Monday, January 31, 2011

ഷേര്‍ഖാന്‍ ഖാജ

കൊല്ലം രണ്ടായിരത്തിയഞ്ച്, സ്ഥലം ദുബായ്‌.

സിനിമാസ്വപ്‌നങ്ങള്‍ പൂട്ടിക്കെട്ടി പിന്നേം നാട്ടില്‍ നിന്നും മണല്‍ക്കാട്ടില്‍ വന്നുപെട്ടു ഞാന്‍. പത്ത്‌ ആളുകള്‍ തിങ്ങിഞെരുങ്ങി താമസിക്കുന്ന ഹോരല്‍ അന്സിലെ ഒരു വില്ലയിലെ മുറിയില്‍ മലയാളം ചാനലുകളും എഫ്.എം റേഡിയോ പരിപാടികളും ആസ്വദിച്ച് ഞാന്‍ കഴിഞ്ഞുപോരും കാലം. ഒരു സൈറ്റ്‌ ആപ്പീസിലെ സെക്രട്ടറിപണിയില്‍ പെട്ട് ജീവിതം വരള്‍ച്ച ബാധിച്ച് കൂടിക്കഴിഞ്ഞു പോന്നു.

ഹിറ്റ്‌ എഫ്.എം റേഡിയോയില്‍ കേട്ടുവന്ന ഒരു അവതാരകന്റെ ശബ്ദം എനിക്ക് എവിടെയോ കേട്ട നല്ല പരിചയം തോന്നി. അതില്‍ പറഞ്ഞ SMS നമ്പരിലേക്ക്‌ ഞാന്‍ ഒരു സന്ദേശം വിട്ടു. "ഇത് നീ തന്നെ ആണോ? ഇത് ഞാന്‍ ആണ്. തിരുവനന്തപുരത്തെ ഹോട്ട് ബ്രഡ് കഫേയില്‍ നാം എന്നും വായ്‌ നോക്കി ഓരോരോ കഥകള്‍ മിനഞ്ഞു കഴിഞ്ഞിരുന്നു. അവനാണോ നീ?"

റേഡിയോ പരിപാടിക്കിടയില്‍ ഒരു പരസ്യബ്രേക്ക്‌ വന്നപ്പോള്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. ഞാന്‍ ചെവിയില്‍ പിടിപ്പിച്ചു. റേഡിയോയില്‍ കേട്ട ശബ്ദത്തിന്റെ ഉടമയാണ്. "എടാ നീ ഇവിടെ?! നീയും നാട് വിട്ടോ? എങ്ങനെ എത്തി ഇവിടെ?" അവന്‍ എന്നോട് ചോദിച്ചു.

അവനാണ് ഇവന്‍. ഹിറ്റ്‌ എഫ്.എം റേഡിയോയിലെ മിഥുന്‍ അധികകാലം ആയിട്ടില്ലായിരുന്നു ദുബായില്‍ വന്നിട്ട്. അവനും ഒരുവിധം സീരിയലുകളിലും സിനിമകളിലും തിരക്ക്‌ ആയി വരുന്ന കാലത്താണ് അതൊക്കെ വിട്ടു ദുബായില്‍ ഓഫര്‍ കിട്ടി വന്നത്. അങ്ങനെ യാദൃശ്ചികമായി വീണ്ടും ഞങ്ങള്‍ ഒരേ സ്ഥലത്ത് വന്നുപെട്ടു.

ഇങ്ങനെ വിരസമായ പ്രവാസ ജീവിതം കഴിയവേ, ഒരുനാള്‍ ദിനപത്രത്തില്‍ ഒരു വാര്‍ത്ത എന്റെ സഹമുറിയന്‍ മുഹമ്മദാലിക്ക എനിക്ക് കാണിച്ചുതന്നു. എന്റെ സിനിമാവിശേഷങ്ങള്‍ മുറിയില്‍ പാട്ടായിരുന്നു. പോരാത്തതിന് റേഡിയോ അവതാരകന്റെ സുഹൃത്തും കൂടിയല്ലേ എന്നൊരു പരിഗണനയും കിട്ടി. പരസ്യം വേറൊന്നും അല്ല. "പ്രവാസ സീരിയലില്‍ നടീനടന്മാരെ എടുക്കുന്നു".

അതില്‍ കണ്ട നമ്പരില്‍ വിളിച്ചു. ഒരു അസീസ്‌ എടുത്തു. വരുന്ന വെള്ളിയാഴ്ച ജുമൈറയില്‍ നിര്‍മാതാവിന്‍ വീട്ടില്‍ സ്ക്രീന്‍ ടെസ്റ്റ് ഉണ്ടെന്നും വന്ന് ഭാഗ്യം പരീക്ഷിക്കാനും അയാള്‍ എന്നെ അറിയിച്ചു. ഞാന്‍ വിവരം മുറിയിലെ പത്ത്‌ പേരേയും അറിയിച്ചു. അവരൊക്കെ നിത്യജോലികള്‍ കഴിഞ്ഞുവന്ന് മുറിയിലെ ഈ അവതാരത്തിനെ സഹിച്ചു എല്ലാം കേട്ട് വാപൊളിച്ചു കിടന്നുറങ്ങി. കൂട്ടത്തില്‍ മറ്റൊരു കലാകാരനും ഉണ്ട്. അവനാണ് വില്ലയുടെ ഒരു പാതിമുതലാളി. പേര് അനീസ്‌, കണ്ണൂര്‍കാരനാണ്. ആള് സ്കൂളിലെ പണികഴിഞ്ഞാല്‍ തബല, മദ്ദളം, കീബോര്‍ഡ്‌ ഒക്കെ എടുത്ത് കരോക്കെ ഒക്കെ വെച്ച് സ്വയം പാടി ഗാനമേള മുറിയില്‍ ഒരുക്കും. ഇത് വ്യാഴാഴ്ച രാത്രി ആയാല്‍ ഏറെവൈകിയാണ് അവസാനിപ്പിക്കുക. പലപ്പോഴും ഇത് അസഹനീയമായിട്ട് അനീസിനോട് കലഹിക്കുന്നത് അവന്‍റെ അമ്മാവനായ മുഹമ്മദാലിക്ക തന്നെയാകും. എന്നാലും അവന്‍ നിരുതില്ല ഗാനമേള. കരോക്കെ സൌണ്ട് കൂടുതല്‍ ഉച്ചത്തില്‍ ആക്കും. തബല മദ്ദളം കൊട്ടല്‍ കൂട്ടും.

അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. ഞാന്‍ പുലര്‍ച്ചെ തന്നെ കുളിയും മറ്റും കഴിച്ച് റെഡിയായി സ്ക്രീന്‍ ടെസ്റ്റ് അഭിമുഖീകരിക്കാന്‍ പുറപ്പെട്ടു. മുറിയില്‍ അരണ്ടവെളിച്ചത്തില്‍ അനീസിന്റെ ബെഡ് ഒഴിഞ്ഞു കിടക്കുന്നത് എന്‍റെ കണ്ണില്‍ പെട്ടു. രാത്രിയിലെ തബല മദ്ദളം കൊട്ടും അമ്മാവന്‍റെ കലഹകൊട്ടും മതിയാവാഞ്ഞ് അവന്‍ ചിലപ്പോള്‍ ഗാനമേള ടെറസ്സിലേക്ക് മാറ്റിയിട്ടുണ്ടാവുമെന്നും ക്ഷീണം കൊണ്ട് അവിടെത്തന്നെ കിടന്നുറങ്ങിയിട്ടുണ്ടാവുമെന്നും ഞാന്‍ ഊഹിച്ചു. ദുബായ്‌ അത്ര പരിചയം ആയിട്ടില്ലാത്ത ഞാന്‍ ഒരുവിധം ബര്‍ദുബായ്‌ വഴി ജുമൈറ ബീച്ചില്‍ ബസ്സ്‌ ഇറങ്ങി. അവിടെ നിന്നും ചോദിച്ച് ചോദിച്ചു പോകാം എന്ന് കരുതി നോക്കുമ്പോള്‍ അധികം ആരെയും അവിടെ കണ്ടില്ല. ആകെയുള്ളത് കുറച്ചു മദാമ്മമാരും കിടാങ്ങളും മാത്രം കുറച്ചുമാത്രം വസ്ത്രം ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ പറ്റാത്ത കോലത്തില്‍ മണലില്‍ കിടക്കുന്നുണ്ട്. നേരം രാവിലെ ഏഴേകാല്‍ മണി ആയിട്ടുള്ളൂ. ഒന്‍പതു മണിക്കാണ് സീരിയല്‍ ടെസ്റ്റ്‌. ഇനി നേരം പോകാന്‍ വേറെ മാര്‍ഗം ഒന്നും വേണ്ട എന്ന് കരുതി ഞാന്‍ ബീച്ചിലെ ഒരു കലുങ്കില്‍ ഇരുന്നു സിഗരറ്റ്‌ പാക്കറ്റ്‌ എടുത്ത് ചുറ്റും നോക്കി സേഫ്‌ ആണെന്ന് ഉറപ്പിച്ച് ഒരു സിഗരറ്റ്‌ കത്തിച്ചു പുകവിട്ടു.

ശ്ശെഡാ. ഒരു മലയാളിയുടെ പൊടിപോലും കണ്ടുപിടിക്കാന്‍ ഇല്ലല്ലോ എന്ന് കരുതി നോക്കുമ്പോള്‍.. അതാ ഒരു മലയാളി ഒരു പോസ്റ്റില്‍ ചാരി മദാമ്മമാരുടെ കേളികള്‍ ആസ്വദിച് പുകവിട്ടുകൊണ്ട് നില്‍ക്കുന്നു! മലയാളി മലയാളിയെ ചൊവ്വാഗ്രഹത്തില്‍ വെച്ച് കണ്ടാല്‍ ഉള്ള അവസ്ഥയായി എനിക്ക്! ഞാന്‍ അങ്ങോട്ട്‌ സ്പീഡില്‍ നടന്നു. നല്ല പരിചിതമുഖമാണല്ലോ!

അയാളെ ഞാന്‍ ഒരു കൊട്ട് വെച്ച് കൊടുത്തു. "എടാ നീ ഇവിടെ എന്തെടുക്കുകയാ?"

അയാള്‍ എന്നെ അപരിചിതമായി നോക്കി നിന്നു. ഒരു അന്യനെപോലെ നിന്നു.

"ഡാ അനീസേ.. നീ എന്താടാ അന്തം വിട്ട പെരുച്ചാഴി മാതിരി നോക്കുന്നെ?"

അയാള്‍ എന്നെ തുറിച്ച് നോക്കി സിഗരറ്റ്‌ നിലത്ത് കാലുകൊണ്ട് ചതച്ചു. എന്‍റെ കൈ തട്ടിമാറ്റി. എന്നിട്ട് എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ പറഞ്ഞു. (അത് ഹിന്ദി ആയിരുന്നു)

"തു കോന്‍ ഹേ?"

ഇപ്പോള്‍ ഞാനാണ് അന്തം വിട്ട പന്തം കണ്ട പെരുച്ചാഴി ആയത് !

"തു ക്യാ ബാത് കരെ? കോന്‍ ഹെ തു??" അയാള്‍ എന്നോട് ചൂടായി. ഞാനും കൈയ്യിലെ സിഗരറ്റ്‌ നിലത്തിട്ടു. ചതച്ചില്ല. അത് നിലത്ത് കിടന്നു പുകഞ്ഞു. എന്‍റെ തലയും പുകഞ്ഞു. അപ്പോള്‍ ഇത് അനീസ്‌ അല്ലെ?

"ആപ് അനീസ്‌ ഹെ? ഹോ? നഹി ? ഹേ?" എനിക്ക് അറിയാവുന്ന ഭാഷയില്‍ ഞാന്‍ ചോദിച്ചു.

അയാള്‍ തീക്ഷ്ണമായി എന്നെ നോക്കി. ഞാന്‍ ചുറ്റിലും നോക്കി. ആരും ഇല്ല ഒന്ന് സഹായിക്കാന്‍. എന്നാല്‍ വരുന്നത് വരട്ടെ.

"കോന്‍ ഹെ അനീസ്‌? മേം ഷേര്‍ഖാന്‍ ഖാജ ഹൂം."

"അപ്പോള്‍ ആപ് അനീസ്‌ നഹി ഹെ. സോറി, ക്ഷമിക്ക് ഹെ."

ഒരാളെപോലെ ഏഴു ആളുകളെ പടച്ച് വിടും പടച്ചവന്‍ എന്ന് കേട്ടിട്ടുണ്ട്. അത് ഇതാണോ? അതേ കോലം. ആ വിരലുകളില്‍ തബല കൊട്ടിയ തഴമ്പ് ഉണ്ടോന്ന് ഞാന്‍ നോക്കി. ഉണ്ട്. എന്‍റെ പടച്ചോനേ! എന്‍റെ തലയ്ക്കുള്ളില്‍ ഞാന്‍ അനീസിനെ ഒന്ന് സ്കാന്‍ ചെയ്തു നോക്കി. മുന്നില്‍ ഉള്ള ഷേര്‍ഖാന്‍ ഖാജ അനീസും ഇരട്ട പെറ്റതാവുമോ? അനീസ്‌ വെക്കും പോലെ മൊബൈല്‍ഫോണ്‍ ഷര്‍ട്ടിന്‍റെ കീശയില്‍ തള്ളിവെച്ചിട്ടും ഉണ്ട്.

"ആപ് കാ ചെഹരാ ഐസാ ഏക്‌ ചെഹരാ മേരാ റൂം മേഹെ ഏക്‌ അനീസ്‌" (ഇങ്ങളെ മോന്ത പോലെത്തെ ഒരു മോന്ത ഞമ്മളെ മുറിയില് അനീസിനുണ്ട് എന്ന് അറിയാവുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു.)

"ക്യാ ക്യാ.. തൂ പാഗല്‍ ഹെ?" ഷേര്‍ഖാന്‍ ഖാജ എനിക്ക് വട്ടാണ് എന്ന് ഉറപ്പിച്ചു.

എന്‍റെ തലയ്ക്കുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി ശൂം എന്ന് കെട്ടുപോയി. ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

"ഷേര്‍ഖാന്‍ ഭായീ. ഏക്‌ മിനിറ്റ്. മേരാ മൊബൈല്‍ മേ അനീസ്‌ ഹെ. ആപ് കാ മൊബൈല്‍ മേ നഹി."

"ഭായ്‌. പാഗല്‍ ഭീമാര്‍ ഹെ. ആപ് ജാഓ ചല്‍ ചല്‍ .."

ഷേര്‍ഖാന്‍ ഇപ്പോള്‍ ചിരിക്കാന്‍ തുടങ്ങി. ഞാന്‍ മൊബൈലില്‍ അനീസിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവന്‍റെ അപരനെ കണ്ട വിശേഷം ഇപ്പോള്‍ തന്നെ അറിയിക്കനമല്ലോ..

മൊബൈല്‍ റിംഗ് ആകുന്നുണ്ട്. അതേ സമയം ഷേര്‍ഖാന്‍ ഖാജയുടെ കീശയിലും മൊബൈല്‍ റിംഗ് ആകുന്നു. അത്ഭുതം! യാ പടച്ചോനേ!

കുറേ റിംഗ് ആയി കട്ട് ആയി. ഷേര്‍ഖാന്റെ കീശയിലും റിംഗ് കട്ടായി. ഞാന്‍ പിന്നെയും അടിച്ചു. ആ കീശയിലും റിംഗ് അടിക്കുന്നു. ഇതോ മായ മന്ത്രം!

ഷേര്‍ഖാന്‍ ഖാജ പൊട്ടിച്ചിരിച്ചു. എന്നെ തോളില്‍ തട്ടി. ഞാന്‍ പേടിച്ചു. അയാള്‍ ശുദ്ധമലയാളത്തില്‍ മൊഴിഞ്ഞു.

"എടാ കുതിരേ.. ഇത് ഞാന്‍ തന്നെയാടാ. അന്നെ ഒന്നാക്കാന്‍ കളിച്ചതാ. ഹിഹി."

"എടാ മൈ...ആ.. ഞാന്‍ അവനെ സ്നേഹത്തോടെ ഒരടി കൊടുത്തു. "നീ ഇവിടെ?"

"ഞാനും സീരിയല്‍ ടെസ്റ്റിനു വന്നതാണ്. അതൊരു സര്‍പ്രൈസ്‌ ആയ്ക്കോട്ടെ എന്ന് കരുതി.

അങ്ങനെ ആ നാടകം അവിടെ പൊളിഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് സീരിയല്‍ നിര്‍മാതാവിന്‍ വീട് കണ്ടുപിടിച്ച് അവിടെയെത്തി. അവിടെ ഒരു കല്യാണത്തിനുള്ള ആളുകള്‍ ഉണ്ടായിരുന്നു. ആണുങ്ങളും അതുപോലെ പെണ്ണുങ്ങളും കുട്ട്യോളും ഒക്കെയുണ്ട്. ക്യാമറാമാനും തൊപ്പിയിട്ട സംവിധായകനും വിലകൂടിയ സ്പ്രേ പൂശിയ നിര്‍മാതാവും ഓരോന്ന് നോക്കി ഓടിനടക്കുന്നുണ്ട്. അവരെ പോയി പരിചയപ്പെട്ടു. നേരത്തെ വിളിച്ച അസീസിനെ കണ്ടു. പേര് കൊടുത്തു.

ഒരു ഹാളില്‍ ക്യാമറ ഓണ്‍ ചെയ്തുകൊണ്ട് ഓരോരുത്തരെ സ്ക്രീന്‍ടെസ്റ്റ്‌ ചെയ്തു വിടുകയാണ് അവര്‍. കാര്യം കുറേ സീരിയലുകളില്‍ ചെറിയ നല്ല റോളുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും നെഞ്ച് മിടിപ്പ്‌ കൂടിവന്നു. ആദ്യം അനീസിനെ അവര്‍ വിളിച്ചു. ഞാന്‍ ഹാളില്‍ പാളിനോക്കി.

അനീസിനോട് അവര്‍ ഒരു സിറ്റുവേഷന്‍ കൊടുത്ത് അഭിനയിക്കാന്‍ പറഞ്ഞു. ഒരു ആട്ടോയില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ ഒരു പഴത്തൊലിയില്‍ ചവിട്ടിവീഴുന്ന രംഗം ആയിരുന്നു അവന് കിട്ടിയത്. അവന്‍ എത്ര ഓടിവന്ന് വീണിട്ടും അവര്‍ ക്യാമറ ഓണാക്കി അനനോട് പിന്നേം ഓടി ചാടി വീഴാന്‍ പറഞ്ഞു. എനിക്ക് പണ്ട് കോളേജ്‌ റാംഗിംഗ് ആണ് ഓര്‍മ്മയില്‍ വന്നത്. ഞാന്‍ ഉള്ളില്‍ ചിരിച്ചു. അനീസിന് അത് കിട്ടണം. എന്നെ രാവിലെ ഒരുമാതിരി പട്ടാണി ആക്കിയതല്ലേ.

അറിയിക്കാം എന്ന് പറഞ്ഞു അവനെ അവര്‍ വിട്ടു. പിന്നെ എന്‍റെ ഊഴം ആയി. എനിക്ക് തന്ന സിറ്റുവേഷന്‍ ഇതായിരുന്നു. ഭ്രാന്ത്‌ ഇല്ലാത്ത ഒരു പണക്കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു മെന്‍റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുവരുന്നു. അവിടെ തനിക്ക്‌ ഭ്രാന്ത്‌ ഇല്ലാ എന്ന് അറിയിക്കാന്‍ കാണിക്കുന്ന പെടാപാട്.

ഞാന്‍ അത് ഒരുവിധം അവതരിപ്പിച്ചു. അവര്‍ ചിരിച്ചു. അനീസ്‌ ഒളിഞ്ഞു നോക്കി ഒരു നിമിഷം ഷേര്‍ഖാന്‍ ആയി നിന്നു.

ഞങ്ങള്‍ ഒരുമിച്ച് അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ച് തിരികെ പോന്നു. അവന്‍ എന്നോട് കെഞ്ചി. ആരോടും പറയരുതേ. വിധി അങ്ങനെ ആയിരുന്നു. അവന് ഔട്ട്, ഞാന്‍ ഇന്‍ !

അങ്ങനെ ആ സീരിയലില്‍ മുഴുനീള കോമഡി കഥാപാത്രമായ സുലൈമാന്‍ ആയി ഞാന്‍ അഭിനയിക്കുകയും സഹസംവിധായകനും ആയിരുന്നു. "മണല്‍ക്കാറ്റ്" കൈരളി ചാനലില്‍ പത്ത്‌ എപ്പിസോഡുകള്‍ ആയി സംപ്രേക്ഷണം ചെയ്തു ഹിറ്റ്‌ ആയി.

7 comments:

  1. "ആപ് കാ ചെഹരാ ഐസാ ഏക്‌ ചെഹരാ മേരാ റൂം മേഹെ ഏക്‌ അനീസ്‌" (ഇങ്ങളെ മോന്ത പോലെത്തെ ഒരു മോന്ത ഞമ്മളെ മുറിയില് അനീസിനുണ്ട് എന്ന് അറിയാവുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു.)

    "ക്യാ ക്യാ.. തൂ പാഗല്‍ ഹെ?" ഷേര്‍ഖാന്‍ ഖാജ എനിക്ക് വട്ടാണ് എന്ന് ഉറപ്പിച്ചു.

    ReplyDelete
  2. നല്ല ഹിന്ദി. ഇതെവിടുന്നു പഠിച്ചൂ ഹേ...?
    ഇന്നാളൊരൂസം നാട്ടിലെ ഒരു സീരിയല്‍ വിശേഷം ഞാന്‍ വായിച്ചിരുന്നു. വക്കീലാപ്പീസില്‍....ഡയലോഗ് പറയുന്നത്...
    എല്ലാ ആശംസകളും.ആര്‍ക്കറിയാം ഏറനാട്ടിലേക്ക് പത്മശ്രീ വരുന്ന വഴി ഏതാണെന്ന്...?ഹുദാ ഹാഫിസ്.

    ReplyDelete
  3. കൂട്ടുകാരനായ ഷേർഖാൻഖാജയിൽ നിന്നും ഇപ്പോൾ ഹിന്ദിപടിച്ചു കാണുമല്ലോ..

    ReplyDelete
  4. ഫെബ്രു 5-നു നാല് വര്ഷം പൂര്‍ത്തിയാക്കി അഞ്ചാം വയസ്സിലേക്ക്‌ കടക്കുന്ന "ഒരു സിനിമാ ഡയറിക്കുറിപ്പ്" ബ്ലോഗ്‌ വിജ്യകരമാക്കുവാന്‍ സഹായിച്ച എല്ലാ വായനക്കാര്‍ക്കും എന്റെ നന്ദി, നമസ്കാരം.

    ഈ വേളയില്‍ ഇത് തുടങ്ങുവാന്‍ എന്നെ പ്രോത്സാഹിപ്പിച്ച പ്രിയ സ്നേഹിതന്‍ വിശാലമനസ്കന് പ്രത്യേകം നന്ദി നേരുന്നു.

    ReplyDelete
  5. ഓരോരോ അനുഭവങ്ങള്‍! ഓര്‍ത്തുചിരിക്കാനും ചിരിപ്പിക്കുവാനും.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അനുഭവം ...അല്ല അഭിനയം ..രണ്ടും തുടരട്ടെ
    ആശംസകള്‍ .....!!!

    ReplyDelete