Monday, September 24, 2012

താരകതിലകം


മലയാള സിനിമയിലെ പെരുന്തച്ചന്‍ തിലകേട്ടനെ ഞാന്‍ ആദ്യമായി കണ്ടത്‌ 1986-ല്‍ 'എന്നെന്നും കണ്ണേട്ടന്റെ' ചിത്രീകരണത്തിന് നിലമ്പൂരില്‍ അദ്ദേഹം വന്നപ്പോഴാണ്. അതില്‍ അദ്ദേഹത്തോടൊപ്പം നെടുമുടിവേണുവും ജഗതിയും അഭിനയിച്ചിരുന്നു. (നെടുമുടി അപ്പൂപ്പന്‍ ആയും തിലകന്‍ മകനായും).

അന്ന് ഞാന്‍ സ്കൂള്‍ ക്ലാസ്‌ കട്ട് ചെയ്ത് ദിവസം മുഴുവനും ഷൂട്ടിംഗ് കണ്ടു നില്‍ക്കുമായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് എന്നെ സെറ്റിലെ പലര്‍ക്കും പരിചിതമായി. (അവരുടെ വ്യൂ പോയന്റില്‍ ഒരു വായ്‌നോക്കി ആയിട്ടാവാം.) പരുക്കനായ തിലകേട്ടന്‍ സെറ്റില്‍ ആരോടും അടുക്കാതെ എപ്പോഴും തനിച്ചിരിക്കുന്നത് കണ്ടു. ജഗതി എത്തിയാല്‍ സെറ്റ്‌ ആകെ രസമയം ആകുമ്പോഴും ചിരിയില്‍ കൂടാതെ തിലകേട്ടന്‍ മാറിതന്നെ ഇരുന്നു.

അന്നൊക്കെ എന്നിലെ സിനിമാഭ്രമം സ്വപ്നമായി തന്നെ കിടന്നു. യാദൃശ്ചികമായി 2010-ല്‍ തിലകേട്ടന്‍ അഭിനയിച്ച വിനയന്‍ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ മജിസ്റ്റ്രേറ്റ് വേഷം എനിക്ക് ചെയ്യാന്‍ അവസരം കിട്ടി. ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നുവെങ്കിലും ആ  നടനതിലകത്തിന്റെ സിനിമയില്‍ എനിക്ക് കിട്ടിയ ഒരു പുരസ്കാരം ആയി ഞാന്‍ കാണുന്നു.

സിനിമയില്‍ പലവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട ആ അഭിനേതാവിന് വിനയന്‍ എന്ന ഒറ്റയാന്‍ ആണ് നല്ലൊരു വേഷം ഈ സിനിമയില്‍ നല്‍കിയത്‌. അതിനു ശേഷമാണ് രഞ്ജിത്ത് 'ഇന്ത്യന്‍ റൂപ്പി'യില്‍ അസാധ്യകഥാപാത്രം നല്‍കിയത്‌. പക്ഷെ, ഇന്ന് ടിവിയില്‍ ഒക്കെ വാര്‍ത്താവായനക്കാര്‍ വിനയനെ പരാമര്‍ശിച്ചത് കണ്ടില്ല. ഇന്ത്യന്‍ റൂപ്പിയും രഞ്ജിത്തും ആണ് തിലകനെ തിരികെ മലയാളസിനിമയില്‍ കൊണ്ടുവന്നത് എന്നാക്കി അവര്‍ നമ്മുടെ ചെവിയില്‍ എത്തിച്ചു.

സ്കൂള്‍ കട്ട് ചെയ്ത് അന്ന് അദ്ദേഹം ഒക്കെ അഭിനയിക്കുന്നത് വാപൊളിച്ച് നോക്കി നിന്ന ഞാന്‍ ഇന്ന് ഓഫീസില്‍ പോകാതെ ആ മഹാകലാകാരന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികള്‍ ..