ചു.

"സാരമില്ല. കവിയ്‌ക്കും കവിതയെകുറിച്ച്‌ ഒന്നുമറിയില്ല." - ശ്രീനിവാസന്‍ ശൈലി.

അവിസ്‌മരണിയമായ ഒത്തിരി നര്‍മങ്ങള്‍ നിറഞ്ഞ, മര്‍മത്ത്‌ കൊള്ളുന്ന, കൊണ്ടാല്‍ എന്നും നിലനില്‍ക്കുന്ന 'ശ്രീനിവചനങ്ങള്‍' ലഭിച്ചപ്പോള്‍ രാത്രിയേറേ ആയത്‌ അറിഞ്ഞില്ല. യാത്രപറഞ്ഞ്‌ പോരുമ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു:

"ശ്രീനിയേട്ടാ.. ഇനിയെപ്പോഴെങ്കിലും നാട്ടിലെ ഏതെങ്കിലും സെറ്റില്‍ വന്ന്‌ കണ്ടാല്‍ - അന്ന് ദുബായിലെ ഷൂട്ടിംഗ്‌ സ്ഥലത്ത്‌ ഏറേനേരം സംസാരിച്ച ആളാണ്‌ ഓര്‍മയില്ലേ? അപ്പോള്‍..?"

"വാസ്‌തവം പറഞ്ഞാല്‍ ഓര്‍മയുണ്ടെങ്കില്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും പറയും. നിങ്ങള്‍ അഞ്ച്‌ വര്‍ഷം കഴിഞ്ഞ്‌ വന്നാണ്‌ ചോദിച്ചെങ്കില്‍ എങ്ങനെയോര്‍ക്കും. എന്നാലും പരിചയപ്പെട്ട ചിലയാളുകളുടെ മുഖം മനസ്സില്‍ കിടക്കാറുണ്ട്‌."

ഒരിക്കലും മറക്കുവാനാവാത്ത ഒരു വ്യക്തിത്വം - അതാണ്‌ നമ്മുടെ പ്രിയങ്കരനായ നടന്‍ ശ്രീനിവാസന്‍!

Monday, January 31, 2011

ഷേര്‍ഖാന്‍ ഖാജ

കൊല്ലം രണ്ടായിരത്തിയഞ്ച്, സ്ഥലം ദുബായ്‌.

സിനിമാസ്വപ്‌നങ്ങള്‍ പൂട്ടിക്കെട്ടി പിന്നേം നാട്ടില്‍ നിന്നും മണല്‍ക്കാട്ടില്‍ വന്നുപെട്ടു ഞാന്‍. പത്ത്‌ ആളുകള്‍ തിങ്ങിഞെരുങ്ങി താമസിക്കുന്ന ഹോരല്‍ അന്സിലെ ഒരു വില്ലയിലെ മുറിയില്‍ മലയാളം ചാനലുകളും എഫ്.എം റേഡിയോ പരിപാടികളും ആസ്വദിച്ച് ഞാന്‍ കഴിഞ്ഞുപോരും കാലം. ഒരു സൈറ്റ്‌ ആപ്പീസിലെ സെക്രട്ടറിപണിയില്‍ പെട്ട് ജീവിതം വരള്‍ച്ച ബാധിച്ച് കൂടിക്കഴിഞ്ഞു പോന്നു.

ഹിറ്റ്‌ എഫ്.എം റേഡിയോയില്‍ കേട്ടുവന്ന ഒരു അവതാരകന്റെ ശബ്ദം എനിക്ക് എവിടെയോ കേട്ട നല്ല പരിചയം തോന്നി. അതില്‍ പറഞ്ഞ SMS നമ്പരിലേക്ക്‌ ഞാന്‍ ഒരു സന്ദേശം വിട്ടു. "ഇത് നീ തന്നെ ആണോ? ഇത് ഞാന്‍ ആണ്. തിരുവനന്തപുരത്തെ ഹോട്ട് ബ്രഡ് കഫേയില്‍ നാം എന്നും വായ്‌ നോക്കി ഓരോരോ കഥകള്‍ മിനഞ്ഞു കഴിഞ്ഞിരുന്നു. അവനാണോ നീ?"

റേഡിയോ പരിപാടിക്കിടയില്‍ ഒരു പരസ്യബ്രേക്ക്‌ വന്നപ്പോള്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. ഞാന്‍ ചെവിയില്‍ പിടിപ്പിച്ചു. റേഡിയോയില്‍ കേട്ട ശബ്ദത്തിന്റെ ഉടമയാണ്. "എടാ നീ ഇവിടെ?! നീയും നാട് വിട്ടോ? എങ്ങനെ എത്തി ഇവിടെ?" അവന്‍ എന്നോട് ചോദിച്ചു.

അവനാണ് ഇവന്‍. ഹിറ്റ്‌ എഫ്.എം റേഡിയോയിലെ മിഥുന്‍ അധികകാലം ആയിട്ടില്ലായിരുന്നു ദുബായില്‍ വന്നിട്ട്. അവനും ഒരുവിധം സീരിയലുകളിലും സിനിമകളിലും തിരക്ക്‌ ആയി വരുന്ന കാലത്താണ് അതൊക്കെ വിട്ടു ദുബായില്‍ ഓഫര്‍ കിട്ടി വന്നത്. അങ്ങനെ യാദൃശ്ചികമായി വീണ്ടും ഞങ്ങള്‍ ഒരേ സ്ഥലത്ത് വന്നുപെട്ടു.

ഇങ്ങനെ വിരസമായ പ്രവാസ ജീവിതം കഴിയവേ, ഒരുനാള്‍ ദിനപത്രത്തില്‍ ഒരു വാര്‍ത്ത എന്റെ സഹമുറിയന്‍ മുഹമ്മദാലിക്ക എനിക്ക് കാണിച്ചുതന്നു. എന്റെ സിനിമാവിശേഷങ്ങള്‍ മുറിയില്‍ പാട്ടായിരുന്നു. പോരാത്തതിന് റേഡിയോ അവതാരകന്റെ സുഹൃത്തും കൂടിയല്ലേ എന്നൊരു പരിഗണനയും കിട്ടി. പരസ്യം വേറൊന്നും അല്ല. "പ്രവാസ സീരിയലില്‍ നടീനടന്മാരെ എടുക്കുന്നു".

അതില്‍ കണ്ട നമ്പരില്‍ വിളിച്ചു. ഒരു അസീസ്‌ എടുത്തു. വരുന്ന വെള്ളിയാഴ്ച ജുമൈറയില്‍ നിര്‍മാതാവിന്‍ വീട്ടില്‍ സ്ക്രീന്‍ ടെസ്റ്റ് ഉണ്ടെന്നും വന്ന് ഭാഗ്യം പരീക്ഷിക്കാനും അയാള്‍ എന്നെ അറിയിച്ചു. ഞാന്‍ വിവരം മുറിയിലെ പത്ത്‌ പേരേയും അറിയിച്ചു. അവരൊക്കെ നിത്യജോലികള്‍ കഴിഞ്ഞുവന്ന് മുറിയിലെ ഈ അവതാരത്തിനെ സഹിച്ചു എല്ലാം കേട്ട് വാപൊളിച്ചു കിടന്നുറങ്ങി. കൂട്ടത്തില്‍ മറ്റൊരു കലാകാരനും ഉണ്ട്. അവനാണ് വില്ലയുടെ ഒരു പാതിമുതലാളി. പേര് അനീസ്‌, കണ്ണൂര്‍കാരനാണ്. ആള് സ്കൂളിലെ പണികഴിഞ്ഞാല്‍ തബല, മദ്ദളം, കീബോര്‍ഡ്‌ ഒക്കെ എടുത്ത് കരോക്കെ ഒക്കെ വെച്ച് സ്വയം പാടി ഗാനമേള മുറിയില്‍ ഒരുക്കും. ഇത് വ്യാഴാഴ്ച രാത്രി ആയാല്‍ ഏറെവൈകിയാണ് അവസാനിപ്പിക്കുക. പലപ്പോഴും ഇത് അസഹനീയമായിട്ട് അനീസിനോട് കലഹിക്കുന്നത് അവന്‍റെ അമ്മാവനായ മുഹമ്മദാലിക്ക തന്നെയാകും. എന്നാലും അവന്‍ നിരുതില്ല ഗാനമേള. കരോക്കെ സൌണ്ട് കൂടുതല്‍ ഉച്ചത്തില്‍ ആക്കും. തബല മദ്ദളം കൊട്ടല്‍ കൂട്ടും.

അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. ഞാന്‍ പുലര്‍ച്ചെ തന്നെ കുളിയും മറ്റും കഴിച്ച് റെഡിയായി സ്ക്രീന്‍ ടെസ്റ്റ് അഭിമുഖീകരിക്കാന്‍ പുറപ്പെട്ടു. മുറിയില്‍ അരണ്ടവെളിച്ചത്തില്‍ അനീസിന്റെ ബെഡ് ഒഴിഞ്ഞു കിടക്കുന്നത് എന്‍റെ കണ്ണില്‍ പെട്ടു. രാത്രിയിലെ തബല മദ്ദളം കൊട്ടും അമ്മാവന്‍റെ കലഹകൊട്ടും മതിയാവാഞ്ഞ് അവന്‍ ചിലപ്പോള്‍ ഗാനമേള ടെറസ്സിലേക്ക് മാറ്റിയിട്ടുണ്ടാവുമെന്നും ക്ഷീണം കൊണ്ട് അവിടെത്തന്നെ കിടന്നുറങ്ങിയിട്ടുണ്ടാവുമെന്നും ഞാന്‍ ഊഹിച്ചു. ദുബായ്‌ അത്ര പരിചയം ആയിട്ടില്ലാത്ത ഞാന്‍ ഒരുവിധം ബര്‍ദുബായ്‌ വഴി ജുമൈറ ബീച്ചില്‍ ബസ്സ്‌ ഇറങ്ങി. അവിടെ നിന്നും ചോദിച്ച് ചോദിച്ചു പോകാം എന്ന് കരുതി നോക്കുമ്പോള്‍ അധികം ആരെയും അവിടെ കണ്ടില്ല. ആകെയുള്ളത് കുറച്ചു മദാമ്മമാരും കിടാങ്ങളും മാത്രം കുറച്ചുമാത്രം വസ്ത്രം ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ പറ്റാത്ത കോലത്തില്‍ മണലില്‍ കിടക്കുന്നുണ്ട്. നേരം രാവിലെ ഏഴേകാല്‍ മണി ആയിട്ടുള്ളൂ. ഒന്‍പതു മണിക്കാണ് സീരിയല്‍ ടെസ്റ്റ്‌. ഇനി നേരം പോകാന്‍ വേറെ മാര്‍ഗം ഒന്നും വേണ്ട എന്ന് കരുതി ഞാന്‍ ബീച്ചിലെ ഒരു കലുങ്കില്‍ ഇരുന്നു സിഗരറ്റ്‌ പാക്കറ്റ്‌ എടുത്ത് ചുറ്റും നോക്കി സേഫ്‌ ആണെന്ന് ഉറപ്പിച്ച് ഒരു സിഗരറ്റ്‌ കത്തിച്ചു പുകവിട്ടു.

ശ്ശെഡാ. ഒരു മലയാളിയുടെ പൊടിപോലും കണ്ടുപിടിക്കാന്‍ ഇല്ലല്ലോ എന്ന് കരുതി നോക്കുമ്പോള്‍.. അതാ ഒരു മലയാളി ഒരു പോസ്റ്റില്‍ ചാരി മദാമ്മമാരുടെ കേളികള്‍ ആസ്വദിച് പുകവിട്ടുകൊണ്ട് നില്‍ക്കുന്നു! മലയാളി മലയാളിയെ ചൊവ്വാഗ്രഹത്തില്‍ വെച്ച് കണ്ടാല്‍ ഉള്ള അവസ്ഥയായി എനിക്ക്! ഞാന്‍ അങ്ങോട്ട്‌ സ്പീഡില്‍ നടന്നു. നല്ല പരിചിതമുഖമാണല്ലോ!

അയാളെ ഞാന്‍ ഒരു കൊട്ട് വെച്ച് കൊടുത്തു. "എടാ നീ ഇവിടെ എന്തെടുക്കുകയാ?"

അയാള്‍ എന്നെ അപരിചിതമായി നോക്കി നിന്നു. ഒരു അന്യനെപോലെ നിന്നു.

"ഡാ അനീസേ.. നീ എന്താടാ അന്തം വിട്ട പെരുച്ചാഴി മാതിരി നോക്കുന്നെ?"

അയാള്‍ എന്നെ തുറിച്ച് നോക്കി സിഗരറ്റ്‌ നിലത്ത് കാലുകൊണ്ട് ചതച്ചു. എന്‍റെ കൈ തട്ടിമാറ്റി. എന്നിട്ട് എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ പറഞ്ഞു. (അത് ഹിന്ദി ആയിരുന്നു)

"തു കോന്‍ ഹേ?"

ഇപ്പോള്‍ ഞാനാണ് അന്തം വിട്ട പന്തം കണ്ട പെരുച്ചാഴി ആയത് !

"തു ക്യാ ബാത് കരെ? കോന്‍ ഹെ തു??" അയാള്‍ എന്നോട് ചൂടായി. ഞാനും കൈയ്യിലെ സിഗരറ്റ്‌ നിലത്തിട്ടു. ചതച്ചില്ല. അത് നിലത്ത് കിടന്നു പുകഞ്ഞു. എന്‍റെ തലയും പുകഞ്ഞു. അപ്പോള്‍ ഇത് അനീസ്‌ അല്ലെ?

"ആപ് അനീസ്‌ ഹെ? ഹോ? നഹി ? ഹേ?" എനിക്ക് അറിയാവുന്ന ഭാഷയില്‍ ഞാന്‍ ചോദിച്ചു.

അയാള്‍ തീക്ഷ്ണമായി എന്നെ നോക്കി. ഞാന്‍ ചുറ്റിലും നോക്കി. ആരും ഇല്ല ഒന്ന് സഹായിക്കാന്‍. എന്നാല്‍ വരുന്നത് വരട്ടെ.

"കോന്‍ ഹെ അനീസ്‌? മേം ഷേര്‍ഖാന്‍ ഖാജ ഹൂം."

"അപ്പോള്‍ ആപ് അനീസ്‌ നഹി ഹെ. സോറി, ക്ഷമിക്ക് ഹെ."

ഒരാളെപോലെ ഏഴു ആളുകളെ പടച്ച് വിടും പടച്ചവന്‍ എന്ന് കേട്ടിട്ടുണ്ട്. അത് ഇതാണോ? അതേ കോലം. ആ വിരലുകളില്‍ തബല കൊട്ടിയ തഴമ്പ് ഉണ്ടോന്ന് ഞാന്‍ നോക്കി. ഉണ്ട്. എന്‍റെ പടച്ചോനേ! എന്‍റെ തലയ്ക്കുള്ളില്‍ ഞാന്‍ അനീസിനെ ഒന്ന് സ്കാന്‍ ചെയ്തു നോക്കി. മുന്നില്‍ ഉള്ള ഷേര്‍ഖാന്‍ ഖാജ അനീസും ഇരട്ട പെറ്റതാവുമോ? അനീസ്‌ വെക്കും പോലെ മൊബൈല്‍ഫോണ്‍ ഷര്‍ട്ടിന്‍റെ കീശയില്‍ തള്ളിവെച്ചിട്ടും ഉണ്ട്.

"ആപ് കാ ചെഹരാ ഐസാ ഏക്‌ ചെഹരാ മേരാ റൂം മേഹെ ഏക്‌ അനീസ്‌" (ഇങ്ങളെ മോന്ത പോലെത്തെ ഒരു മോന്ത ഞമ്മളെ മുറിയില് അനീസിനുണ്ട് എന്ന് അറിയാവുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു.)

"ക്യാ ക്യാ.. തൂ പാഗല്‍ ഹെ?" ഷേര്‍ഖാന്‍ ഖാജ എനിക്ക് വട്ടാണ് എന്ന് ഉറപ്പിച്ചു.

എന്‍റെ തലയ്ക്കുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി ശൂം എന്ന് കെട്ടുപോയി. ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

"ഷേര്‍ഖാന്‍ ഭായീ. ഏക്‌ മിനിറ്റ്. മേരാ മൊബൈല്‍ മേ അനീസ്‌ ഹെ. ആപ് കാ മൊബൈല്‍ മേ നഹി."

"ഭായ്‌. പാഗല്‍ ഭീമാര്‍ ഹെ. ആപ് ജാഓ ചല്‍ ചല്‍ .."

ഷേര്‍ഖാന്‍ ഇപ്പോള്‍ ചിരിക്കാന്‍ തുടങ്ങി. ഞാന്‍ മൊബൈലില്‍ അനീസിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവന്‍റെ അപരനെ കണ്ട വിശേഷം ഇപ്പോള്‍ തന്നെ അറിയിക്കനമല്ലോ..

മൊബൈല്‍ റിംഗ് ആകുന്നുണ്ട്. അതേ സമയം ഷേര്‍ഖാന്‍ ഖാജയുടെ കീശയിലും മൊബൈല്‍ റിംഗ് ആകുന്നു. അത്ഭുതം! യാ പടച്ചോനേ!

കുറേ റിംഗ് ആയി കട്ട് ആയി. ഷേര്‍ഖാന്റെ കീശയിലും റിംഗ് കട്ടായി. ഞാന്‍ പിന്നെയും അടിച്ചു. ആ കീശയിലും റിംഗ് അടിക്കുന്നു. ഇതോ മായ മന്ത്രം!

ഷേര്‍ഖാന്‍ ഖാജ പൊട്ടിച്ചിരിച്ചു. എന്നെ തോളില്‍ തട്ടി. ഞാന്‍ പേടിച്ചു. അയാള്‍ ശുദ്ധമലയാളത്തില്‍ മൊഴിഞ്ഞു.

"എടാ കുതിരേ.. ഇത് ഞാന്‍ തന്നെയാടാ. അന്നെ ഒന്നാക്കാന്‍ കളിച്ചതാ. ഹിഹി."

"എടാ മൈ...ആ.. ഞാന്‍ അവനെ സ്നേഹത്തോടെ ഒരടി കൊടുത്തു. "നീ ഇവിടെ?"

"ഞാനും സീരിയല്‍ ടെസ്റ്റിനു വന്നതാണ്. അതൊരു സര്‍പ്രൈസ്‌ ആയ്ക്കോട്ടെ എന്ന് കരുതി.

അങ്ങനെ ആ നാടകം അവിടെ പൊളിഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് സീരിയല്‍ നിര്‍മാതാവിന്‍ വീട് കണ്ടുപിടിച്ച് അവിടെയെത്തി. അവിടെ ഒരു കല്യാണത്തിനുള്ള ആളുകള്‍ ഉണ്ടായിരുന്നു. ആണുങ്ങളും അതുപോലെ പെണ്ണുങ്ങളും കുട്ട്യോളും ഒക്കെയുണ്ട്. ക്യാമറാമാനും തൊപ്പിയിട്ട സംവിധായകനും വിലകൂടിയ സ്പ്രേ പൂശിയ നിര്‍മാതാവും ഓരോന്ന് നോക്കി ഓടിനടക്കുന്നുണ്ട്. അവരെ പോയി പരിചയപ്പെട്ടു. നേരത്തെ വിളിച്ച അസീസിനെ കണ്ടു. പേര് കൊടുത്തു.

ഒരു ഹാളില്‍ ക്യാമറ ഓണ്‍ ചെയ്തുകൊണ്ട് ഓരോരുത്തരെ സ്ക്രീന്‍ടെസ്റ്റ്‌ ചെയ്തു വിടുകയാണ് അവര്‍. കാര്യം കുറേ സീരിയലുകളില്‍ ചെറിയ നല്ല റോളുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും നെഞ്ച് മിടിപ്പ്‌ കൂടിവന്നു. ആദ്യം അനീസിനെ അവര്‍ വിളിച്ചു. ഞാന്‍ ഹാളില്‍ പാളിനോക്കി.

അനീസിനോട് അവര്‍ ഒരു സിറ്റുവേഷന്‍ കൊടുത്ത് അഭിനയിക്കാന്‍ പറഞ്ഞു. ഒരു ആട്ടോയില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ ഒരു പഴത്തൊലിയില്‍ ചവിട്ടിവീഴുന്ന രംഗം ആയിരുന്നു അവന് കിട്ടിയത്. അവന്‍ എത്ര ഓടിവന്ന് വീണിട്ടും അവര്‍ ക്യാമറ ഓണാക്കി അനനോട് പിന്നേം ഓടി ചാടി വീഴാന്‍ പറഞ്ഞു. എനിക്ക് പണ്ട് കോളേജ്‌ റാംഗിംഗ് ആണ് ഓര്‍മ്മയില്‍ വന്നത്. ഞാന്‍ ഉള്ളില്‍ ചിരിച്ചു. അനീസിന് അത് കിട്ടണം. എന്നെ രാവിലെ ഒരുമാതിരി പട്ടാണി ആക്കിയതല്ലേ.

അറിയിക്കാം എന്ന് പറഞ്ഞു അവനെ അവര്‍ വിട്ടു. പിന്നെ എന്‍റെ ഊഴം ആയി. എനിക്ക് തന്ന സിറ്റുവേഷന്‍ ഇതായിരുന്നു. ഭ്രാന്ത്‌ ഇല്ലാത്ത ഒരു പണക്കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു മെന്‍റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുവരുന്നു. അവിടെ തനിക്ക്‌ ഭ്രാന്ത്‌ ഇല്ലാ എന്ന് അറിയിക്കാന്‍ കാണിക്കുന്ന പെടാപാട്.

ഞാന്‍ അത് ഒരുവിധം അവതരിപ്പിച്ചു. അവര്‍ ചിരിച്ചു. അനീസ്‌ ഒളിഞ്ഞു നോക്കി ഒരു നിമിഷം ഷേര്‍ഖാന്‍ ആയി നിന്നു.

ഞങ്ങള്‍ ഒരുമിച്ച് അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ച് തിരികെ പോന്നു. അവന്‍ എന്നോട് കെഞ്ചി. ആരോടും പറയരുതേ. വിധി അങ്ങനെ ആയിരുന്നു. അവന് ഔട്ട്, ഞാന്‍ ഇന്‍ !

അങ്ങനെ ആ സീരിയലില്‍ മുഴുനീള കോമഡി കഥാപാത്രമായ സുലൈമാന്‍ ആയി ഞാന്‍ അഭിനയിക്കുകയും സഹസംവിധായകനും ആയിരുന്നു. "മണല്‍ക്കാറ്റ്" കൈരളി ചാനലില്‍ പത്ത്‌ എപ്പിസോഡുകള്‍ ആയി സംപ്രേക്ഷണം ചെയ്തു ഹിറ്റ്‌ ആയി.

Monday, January 24, 2011

തിരക്കഥ - ഹ്രസ്വചിത്രം.

കൊണ്ടതും കൊടുത്തതും. 
(ഹ്രസ്വചിത്രം - 3 min 55 Sec.)

തിരക്കഥ & സംഭാഷണം
ഏറനാടന്‍ 
കഥ & സംവിധാനം
ഷജീര്‍ മണക്കാട്‌ 

സീന്‍   - 1
പകല്‍  – Interior



ലൊക്കേഷന്‍
സുഹ്രുത്തിന്‍റെ മുറി  



കഥാപാത്രങ്ങള്‍
 ·         നായകന്‍
·         രണ്ടു സുഹൃത്തുക്കള്‍  



Properties
മേശ, കസേര



 ഒന്നാം സുഹ്രുത്ത് :

നീ പറഞ്ഞപോലല്ല

(മോബൈല്‍ഫോണ്‍ ഉയര്‍ത്തി കാണിക്കുന്നു ) തുടരുന്നു :

ഈ സാധനം ഗുണത്തെക്കാളെറെ ദോഷമാ..

നായകന്‍ തിരിഞ്ഞുനോക്കുന്നു. തുറിച്ചുള്ള നോട്ടം. മറ്റൊരു സുഹ്രുത്ത് നായകനെയും ഒന്നാം സുഹൃത്തിനെയും രൂക്ഷമായി നോക്കി നില്‍ക്കുന്നു.



ഒന്നാം സുഹൃത്ത് :
കുടുംബത്തിന്‍റെ കാര്യമാ. സൂക്ഷിക്കണം.


നായകന്‍ :
എന്‍റെ ഭാര്യയെകുറിച്ച് ഞാന്‍ കേട്ടതോ?


ഒന്നാം സുഹൃത്ത് :
അതൊന്നും ശരിയാവണമെന്നില്ല.
അവന്‍ അത്തരക്കാരനല്ല.


നായകന്‍ രോക്ഷാകുലനായി ക്യാമറക്ക്‌ അഭിമുഖമായി എഴുന്നേല്‍ക്കുന്നു. ഒരു മേശയോ കസേരയോ അയാള്‍ തട്ടിമാറ്റി വെട്ടിത്തിരിയുന്നു.



നായകന്‍ :
വിടില്ല ഞാന്‍ അവനെ!




സീന്‍   - 1
പകല്‍  – Interior



ഞെട്ടി അന്ധാളിച്ച് നോക്കി പിറകില്‍ എഴുന്നേറ്റ്‌ പോകുന്നത് തടയാന്‍ ശ്രമിക്കുന്ന അയാളുടെ സുഹൃത്ത്.



സുഹൃത്ത് :
കാര്യമറിയാതെ നീ അബദ്ധമൊന്നും കാണിക്കല്ലേ.


അത് കേള്‍ക്കാന്‍ നില്‍ക്കാതെ നായകന്‍ മുറിയുടെ വാതില്‍ തുറന്ന്‍ ധൃതിയില്‍ പോകുന്നു.

പോകുമ്പോള്‍ നായകന്‍ രണ്ടാം സുഹൃത്തിനെ വാടാ എന്ന് കൈ ആംഗ്യം കാണിച്ചു കൂടെ വിളിക്കുന്നു.

വാതില്‍ ഒച്ചയോടെ അടയുന്ന ശബ്ദം.


  
സീന്‍ - 2
പകല്‍ - Exterior / Interior



ലൊക്കേഷന്‍
·         ഫ്ലാറ്റ്‌ കെട്ടിടപരിസരം
·         ഫ്ലാറ്റ്‌ മുറി   



കഥാപാത്രങ്ങള്‍
·         നായകന്‍
·         രണ്ടാം സുഹൃത്ത്
·         ഫ്ലാറ്റ്‌ അന്തേവാസി  



Properties
കാര്‍

ഒരു ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ മുന്നില്‍ ബ്രേക്കിട്ട് നില്‍ക്കുന്ന കാര്‍. അതില്‍ നായകനും രണ്ടാം സുഹൃത്തും.



കാറില്‍നിന്നും ധൃതിയില്‍ ഇറങ്ങുന്ന നായകന്‍ കെട്ടിടത്തിന്‍റെ അകത്തേക്ക് പായുന്നു.

പിന്നാലെ സുഹൃത്തും ചെല്ലുന്നു.

(CUT  TO)


ലിഫ്റ്റിന്റെ അടുത്തേക്ക്‌ ഓടിവരുന്ന നായകന്‍ ആകെപ്പാടെ അക്ഷമനായികൊണ്ട് ലിഫ്റ്റ്‌ ബട്ടന്‍ ഞെക്കി നില്‍ക്കുന്നു.




ലിഫ്റ്റില്‍ കയറുന്ന നായകന്‍. ലിഫ്റ്റിന്റെ വാതില്‍ അടയുന്നു.


(CUT  TO)

നായകനെ ഫോളോ ചെയ്യുന്ന ക്യാമറ ആംഗിള്‍ വ്യൂ.



നായകന്‍ ഒരു ഫ്ലോറില്‍ എത്തിയതിനു ശേഷം കോറിഡോറിലൂടെ വേഗത്തില്‍ നീങ്ങുന്നു. പിറകെ സുഹൃത്തും ചെല്ലുന്നു.


ഒരു ഫ്ലാറ്റിനു മുന്നില്‍ എത്തുന്ന അയാള്‍ കോളിംഗ്ബെല്ലടിക്കുന്നു.
ഒരാള്‍ വന്നു ഡോര്‍ തുറക്കുന്നു.

അയാളെ തള്ളിമാറ്റി നായകന്‍ ഫ്ലാറ്റിനകത്തേക്ക്‌ പായുന്നു.

  
സീന്‍  - 3
പകല്‍ – Interior



ലൊക്കേഷന്‍

ഫ്ലാറ്റ്‌ അകം



കഥാപാത്രങ്ങള്‍

·         നായകന്‍
·         വില്ലന്‍
·         രണ്ടാം സുഹൃത്ത്
·         രണ്ടു സ്നേഹിതര്‍



Properties
തോര്‍ത്ത്‌ മുണ്ട്.
കറിക്കത്തി, ചോര പോലെയുള്ള (ലിക്വിഡ്‌)

അടഞ്ഞുകിടക്കുന്ന ഡോര്‍ തള്ളിത്തുറന്ന നായകന്‍ നോക്കുന്നു.
ആരെയോ തിരക്കുന്ന അയാളുടെ പൂച്ചക്കണ്ണുകള്‍.



അയാള്‍ ആരെയോ നോക്കി ധൃതിയില്‍ നടക്കുന്നു. കൂടെ രണ്ടാം സുഹൃത്തും.


സുഹൃത്ത്‌ അടുക്കളയില്‍ നോക്കി നായകനെ ആംഗ്യം കാണിച്ച് ആള്‍ അവിടെ ഉണ്ടെന്നു അറിയിക്കുന്നു.


അപ്പോള്‍ അടുക്കളയില്‍ ആരോടോ മൊബൈല്‍ഫോണില്‍ പഞ്ചാരവര്‍ത്തമാനം പറഞ്ഞുനില്‍ക്കുന്ന വില്ലനെകാണുന്നു.
(കഴുത്തില്‍ തോര്‍ത്തുമുണ്ട് ചുറ്റിവെച്ചിട്ടുണ്ട്)

പെട്ടെന്ന് വന്നുകയറിയ നായകനേയും സുഹൃത്തിനെയും തിരിഞ്ഞുനോക്കുന്ന വില്ലന്‍ മൊബൈല്‍ഫോണ്‍ കട്ട് ചെയ്യുന്നു.


നായകന്‍റെ സുഹൃത്ത്‌ അടുക്കളയില്‍ പ്രവേശിച്ച് വില്ലനെ പിറകില്‍ നിന്ന് തോര്‍ത്ത്‌മുണ്ട് കഴുത്തില്‍ മുറുക്കുന്നു. വില്ലനെ നായകന്‍ ശക്തിയായി മര്‍ദ്ദിക്കുന്നു.



സീന്‍  - 3
പകല്‍ – Interior


നായകന്‍ :
എന്‍റെ ഭാര്യയെ നീ...

ആഞ്ഞുതൊഴി കൊടുക്കുന്ന നായകന്‍. മര്‍ദ്ദനം തുടരുന്നു. രക്ഷനേടാന്‍ സ്വയംരക്ഷയ്ക്ക് ശ്രമിക്കുന്ന വില്ലനെ ബലമായി പിടിച്ചുവെച്ച സുഹൃത്ത് അയാളുടെ കഴുത്തിലെ തോര്‍ത്തുമുണ്ട് മുറുക്കുന്നു. സംഘട്ടന രംഗം.


(ശ്വാസം കിട്ടാതെ കണ്ണ് തള്ളിക്കൊണ്ട്) വില്ലന്‍ :

വിടെന്നെ.
നീ കാര്യം അറിയാതെ പെരുമാറരുത്‌.

ഇതിനിടയില്‍ അടുക്കളമേശമേല്‍ കണ്ട കറിക്കത്തി എടുത്ത് സുഹൃത്ത് വില്ലന്‍റെ അടിവയറ്റില്‍ കുത്തുന്നു. ഒച്ചവരാതിരിക്കാന്‍ അയാള്‍ വായ പൊത്തിപ്പിടിക്കുന്നു.

കുത്തിക്കഴിഞ്ഞ സുഹൃത്ത് പിടിവിട്ട് കള്ളനോട്ടം നോക്കി പതുക്കെ മാറുന്നു.

ചോരവരുന്നത് കണ്ട നായകന്‍ വില്ലനെ നെഞ്ചോട് ചേര്‍ക്കുന്നു. കത്തി വലിച്ച് ഊരുന്നു. ഇത് കണ്ട സുഹൃത്ത് അയാളെ പിടിക്കുന്നു. ഊരിയ കത്തി മുറുകെപ്പിടിച്ച് നില്‍ക്കുന്ന നായകന്‍.


കോലാഹലം കേട്ട് ഓടിവരുന്ന മുറിയിലെ സ്നേഹിതര്‍ അന്ധാളിച്ച് നോക്കുന്നു. അവര്‍ കാണുന്നത് ഊരിപ്പിടിച്ച കത്തിയുമായി നില്‍ക്കുന്ന നായകന്‍, മാറി ഞെട്ടിനില്‍ക്കുന്ന സുഹൃത്ത്, നിലത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന വില്ലന്‍.




ഫ്ലാറ്റിലെ ഒരുത്തന്‍ ഫോണില്‍ പോലീസിനെ വിളിക്കുന്നു.


ഹലോ... പോലീസ്‌?


സീന്‍   -  4
പകല്‍ - Exterior



ലൊക്കേഷന്‍
ഫ്ലാറ്റ്‌ കെട്ടിട പരിസരം   


കഥാപാത്രങ്ങള്‍
·         നായകന്‍
·         അറബി ഡ്രസ് ധരിച്ച (പോലീസ്‌)
·         ഒന്നാം സുഹൃത്ത്
·         രണ്ടാം സുഹൃത്ത്
·         സ്നേഹിതര്‍

Properties
കാര്‍
കന്തൂര (അറബി വസ്ത്രം)

ലിഫ്റ്റ്‌ ഡോര്‍ തുറക്കപ്പെടുന്നു.



അറബിവസ്ത്രം ധരിച്ച പോലീസ്‌  ആദ്യം ഇറങ്ങുന്നു.
പിറകില്‍ തലതാഴ്ത്തിപ്പിടിച്ച് ഇറങ്ങുന്ന നായകന്‍ (കുറ്റബോധം). പിന്നാലെ രണ്ടാം സുഹൃത്ത് (കള്ളനോട്ടം).



അന്നേരം പുറത്ത്‌ നിന്നും ഓടിവരുന്ന ഒന്നാംസുഹൃത്ത് അവരുടെ വരവ് കാണുന്നു. ആകെ വിഷമിച്ച് നില്‍ക്കുന്നു. സഹതാപത്തോടെ നായകനെ നോക്കുന്നു. ഒന്നും മിണ്ടുന്നില്ല.

ഒന്നാം സുഹൃത്തും രണ്ടാം സുഹൃത്തും പരസ്പരം നോക്കുന്നു. കണ്ണുകളില്‍ പക, വിദ്വേഷം, നിസ്സഹായാവസ്ഥ എന്നിവ പ്രതിഫലിക്കുന്നു.



അവരെ നോക്കി നില്‍ക്കുന്ന ചുറ്റും നില്‍ക്കുന്നവരും അതിലെ പോകുന്നവരും.



അവര്‍ക്കിടയിലൂടെ പോകുന്ന നായകന്‍ ഒന്നാം സുഹൃത്തിനെ ഒന്ന് തിരിഞ്ഞു നോക്കുന്നു.


കൊണ്ടതും കൊടുത്തതും
SCENE FREEZE OUT.

THE END


Please watch this film at:  http://www.youtube.com/watch?v=GTwGofKYb54