Monday, August 11, 2008

ശിവന്‍സ് അനുഭവമഹാമഹം (അധ്യായം-1)

ശാസ്തമംഗലത്തെ കമ്പ്യൂട്ടര്‍പഠനം തിര്‍ന്നപ്പോ ഞാന്‍ തിരികെ കോഴിക്കോട്ടെത്തി ഏറെനാളിലെ സില്‍മാമോഹം വ്യാമോഹമാക്കി ഒരു സ്വകാര്യസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഞെക്കികൊണ്ട് കഴിഞ്ഞുകൂടിയപ്പോള്‍ ആയിരുന്നു അത്.. ഏതെന്നാല്‍ അതിവിടെ പറയാം. വല്യേട്ടന്‍ വിദേശത്തൂന്നും വന്ന് വിവാഹിതനായി. ഏടത്തിയമ്മയേം കൂട്ടി തിരോന്തരം വഴിയൊക്കെ പോയി. അന്നൊരുനാള്‍ ഒരര്‍ധരാത്രി ഫോണ്‍ റിംഗ് കേട്ട് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. ഫോണില്‍ വല്യേട്ടന്‍..

'എന്താ വല്യേട്ടാ ഈ നേരത്ത്? വല്ലതും..?'

'ഡോ കോപ്പേയ്. താന്‍ നാളെ രാവില്‍ത്തെ മലബാര്‍ എക്സ്പ്രസ്സില്‌ കേറി തിരോന്തരത്തെത്തണം. തന്റെ സില്‍മാപിരാന്തിന്‌ പറ്റിയ ചികില്‍സ ഈ വല്യേട്ടന്‍ ഏര്‍പ്പാടാക്കീട്ടുണ്ട്.'

'ങ്‌ഹേ! വ-വ-വല്യേട്ടാ ഞാനിപ്പോ അതൊക്കെ മറന്ന്. ചികില്‍സിക്കാനൊന്നൂല്ല. വെറുതെ രാത്രീല്‌ എന്തിനാ ഞെട്ടിക്കുന്നത്?'

'ഡാ കോപ്പേയ്.. തനിക്ക് സില്‍മാലോകത്ത് ഒരു ചുവടുവെയ്പ് വേണ്ടേ. എന്നാ ഇങ്ങട്ട് പോര്‌. ഞാന്‍ അതിനുള്ളതൊക്കെ പറഞ്ഞേര്‍പാടാക്കീട്ടുണ്ട്. അപ്പോ മോന്‍ പോയി നല്ലൊരു സില്‍മാസ്വപ്നം കണ്ട് കിടക്ക്. ബാക്കി ഇവിടെ വന്നിട്ട് പറയാം.'

ഫോണ്‍ നിശ്ശബ്‌ദമായി. ഞാന്‍ എന്നെത്തന്നെ നുള്ളിനോക്കി. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. ആപ്പീസില്‍ ലീവ് വിളിച്ചുപറഞ്ഞ് മലബാര്‍ എക്സ്പ്രസ്സ് പിടിക്കാന്‍ പാഞ്ഞു. തിക്കിത്തിരക്കി ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപറ്റി (ടിക്കറ്റ് എടുത്തിട്ടുണ്ട് കേട്ടോ) എന്റെ പൊക്കണംബാഗ് റാക്കില്‍ വെച്ചു സീറ്റിലിരിക്കുന്ന ഒരുകൂട്ടം 'കളറുകളെ' ഫോക്കസ് ചെയ്ത് നിന്നൂ നിന്നില്ലാന്ന രീതിയില്‍ യാത്ര ചെയ്ത് വൈകിട്ട് അനന്തപുരിയില്‍ കാലുകുത്തി. ഞാന്‍ വെളിയിലെത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ ഒരു ജന്റില്‍മാന്‍ വന്ന് സ്വയം പരിചയപ്പെടുത്തി. അത് സൂര്യാ കൃഷ്‌ണമൂര്‍ത്തിയുടെ സൗണ്ട് എഞ്ചിനീയര്‍ ജോണ്‍ സാറായിരുന്നു. അദ്ധേഹം എന്നെ ഗീത് ഹോട്ടലിലെത്തിച്ചു. ഞാനപ്പോഴേ ത്രില്ലടിച്ചുകഴിഞ്ഞിരുന്നു. അവിടെ അദ്ധേഹം തന്നെ മുറിയെടുത്തുതന്നു. എവിടെ വല്യേട്ടനും ഏടത്തിയമ്മയും ആവോ. അന്നാണെങ്കില്‍ എന്റെ കൈയ്യില്‍ സെല്‍ ഫോണും കോപ്പും ഒന്നൂല്ല. എന്നോട് കുളിച്ചു റെഡിയായിരിക്കാന്‍ പറഞ്ഞ് ജോണ്‍ സാറ് പോയി. ഞാന്‍ ഫ്രഷായി. മുറിയില്‍ ചായയെത്തി. അതുകുടിച്ചു. എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഈ വല്യേട്ടന്‍ എന്താണാവോ എന്റെ സില്‍മാപിരാന്തിനു കണ്ടുവെച്ച ചികില്‍സ ആവോ! ഇനി വല്ല സില്‍മേലും നായകന്‍ ആക്കുമോ അതോ വില്ലന്‍ വേഷം വല്ലതും. എന്റെ ചിന്ത കാടുകേറിത്തുടങ്ങി.

മുറിയിലെ ഫോണ്‍ ശബ്‌ദിച്ചു. അത് വല്യേട്ടനായിരുന്നു. എനിക്ക് സന്തോഷായി. എന്നോട് എത്രയും വേഗം മസ്കറ്റ് ഹോട്ടലില്‍ എത്താന്‍ പറഞ്ഞ് ഫോണ്‍ വെച്ചു. ഞാന്‍ നല്ല വേഷത്തില്‍ ഒരാട്ടോയില്‍ അവിടെയെത്തി. വല്യേട്ടന്‍ എന്നെ വെയിറ്റ് ചെയ്തവിടെ ഉണ്ടായിരുന്നു. നേരെ അവിടെത്തെ റസ്റ്റാറന്റില്‍ കൂട്ടികൊണ്ടുപോയി. ഒരു ടേബിളിനരികെ ഏടത്തിയമ്മ ഉണ്ട്. അവിടെ ഞങ്ങള്‍ കോഫി കഴിച്ചുകൊണ്ട് ഇരുന്നു. വല്യേട്ടന്‍ ഇപ്പോഴും ചികില്‍സ എവിടേന്ന് പറഞ്ഞില്ല. ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങോട്ടാണ്‌ നമ്മള്‍ പോണതെന്ന് മാത്രം പറഞ്ഞു. ഒടുക്കത്തെ സസ്‌പെന്‍സ് ഒടുവില്‍ ഇല്ലാണ്ടാക്കി ഞങ്ങള്‍ ഒരിടത്തെത്തി. ആ സ്ഥലം കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യാഹ്ലാദഭരിതനായി തരിച്ചുപോയി!

'ശി-വ-ന്‍-സ്-സ്-റ്റു-ഡി-യോ..' എന്ന മുന്നിലെ ബോര്‍ഡിലെ പേര്‌ ഞാന്‍ അന്തം വിട്ട് വായിച്ച് വാപൊളിച്ചുപോയി.അങ്ങിനെ ഒരുകാലത്ത് വഴിയേകൂടെ പോകുമ്പോള്‍ എത്തിനോക്കിയിരുന്ന സാക്ഷാല്‍ ശിവന്‍സ് സ്റ്റുഡിയോയുടെ കവാടം കടന്ന് വലതുകാല്‍ (ആയിരുന്നോ എന്നറിയില്ല) വെച്ച് ഞാന്‍ വല്യേട്ടനും ഏടത്തിയമ്മയ്ക്കുമൊപ്പം പ്രവേശിച്ചു. എന്റെ നെഞ്ചിടിപ്പ് ചടപടേന്നായി..

ചെമ്മീന്‍ പടത്തിന്റെ നിശ്ചലഛായാഗ്രാഹകനായിരുന്ന ശിവന്‍ സാറും ലോകപ്രശസ്ത മക്കളായ സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ചീവ് ശിവന്‍ എന്നിവരെ ഒരുനോക്കെങ്കിലും കാണാന്‍ പൂതിവെച്ച് ശാസ്തമംഗലം റ്റു കിഴക്കേകോട്ട വഴി മണക്കാട് പോകും ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ ശിവന്‍സ് സ്റ്റുഡിയോ കാണുമ്പോള്‍ തലവെളിയിലിട്ട് എത്തിനോക്കിയ കാലം ഉണ്ടായിരുന്നു എനിക്ക്. നാല്പത്തിയെട്ടു കൊല്ലങ്ങള്‍ക്കു മുന്‍പാരംഭിച്ച ആ സ്ഥാപനം ഇന്നും തിരോന്തരം പുളിമൂടിനും സ്റ്റാച്യൂവിനും ഇടയിലായിട്ട് പഴയ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നല്പം ഇപ്പറത്ത് ഹോട്ടല്‍ പങ്കജിനോട് തൊട്ടുരുമ്മി കിടപ്പുണ്ട്. ഇവിടെ പഠിച്ചിറങ്ങിയവരില്‍ (ഞാനൊഴികെ) എല്ലാരും സില്‍മാരംഗത്ത് ഇന്ന് പ്രസിദ്ധരാണ്‌. ഷാജി കൈലാസ്, സഞ്ചീവ് ശങ്കര്‍, എസ്.കുമാര്‍, മനോജ് പിള്ള, കനകരാജ്.... പിന്നെ എന്റെ ബാച്ചിലെ ഏകവനിത അംബികാറാവു (അവര്‍ മലയാളസിനിമയിലെ അന്യഭാഷാനടികളുടെ മലയാളം ട്യൂഷന്‍ ടീച്ചറും പ്രസിദ്ധസഹസംവിധായികയുമാണ്‌) ഇവരെ ഏറെകാലത്തിനൊടുവില്‍ കാണുന്നത് ദുബായില്‍ 'പോത്തന്‍ വാവ' ചിത്രത്തിന്റെ പ്രിവ്യൂവിനാണ്‌. മമ്മൂട്ടി, ജോഷി, ഉഷാഉതുപ്പ് എന്നിവരോടൊത്ത് എന്റെ പഴയ സഹപാഠിയും സുഹൃത്തുമായ അംബിക സ്റ്റേയിജില്‍. പോരാഞ്ഞ് ഉഷാഉതുപ്പ് അവരെ വാനോളം പുകഴ്ത്തി പറയുകമാത്രമല്ല മലയാളം പഠിപ്പിച്ചതിന്‌ ഉപഹാരം സമ്മാനിക്കുകയും ചെയ്തത് കണ്ട് ഞാന്‍ വാ വീണ്ടും പൊളിച്ചുപോയി. അവര്‍ എന്നെ കണ്ട് അന്തം വിട്ടും പോയി. ഞങ്ങള്‍ പരിചയം പുതുക്കിക്കൊണ്ട് തിരക്കില്‍ അല്പനേരം ഇരുന്നു. പിന്നീട് അംബികയെ ഞാന്‍ രണ്ടുമാസംമുന്നെ കോഴിക്കോട്ട് മമ്മൂട്ടിചിത്രമായ 'പരുന്ത്' ലൊക്കേഷനിലും കണ്ടു. അപ്പോഴേക്കും എന്റെ സഹപാഠി ഏറെത്തിരക്കുള്ള സില്‍മാ സഹസം‌വിധായിക ആയിരുന്നു.

(ശിവന്‍സ് അനുഭവമഹാമഹം തുടരും..)