Friday, July 2, 2010

മുകളിലേക്ക്‌ പോയ്‌മറഞ്ഞ ശ്രീ.എം.ജി.രാധാകൃഷ്ണന്‍

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ദുബായിലെ ഒരു ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള കൂടിക്കാഴ്ച ആയിരുന്നു അത്.

ഒരു സ്റ്റേജ് പ്രോഗ്രാമിന് വന്നതായിരുന്നു ശ്രീ.എം.ജി രാധാക്യഷ്ണനും മറ്റ് സിനിമാക്കാരും. അവരെ ഒരു നോക്ക് കാണാന്‍ സാധിക്കുമെങ്കില്‍ പരിചയപ്പെടാനും വേണ്ടി ഞങ്ങള്‍ കൂട്ടുകാര്‍ മൂന്ന്‍ പേര്‍ ആഗ്രഹിച്ചു. അന്ന് ചിത്രീകരിച്ചുകൊണ്ടിരുന്ന 'മണല്‍ക്കാറ്റ്‌' സീരിയലിന്റെ സംവിധായകന്‍ നാസറും, നിര്‍മ്മാതാവ്‌ അസീസും പിന്നെ ഞാനും അവര്‍ താമസിക്കുന്ന ബര്‍ദുബായിലെ ഹോട്ടലിലെത്തി.

റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ നാലാം നിലയിലെ റെസ്റ്റോറന്റില്‍ ഉണ്ടെന്നറിഞ്ഞു. ലിഫ്റ്റില്‍ അങ്ങോട്ട്‌ കുതിച്ചു. അവിടെ ചെന്നപ്പോള്‍ അവര്‍ രണ്ടാം നിലയിലെ ഹാളില്‍ റിഹേഴ്സലില്‍ ആണെന്നറിഞ്ഞു. ഞങ്ങള്‍ വീണ്ടും ലിഫിറ്റില്‍ കയറി താഴോട്ട്...

മൂന്നാം നിലയില്‍ ലിഫ്റ്റ്‌ നിന്നു ഡോര്‍ ഇരുവശത്തേക്കും മാറിയപ്പോള്‍ തെളിഞ്ഞു വന്നത് ചിരപരിചിതരായ ഏതാനും വ്യക്തികള്‍. അവരെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ തിളങ്ങി. എം.ജി.രാധാകൃഷ്ണനും വേണുഗോപാലും ദിലീപും സലിംകുമാറും ലിഫ്റ്റില്‍ പ്രവേശിച്ചപ്പോള്‍ ഞങ്ങള്‍ ഒതുങ്ങിനിന്ന് അവര്‍ക്ക്‌ ഇടം നല്‍കി. ലിഫ്റ്റ്‌ ചലിച്ചപ്പോള്‍ പന്തികേടോടെ എം.ജി. ആരോടെന്നില്ലാതെ ചോദിച്ചു:

"ലിഫ്റ്റ്‌ മുകളിലേക്ക്‌ അല്ലേ പോകുന്നത്?"

"സര്‍, നമ്മള്‍ ഇത്ര ആളുകള്‍ ഇല്ലേ. ഭാരക്കൂടുതല്‍ കാരണം ലിഫ്റ്റ്‌ ആദ്യം താഴോട്ട് പൊയ്ക്കോട്ടേ. പിന്നെ മുകളിലേക്ക്‌ പോകാലോ.."

കിട്ടിയ വേളയില്‍ ഞാന്‍ ഗോളടിച്ചത് പിടിക്കാതെ സ്നേഹിതര്‍ എന്റെ കാലില്‍ ചവിട്ടി ഒതുക്കിവിട്ടു. നര്‍മ്മം രസിച്ച് എം.ജി. പൊട്ടിച്ചിരിയോടെ എന്റെ കൈ കുലുക്കി. ദിലീപ്‌ കവിളിലെ പേശി പെരുക്കി നിന്നപ്പോള്‍ സലിംകുമാര്‍ 'ഇതൊക്കെ എന്തോന്ന് തമാശ' എന്ന ഭാവത്തില്‍ ഉണ്ടക്കണ്ണുകള്‍ ലിഫ്റ്റിന്റെ വാതിലില്‍ തറപ്പിച്ച് നിന്നു.

"കൊള്ളാലോ. ഇങ്ങനെത്തെ ആളുകളും ഗള്‍ഫിലുണ്ടല്ലോ. നന്നായി വരട്ടെ." എന്നാശംസിച്ച അദ്ദേഹത്തെ കൈകൂപ്പി ഞാന്‍ നന്ദി നേര്‍ന്നു.

ലിഫ്റ്റ്‌ താഴെയെത്തി. സ്നേഹിതര്‍ പുറത്തിറങ്ങിയത്‌ ശ്രദ്ധിച്ചിരുന്നില്ല. വാതില്‍ അടയാറായപ്പോള്‍ "ആള് ഇറങ്ങാനുണ്ടേയ്" എന്ന ഒരു ഗോള്‍ കൂടി അടിച്ചുകൊണ്ട് ഞാന്‍ വെളിയില്‍ ചാടി. തിരിഞ്ഞു നോക്കി കൈവീശിയപ്പോള്‍ ചിരപരിചിതമായ ചിരിയോടെ വെള്ളജുബ്ബയില്‍ അദ്ദേഹം കൈവീശിക്കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം മുകളിലേക്ക്‌ പുറപ്പെട്ടു.

വാല്‍ക്കഷണം:-

ഇന്ന് (ജൂലൈ രണ്ട്) ഉച്ചയ്ക്ക് അദ്ദേഹം ലോകം വിട്ടു മുകളിലേക്ക്‌ പോയ്‌മറഞ്ഞത് അറിഞ്ഞിരുന്നില്ല. ഒരു കൂട്ടുകാരനുമായി വൈകുന്നേരം അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്‍ററിലേക്ക്‌ നടക്കുമ്പോള്‍ പലതും പറയുന്ന കൂട്ടത്തില്‍ ഈ അനുഭവകഥയും പറഞ്ഞു. അവിടെയെത്തിയ ഞങ്ങള്‍ നോട്ടീസ്‌ ബോര്‍ഡില്‍ 'എം.ജി.രാധാക്യഷ്ണന് ആദരാഞ്ജലികള്‍' എന്ന് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി! അന്ധാളിപ്പ് അല്പമെങ്കിലും മാറിക്കിട്ടുവാന്‍ ഇതിവിടെ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിച്ചു.

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേര്‍ന്നുകൊണ്ട്....

5 comments:

  1. മുകളിലേക്ക്‌ പോയ്‌മറഞ്ഞ ശ്രീ.എം.ജി.രാധാകൃഷ്ണന്‍

    ReplyDelete
  2. ഇന്ന് എന്‍റെ പിറന്നാലും ...ആദരാഞ്ജലികള്‍

    ReplyDelete
  3. ആദരാഞ്ജലികള്‍

    ReplyDelete
  4. ആദരാഞ്ജലികള്‍

    ReplyDelete
  5. ഞാനും പങ്കുവെക്കുന്നു...

    ReplyDelete