Wednesday, August 18, 2010

മലയാള സിനിമ അവസ്ഥ

ഗള്‍ഫ്‌ ജീവിതാവിഷ്ക്കാരം ബ്ലോഗിലൂടെ

shihabuddeen-poythumkadavu-book-release-epathram
അബുദാബി : ലോക തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യ രൂപമാണ് ബ്ലോഗ്‌. ഗള്‍ഫ്‌ ജീവിതം ഇന്ന് ഏറ്റവും കൂടുതല്‍ ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ബ്ലോഗി ലൂടെയാണ്. മലയാള സാഹിത്യ ചരിത്രത്തെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ഗ്രന്ഥത്തില്‍ ബ്ലോഗ്‌ സാഹിത്യ ത്തെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉള്‍പ്പെടുത്തുന്നുണ്ട് എന്നും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. അസീസ്‌ തരുവണ പറഞ്ഞു. ഇറാഖ്‌ യുദ്ധ കാലത്ത്‌ പ്രമുഖ പത്ര പ്രവര്‍ത്തകനായ സലാം ബക്സ് ബ്ലോഗി ലൂടെയും ലബനോന്‍ യുദ്ധ കാലത്ത് മറ്റൊരു ബ്ലോഗറായ ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പു കളിലൂടെയും ആയിരുന്നു വാര്‍ത്തകള്‍ സത്യസന്ധ മായി ലഭിച്ചു കൊണ്ടിരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
Salih Kallada - Cinema Book
ഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട യുടെ സിനിമ യുമായി ബന്ധപ്പെട്ട അനുഭവ ക്കുറിപ്പുകളായ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, പുസ്തക മാക്കിയത്‌ അബുദാബിയില്‍ പ്രകാശനം ചെയ്യുന്ന വേളയിലാണ് ഡോ. അസീസ്‌ പ്രവാസ സാഹിത്യത്തില്‍ ബ്ലോഗിന്റെ പ്രസക്തിയെ പറ്റി നിരീക്ഷണം നടത്തിയത്.
കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, ഡോ. അസീസ്‌ തരുവണയ്ക്ക് കഥാകൃത്ത്‌ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സിനിമ യുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങള്‍ പങ്കു വെച്ച ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കലകളില്‍ ഇത്രയേറെ മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി ഇല്ല എന്നും, ഇപ്പോഴും ചാതുര്‍ വര്‍ണ്യം നില നില്‍ക്കുന്ന സിനിമ യുടെ പിന്നാമ്പുറ കഥകളെ പറ്റിയും സൂചിപ്പിച്ചു. ഭക്ഷണം പോലും നാല് തരത്തില്‍ പാചകം ചെയ്യപ്പെടുന്ന സിനിമ യുടെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പോളിഷ് ചെയ്താണ് നമ്മുടെ മുന്നില്‍ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പത്ര പ്രവര്‍ത്തകന്‍ സഫറുള്ള പാലപ്പെട്ടി പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്‌ സ്വാഗതവും ജോ. സെക്രട്ടറി എ. എല്‍. സിയാദ്‌ നന്ദിയും പറഞ്ഞു.

ഇവിടെ:  ഇ-പത്രം വാര്‍ത്ത.




(ഏറനാടന്‍)

Pls visit:-
http://eranadanpeople.blogspot.com
http://mycinemadiary.blogspot.com
http://eranadansounds.blogspot.com
http://retinopothi.blogspot.com

Friday, July 30, 2010

ലൈറ്റ്‌, ക്യാമറ, ആക്ഷന്‍! (ഇനി നാല് കി.മീ ബാക്കി)

ധൃതിയില്‍ ആക്ടീവബൈക്ക്‌ ശരം വിട്ടപോലെ ഓടിച്ച് ഒരു വളവു തിരിച്ച് ചെന്നത് മുരണ്ട് കൊണ്ടിരിക്കുന്ന ജനറേറ്റര്‍ വാനും ഏതാനും കാറുകളും ആളുകളും ഉള്ള ഒരിടത്താണ്. എന്നെ കണ്ടതും കക്ഷത്തില്‍ സ്ഥിരം ഡയറിയുമായി തടിയന്‍ സലിം അണ്ണന്‍ വയറും കുലുക്കി എവിടെ നിന്നോ ചാടിവന്ന്‍, അങ്കലാപ്പില്‍ ബൈക്ക്‌ പിടിച്ചു നിറുത്തി. ഞാന്‍ അപ്പഴേക്കും അത് സഡന്‍ബ്രെക്കിട്ടിരുന്നു. അല്പം പൊടിപടലം പൊങ്ങിയതും ബ്രെക്കിടുന്ന ശബ്ദവും കേട്ട് ആളുകള്‍ ഇതാരെടാ താരം എന്നറിയാന്‍ നോക്കുന്നുണ്ട്.

"ഡേയ് ഗള്‍ഫുകാരനായ തന്റെ കൈയ്യില്‍ മൊബൈല്‍ഫോണ്‍ ഇല്ലേ? എന്തെടോ നേരം വൈക്യേത്? വേഗം വാ. തന്നെ പറ്റുമോ എന്ന്‍ സംവിധായകന്‍ കണ്ടറിയണം."

ഒരു ടെറസ്സ് വീട് ആയിരുന്നു അത്. തല്‍ക്കാലം അതൊരു 'കുടുംബകോടതി' ബോര്‍ഡും തൂക്കിയിട്ട് അങ്ങനെ ആക്കിമാറ്റിയിരിക്കുന്നു. മുന്‍ഭാഗത്ത്‌ ഏതാനും ഡ്യൂപ്പ് വക്കീല്‍ വേഷക്കാര്‍ ഊഴം കാത്ത്‌ വെയിലത്ത്‌ വെടിവട്ടം പറഞ്ഞു നില്പുണ്ട്. വീടിനകത്ത്‌ എത്തിയപ്പോള്‍ ഒരു മുറിയില്‍ പലവിധ വസ്ത്രങ്ങളും ഇസ്തിരി ഇട്ടു റെഡിയാക്കുന്നുണ്ട് കൊസ്ട്യൂമര്‍. മറ്റൊരിടത്ത് ഒരുത്തന്‍ എന്തൊക്കെയോ അടുക്കിവേക്കുന്നു, നെയിം ബോര്‍ഡ്‌ ഒട്ടിക്കുന്നു. അവന്‍ തന്നെ കലാസംവിധായകന്‍. ഒരു അണ്ണാച്ചിചെക്കന്‍ ഒരു പാത്രത്തില്‍ ബിസ്കറ്റുമായി വിതരണം ചെയ്തുനടന്ന് അവന്റെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. വേറെ ഒരു കൂട്ടര്‍ മുറിയാകെ പല സ്റ്റാന്റുകളില്‍ വിവിധ ലൈറ്റുകള്‍ വെച്ച് അത് ഓണ്‍ ഓഫ് ചെയ്തു ഓടിനടക്കുന്നു. വേറൊരു ടീം സ്ക്രിപ്റ്റ്‌ കെട്ടുകള്‍ മറിച്ചുനോക്കി ഒരു മുറിയിലേക്ക്‌ പോകുന്നു. ഭാവിസംവിധായകര്‍ തന്നെ! അവര്‍ പോയവഴിയേ ഞാന്‍ അവിടേക്ക് പാളി നോക്കിയപ്പോള്‍ ആഹ്ലാദം അലയടിച്ചു. പ്രസിദ്ധ സീരിയല്‍ നടന്‍സ് ജയകൃഷ്ണ(ഒരു നാള്‍ വരും എന്ന സിനിമയില്‍ വക്കീല്‍ ആയ ആറടിക്കാരന്‍ സുന്ദരന്‍) ടോണി എന്നിവര്‍ സംസാരിച്ച് ഇരിക്കുന്നു. എന്നെ കണ്ട അവര്‍ ഇതാരാ താരം എന്നറിയാതെ വര്‍ത്തമാനം തുടര്‍ന്നു. എവിടെ സംവിധായകന്‍ എന്ന് ചോദിക്കുന്നതിനും മുന്‍പേ..

സലിം അണ്ണന്‍ എന്റെ കൈ പിടിച്ചുവലിച്ച് ഒരു ഊശാന്‍താടിക്കാരന്റെ മുന്നില്‍ കൊണ്ടുനിറുത്തി. വില്‍സ് സിഗരറ്റ് പുകച്ച് എടുക്കാന്‍ പോകുന്ന സീന്‍ കണ്ണടയിലൂടെ നോക്കി ചുവന്ന മഷിയാല്‍ അടയാളപ്പെടുത്തി താടിയിലെ രോമത്തിന്റെ വളവു നിവര്‍ത്താന്‍ പാടുപെട്ട് ഇരിക്കുകയാണയാള്‍.. ആ മുറിയില്‍ ക്യാമറ വെച്ച് ലൈറ്റ്‌ബോയ്സിന് നിര്‍ദേശങ്ങള്‍ നല്‍കി ക്യാമറമാന്‍ സമീപമുണ്ട്. സലിംഭായ്‌ മുരടനക്കിയപ്പോള്‍ താടിരോമവളവ് അവിടെത്തന്നെയിട്ട് ഊശാന്‍താടിക്കാരന്‍ സ്ലോമോഷനില്‍ ഞങ്ങളെ നോക്കി. അയാളുടെ കാന്തകണ്ണുകള്‍ കണ്ണടഫ്രെയിമിന് മുകളിലൂടെ എന്നെ അടിമുടി അളന്നു. ഞാന്‍ ഇനി ഒട്ടും കുറയേണ്ടല്ലോ എന്ന് കരുതി നേരെ അയാളുടെ മെലിഞ്ഞ കാലുകളില്‍ വീണു സാഷ്ടാംഗം നമസ്കരിച്ചു. "സാര്‍ അനുഗ്രഹിക്കണം. ഇതെന്റെ ഹരിശ്രീ കുറിക്കലാണ്" എന്നാണ് പറഞ്ഞതെങ്കിലും മനസ്സില്‍ ഉണ്ടായിരുന്നത് "സാര്‍ എന്നെ താരം ആക്കണം. മടക്കി അയക്കരുതേ" എന്നായിരുന്നു. ആ കാലുകളിലെ വെള്ളം കണ്ടിട്ടൊരുപാട് നാളുകളായ സോക്സിന്‍ നാറ്റം സഹിച്ചു കണ്ണും പൂട്ടി വെട്ടിയിട്ട പനപോലെ കിടന്ന എന്റെ ചുമലില്‍ ഒരു കരസ്പര്‍ശം.അനുഗ്രഹിച്ച് സന്തോഷിക്കുന്ന സംവിധായകനെ വിചാരിച്ച് നോക്കുമ്പോള്‍ എന്നെ പിടിച്ച് എഴുന്നേല്‍പിച്ചത് അയാളല്ല, സലിംഅണ്ണന്‍ ആയിരുന്നു. ഊശാന്‍താടി ഡയറക്ടര്‍ എന്നെ കണ്ടില്ല എന്ന ഭാവേന സീരിയസ് ലുക്കോടെ ഇരുന്നു തല കുലുക്കി. സലിംഅണ്ണന്‍ ആശ്വാസത്തോടെ നിന്നു.

ഞാന്‍ കൈകൂപ്പി നിന്നു. അയാള്‍ അസിസ്റ്റന്റിനെ വിളിച്ച് എന്നെ കൂടെവിട്ടു. ആ പയ്യന്‍ എന്റെ പേരും ഫോണ്‍ നമ്പരും ചോദിച്ചപ്പോള്‍ സലിംഅണ്ണന്‍ ഇടപെട്ട് അതൊക്കെ എന്റെ കൈയ്യില്‍ ഉണ്ടെന്നു പറഞ്ഞത്‌ അന്നേരം പിടികിട്ടിയില്ല. (അയാളുടെ കഞ്ഞിയില്‍ ഞാന്‍ പാറ്റ ഇട്ടാലോ എന്ന പേടിയാണ് അത്). അസി.സംവിധായകപയ്യന്‍ എന്നെ മറ്റൊരു മുറിയില്‍ ചമയക്കാരന്റെ മുന്നില്‍ കൊണ്ടുചെന്നു. അവിടെ നടന്‍ ജയകൃഷ്ണയെ മേക്കപ്പ്‌ ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ഊഴം കാത്ത്‌ ടോണി, പിന്നെ ഞാനും. അങ്ങിനെ ഞാനും താരം ആവാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.

ഒളികണ്ണിട്ട് എന്നെ നോക്കിയ അവരോട് ഞാന്‍ ചിരിച്ചു. അവര്‍ അണിഞ്ഞൊരുങ്ങി പോയപ്പോള്‍ എന്നെ മേക്കപ്പ്‌ ഇടാന്‍ തുടങ്ങി. ഞാന്‍ പടച്ചതമ്പുരാനെ സ്തുതിച്ച് കണ്ണടച്ച് ഇരുന്നു. മുഖത്ത് പലതും വാരിപ്പിടിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. തണുപ്പും നേരിയ ചൂടും അനുഭവപ്പെട്ടു. ചമയക്കാരന്‍ ചെക്കന്റെ മൃദുവായ വിരലുകള്‍ എന്റെ മൂക്കിന്‍പാലത്തിലും നെറ്റിയിലും പാഞ്ഞുനടന്നു. കണ്ണ്തുറന്നു നോക്കിയപ്പോള്‍ എന്റെ മുഖം മിനുങ്ങിയിരിക്കുന്നു. മേയ്ക്കപ്പിനോക്കെ ഒരു പരിധിയില്ലേ. സലിംഅണ്ണന്‍ അതിനിടയില്‍ ബൈക്ക്‌ കീ മേടിച്ച് അതുമായി വേറെ ഏതോ ലൊക്കേഷനില്‍ പോയിരുന്നു. എന്റെ ഷൂട്ടിംഗ് കഴിയുമ്പോള്‍ വരും.

മേക്കപ്പിട്ട എന്നെക്കണ്ട് പ്രൊ.ബോയ്‌ 'കുടിക്കാന്‍ ചായയോ കാപ്പിയോ സാര്‍' എന്ന് ചോദിച്ചതും പ്രൊ.മാനേജര്‍ അവനെ കണ്ണുരുട്ടി വിട്ടു. 'ഡേയ്, ചെലവ് കൂട്ടല്ലേ, ഇവനൊന്നും താരമേ അല്ല' എന്നായിരുന്നോ അതിനര്‍ത്ഥം? ഞാന്‍ ചുമ്മാ അവിടെത്തെ ഒരുക്കങ്ങള്‍ നോക്കി ഒരു മൂലയില്‍ കുറ്റിയടിച്ചുനിന്നു. അസി.ഡയരക്ടര്‍ എന്നെ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ വക്കീല്‍ ഓഫീസ്‌ മുറിയായി സജ്ജീകരിച്ച സെറ്റില്‍ ലൈറ്റും ക്യാമറയും ഒക്കെ റെഡിയാക്കി ഊശാന്‍താടി ഡയറക്ടര്‍ ഒരു കസേരയില്‍ ഇരുന്ന്‍ വില്‍സ് സിഗരറ്റ്‌ പുകച്ച് സ്ക്രിപ്റ്റില്‍ അവസാന മിനുക്കുപണി ചെയ്യുന്നു. വക്കീല്‍ ആയി വേഷമിട്ട നടന്‍ ജയകൃഷ്ണ സീന്‍ വായിച്ച് ഇരിക്കുന്നു. എന്റെ റോള്‍ എന്താണോ എന്തോ എന്നറിയാതെ ചെന്നപ്പോള്‍ എന്റെ മനം കുളിരണിഞ്ഞു. ഇതുവരെ ഒരു സ്ക്രീനിലും കാണാത്ത പേരറിയാത്ത ഒരു നടി അണിഞ്ഞൊരുങ്ങി അവിടെ നില്‍പുണ്ട്. ഇതുവരെ നടി എവിടെ ആയിരുന്നു. മാനത്ത്‌ നിന്നും പൊട്ടിവീണ താരകം പോലെ തിളങ്ങിക്കൊണ്ട് നീലസാരിയും മാച്ച് ചെയ്യുന്ന ബ്ലൌസും വളയും മാലയും ഒക്കെയായി ഒരു തടിച്ചി നടി. എന്നെപ്പോലെ താരം ആകാനുള്ള ആരംഭഘട്ടത്തിലാണെന്ന് പിന്നീട് മനസ്സിലായി.

ഡയറക്ടര്‍ എന്നോടും സ്ത്രീയോടും വക്കീലായ ജയകൃഷ്ണയുടെ മേശയ്ക്ക് മുന്നിലെ രണ്ടു കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞു. അതിനു മുന്‍പ്‌ ഞാന്‍ ചെന്ന് ക്യാമറയെ തൊഴുതു. ക്യാമറാമാന് കൈകൊടുത്തു. (ഇതൊക്കെ കണ്ണില്‍പൊടിയിടല്‍ ആണ്. പിടിച്ചുനില്‍ക്കെണ്ടേ). അസി.സംവിധായകര്‍ സീന്‍ വിശദീകരിച്ചു. ഡയലോഗ് വായിച്ചു. പറയിപ്പിച്ചു. തെറ്റിക്കുമോ എന്ന് ചോദിച്ച് തുടക്കക്കാരന്റെ ഭയം കൂട്ടാന്‍ ആവുന്നതും ശ്രമിച്ചു. ഡയലോഗ് പ്രോമ്റ്റ്‌ ഉണ്ടാകും. എന്നാലും കൂടുതല്‍ ടേക്ക് പോകാന്‍ നേരമില്ല. ആ നേരത്ത്‌ എന്റെ മോഹങ്ങള്‍ കിനാക്കള്‍ പൂവണിയുന്നത് വിരിയുന്നത് ഞാനറിഞ്ഞു. അപ്പോള്‍ സംഗതി ഇതാണ്. വക്കീല്‍ ആപ്പീസില്‍ വന്ന ഭര്‍ത്താവും ഭാര്യയും. കള്ളുകുടിയനായ ഭര്‍ത്താവിന്റെ ശല്യം സഹിക്കാഞ്ഞ് വിവാഹമോചനത്തിന് വന്നതാണ് ഭാര്യ. കുറ്റം പറയുന്ന ഭാര്യക്ക്‌ ഭര്‍ത്താവില്‍ നിന്നും മോചനം വേണം. വക്കീല്‍ അവരെ ഉപദേശിച്ചു ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് സീന്‍.

ആദ്യം ക്യാമറ ഞങ്ങള്‍ക്ക്‌ പിറകില്‍ വെച്ച് വക്കീലായ നടന്‍ ജയകൃഷ്ണയുടെ ക്ലോസപ്പ്‌ എടുത്തു. ആ ആങ്കിളിലുള്ള അവസാനത്തേതും ആദ്യത്തേതുമായ ഡയലോഗുകള്‍ അടുക്കും ചിട്ടയും ഇല്ലാതെ ഷൂട്ട്‌ ചെയ്തു. പിന്നെ ലൈറ്റ്‌ പൊസിഷന്‍ മാറ്റി. ക്യാമറ പൊക്കി വേറെ സ്ഥലത്ത് വെച്ചു. ആ നേരം ജയകൃഷ്ണ എഴുന്നേറ്റ്‌ വിശ്രമിക്കാന്‍ പോയി. പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ലൈറ്റ്‌ ക്യാമറ റെഡി. അസി.ഡയറക്ടര്‍സ് വന്നു ഷോട്ട് പറഞ്ഞു. ഡയലോഗ് ഒന്നൂടെ പറയിപ്പിച്ച് എന്റെയും ഭാര്യയായി നടിക്കുന്ന തടിച്ചിയുടെയും പ്രഷര്‍ കൂട്ടിച്ചു. ഡയരക്ടര്‍ ആക്ഷന്‍ പറഞ്ഞു മോണിറ്ററിനു മുന്നില്‍ കുത്തിയിരുന്നു. ക്യാമറയുടെ ബട്ടന്‍ ഓണ്‍. ഞാനിതാ അഭ്രപാളിയില്‍ ആവാഹിക്കപ്പെടുന്നു. എന്റെ ചങ്ക് പടപടാന്നായി.

"സാര്‍, ഇവള്‍ വെറുതെ ഓരോന്ന് പറയുന്നതാ. എന്തിനും ഏതിനും കുറ്റമേ ഇവള്‍ കാണൂ."

"കട്ട്!"

ക്യാമറ ഓഫ് ആയി. ഡയരക്ടര്‍ മോണിറ്ററില്‍ നിന്നും കണ്ണെടുത്ത് ക്യാമറാമാനെ നോക്കി, പിന്നെ എന്നോട്: "തന്നോട് എവിടെ ലുക്ക് കൊടുക്കാനാ പറഞ്ഞത്‌? ഇനി തെറ്റിക്കരുത്."

"ശെരി സാര്‍."

ഞാന്‍ ചമ്മിപ്പോയി. ശെരിയാണ്. വക്കീല്‍ ആയി ഇരിക്കുന്ന നടന്‍ അവിടെ ഇപ്പോള്‍ ഇല്ല. പക്ഷെ അവിടെ അയാള്‍ ഉണ്ടെന്ന് വിചാരിച്ച് ക്യാമറമാന്‍ തന്ന ലുക്കില്‍ നോക്കി ഡയലോഗ് കാച്ചണം. ലൈറ്റ്‌ ക്യാമറാ.. ആക്ഷന്‍! ക്യാമറ ഓണ്‍. ക്യാമറമാന്‍ ഒരു കൈ പൊക്കി കാണിക്കുന്നതില്‍ തന്നെ നോക്കി ഞാന്‍ ആ ഡയലോഗ് പിന്നെയും ഭാവം വരുത്തി പറഞ്ഞു. ടേക്ക് ഒക്കെ!!

അസി.പയ്യന്‍ വിളിച്ചുകൂവി. "സീന്‍ ത്രീ ഷോട്ട് ഫോര്‍ ടേക്ക് ടൂ ഒക്കെയ്‌"

അവിടെയുള്ള ലൈറ്റിന്‍ചൂടില്‍ ഞാന്‍ വിയര്‍ക്കുന്നുണ്ട്. ചങ്കിടിപ്പ് അതിലധികം. പ്രൊ.ബോയ്‌ വെള്ളം കൊണ്ടുതന്നു. അത് കുടുകുടാ കുടിച്ചപ്പോള്‍ തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും അരിച്ചു പെറുക്കിയ ഇന്നസെന്റ് ചെയ്ത സീന്‍ ഓര്‍ത്തുപോയി. പിന്നെ ക്യാമറ ആംഗിള്‍ മാറ്റി ഭാര്യയായ നടിയുടെ മുഖത്ത്‌ ഫ്രെയിം വെച്ചു. അവളുടെ റിയാക്ഷന്‍ ഷോട്ട് ആയിരുന്നു. (റിയാക്ഷന്‍ എന്നാല്‍ ഞാന്‍ പറഞ്ഞ ഡയലോഗ് പറ്റാത്ത അവളുടെ ചിറി കോട്ടിയ മോന്ത). അതും മൂന്ന്‍ ടേക്ക് വേണ്ടിവന്നു. പിന്നെ അവള്‍ വക്കീലിനോട് ഭര്‍ത്താവായ എന്നെപ്പറ്റി കുറ്റം പറയുന്ന ഡയലോഗ്സ്.

"ഞാന്‍ ചുമ്മാതല്ല സാറേ പറയുന്നത്, ഇതിയാന്‍ എന്നും മോന്തിക്ക് കള്ളുംകുടിച്ച് വന്ന് എന്നെ ദ്രോഹിക്കും. എനിക്കിനി സഹിക്കാന്‍ വയ്യ. മടുത്തു." ഇതൊരു അഞ്ച് വട്ടം എടുത്തു ഓക്കെ ആക്കി. ഊശാന്‍താടിയിലെ രോമം പിഴുതെറിഞ്ഞ് എരിപിരി കൊള്ളുന്ന സംവിധായകന്‍ നടിയുടെ പുഞ്ചിരിയിലും നോട്ടത്തിലും ഒന്നും പറയാതെ ഇരുന്നു. പിന്നെയും ക്യാമറ എന്റെ മോന്തയില്‍ ഫോക്കസ്സായി. എന്റെ റിയാക്ഷന്‍ ആണ് എടുക്കേണ്ടത്‌. അതെങ്ങനെ വേണം എന്ന് ഞാന്‍ ചോദിച്ചു. സംവിധായകന്‍ ഊശാന്‍താടിയിലെ വെളുത്ത രോമം പറിച്ചെടുത്ത് അസി.പയ്യനോട് റിയാക്ഷന്‍ പറഞ്ഞു കൊടുക്കാന്‍ പറഞ്ഞു. അസി. പയ്യന്‍ വന്നിട്ട് എന്നോട് ചോദിച്ചു.

"ഏട്ടന്‍ വിവാഹിതന്‍ ആണോ?"

"അതെ"

"ഏട്ടനെക്കുറിച്ച് ഭാര്യ ഒരാളോട് കുറ്റം പറഞ്ഞു പരാതി നിരത്തുമ്പോള്‍ ഏട്ടന്‍ ചിരിക്കുമോ അതോ ദേഷ്യപ്പെടുമോ?"

"ഞാന്‍ അവള്‍ക്കു രണ്ടു പൊട്ടിക്കും!"

"അത്ര പൊട്ടിക്കേണ്ട. അത് ഏട്ടന്‍ വീട്ടില്‍ ചെന്നിട്ട് മതി. ഇവിടെ നമുക്ക്‌ വേണ്ട റിയാക്ഷന്‍ ഒരു വല്ലാത്ത നോട്ടം. ഭാര്യയെ നീ അത്രയ്ക്ക് ആയോടീ എന്നൊരു ലുക്ക്."

"ആ ലുക്ക് അല്ലെ. അത് ചെയ്യാം. സര്‍ ഞാന്‍ റെഡി."

ലൈറ്റ്‌.. ക്യാമറാ.. ........ ആക്ഷന്‍!

സമീപം ഇരിക്കുന്ന താല്‍ക്കാലിക ഭാര്യാനടിയെ അടിമുടി നോക്കി ഞാന്‍ അതിതീവ്രഭാവാഭിനയം കാഴ്ചവെച്ചു. ആ അടിമുടി ലുക്കില്‍ ഞാന്‍ അവളുടെ നിമ്നോന്നത,ദേഹപുഷ്ടി ഓക്കെ കണ്ടു വാ അറിയാതെ പൊളിച്ചുപോയി. ഉടന്‍ ഒരു അലര്‍ച്ച കേട്ടു.... "കട്ട്.!!"

കള്ളുകുടിയന്‍ ഭര്‍ത്താവെന്ന കഥാപാത്രത്തില്‍ നിന്നും ഞാന്‍ പരിസരബോധത്തില്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഊശാന്‍താടി സംവിധായകന്‍ മോണിറ്ററില്‍ എന്റെ ഭാവാഭിനയം കണ്ട് എന്തോ ഇഷ്ടക്കേട് ആയിരിക്കുന്നു. അയാള്‍ വളരെ വേഗത്തില്‍ എന്റെ അരികില്‍ എത്തി. ക്യാമറാമാനും സഹായികളും മറ്റുള്ളവരും അടക്കിപ്പിടിച്ച ചിരി. അയാള്‍ എന്റെ മുന്നില്‍ നിന്ന് നടിയെ അടിമുടി നോക്കിയിട്ട് എന്നോട് കയര്‍ത്തു:

"താന്‍ എന്തൊരു നോട്ടം ആണെടോ നോക്കിയത്? അത്രയ്ക്ക് ഭാവാഭിനയം ഒന്നും വേണ്ട. നീ ഒരു തേവിടിശ്ശിയെ അല്ല നോക്കേണ്ടത്."

തടിച്ചിക്കാരി നടി ചമ്മിപ്പോയി കൂനിക്കൂടി ഇരുന്നു. അയാള്‍ തുടര്‍ന്നു. "നീ നിന്റെ ഭാര്യയെ നോക്കുന്ന നോക്ക് ആണ് വേണ്ടത്‌. അത് പറഞ്ഞുതന്നത് അല്ലെ? ഇതെന്തോന്ന് നോട്ടമാണെഡേയ്! നമ്മള്‍ എടുക്കുന്നത് ഉച്ച,കമ്പിപ്പടം ഒന്നും അല്ല. ദൂരദര്‍ശന്‍ മെഗാസീരിയലാ അതോര്‍മ്മ വേണം."

"ശേരി സാര്‍. ഇനി ഞാന്‍ ലുക്കിന്റെ ഡോസ് കുറക്കാം." ഞാന്‍ ഇളിഞ്ഞുചിരിച്ചു.

പിന്നെ ഒന്ന് രണ്ടു മൂന്ന്‍ ടേക്ക് ഓക്കെ ആക്കി. ആരോ പോയി വിശ്രമിക്കാന്‍ പോയ നടന്‍ ജയകൃഷ്ണയെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം ഉറക്കച്ചടവ് മാറ്റാന്‍ ഒന്നൂടെ മുഖം ടച്ച്‌അപ്പ് ചെയ്തു റെഡിയായി. വീണ്ടും അയാള്‍ ഞങ്ങളോട് പറയുന്ന സീനുകള്‍ പല ആംഗിളില്‍ ഷൂട്ട്‌ ചെയ്തു. ഞാനും നടിയും കലഹം ആവുന്ന വക്കില്‍ വരെ എത്തും വിധം ഉള്ള ഉഗ്രന്‍ സീന്‍ ആയിരുന്നു അത്. അതുകഴിഞ്ഞ് ഞങ്ങളോട് വേറെ വസ്ത്രം ധരിച്ച് റെഡിയായി വരാന്‍ പറഞ്ഞയച്ചു. ഞാന്‍ നോക്കുമ്പോള്‍ എന്റെ വസ്ത്രം വെച്ച ബാഗ്‌ ഉള്ള ആക്ടീവ ബൈക്കുമായി സലിംഅണ്ണന്‍ വേറെ ലൊക്കേഷനില്‍ പോയിട്ട് വന്നിട്ടില്ല. എന്ത്‌ ചെയ്യും. വിളിക്കാന്‍ കൈയ്യില്‍ മൊബൈലും ഇല്ല. നേരെ കോസ്റ്റ്യൂമറുടെ അടുത്ത് പോയി ചുളുവില്‍ ഒരു ഷര്‍ട്ട് ധരിച്ചു തിരിച്ചെത്തി. അല്പം കഴിഞ്ഞു നടി അടിപൊളി ഗെറ്റ്അപ്പില്‍ പ്രത്യക്ഷപ്പെട്ടു.

ഇനി എടുക്കുന്നത് കഥയിലെ വേറെ സമയത്തെ സീനാണ്. കലാസംവിധായകന്‍ ഒരു ഗിഫ്റ്റ്‌ പൊതി (അതിലൊന്നും ഇല്ല. കാലി) ഞങ്ങളുടെ കൈയ്യില്‍ തന്നു. ക്യാമറ ആക്ഷന്‍ പറയുമ്പോള്‍ ഞങ്ങള്‍ ഡോര്‍ തുറന്ന് സന്തോഷത്തോടെ വക്കീലിനെ കാണാന്‍ വരുന്നു. വക്കീലിനെ കണ്ട് ഗിഫ്റ്റ്‌ ഞങ്ങള്‍ ഒരുമിച്ച് കൊടുക്കുന്നു. സന്തോഷത്തോടെ ചിരിക്കുന്നു. അപ്പോള്‍ വക്കീല്‍ ഞങ്ങളോട്: "ഇനി കഴിഞ്ഞതെല്ലാം നിങ്ങള്‍ മറക്കണം. വിവാഹജീവിതം സന്തുഷ്ടമായി മോന്നോട്ടു കൊണ്ട്പോകുക. രാജന്‍ ഇനി മദ്യപിക്കരുത്. ഭാര്യയെ പൊന്നുപോലെ നോക്കുക. വിഷ് യു ആള്‍ ദി ബെസ്റ്റ്‌."

എന്റെ കഥാപാത്രത്തിന്റെ പേര് രാജന്‍ ആണെന്നത് അന്നേരമാണ് ഞാന്‍ അറിയുന്നത്. നാടകത്തില്‍ നാം സീന്‍ വഴിക്കുവഴി ചെയ്ത് താദാത്മ്യം പ്രാപിച്ച് ഉഷാറാക്കും. സിനിമ-സീരിയലില്‍ മരണരംഗം ആദ്യവും ജീവനോടെയുള്ള രംഗങ്ങള്‍ ഒടുക്കവും ഷൂട്ട്‌ ചെയ്യും. ഒരന്തം കുന്തം കിട്ടാത്ത ഒരു ലോകം! ചീറ്റിംഗ് എന്നൊരു ഒഫീഷ്യല്‍ പ്രയോഗം തന്നെ ഷൂട്ടിംഗില്‍ ഉണ്ട്. ചീറ്റ് ചെയ്തെടുക്കുക. നാം സ്ക്രീനില്‍ കാണുന്നതൊന്നും വിശ്വസിക്കരുത്. എല്ലാം ചീറ്റ് ചെയ്തെടുത്തവയാണ്.

സലിംഅണ്ണന്‍ ബൈക്കുമായി വന്നത്‌ ഏറെ വൈകിയാണ്. അന്ന് രാത്രി, പലഹാരങ്ങള്‍ വാങ്ങി വീട്ടിലെത്തുമ്പോള്‍ എന്നെക്കാത്ത് ഭാര്യ കോലായില്‍ ഇരിപ്പുണ്ടായിരുന്നു. വിശേഷങ്ങള്‍ അവളോട്‌ പറഞ്ഞു. അവള്‍ക്ക് സന്തോഷമോ സങ്കടമോ ഇല്ലായിരുന്നു. വന്ന് കഞ്ഞി കുടിച്ച് കിടക്കാന്‍ പറഞ്ഞ് അവള്‍ കിടക്കാന്‍ പോയി. ബാക്കി എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു.

എന്റെ അരങ്ങേറ്റം അറം പറ്റിപ്പോയി എന്നത് മാത്രമാണ് എന്നെ അലട്ടുന്ന തീരാദുഃഖം. ഇതിലെ പോലെ ഒടുവില്‍ ഞാനും ഭാര്യയും കുടുംബക്കോടതിയിലും എത്തപ്പെട്ടു എന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നി? അതും ഈ സീരിയലിലെ രാജനും രാധയും പോലെ, ഒരു നിമിഷത്തെ എന്റെ 'കുടി'അബദ്ധംമൂലം ഞങ്ങള്‍... അത്ര മാത്രം അറിഞ്ഞാല്‍ മതി..

ശുഭം.

Monday, July 19, 2010

ഇനി നാല് കീ.മീ. മാത്രം!

നാട് വിട്ടു ഗള്‍ഫില്‍ വന്നതിനു ശേഷം എനിക്ക് ഭാര്യയുടെ വിരഹവേദന അടങ്ങിയ കത്തുകള്‍ മുടങ്ങാതെ കിട്ടിയപ്പോള്‍, ഫോണിലൂടെയുള്ള നിലയ്ക്കാത്ത തേങ്ങല്‍ കിട്ടുമായിരുന്നു. ഗത്യന്തരമില്ലാതെ ഞാന്‍ ദോഹയിലെ പണി കളഞ്ഞ് തിരുവനന്തപുരത്ത്‌ വന്നു അവളുടെ കൂടെ വസിക്കും കാലം. ഭാര്യാവീട്ടില്‍ പരമസുഖം എന്നൊന്നും പറയാന്‍ പറ്റില്ല എങ്കിലും മധുവിധു ശരിക്കും ആസ്വദിക്കാതെ ദോഹയിലേക്ക് പോയ വിഷമം മാറിക്കിട്ടിയ ദിനങ്ങള്‍.. ഇനി തിരികെ പോവേണ്ട എന്നവള്‍. ഇവിടെ നല്ലൊരു ജോലിക്ക് ശ്രമിക്കാം. അല്ലെങ്കില്‍ പി.എസ്.സി ടെസ്റ്റ്‌ എഴുതി ഒരു ക്ലാര്‍ക്കോ കണ്ടക്ടര്‍ എങ്കിലും ആവാന്‍ ശ്രമിക്കണമെന്ന് അവളുടെ പിതാവ്‌ വക എനിക്ക് ഉപദേശവും കിട്ടി.

എന്നാല്‍ എന്റെ മനസ്സില്‍ സിനിമ അല്ലെങ്കില്‍ സീരിയല്‍ ആയിരുന്നു ലക്ഷ്യം. ഒരു ചെറുനടന്‍ എങ്കിലും ആവാനുള്ള ത്വര. പക്ഷെ, തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ആദ്യം ഒരു ജോലി വേണം. അല്ലെങ്കില്‍ എഞ്ചിനീയര്‍ ആയ ഭാര്യയുടെ വീട്ടുകാര്‍ എന്ത് കരുതും! ഭാര്യക്ക്‌ ആദ്യമേ എല്ലാം അറിയാം. മനസ്സിലാക്കാനുള്ള മനസ്സും അവള്‍ക്കുണ്ട്.

എന്നും രാവിലെ അണിഞ്ഞൊരുങ്ങി അവളും ഞാനും അവളുടെ വീട്ടില്‍ നിന്നിറങ്ങും. അവളുടെ ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ ആണ് യാത്ര. അവളെ അവളുടെ ജോലിസ്ഥലത്ത് വിട്ടിട്ട് ഞാന്‍ പതിവുപോലെ പണി തേടി കറങ്ങും. ആ കറക്കത്തില്‍ തമ്പാനൂരുള്ള ഒരു ആപ്പീസ് ബോര്‍ഡ്‌ എന്റെ കണ്ണുകളെ പിടിച്ചു വലിച്ചു. ആക്ടീവയുടെ കാറ്റ്‌ പോയ പോലെ സഡന്‍ സ്റ്റോപ്പായി. ഞാന്‍ ഒന്നൂടെ ആ ബോര്‍ഡ്‌ വായിച്ചു. "ആള്‍ കേരള സിനിമാ ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്സ്‌ അസോസിയേഷന്‍, റെജി:നമ്പര്‍...." മറിച്ചൊന്നും ചിന്തിച്ചില്ല. ഞാന്‍ അവിടെ എത്തി. ഭാരവാഹികളെ കണ്ടു. പരിചയപ്പെട്ടു. പ്രസിഡണ്ട് റിട്ടയേര്‍ഡ് ഹെഡ്‌മാഷായ പരമേശ്വരന്‍നായര്‍ ആയിരുന്നു. വൈസ്‌പ്രസിഡണ്ട് ആന്ടപ്പന്‍ എന്നൊരു മീശകൊമ്പന്‍. കേള്‍വി കേട്ടൊരു ഇക്കിളിസിനിമാ സംവിധായകന്റെ അപ്പനാണീ ആന്ടപ്പന്‍ എന്നത് ഞാനറിയുന്നത് പിന്നീടായിരുന്നു. അദ്ദേഹത്തിന്റെ മോന്‍ കെ.ജി.ജോയ്‌ - കിന്നാരത്തുമ്പികള്‍ പോലെ ഒട്ടനവധി യുവരക്തം ചൂടാക്കിയ സിനിമകളുടെ സംവിധായകനാണ്. അതേക്കുറിച്ച് ജോയീടപ്പനോട് ചോദിക്കുമ്പോള്‍ അദ്ദേഹം വിഷയം മാറ്റുന്നത് ശ്രദ്ധിച്ചു. എന്തായിരുന്നു കാരണം എന്നത് എനിക്ക് ഇന്നും അനന്തം അക്ഞാതം!

ആ ആപ്പീസിലെ ചുമരില്‍ പതിച്ച കുറെ ചേച്ചിമാരുടേയും ചേട്ടന്‍മാരുടേയും പല പോസിലുള്ള പടങ്ങള്‍ നോക്കി ഇവരെ ഏതു സിനിമകളില്‍ ആണ് കണ്ടിട്ടുള്ളത് എന്ന് ചിന്തിച്ച് ഇരിക്കുമ്പോള്‍ പരമേശ്വരന്‍നായര്‍ ഒരു ഫയല്‍ എടുത്ത്‌ എന്റെ മുന്നില്‍ തുറന്നു കാണിച്ചു. അതില്‍ പരിചിതമായ ഒരു മുഖത്തില്‍ അദ്ദേഹം തൊട്ടുകാണിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. നടന്‍ ശങ്കര്‍ ആണത്. ചെന്നൈയില്‍ അസോസിയേഷന്‍ മെമ്പര്‍ഷിപ്പ്‌ ഫീസ്‌ അന്ന് അന്‍പതിനായിരം ഉറുപ്പിക ആയതിനാല്‍ ശങ്കര്‍ സര്‍ക്കാര്‍ രജിസ്റ്റേര്‍ഡ് ആയ ഈ അസോസിയേഷനില്‍ മെമ്പര്‍ ആയതാത്രേ. ഞാന്‍ ഒന്ന് ഉഷാറായി ഇരുന്നു. അപ്പോള്‍ തടിയനായൊരു കക്ഷി കക്ഷത്തൊരു ഡയറിയുമായി കയറി വന്നു. ഏതോ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും വരികയാണ്. അവിടെത്തെ വിശേഷങ്ങള്‍ അയാള്‍ വാതോരാതെ പറയുന്നുണ്ട്. ഒരു കെട്ടു നോട്ടുകള്‍ എടുത്ത് മേശമേല്‍ വെച്ചു. കണക്കുകള്‍ ബോധിപ്പിച്ചു. അദ്ദേഹത്തിന് എന്നെ അവര്‍ പരിചയപ്പെടുത്തി. അയാള്‍ എന്‍.എം.സലിം - വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള പ്രൊഡക്ഷന്‍ മാനേജര്‍ ആണ്. ചില സിനിമകളില്‍ വില്ലനൊപ്പം അടി മേടിക്കാനായി മാത്രം ശിങ്കിടിയായ ഇയാളുടെ മിന്നലാട്ടം കണ്ടതായി ഓര്‍ത്തു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞാന്‍ മെമ്പര്‍ഷിപ്പ്‌ വേണമെന്ന് പറഞ്ഞു. ചെറുതില്‍ നിന്നാണല്ലോ വലുതില്‍ എത്തിപ്പെടുന്നത് എന്ന നഗ്നസത്യം എന്റെ തലയില്‍ തരംഗമായി മൂളിപ്പറന്നു.

ഒരു ഫോം കിട്ടി പൂരിപ്പിച്ചു കൊടുത്തു. തിരിച്ചറിയല്‍ രേഖകളുടെ കോപ്പി അടുത്ത ദിവസം കൊണ്ടുകൊടുക്കാം എന്നറിയിച്ചു. തുച്ഛമായ ഫീസടച്ചു. പഴ്സില്‍ നിന്നും പൊക്കിയെടുത്ത എന്റെ പിപി ഫോട്ടോ മെമ്പര്‍മാരുടെ ഫയലില്‍ നടന്‍ ശങ്കറിന്റെ താഴെയുള്ള ഒഴിഞ്ഞ ഭാഗത്ത്‌ വെള്ളം കൂട്ടിയ പശ തേച്ച് മോന്തയില്‍ ആഞ്ഞ്‌ അടിച്ച് പതിപ്പിച്ച പ്രസിഡന്റ് ഒരു പുഞ്ചിരിയോടെ എനിക്ക് ഹസ്തദാനം ചെയ്തു സ്വാഗതം പറഞ്ഞു. ശങ്കര്‍ 866, ഞാന്‍ 867 നമ്പര്‍ ആയി ഫയലില്‍ കിടന്നു. പണ്ട് ശങ്കറും മോഹന്‍ലാലും ഒരുമിച്ച് പുതുമുഖങ്ങളായി വന്നതൊക്കെ വെറുതെ ഓര്‍ത്തുപോയി. അവരോട് തല്‍ക്കാലം വിട പറഞ്ഞു ഞാന്‍ ആക്ടീവയില്‍ കയറി നട്ടുച്ച വെയിലില്‍ പകല്‍കിനാവ്‌ കണ്ടു റോഡിലൂടെ പാഞ്ഞു. ഒരു വല്ലാത്ത ഹരത്തില്‍ ന്യൂ തീയേറ്ററില്‍ മാറ്റിനിഷോയ്ക്ക് കയറി മയങ്ങി. ഒരു കൂതറ വിദേശിപ്പടം. പടം വിടും മുന്‍പേ ഇറങ്ങി നേരെ ശാസ്തമംഗലത്തേക്ക്‌, ഭാര്യയുടെ ജോലിസ്ഥലത്തെത്തി. അവള്‍ എന്നെ സഹപ്രവര്‍ത്തകര്‍ക്ക് നന്നായി പരിചയപ്പെടുത്തി. പലരും എന്താ പണി എന്ന് ചോദിച്ചതില്‍ നിന്നും ഞാന്‍ 'സ്കൂട്ടാ'വാന്‍ പാടുപെട്ടു. ഗള്‍ഫുകാരന്‍ എന്നവള്‍ ഒറ്റവാക്കില്‍ ഉത്തരമോതി.

സിനിമാ ആപ്പീസില്‍ നിന്നും എന്താ വിളി വരാത്തത് എന്നാലോചിച്ച് അടുത്ത ദിവസം ഉച്ച വരെ കഴിഞ്ഞു. ഭാര്യാവീട്ടില്‍ ഇരുന്ന്‌ നേരം കളയണ്ടല്ലോ എന്ന് കരുതി ഒന്ന് നടക്കാന്‍ ഇറങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞ് വെയിലേറ്റ്‌ വാടി തിരികെ വന്നു കയറുമ്പോള്‍ ഭാര്യാമാതാവ് എന്നോട് തിരോന്തരം സ്ലാംഗില്‍ എന്തരോ വിളിച്ചു പറയുന്നു. വീടിനു മുന്നിലുള്ള തോടിനു കുറുകെയുള്ള ഒറ്റത്തെങ്ങുപാലത്തില്‍ ബാലന്‍സ്‌ ചെയ്ത്‌ പടി കയറി വരുമ്പോള്‍ മാത്രമാണ് ഞാനത് വ്യക്തമായി കേട്ടത്.

'യേതോ ഒരു സ്യലിം വിളിച്ച് ക്യെട്ടാ.. നെന്നോട് എന്തരോ ലക്കെഷനിലാ മറ്റോ വ്യേഗം യെത്താന്‍. ദേ യീ നമ്പര്‍ കറക്കി ന്വോക്ക്. വേം വിളി.'

അത് കേട്ടതും എന്നുള്ളം കുളിര്‍മഴയായി. അതാ പ്രൊ.മാനേജര്‍ സലിം അണ്ണന്‍ തന്നെ. ഞാനോടി വീട്ടിലെ ഫോണിനടുത്ത് എത്തി, കറക്കി. കിട്ടി. സലിം അണ്ണന്‍ മുഖവുര ഇല്ലാതെ കാര്യം പറഞ്ഞു ആദ്യം ചൂടായി, പിന്നെ തണുത്തു. എന്നാലും വളരെ ധൃതി അനുഭവപ്പെട്ടു.

"ഡോ, താന്‍ എവിടാടോ. ഒരു നല്ല റോള്‍ തനിക്ക്‌ റെഡിയാക്കി കാത്തിരിപ്പാ. ഇനി വൈകിയാല്‍ അവമ്മാര് വേറെ നടനെ വെച്ച് ചെയ്യും. വേം വരാന്‍ പറ്റ്വോ? വരുമ്പോ ഒന്നുരണ്ട് ഡ്രസ് കൂടെ കൊണ്ട് പോര്. ഷൂവും."

എന്റെ വായ വറ്റി. കണ്ണില്‍ വെള്ളം കയറി. ഞാന്‍ ഫോണില്‍ മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ കാറ്റ്‌ മാത്രം ആദ്യം വന്നു. ഒടുവില്‍ ശബ്ദം നേര്‍ത്ത നാദമായി ചാടി.

"സാര്‍, അണ്ണാ, ഞാന്‍ ഇതാ എത്തി. എവിടെയാ എത്തേണ്ടത്?"

അങ്ങേരൊരു ലൊക്കേഷന്‍ പറഞ്ഞുതന്നു. ഉടനെ എത്താന്‍ അറിയിച്ചു. ഞാന്‍ പിന്നെ ഒട്ടും നിന്നില്ല. ചാടി പുറപ്പെടുമ്പോള്‍ ഭാര്യാമാതാ പിന്നില്‍ നിന്നും വിളിച്ചു.

'മോന്യേ, യെന്തര് പ്വോക്കിത്‌? ഊണു തിന്നിട്ട് പ്വോയീന്ന്. യേത് കമ്പനിയിലാ ജ്വോലി ശെരിയായത്?'

വന്നിട്ട് തിന്നാം, പറയാം എന്നറിയിച്ചു പടിയിറങ്ങി ഞാന്‍ പാഞ്ഞു. ഒറ്റത്തെങ്ങുപാലത്തില്‍ ബാലന്‍സ്‌ ചെയ്ത്‌ ഓടി തെങ്ങിന്‍ ചോട്ടിലെ ഹോണ്ട ആക്ടീവയില്‍ കയറി സ്റ്റാര്‍ട്ടാക്കി ഇടവഴി താണ്ടി റോഡിലെത്തി കുതിച്ചുപാഞ്ഞു.

സലിം അണ്ണന്‍ പറഞ്ഞുതന്ന സീരിയല്‍ ലൊക്കേഷന്‍ (യൂണിവേഴ്‌സിറ്റിയുടെ സമീപം)മാത്രമായിരുന്നു മനസ്സ്‌ നിറയെ.. അവിടെയെത്താന്‍ ഇനി നാലു കീ.മീ മാത്രം. ദൈവമേ എന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഇനി നാല് കീ.മീ. മാത്രം!

(ശേഷം ഭാഗം ഉടന്‍)

Friday, July 2, 2010

മുകളിലേക്ക്‌ പോയ്‌മറഞ്ഞ ശ്രീ.എം.ജി.രാധാകൃഷ്ണന്‍

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ദുബായിലെ ഒരു ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള കൂടിക്കാഴ്ച ആയിരുന്നു അത്.

ഒരു സ്റ്റേജ് പ്രോഗ്രാമിന് വന്നതായിരുന്നു ശ്രീ.എം.ജി രാധാക്യഷ്ണനും മറ്റ് സിനിമാക്കാരും. അവരെ ഒരു നോക്ക് കാണാന്‍ സാധിക്കുമെങ്കില്‍ പരിചയപ്പെടാനും വേണ്ടി ഞങ്ങള്‍ കൂട്ടുകാര്‍ മൂന്ന്‍ പേര്‍ ആഗ്രഹിച്ചു. അന്ന് ചിത്രീകരിച്ചുകൊണ്ടിരുന്ന 'മണല്‍ക്കാറ്റ്‌' സീരിയലിന്റെ സംവിധായകന്‍ നാസറും, നിര്‍മ്മാതാവ്‌ അസീസും പിന്നെ ഞാനും അവര്‍ താമസിക്കുന്ന ബര്‍ദുബായിലെ ഹോട്ടലിലെത്തി.

റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ നാലാം നിലയിലെ റെസ്റ്റോറന്റില്‍ ഉണ്ടെന്നറിഞ്ഞു. ലിഫ്റ്റില്‍ അങ്ങോട്ട്‌ കുതിച്ചു. അവിടെ ചെന്നപ്പോള്‍ അവര്‍ രണ്ടാം നിലയിലെ ഹാളില്‍ റിഹേഴ്സലില്‍ ആണെന്നറിഞ്ഞു. ഞങ്ങള്‍ വീണ്ടും ലിഫിറ്റില്‍ കയറി താഴോട്ട്...

മൂന്നാം നിലയില്‍ ലിഫ്റ്റ്‌ നിന്നു ഡോര്‍ ഇരുവശത്തേക്കും മാറിയപ്പോള്‍ തെളിഞ്ഞു വന്നത് ചിരപരിചിതരായ ഏതാനും വ്യക്തികള്‍. അവരെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ തിളങ്ങി. എം.ജി.രാധാകൃഷ്ണനും വേണുഗോപാലും ദിലീപും സലിംകുമാറും ലിഫ്റ്റില്‍ പ്രവേശിച്ചപ്പോള്‍ ഞങ്ങള്‍ ഒതുങ്ങിനിന്ന് അവര്‍ക്ക്‌ ഇടം നല്‍കി. ലിഫ്റ്റ്‌ ചലിച്ചപ്പോള്‍ പന്തികേടോടെ എം.ജി. ആരോടെന്നില്ലാതെ ചോദിച്ചു:

"ലിഫ്റ്റ്‌ മുകളിലേക്ക്‌ അല്ലേ പോകുന്നത്?"

"സര്‍, നമ്മള്‍ ഇത്ര ആളുകള്‍ ഇല്ലേ. ഭാരക്കൂടുതല്‍ കാരണം ലിഫ്റ്റ്‌ ആദ്യം താഴോട്ട് പൊയ്ക്കോട്ടേ. പിന്നെ മുകളിലേക്ക്‌ പോകാലോ.."

കിട്ടിയ വേളയില്‍ ഞാന്‍ ഗോളടിച്ചത് പിടിക്കാതെ സ്നേഹിതര്‍ എന്റെ കാലില്‍ ചവിട്ടി ഒതുക്കിവിട്ടു. നര്‍മ്മം രസിച്ച് എം.ജി. പൊട്ടിച്ചിരിയോടെ എന്റെ കൈ കുലുക്കി. ദിലീപ്‌ കവിളിലെ പേശി പെരുക്കി നിന്നപ്പോള്‍ സലിംകുമാര്‍ 'ഇതൊക്കെ എന്തോന്ന് തമാശ' എന്ന ഭാവത്തില്‍ ഉണ്ടക്കണ്ണുകള്‍ ലിഫ്റ്റിന്റെ വാതിലില്‍ തറപ്പിച്ച് നിന്നു.

"കൊള്ളാലോ. ഇങ്ങനെത്തെ ആളുകളും ഗള്‍ഫിലുണ്ടല്ലോ. നന്നായി വരട്ടെ." എന്നാശംസിച്ച അദ്ദേഹത്തെ കൈകൂപ്പി ഞാന്‍ നന്ദി നേര്‍ന്നു.

ലിഫ്റ്റ്‌ താഴെയെത്തി. സ്നേഹിതര്‍ പുറത്തിറങ്ങിയത്‌ ശ്രദ്ധിച്ചിരുന്നില്ല. വാതില്‍ അടയാറായപ്പോള്‍ "ആള് ഇറങ്ങാനുണ്ടേയ്" എന്ന ഒരു ഗോള്‍ കൂടി അടിച്ചുകൊണ്ട് ഞാന്‍ വെളിയില്‍ ചാടി. തിരിഞ്ഞു നോക്കി കൈവീശിയപ്പോള്‍ ചിരപരിചിതമായ ചിരിയോടെ വെള്ളജുബ്ബയില്‍ അദ്ദേഹം കൈവീശിക്കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം മുകളിലേക്ക്‌ പുറപ്പെട്ടു.

വാല്‍ക്കഷണം:-

ഇന്ന് (ജൂലൈ രണ്ട്) ഉച്ചയ്ക്ക് അദ്ദേഹം ലോകം വിട്ടു മുകളിലേക്ക്‌ പോയ്‌മറഞ്ഞത് അറിഞ്ഞിരുന്നില്ല. ഒരു കൂട്ടുകാരനുമായി വൈകുന്നേരം അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്‍ററിലേക്ക്‌ നടക്കുമ്പോള്‍ പലതും പറയുന്ന കൂട്ടത്തില്‍ ഈ അനുഭവകഥയും പറഞ്ഞു. അവിടെയെത്തിയ ഞങ്ങള്‍ നോട്ടീസ്‌ ബോര്‍ഡില്‍ 'എം.ജി.രാധാക്യഷ്ണന് ആദരാഞ്ജലികള്‍' എന്ന് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി! അന്ധാളിപ്പ് അല്പമെങ്കിലും മാറിക്കിട്ടുവാന്‍ ഇതിവിടെ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിച്ചു.

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേര്‍ന്നുകൊണ്ട്....

Tuesday, June 1, 2010

"ഒ.സി.ഡ.ക്കു" ബുക്ക്‌

"ഒ.സി.ഡ.ക്കു" ബുക്ക്‌ (ഒരു.സിനിമാ.ഡയറി.ക്കുറിപ്പ് ബുക്ക്‌) കൈയ്യില്‍ ഇന്ന് കിട്ടി.

ഇതിലെ ഓരോ ഏടും നിങ്ങളുമായി പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്.


യു.ഏ.ഇ-യില്‍ ബുക്ക്‌ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക:

(ഏറനാടന്‍: 050-6690366 / email: ksali2k@gmail.com)

കേരള സോഷ്യല്‍ സെന്റര്‍ (അബുദാബി) സാഹിത്യ വിഭാഗത്തിലും, ലൈബ്രറിയിലും ഈ പുസ്തകം ഉടന്‍ ലഭ്യമാകും.

ദയവായി, ലിറ്റററി സെക്രട്ടറി അയൂബ് കടല്‍മാടിനെ (050-6999783)ബന്ധപ്പെടുക:

Tuesday, April 13, 2010

വിഖ്യാത ബ്ലോഗ്‌സാഹിത്യകാരന്‍ വിശാലമനസ്കന്‍ തുണൈ!

അബുദാബി
13-ഏപ്രീല്‍-2010

ഒരു സിനിമാ ഡയറിക്കുറിപ്പ്

സ്നേഹിതരെ,

തിങ്കളാഴ്ച, ഫിബ്രവരി 5,  2007-നു തുടക്കം കുറിച്ച്, തുടര്‍ന്ന്‍ പോരുന്ന ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന എന്റെ ബ്ലോഗ് കോട്ടയം പാപ്പിറസ് ബുക്സ്‌ എപ്രീല്‍,18-നു പ്രസാധനം ചെയ്യുന്നത് സന്തോഷത്തോടെ അറിയിക്കട്ടെ.. സിനിമാസ്നേഹികള്‍ക്കും  കഥാസ്വാദകര്‍ക്കും ഇഷ്ടപ്പെടുന്ന 16 അനുഭവക്കുറിപ്പുകള്‍ അടങ്ങിയ ബ്ലോഗ്‌ സാഹിത്യമാണിത്.


"നാട്ടുമൊഴിയുടെ ചടുലവും സരസവുമായ ശൈലിയില്‍ അവതരിപ്പിക്കുന്ന കഥ പറച്ചിലിന്റെ സവിശേഷത കൊണ്ടാണ്‌ ഇത് വേറിട്ടുനില്‍ക്കുന്നത്." എന്നാണിതിനെ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് (പുസ്തകം:86 ലക്കം:44) ‘ബ്ലോഗനപംക്തിയില്‍ അഭിപ്രായപ്പെട്ടത്‌.

ഏറനാട് ദേശത്തെ നിലമ്പൂരില്‍ ജനിച്ച് ബിരുദപഠനം വരെ അവിടെ ജീവിച്ച്, പിന്നീട് കോഴിക്കോട് വെള്ളിപ്പറമ്പ് താമസമാക്കിയപ്പോള്‍ ഒഴിയാബാധയായ ജന്മനാടിന്റെ ഓര്‍മ്മകള്‍, ഗൃഹാതുരത്വം എന്നിവ ഈ അനുഭവക്കുറിപ്പുകളില്‍ തെളിഞ്ഞുകിടക്കുന്നു. ബാല്യകാലം മുതല്‍ക്കുള്ള സിനിമയോടുള്ള അഭിനിവേശവും മോഹവും പേറി കോളേജ്‌ പഠനം കഴിഞ്ഞ് സിനിമാസ്വപ്‌നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറിക്കുറിപ്പുകള്‍ എന്നിതിനെ വിശേഷിപ്പിക്കാം. സിനിമയില്‍ ചാന്‍സ്‌ തേടി തിരുവനന്തപുരത്ത്‌ എത്തി, പ്രശസ്തരായ സന്തോഷ്‌ ശിവന്‍ കുടുംബത്തിന്റെ ശിവന്‍സ്‌ സ്റ്റുഡിയോയില്‍ ഡിപ്ലോമ ചെയ്തു. അഭിനയമോഹം വിട്ടുമാറാതായപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ ചേര്‍ന്ന്‍ നാല്പതോളം സീരിയലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. അക്കാലത്ത്‌ പരിചയപ്പെട്ട നടീനടന്മാര്‍, സിനിമാപ്രവര്‍ത്തകര്‍ എന്നിവരുടെ തമാശസംഭവങ്ങള്‍, ഷൂട്ടിങ് ലോക്കെഷനുകളിലെ രസകരമായ  അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

ആദ്യം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട ഈ കുറിപ്പുകള്‍ക്ക് ലഭിച്ച വായനക്കാരുടെ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും ആണ് എനിക്ക് കിട്ടിയ പ്രചോദനവും അംഗീകാരവും. പ്രിയപ്പെട്ട എല്ലാ വായനക്കാരോടും എന്റെ നന്ദി. സിനിമാരസങ്ങള്‍ കേട്ടപ്പോള്‍ അതൊക്കെ  ബ്ലോഗാക്കുവാന്‍ പലപ്പോഴും അഭിപ്രായപ്പെട്ട വിഖ്യാത ബ്ലോഗ്‌സാഹിത്യകാരന്‍ വിശാലമനസ്കന്‍ (കൊടകരപുരാണം) എന്ന സുഹൃത്തിനോട് ഈ വേളയില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.

വിനയപൂര്‍വം,


ഏറനാടന്‍