Friday, July 29, 2011

നോമ്പുകാലത്തെ രാത്രി പടം.

നിസ്കാരം കഴിഞ്ഞ ഉമ്മുമ്മ നോക്കിയത് എന്റെ മുഖത്ത്. ഞാന്‍ തല ചൊറിഞ്ഞുകൊണ്ട് ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു:

"ഉമ്മുമ്മാ പൂക്കോട്ടുംപാടം അങ്ങാടീല് ചുഴലി അബൂബക്കര്‍ മുസ്ല്യാരുടെ വയള് ഉണ്ട്. (വയള് - മതപ്രസംഗം). ഞാനും മാമയും കേള്‍ക്കാന്‍ പോകട്ടെ?"

ഉമ്മുമ്മ സന്തോഷച്ചിരിയോടെ തലയാട്ടി പറഞ്ഞു : "അങ്ങനെ നല്ല കാര്യമൊക്കെ ചെയ്യ്‌. റമളാനില്‍ പുണ്യകാര്യം ചെയ്‌താല്‍ നൂറിരട്ടിയാ പടച്ചോന്‍ കൂലി തരിക.  ഉം പോയി കേട്ടിട്ട് വാ."

അപ്പോഴേക്കും മാമ മുണ്ടും കുപ്പായവും ഇട്ടു റെഡി ആവാന്‍ തുടങ്ങിയിരുന്നു. നേരിയ കുറ്റബോധം എനിക്ക് ഉണ്ടാകാതെ ഇരുന്നില്ല. ചുഴലി മുസ്ല്യാരെ അല്ലാലോ രജനീകാന്ത് സിനിമ ആണല്ലോ കാണാന്‍ പോകുന്നത്. മാമ സൈക്കിള്‍ എടുത്ത് മുറ്റത്ത്‌ ഇറക്കി കയറി എന്നെ കാത്തുനിന്നു.

നിലാവുള്ള ആ രാത്രിയില്‍ സൈക്കിളില്‍ ഞങ്ങള്‍ പൂക്കോട്ടുംപാടം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഇളംകാറ്റ്‌ വീശുന്നുണ്ടായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ എവിടെനിന്നോ കുറ്റിചൂളാന്‍ പക്ഷിയുടെ മാസ്മരിക ചൂളംവിളി കേള്‍ക്കുന്നുണ്ട്. ഉണക്കയിലകള്‍ക്ക്‌ ഇടയില്‍ ഒളിച്ച് ഇരിപ്പുള്ള പലതരം പ്രാണികളുടെ സംഗീതകച്ചേരി കേട്ടുകൊണ്ട് ഞങ്ങള്‍ ഒരു വല്ലാത്ത മൂഡില്‍ സൈക്കിളില്‍ പൊതുപാതയില്‍ പ്രവേശിച്ചു. ദൂരെ എവിടെയോ നിന്ന് കുറുക്കന്മാരുടെ ഓരിയിടല്‍ കാറ്റില്‍ അലച്ചുവന്നു. പിറകില്‍ ഇരുന്നുകൊണ്ട് ഞാന്‍ മാമയെ തള്ളി സൈക്കിളിന്റെ വേഗം കൂട്ടാന്‍ പറഞ്ഞു.

പേടി മാറാന്‍ ഞാന്‍ ഓരോരോ പാട്ടുകള്‍ മൂളി. മാമയും പാടി. ഞങ്ങളേയും വഹിച്ച് സൈക്കിള്‍ വിജനമായ പാതയിലൂടെ വളഞ്ഞു പുളഞ്ഞ് പോയികൊണ്ടിരുന്നു. നിലാവുള്ള ആകാശത്ത് നോക്കുമ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്ന്‍ വരുന്ന പൂര്‍ണ്ണചന്ദ്രന്‍ ഇടയ്ക്കിടെ മേഘക്കൂട്ടത്തില്‍ ഒളിക്കുന്നു പിന്നെ തെളിയുന്നു. പാതയോരത്തെ ഒരു വാഴത്തോട്ടത്തില്‍ നിന്നും വലിയൊരു വവ്വാല്‍ സ്ലോമോഷനില്‍ പാറി പോകുന്നത് ഒരു നിഴല്‍ പോലെ നിലാവില്‍ കണ്ടു. പണ്ട് വായിച്ച 'ഡ്രാക്കുള' കഥ മനസ്സില്‍ എത്തി. പിന്നിട്ട പാതയോരത്തെ ഇരുളില്‍ നോക്കാന്‍ പേടിയായി. ഞാന്‍ മാമയെ ഇറുക്കിപ്പിടിച്ച് ഇരുന്നു.

ഒടുവില്‍ പൂക്കോട്ടുംപാടം എത്തി. അവിടെ നിന്നും സരണി ടാക്കീസ് ഉള്ള റോഡിലേക്ക്‌ ഞങ്ങള്‍ തിരിഞ്ഞു. ഒരു ചായമക്കാനി കണ്ടു. ഓരോ കട്ടന്‍ ചായ കുടിച്ച് ഞങ്ങള്‍ സരണിയില്‍ എത്തി. പടം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ ബാക്കിയുണ്ട്. ആളെക്കൂട്ടാനുള്ള പാട്ട് കോളാമ്പി മൈക്കിലൂടെ കേള്‍ക്കുന്നുണ്ട്. ഏതോ ജയന്‍ സിനിമയിലെ പാട്ട് ആയിരുന്നു എന്ന് തോന്നുന്നു. മൂന്ന്‍ രൂപയുടെ ടിക്കറ്റില്‍ ഞങ്ങള്‍ അകത്തു കയറി. സെക്കന്റ് ഷോ ആയതിനാല്‍ ആളുകള്‍ അധികമൊന്നും ഇല്ല.  പരസ്യ സ്ലൈഡുകള്‍ തുടങ്ങി. പിന്നെ ഒരു പൊട്ടലും ചീറ്റലും കഴിഞ്ഞ് വെട്ടുവരകള്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന ദൃശ്യങ്ങള്‍ പുകമൂലം മഞ്ഞയായി തുടങ്ങിയ വെള്ളിത്തിരയില്‍ പത്യക്ഷമായി. തുറന്നുകിടക്കുന്ന വാതിലിനപ്പുറം നിലാവെളിച്ചത്തില്‍ മുങ്ങിയ റബ്ബര്‍തോട്ടങ്ങള്‍ കാണാം. നല്ല ഇളം കാറ്റ്‌ വരുന്നുണ്ട്. ഏതാനും ആളുകള്‍ ബീഡി പുകച്ച് ആസ്വദിച്ച് അങ്ങിങ്ങായി ഇരുന്നു കാലുകള്‍ മുന്നിലെ സീറ്റില്‍ വെച്ച് ഇളക്കികൊണ്ടിരിക്കുന്നു.

വലിയ സ്ക്രീനില്‍ വലിയൊരു നിഴല്‍ പ്രത്യക്ഷപ്പെട്ടു. അത് ഒരു വശത്ത് നിന്നും മറുവശത്തേക്ക് നീങ്ങി. രണ്ടു വലിയ ആന്റിനകള്‍ ഇളക്കി ആറു നാരുപോലത്തെ കാലുകള്‍ ഉള്ള വിചിത്രരൂപം കണ്ടു ഞാന്‍ മാമയെ ഇറുക്കിപ്പിടിച്ച് വിറച്ചു. പിന്നെ മനുഷ്യവിരലുകളുടെ വലിയൊരു നിഴല്‍ സ്ക്രീനില്‍ നീങ്ങുന്ന ആ സത്വത്തെ തട്ടിമാറ്റി. അങ്ങിങ്ങായി ഇരുന്ന ആള്‍ക്കാര്‍ കൂക്കിവിളിച്ചു.

മാമ കൂള്‍ ആയി എന്നോട് പറഞ്ഞു. "പേടിക്കേണ്ട. അത് ഒരു കൂറയോ പാറ്റയോ ആണ്. ഫിലിം പ്രോജക്ടറില്‍ കുടുങ്ങിയ പാവം ജീവി ലെന്‍സിലൂടെ ഇത്രേം വലിയ ഭീകരജീവിയായതാ. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അത് ശരി. അപ്പോള്‍ ഇതിവിടെ പതിവുപരിപാടിയാണ് എന്നാശ്വസിച്ചു സിനിമയില്‍ മുഴുകി ഞാന്‍ ഇരുന്നു. രജനീകാന്ത്‌ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല. സില്‍ക്ക്‌ സ്മിത പ്രത്യക്ഷപ്പെട്ട് അധികനേരം ആയില്ല തുറന്നുകിടക്കുന്ന വാതില്‍ വഴി എന്തോ ഒരു സാധനം മൂളലോടെ ആരോ എറിഞ്ഞ കല്ല് പോലെ വന്നു ഞങ്ങളിരുന്ന സീറ്റിനു മുന്നില്‍ വന്നു വീണു. കാലുകള്‍ ഞാന്‍ പോലും അറിയാതെ സീറ്റിലേക്ക്‌ ഉയര്‍ന്നു. മാമാ എന്നൊരു വിളി എന്റെ വായില്‍ തങ്ങിനിന്നു.

മാമ കൂള്‍ ആയി എഴുന്നേറ്റ്‌ ചെന്ന് ആ വന്നുവീണ സാധനത്തെ കാലുകൊണ്ട് തട്ടി പുറത്തേക്കു നീക്കി കളഞ്ഞു. അതിന്റെ മൂളല്‍ കേള്‍ക്കാം. എന്നിട്ട് തിരികെ വന്നു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുന്നു സിനിമ കാണാന്‍ തുടങ്ങി.

"നീ പേടിക്കേണ്ട. അതൊരു വല്യ വണ്ട്‌. ഒന്നും ചെയ്യില്ല. പക്ഷെ വല്ലാത്ത നാറ്റമാണ്. ന്നാ മണത്തുനോക്ക്. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അതിന്റെ വല്ലാത്ത നാറ്റം മാമയുടെ വിരലില്‍ നിന്നും എന്റെ മൂക്കില്‍ എത്തി. എനിക്ക് സിനിമയില്‍ ശരിക്കും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഇനി ആരാണാവോ അടുത്തതായി വരുന്നത് എന്ന വെവലാതിയില്‍ ഞാന്‍ തലയ്ക്ക് മുകളിലൂടെ വെള്ളിത്തിര ലക്ഷ്യമാക്കി പായുന്ന പ്രോജകടര്‍ ദ്രുശ്യവെളിച്ചത്തില്‍ നോക്കി. പെട്ടെന്ന് ഒരു ചിലങ്കയുടെയോ ചങ്ങലയുടെയോ ശബ്ദം കേള്‍ക്കായി. അതിട്ട് ആരോ വേഗത്തില്‍ ഓടിവരുന്നപോലെ. ഞാന്‍ പിന്നെയും മാമയെ കേറിപ്പിടിച്ച് പേടിച്ച് ഇരുന്നു. ആ ചിലങ്ക ചങ്ങല ശബ്ദം ഒരു സൈഡിലൂടെ ദൂരേക്ക്‌ അകന്നുപോയി.

"നീ പിന്നേം പേടിച്ചോ? അത് ഒരു ചുണ്ടെലിയാണ്. ഇവിടെ താമസിക്കുന്ന ഒരു പാവം ജീവി. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അങ്ങനെ ഇടവേളയായി. ഞങ്ങള്‍ പുറത്ത്‌ ഇറങ്ങി. മതിലിനു അരികില്‍ ബീഡി പുകച്ച് മൂത്രം ഒഴിക്കുന്ന കാണികള്‍ നിരന്നു നില്‍ക്കുന്നു. ഞങ്ങളും ആ കൂട്ടത്തില്‍ കൂടി. പ്രോജകടര്‍ മുറിയുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കി. ഒരു വയസ്സന്‍ ഓപ്പറേറ്റര്‍ ഫിലിം റോളുകള്‍ റെഡിയാക്കുന്നുണ്ട്. ഒരു ഫിലിം റോള്‍ തര്വോ എന്ന് ചോദിച്ചു. അയാള്‍ പുഞ്ചിരിച്ച് കൊണ്ട് ഒരു കഷ്ണം ഫിലിം തന്നു. ഞാന്‍ സൂക്ഷിച്ച് നോക്കി. ഏതോ സിനിമയുടെ രംഗങ്ങള്‍. സുകുമാരനും സോമനും ആണെന്ന് തോന്നുന്നു. സന്തോഷത്തോടെ ഞാന്‍ അതും കീശയിലിട്ടു ഓടി.

ഇടവേളയ്ക്ക് ശേഷം പടം തുടര്‍ന്നു. ശിവാജി ഗണേശനും രജനീകാന്തും മത്സരിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ മിന്നിമറഞ്ഞു. കൈയ്യിലൂടെ എന്തോ അരിച്ചരിച്ച് വരുന്ന പോലെ തോന്നി. ഞാന്‍ തട്ടിമാറ്റി. ഒരു വല്ലാത്ത മണം പറന്നു.

"കോട്ടരുമ" -  മാമ എന്നെ നോക്കാതെ മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു.

ഞാനും മന്ത്രിച്ചു. "കോട്ടരുമ" അരുമ അല്ലാത്ത ഒരു തരം ജീവി. റബ്ബര്‍ കാടുകളില്‍ നിന്നും മനുഷ്യരെ തേടി പറന്നെത്തുന്ന ഒരു പ്രാണി. പുറത്ത്‌ എവിടെയോ ബഹളം വെക്കുന്ന തെണ്ടിപ്പട്ടികളുടെ ഒച്ച കേട്ട് തുറന്നുകിടക്കുന്ന വാതില്‍ വഴി ഞാന്‍ ഭയത്തോടെ നോക്കി.

"നായ്ക്കള്‍ ഇങ്ങോട്ടൊന്നും വരില്ല. മതിലുണ്ട്. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

മാമ എന്നെ ആശ്വസിപ്പിച്ചു.

സിനിമ തീര്‍ന്നു. ഞങ്ങള്‍ പുറത്തിറങ്ങി. ഏതാനും സൈക്കിളുകള്‍ നിരത്തിവെച്ചതില്‍ ഞങ്ങളുടെ സൈക്കിള്‍ തിരഞ്ഞെടുത്ത്‌ അതില്‍ കയറി പുറപ്പെട്ടു. നിദ്ര കണ്‍പോളകളെ കനം വെപ്പിച്ചു. തിരകെ വരുംവഴി ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. ഉറക്കം ഞങ്ങളെ പിടികൂടിയിരുന്നു. പിറകില്‍ ഇരുന്നു ഞാന്‍ മയക്കം ആയിതുടങ്ങി. വീട് എത്തിയത്‌ അറിഞ്ഞില്ല.

ഞങ്ങള്‍ എത്തിയത്‌ അറിഞ്ഞ ഉമ്മുമ്മ ഉറക്കം വിട്ടെഴുന്നെറ്റ്‌ വാതില്‍ തുറന്നുതന്നു ചോദിച്ചു.

"മുസ്ല്യാരുടെ വയള് എങ്ങനെ ഉണ്ടായിരുന്നു? എന്തായിരുന്നു വിഷയം?"

"അധോലോകം. നല്ല അടിപിടി. കലക്കി."

"എന്ത് ലോകം?"  ഒന്നും മനസ്സിലാകാതെ ഉമ്മുമ്മ ചോദിച്ചു.

ഉറക്കച്ചടവില്‍ സാഹചര്യം ഓര്‍ക്കാതെ ഞാന്‍ പറഞ്ഞത്‌ ഉമ്മുമയ്ക്ക് മനസ്സിലായില്ല. മാമ എന്നെ നുള്ളി കണ്ണിറുക്കി പറഞ്ഞു.

"അതെ ഉമ്മാ.. പരലോകം. നല്ല അടിപൊളി വിഷയം കലക്കായിട്ട് ചുഴലി മുസ്ല്യാര്‍ പറഞ്ഞു."

"ആ അതെന്നെ.."

എന്റെ കീശയില്‍ പ്രോജകടര്‍ ഓപ്പറേറ്റര്‍ തന്ന ഫിലിം റോള്‍ ഒരു അറ്റം പുറത്ത്‌ കിടക്കുന്നത് കണ്ട് ഉമ്മുമ്മ സംശയത്തോടെ അകത്തേക്ക് പോയി.

ഞങ്ങള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു.

14 comments:

  1. റമളാന്‍ നോമ്പ്‌ ആഗതമായ വേളയില്‍ ഒരു ഓര്‍മ്മക്കുറിപ്പ് അവസാന ഭാഗം നിങ്ങള്‍ക്കായ്..

    ReplyDelete
  2. നല്ല നോമ്പ് സമ്മാനം. കുട്ടികളെയൊക്കെ വേണ്ടാത്തത് പഠിപ്പിക്ക്യാണോ? വിവരണം ബഹുത് ബഹുത് ഉഷാർ. രാത്രി സൈക്കിളിന്റെ പിറകിലിങ്ങനെ പറ്റിയിരുന്നപ്പോൾ ഒരു ചെറിയ തണുത്ത കാറ്റ് ശരിക്കും അനുഭവപ്പെട്ടു. ആദ്യമായിട്ടാ നിങ്ങളുടെ പോസ്റ്റ് വായിക്കുന്നത്. വഴി തെറ്റി എത്തിയ ഒരു വായനക്കാരൻ. എത്തിയപ്പോഴല്ലേ അറിയുന്നത് എത്തേണ്ടിടത്തു തന്നെയാ എത്തിയതെന്ന്.

    ReplyDelete
  3. സൂപ്പര്‍ അവതരണം... ഏറനാടന്‍ തകര്‍ത്തു...

    ReplyDelete
  4. എന്ത് അലക്കാ ഇഷ്ടാ ഇത് ,അടിച്ചു തകര്‍ത്തു ..ആ റബ്ബര്‍ തോട്ടത്തിലെ യാത്രയില്‍ ഞാനും കൂടെയുണ്ടായിരുന്നോ എന്ന തോന്നല്‍ ,,,
    " മാമാ മാമയാണ് മാമാ മാമ "
    "ഞ്ഞി അന്നെ ബിടൂല കോയാ ഞാന്‍ ഞ്ഞും ബരും ബടെ"

    ReplyDelete
  5. നല്ല അനുഭവം. കോട്ടെരുമ സാധാരണ വേനല്‍ക്കാലത്താണ് ഉണ്ടാവുക. എന്തുകൊണ്ടോ ഇക്കൊല്ലം ഇപ്പോഴും അതുണ്ട്.

    ReplyDelete
  6. ആ sinimaa കൊട്ടക ഇപ്പോഴും undo?
    ഇനി നോമ്പിന് naattil pokukayanenkil
    sinima kanaan povumpol എന്നെയും കുട്ടണം
    ആ anubhavam ഒന്ന് നേരില്‍ anubhavikkaanaa

    ReplyDelete
  7. എന്തൊരു ദൃഢമായ ഓർമ്മകളാണ്..!

    ReplyDelete
  8. മാമ ആളു കൊള്ളാം.. വിവരണം കൊള്ളാം.. ആ കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി.

    ReplyDelete
  9. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നു പറഞ്ഞപോലെയാണ് മാ‍മാടെ കാര്യം. ഓർമ്മക്കുറിപ്പ് നന്നായി.

    ReplyDelete
  10. "ഇതൊക്കെ ഇവിടെ എത്ര കണ്ടതാ..." മാമയാണ് താരം..

    ReplyDelete