Friday, July 30, 2010

ലൈറ്റ്‌, ക്യാമറ, ആക്ഷന്‍! (ഇനി നാല് കി.മീ ബാക്കി)

ധൃതിയില്‍ ആക്ടീവബൈക്ക്‌ ശരം വിട്ടപോലെ ഓടിച്ച് ഒരു വളവു തിരിച്ച് ചെന്നത് മുരണ്ട് കൊണ്ടിരിക്കുന്ന ജനറേറ്റര്‍ വാനും ഏതാനും കാറുകളും ആളുകളും ഉള്ള ഒരിടത്താണ്. എന്നെ കണ്ടതും കക്ഷത്തില്‍ സ്ഥിരം ഡയറിയുമായി തടിയന്‍ സലിം അണ്ണന്‍ വയറും കുലുക്കി എവിടെ നിന്നോ ചാടിവന്ന്‍, അങ്കലാപ്പില്‍ ബൈക്ക്‌ പിടിച്ചു നിറുത്തി. ഞാന്‍ അപ്പഴേക്കും അത് സഡന്‍ബ്രെക്കിട്ടിരുന്നു. അല്പം പൊടിപടലം പൊങ്ങിയതും ബ്രെക്കിടുന്ന ശബ്ദവും കേട്ട് ആളുകള്‍ ഇതാരെടാ താരം എന്നറിയാന്‍ നോക്കുന്നുണ്ട്.

"ഡേയ് ഗള്‍ഫുകാരനായ തന്റെ കൈയ്യില്‍ മൊബൈല്‍ഫോണ്‍ ഇല്ലേ? എന്തെടോ നേരം വൈക്യേത്? വേഗം വാ. തന്നെ പറ്റുമോ എന്ന്‍ സംവിധായകന്‍ കണ്ടറിയണം."

ഒരു ടെറസ്സ് വീട് ആയിരുന്നു അത്. തല്‍ക്കാലം അതൊരു 'കുടുംബകോടതി' ബോര്‍ഡും തൂക്കിയിട്ട് അങ്ങനെ ആക്കിമാറ്റിയിരിക്കുന്നു. മുന്‍ഭാഗത്ത്‌ ഏതാനും ഡ്യൂപ്പ് വക്കീല്‍ വേഷക്കാര്‍ ഊഴം കാത്ത്‌ വെയിലത്ത്‌ വെടിവട്ടം പറഞ്ഞു നില്പുണ്ട്. വീടിനകത്ത്‌ എത്തിയപ്പോള്‍ ഒരു മുറിയില്‍ പലവിധ വസ്ത്രങ്ങളും ഇസ്തിരി ഇട്ടു റെഡിയാക്കുന്നുണ്ട് കൊസ്ട്യൂമര്‍. മറ്റൊരിടത്ത് ഒരുത്തന്‍ എന്തൊക്കെയോ അടുക്കിവേക്കുന്നു, നെയിം ബോര്‍ഡ്‌ ഒട്ടിക്കുന്നു. അവന്‍ തന്നെ കലാസംവിധായകന്‍. ഒരു അണ്ണാച്ചിചെക്കന്‍ ഒരു പാത്രത്തില്‍ ബിസ്കറ്റുമായി വിതരണം ചെയ്തുനടന്ന് അവന്റെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. വേറെ ഒരു കൂട്ടര്‍ മുറിയാകെ പല സ്റ്റാന്റുകളില്‍ വിവിധ ലൈറ്റുകള്‍ വെച്ച് അത് ഓണ്‍ ഓഫ് ചെയ്തു ഓടിനടക്കുന്നു. വേറൊരു ടീം സ്ക്രിപ്റ്റ്‌ കെട്ടുകള്‍ മറിച്ചുനോക്കി ഒരു മുറിയിലേക്ക്‌ പോകുന്നു. ഭാവിസംവിധായകര്‍ തന്നെ! അവര്‍ പോയവഴിയേ ഞാന്‍ അവിടേക്ക് പാളി നോക്കിയപ്പോള്‍ ആഹ്ലാദം അലയടിച്ചു. പ്രസിദ്ധ സീരിയല്‍ നടന്‍സ് ജയകൃഷ്ണ(ഒരു നാള്‍ വരും എന്ന സിനിമയില്‍ വക്കീല്‍ ആയ ആറടിക്കാരന്‍ സുന്ദരന്‍) ടോണി എന്നിവര്‍ സംസാരിച്ച് ഇരിക്കുന്നു. എന്നെ കണ്ട അവര്‍ ഇതാരാ താരം എന്നറിയാതെ വര്‍ത്തമാനം തുടര്‍ന്നു. എവിടെ സംവിധായകന്‍ എന്ന് ചോദിക്കുന്നതിനും മുന്‍പേ..

സലിം അണ്ണന്‍ എന്റെ കൈ പിടിച്ചുവലിച്ച് ഒരു ഊശാന്‍താടിക്കാരന്റെ മുന്നില്‍ കൊണ്ടുനിറുത്തി. വില്‍സ് സിഗരറ്റ് പുകച്ച് എടുക്കാന്‍ പോകുന്ന സീന്‍ കണ്ണടയിലൂടെ നോക്കി ചുവന്ന മഷിയാല്‍ അടയാളപ്പെടുത്തി താടിയിലെ രോമത്തിന്റെ വളവു നിവര്‍ത്താന്‍ പാടുപെട്ട് ഇരിക്കുകയാണയാള്‍.. ആ മുറിയില്‍ ക്യാമറ വെച്ച് ലൈറ്റ്‌ബോയ്സിന് നിര്‍ദേശങ്ങള്‍ നല്‍കി ക്യാമറമാന്‍ സമീപമുണ്ട്. സലിംഭായ്‌ മുരടനക്കിയപ്പോള്‍ താടിരോമവളവ് അവിടെത്തന്നെയിട്ട് ഊശാന്‍താടിക്കാരന്‍ സ്ലോമോഷനില്‍ ഞങ്ങളെ നോക്കി. അയാളുടെ കാന്തകണ്ണുകള്‍ കണ്ണടഫ്രെയിമിന് മുകളിലൂടെ എന്നെ അടിമുടി അളന്നു. ഞാന്‍ ഇനി ഒട്ടും കുറയേണ്ടല്ലോ എന്ന് കരുതി നേരെ അയാളുടെ മെലിഞ്ഞ കാലുകളില്‍ വീണു സാഷ്ടാംഗം നമസ്കരിച്ചു. "സാര്‍ അനുഗ്രഹിക്കണം. ഇതെന്റെ ഹരിശ്രീ കുറിക്കലാണ്" എന്നാണ് പറഞ്ഞതെങ്കിലും മനസ്സില്‍ ഉണ്ടായിരുന്നത് "സാര്‍ എന്നെ താരം ആക്കണം. മടക്കി അയക്കരുതേ" എന്നായിരുന്നു. ആ കാലുകളിലെ വെള്ളം കണ്ടിട്ടൊരുപാട് നാളുകളായ സോക്സിന്‍ നാറ്റം സഹിച്ചു കണ്ണും പൂട്ടി വെട്ടിയിട്ട പനപോലെ കിടന്ന എന്റെ ചുമലില്‍ ഒരു കരസ്പര്‍ശം.അനുഗ്രഹിച്ച് സന്തോഷിക്കുന്ന സംവിധായകനെ വിചാരിച്ച് നോക്കുമ്പോള്‍ എന്നെ പിടിച്ച് എഴുന്നേല്‍പിച്ചത് അയാളല്ല, സലിംഅണ്ണന്‍ ആയിരുന്നു. ഊശാന്‍താടി ഡയറക്ടര്‍ എന്നെ കണ്ടില്ല എന്ന ഭാവേന സീരിയസ് ലുക്കോടെ ഇരുന്നു തല കുലുക്കി. സലിംഅണ്ണന്‍ ആശ്വാസത്തോടെ നിന്നു.

ഞാന്‍ കൈകൂപ്പി നിന്നു. അയാള്‍ അസിസ്റ്റന്റിനെ വിളിച്ച് എന്നെ കൂടെവിട്ടു. ആ പയ്യന്‍ എന്റെ പേരും ഫോണ്‍ നമ്പരും ചോദിച്ചപ്പോള്‍ സലിംഅണ്ണന്‍ ഇടപെട്ട് അതൊക്കെ എന്റെ കൈയ്യില്‍ ഉണ്ടെന്നു പറഞ്ഞത്‌ അന്നേരം പിടികിട്ടിയില്ല. (അയാളുടെ കഞ്ഞിയില്‍ ഞാന്‍ പാറ്റ ഇട്ടാലോ എന്ന പേടിയാണ് അത്). അസി.സംവിധായകപയ്യന്‍ എന്നെ മറ്റൊരു മുറിയില്‍ ചമയക്കാരന്റെ മുന്നില്‍ കൊണ്ടുചെന്നു. അവിടെ നടന്‍ ജയകൃഷ്ണയെ മേക്കപ്പ്‌ ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ഊഴം കാത്ത്‌ ടോണി, പിന്നെ ഞാനും. അങ്ങിനെ ഞാനും താരം ആവാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.

ഒളികണ്ണിട്ട് എന്നെ നോക്കിയ അവരോട് ഞാന്‍ ചിരിച്ചു. അവര്‍ അണിഞ്ഞൊരുങ്ങി പോയപ്പോള്‍ എന്നെ മേക്കപ്പ്‌ ഇടാന്‍ തുടങ്ങി. ഞാന്‍ പടച്ചതമ്പുരാനെ സ്തുതിച്ച് കണ്ണടച്ച് ഇരുന്നു. മുഖത്ത് പലതും വാരിപ്പിടിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. തണുപ്പും നേരിയ ചൂടും അനുഭവപ്പെട്ടു. ചമയക്കാരന്‍ ചെക്കന്റെ മൃദുവായ വിരലുകള്‍ എന്റെ മൂക്കിന്‍പാലത്തിലും നെറ്റിയിലും പാഞ്ഞുനടന്നു. കണ്ണ്തുറന്നു നോക്കിയപ്പോള്‍ എന്റെ മുഖം മിനുങ്ങിയിരിക്കുന്നു. മേയ്ക്കപ്പിനോക്കെ ഒരു പരിധിയില്ലേ. സലിംഅണ്ണന്‍ അതിനിടയില്‍ ബൈക്ക്‌ കീ മേടിച്ച് അതുമായി വേറെ ഏതോ ലൊക്കേഷനില്‍ പോയിരുന്നു. എന്റെ ഷൂട്ടിംഗ് കഴിയുമ്പോള്‍ വരും.

മേക്കപ്പിട്ട എന്നെക്കണ്ട് പ്രൊ.ബോയ്‌ 'കുടിക്കാന്‍ ചായയോ കാപ്പിയോ സാര്‍' എന്ന് ചോദിച്ചതും പ്രൊ.മാനേജര്‍ അവനെ കണ്ണുരുട്ടി വിട്ടു. 'ഡേയ്, ചെലവ് കൂട്ടല്ലേ, ഇവനൊന്നും താരമേ അല്ല' എന്നായിരുന്നോ അതിനര്‍ത്ഥം? ഞാന്‍ ചുമ്മാ അവിടെത്തെ ഒരുക്കങ്ങള്‍ നോക്കി ഒരു മൂലയില്‍ കുറ്റിയടിച്ചുനിന്നു. അസി.ഡയരക്ടര്‍ എന്നെ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ വക്കീല്‍ ഓഫീസ്‌ മുറിയായി സജ്ജീകരിച്ച സെറ്റില്‍ ലൈറ്റും ക്യാമറയും ഒക്കെ റെഡിയാക്കി ഊശാന്‍താടി ഡയറക്ടര്‍ ഒരു കസേരയില്‍ ഇരുന്ന്‍ വില്‍സ് സിഗരറ്റ്‌ പുകച്ച് സ്ക്രിപ്റ്റില്‍ അവസാന മിനുക്കുപണി ചെയ്യുന്നു. വക്കീല്‍ ആയി വേഷമിട്ട നടന്‍ ജയകൃഷ്ണ സീന്‍ വായിച്ച് ഇരിക്കുന്നു. എന്റെ റോള്‍ എന്താണോ എന്തോ എന്നറിയാതെ ചെന്നപ്പോള്‍ എന്റെ മനം കുളിരണിഞ്ഞു. ഇതുവരെ ഒരു സ്ക്രീനിലും കാണാത്ത പേരറിയാത്ത ഒരു നടി അണിഞ്ഞൊരുങ്ങി അവിടെ നില്‍പുണ്ട്. ഇതുവരെ നടി എവിടെ ആയിരുന്നു. മാനത്ത്‌ നിന്നും പൊട്ടിവീണ താരകം പോലെ തിളങ്ങിക്കൊണ്ട് നീലസാരിയും മാച്ച് ചെയ്യുന്ന ബ്ലൌസും വളയും മാലയും ഒക്കെയായി ഒരു തടിച്ചി നടി. എന്നെപ്പോലെ താരം ആകാനുള്ള ആരംഭഘട്ടത്തിലാണെന്ന് പിന്നീട് മനസ്സിലായി.

ഡയറക്ടര്‍ എന്നോടും സ്ത്രീയോടും വക്കീലായ ജയകൃഷ്ണയുടെ മേശയ്ക്ക് മുന്നിലെ രണ്ടു കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞു. അതിനു മുന്‍പ്‌ ഞാന്‍ ചെന്ന് ക്യാമറയെ തൊഴുതു. ക്യാമറാമാന് കൈകൊടുത്തു. (ഇതൊക്കെ കണ്ണില്‍പൊടിയിടല്‍ ആണ്. പിടിച്ചുനില്‍ക്കെണ്ടേ). അസി.സംവിധായകര്‍ സീന്‍ വിശദീകരിച്ചു. ഡയലോഗ് വായിച്ചു. പറയിപ്പിച്ചു. തെറ്റിക്കുമോ എന്ന് ചോദിച്ച് തുടക്കക്കാരന്റെ ഭയം കൂട്ടാന്‍ ആവുന്നതും ശ്രമിച്ചു. ഡയലോഗ് പ്രോമ്റ്റ്‌ ഉണ്ടാകും. എന്നാലും കൂടുതല്‍ ടേക്ക് പോകാന്‍ നേരമില്ല. ആ നേരത്ത്‌ എന്റെ മോഹങ്ങള്‍ കിനാക്കള്‍ പൂവണിയുന്നത് വിരിയുന്നത് ഞാനറിഞ്ഞു. അപ്പോള്‍ സംഗതി ഇതാണ്. വക്കീല്‍ ആപ്പീസില്‍ വന്ന ഭര്‍ത്താവും ഭാര്യയും. കള്ളുകുടിയനായ ഭര്‍ത്താവിന്റെ ശല്യം സഹിക്കാഞ്ഞ് വിവാഹമോചനത്തിന് വന്നതാണ് ഭാര്യ. കുറ്റം പറയുന്ന ഭാര്യക്ക്‌ ഭര്‍ത്താവില്‍ നിന്നും മോചനം വേണം. വക്കീല്‍ അവരെ ഉപദേശിച്ചു ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് സീന്‍.

ആദ്യം ക്യാമറ ഞങ്ങള്‍ക്ക്‌ പിറകില്‍ വെച്ച് വക്കീലായ നടന്‍ ജയകൃഷ്ണയുടെ ക്ലോസപ്പ്‌ എടുത്തു. ആ ആങ്കിളിലുള്ള അവസാനത്തേതും ആദ്യത്തേതുമായ ഡയലോഗുകള്‍ അടുക്കും ചിട്ടയും ഇല്ലാതെ ഷൂട്ട്‌ ചെയ്തു. പിന്നെ ലൈറ്റ്‌ പൊസിഷന്‍ മാറ്റി. ക്യാമറ പൊക്കി വേറെ സ്ഥലത്ത് വെച്ചു. ആ നേരം ജയകൃഷ്ണ എഴുന്നേറ്റ്‌ വിശ്രമിക്കാന്‍ പോയി. പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ലൈറ്റ്‌ ക്യാമറ റെഡി. അസി.ഡയറക്ടര്‍സ് വന്നു ഷോട്ട് പറഞ്ഞു. ഡയലോഗ് ഒന്നൂടെ പറയിപ്പിച്ച് എന്റെയും ഭാര്യയായി നടിക്കുന്ന തടിച്ചിയുടെയും പ്രഷര്‍ കൂട്ടിച്ചു. ഡയരക്ടര്‍ ആക്ഷന്‍ പറഞ്ഞു മോണിറ്ററിനു മുന്നില്‍ കുത്തിയിരുന്നു. ക്യാമറയുടെ ബട്ടന്‍ ഓണ്‍. ഞാനിതാ അഭ്രപാളിയില്‍ ആവാഹിക്കപ്പെടുന്നു. എന്റെ ചങ്ക് പടപടാന്നായി.

"സാര്‍, ഇവള്‍ വെറുതെ ഓരോന്ന് പറയുന്നതാ. എന്തിനും ഏതിനും കുറ്റമേ ഇവള്‍ കാണൂ."

"കട്ട്!"

ക്യാമറ ഓഫ് ആയി. ഡയരക്ടര്‍ മോണിറ്ററില്‍ നിന്നും കണ്ണെടുത്ത് ക്യാമറാമാനെ നോക്കി, പിന്നെ എന്നോട്: "തന്നോട് എവിടെ ലുക്ക് കൊടുക്കാനാ പറഞ്ഞത്‌? ഇനി തെറ്റിക്കരുത്."

"ശെരി സാര്‍."

ഞാന്‍ ചമ്മിപ്പോയി. ശെരിയാണ്. വക്കീല്‍ ആയി ഇരിക്കുന്ന നടന്‍ അവിടെ ഇപ്പോള്‍ ഇല്ല. പക്ഷെ അവിടെ അയാള്‍ ഉണ്ടെന്ന് വിചാരിച്ച് ക്യാമറമാന്‍ തന്ന ലുക്കില്‍ നോക്കി ഡയലോഗ് കാച്ചണം. ലൈറ്റ്‌ ക്യാമറാ.. ആക്ഷന്‍! ക്യാമറ ഓണ്‍. ക്യാമറമാന്‍ ഒരു കൈ പൊക്കി കാണിക്കുന്നതില്‍ തന്നെ നോക്കി ഞാന്‍ ആ ഡയലോഗ് പിന്നെയും ഭാവം വരുത്തി പറഞ്ഞു. ടേക്ക് ഒക്കെ!!

അസി.പയ്യന്‍ വിളിച്ചുകൂവി. "സീന്‍ ത്രീ ഷോട്ട് ഫോര്‍ ടേക്ക് ടൂ ഒക്കെയ്‌"

അവിടെയുള്ള ലൈറ്റിന്‍ചൂടില്‍ ഞാന്‍ വിയര്‍ക്കുന്നുണ്ട്. ചങ്കിടിപ്പ് അതിലധികം. പ്രൊ.ബോയ്‌ വെള്ളം കൊണ്ടുതന്നു. അത് കുടുകുടാ കുടിച്ചപ്പോള്‍ തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും അരിച്ചു പെറുക്കിയ ഇന്നസെന്റ് ചെയ്ത സീന്‍ ഓര്‍ത്തുപോയി. പിന്നെ ക്യാമറ ആംഗിള്‍ മാറ്റി ഭാര്യയായ നടിയുടെ മുഖത്ത്‌ ഫ്രെയിം വെച്ചു. അവളുടെ റിയാക്ഷന്‍ ഷോട്ട് ആയിരുന്നു. (റിയാക്ഷന്‍ എന്നാല്‍ ഞാന്‍ പറഞ്ഞ ഡയലോഗ് പറ്റാത്ത അവളുടെ ചിറി കോട്ടിയ മോന്ത). അതും മൂന്ന്‍ ടേക്ക് വേണ്ടിവന്നു. പിന്നെ അവള്‍ വക്കീലിനോട് ഭര്‍ത്താവായ എന്നെപ്പറ്റി കുറ്റം പറയുന്ന ഡയലോഗ്സ്.

"ഞാന്‍ ചുമ്മാതല്ല സാറേ പറയുന്നത്, ഇതിയാന്‍ എന്നും മോന്തിക്ക് കള്ളുംകുടിച്ച് വന്ന് എന്നെ ദ്രോഹിക്കും. എനിക്കിനി സഹിക്കാന്‍ വയ്യ. മടുത്തു." ഇതൊരു അഞ്ച് വട്ടം എടുത്തു ഓക്കെ ആക്കി. ഊശാന്‍താടിയിലെ രോമം പിഴുതെറിഞ്ഞ് എരിപിരി കൊള്ളുന്ന സംവിധായകന്‍ നടിയുടെ പുഞ്ചിരിയിലും നോട്ടത്തിലും ഒന്നും പറയാതെ ഇരുന്നു. പിന്നെയും ക്യാമറ എന്റെ മോന്തയില്‍ ഫോക്കസ്സായി. എന്റെ റിയാക്ഷന്‍ ആണ് എടുക്കേണ്ടത്‌. അതെങ്ങനെ വേണം എന്ന് ഞാന്‍ ചോദിച്ചു. സംവിധായകന്‍ ഊശാന്‍താടിയിലെ വെളുത്ത രോമം പറിച്ചെടുത്ത് അസി.പയ്യനോട് റിയാക്ഷന്‍ പറഞ്ഞു കൊടുക്കാന്‍ പറഞ്ഞു. അസി. പയ്യന്‍ വന്നിട്ട് എന്നോട് ചോദിച്ചു.

"ഏട്ടന്‍ വിവാഹിതന്‍ ആണോ?"

"അതെ"

"ഏട്ടനെക്കുറിച്ച് ഭാര്യ ഒരാളോട് കുറ്റം പറഞ്ഞു പരാതി നിരത്തുമ്പോള്‍ ഏട്ടന്‍ ചിരിക്കുമോ അതോ ദേഷ്യപ്പെടുമോ?"

"ഞാന്‍ അവള്‍ക്കു രണ്ടു പൊട്ടിക്കും!"

"അത്ര പൊട്ടിക്കേണ്ട. അത് ഏട്ടന്‍ വീട്ടില്‍ ചെന്നിട്ട് മതി. ഇവിടെ നമുക്ക്‌ വേണ്ട റിയാക്ഷന്‍ ഒരു വല്ലാത്ത നോട്ടം. ഭാര്യയെ നീ അത്രയ്ക്ക് ആയോടീ എന്നൊരു ലുക്ക്."

"ആ ലുക്ക് അല്ലെ. അത് ചെയ്യാം. സര്‍ ഞാന്‍ റെഡി."

ലൈറ്റ്‌.. ക്യാമറാ.. ........ ആക്ഷന്‍!

സമീപം ഇരിക്കുന്ന താല്‍ക്കാലിക ഭാര്യാനടിയെ അടിമുടി നോക്കി ഞാന്‍ അതിതീവ്രഭാവാഭിനയം കാഴ്ചവെച്ചു. ആ അടിമുടി ലുക്കില്‍ ഞാന്‍ അവളുടെ നിമ്നോന്നത,ദേഹപുഷ്ടി ഓക്കെ കണ്ടു വാ അറിയാതെ പൊളിച്ചുപോയി. ഉടന്‍ ഒരു അലര്‍ച്ച കേട്ടു.... "കട്ട്.!!"

കള്ളുകുടിയന്‍ ഭര്‍ത്താവെന്ന കഥാപാത്രത്തില്‍ നിന്നും ഞാന്‍ പരിസരബോധത്തില്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഊശാന്‍താടി സംവിധായകന്‍ മോണിറ്ററില്‍ എന്റെ ഭാവാഭിനയം കണ്ട് എന്തോ ഇഷ്ടക്കേട് ആയിരിക്കുന്നു. അയാള്‍ വളരെ വേഗത്തില്‍ എന്റെ അരികില്‍ എത്തി. ക്യാമറാമാനും സഹായികളും മറ്റുള്ളവരും അടക്കിപ്പിടിച്ച ചിരി. അയാള്‍ എന്റെ മുന്നില്‍ നിന്ന് നടിയെ അടിമുടി നോക്കിയിട്ട് എന്നോട് കയര്‍ത്തു:

"താന്‍ എന്തൊരു നോട്ടം ആണെടോ നോക്കിയത്? അത്രയ്ക്ക് ഭാവാഭിനയം ഒന്നും വേണ്ട. നീ ഒരു തേവിടിശ്ശിയെ അല്ല നോക്കേണ്ടത്."

തടിച്ചിക്കാരി നടി ചമ്മിപ്പോയി കൂനിക്കൂടി ഇരുന്നു. അയാള്‍ തുടര്‍ന്നു. "നീ നിന്റെ ഭാര്യയെ നോക്കുന്ന നോക്ക് ആണ് വേണ്ടത്‌. അത് പറഞ്ഞുതന്നത് അല്ലെ? ഇതെന്തോന്ന് നോട്ടമാണെഡേയ്! നമ്മള്‍ എടുക്കുന്നത് ഉച്ച,കമ്പിപ്പടം ഒന്നും അല്ല. ദൂരദര്‍ശന്‍ മെഗാസീരിയലാ അതോര്‍മ്മ വേണം."

"ശേരി സാര്‍. ഇനി ഞാന്‍ ലുക്കിന്റെ ഡോസ് കുറക്കാം." ഞാന്‍ ഇളിഞ്ഞുചിരിച്ചു.

പിന്നെ ഒന്ന് രണ്ടു മൂന്ന്‍ ടേക്ക് ഓക്കെ ആക്കി. ആരോ പോയി വിശ്രമിക്കാന്‍ പോയ നടന്‍ ജയകൃഷ്ണയെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം ഉറക്കച്ചടവ് മാറ്റാന്‍ ഒന്നൂടെ മുഖം ടച്ച്‌അപ്പ് ചെയ്തു റെഡിയായി. വീണ്ടും അയാള്‍ ഞങ്ങളോട് പറയുന്ന സീനുകള്‍ പല ആംഗിളില്‍ ഷൂട്ട്‌ ചെയ്തു. ഞാനും നടിയും കലഹം ആവുന്ന വക്കില്‍ വരെ എത്തും വിധം ഉള്ള ഉഗ്രന്‍ സീന്‍ ആയിരുന്നു അത്. അതുകഴിഞ്ഞ് ഞങ്ങളോട് വേറെ വസ്ത്രം ധരിച്ച് റെഡിയായി വരാന്‍ പറഞ്ഞയച്ചു. ഞാന്‍ നോക്കുമ്പോള്‍ എന്റെ വസ്ത്രം വെച്ച ബാഗ്‌ ഉള്ള ആക്ടീവ ബൈക്കുമായി സലിംഅണ്ണന്‍ വേറെ ലൊക്കേഷനില്‍ പോയിട്ട് വന്നിട്ടില്ല. എന്ത്‌ ചെയ്യും. വിളിക്കാന്‍ കൈയ്യില്‍ മൊബൈലും ഇല്ല. നേരെ കോസ്റ്റ്യൂമറുടെ അടുത്ത് പോയി ചുളുവില്‍ ഒരു ഷര്‍ട്ട് ധരിച്ചു തിരിച്ചെത്തി. അല്പം കഴിഞ്ഞു നടി അടിപൊളി ഗെറ്റ്അപ്പില്‍ പ്രത്യക്ഷപ്പെട്ടു.

ഇനി എടുക്കുന്നത് കഥയിലെ വേറെ സമയത്തെ സീനാണ്. കലാസംവിധായകന്‍ ഒരു ഗിഫ്റ്റ്‌ പൊതി (അതിലൊന്നും ഇല്ല. കാലി) ഞങ്ങളുടെ കൈയ്യില്‍ തന്നു. ക്യാമറ ആക്ഷന്‍ പറയുമ്പോള്‍ ഞങ്ങള്‍ ഡോര്‍ തുറന്ന് സന്തോഷത്തോടെ വക്കീലിനെ കാണാന്‍ വരുന്നു. വക്കീലിനെ കണ്ട് ഗിഫ്റ്റ്‌ ഞങ്ങള്‍ ഒരുമിച്ച് കൊടുക്കുന്നു. സന്തോഷത്തോടെ ചിരിക്കുന്നു. അപ്പോള്‍ വക്കീല്‍ ഞങ്ങളോട്: "ഇനി കഴിഞ്ഞതെല്ലാം നിങ്ങള്‍ മറക്കണം. വിവാഹജീവിതം സന്തുഷ്ടമായി മോന്നോട്ടു കൊണ്ട്പോകുക. രാജന്‍ ഇനി മദ്യപിക്കരുത്. ഭാര്യയെ പൊന്നുപോലെ നോക്കുക. വിഷ് യു ആള്‍ ദി ബെസ്റ്റ്‌."

എന്റെ കഥാപാത്രത്തിന്റെ പേര് രാജന്‍ ആണെന്നത് അന്നേരമാണ് ഞാന്‍ അറിയുന്നത്. നാടകത്തില്‍ നാം സീന്‍ വഴിക്കുവഴി ചെയ്ത് താദാത്മ്യം പ്രാപിച്ച് ഉഷാറാക്കും. സിനിമ-സീരിയലില്‍ മരണരംഗം ആദ്യവും ജീവനോടെയുള്ള രംഗങ്ങള്‍ ഒടുക്കവും ഷൂട്ട്‌ ചെയ്യും. ഒരന്തം കുന്തം കിട്ടാത്ത ഒരു ലോകം! ചീറ്റിംഗ് എന്നൊരു ഒഫീഷ്യല്‍ പ്രയോഗം തന്നെ ഷൂട്ടിംഗില്‍ ഉണ്ട്. ചീറ്റ് ചെയ്തെടുക്കുക. നാം സ്ക്രീനില്‍ കാണുന്നതൊന്നും വിശ്വസിക്കരുത്. എല്ലാം ചീറ്റ് ചെയ്തെടുത്തവയാണ്.

സലിംഅണ്ണന്‍ ബൈക്കുമായി വന്നത്‌ ഏറെ വൈകിയാണ്. അന്ന് രാത്രി, പലഹാരങ്ങള്‍ വാങ്ങി വീട്ടിലെത്തുമ്പോള്‍ എന്നെക്കാത്ത് ഭാര്യ കോലായില്‍ ഇരിപ്പുണ്ടായിരുന്നു. വിശേഷങ്ങള്‍ അവളോട്‌ പറഞ്ഞു. അവള്‍ക്ക് സന്തോഷമോ സങ്കടമോ ഇല്ലായിരുന്നു. വന്ന് കഞ്ഞി കുടിച്ച് കിടക്കാന്‍ പറഞ്ഞ് അവള്‍ കിടക്കാന്‍ പോയി. ബാക്കി എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു.

എന്റെ അരങ്ങേറ്റം അറം പറ്റിപ്പോയി എന്നത് മാത്രമാണ് എന്നെ അലട്ടുന്ന തീരാദുഃഖം. ഇതിലെ പോലെ ഒടുവില്‍ ഞാനും ഭാര്യയും കുടുംബക്കോടതിയിലും എത്തപ്പെട്ടു എന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നി? അതും ഈ സീരിയലിലെ രാജനും രാധയും പോലെ, ഒരു നിമിഷത്തെ എന്റെ 'കുടി'അബദ്ധംമൂലം ഞങ്ങള്‍... അത്ര മാത്രം അറിഞ്ഞാല്‍ മതി..

ശുഭം.

11 comments:

  1. ഇനി നാല് കി.മീ മാത്രം -അവസാന ഭാഗം പോസ്റ്റ്.

    ReplyDelete
  2. ഏയ് ഇതു ഒരു കിലോമീറ്ററെ ആയിട്ടുള്ളൂ, മൂന്ന് കിമി ഇനിയും ബാക്കി

    ReplyDelete
  3. കഥാപാത്രത്തിലെ പോലെ അവസാനം ജീവിതത്തിലും രണ്ടാളും ഒത്തു തീര്‍പ്പായി എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. hmm..അറിയുന്നു ഞാന്‍ ...പലപ്പോഴും കളികള്‍ കാര്യമാകാരുണ്ട്..ജീവിതം ഇങ്ങിനെയൊക്കെയാണ്..

    ReplyDelete
  5. വായിച്ചു, ഇതിനെങ്ങനെയാ സ്മൈലി ഇടുക.

    ReplyDelete
  6. ചേട്ടാ കലക്കി ട്ടോ ......

    ReplyDelete
  7. കളി കാര്യമായെങ്കില്‍ അവസാനം ശുഭവുമായിക്കാണുമല്ലോ

    ReplyDelete
  8. എങ്കിലും ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക.അത്ര തന്നെ

    ReplyDelete
  9. എന്നിട്ടെന്തായി സ്വന്തം ജീവിതത്തിൽ ?

    ReplyDelete
  10. എന്റെ ജീവിത-സീരിയല്‍ കഥ വന്നു വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു. അടുത്ത കഥ വരും വരെ വണക്കം..:)

    ReplyDelete