പണ്ട്, അതായത്, എന്‍റെ പന്ത്രണ്ടാം വയസ്സില്‍ ആണത്. സ്കൂള്‍ അവധിയും റമസാന്‍ നോയമ്പും ഒരുമിച്ച് വന്ന കാലം. അന്ന് കുറച്ചുനാള്‍ ഞാന്‍ ഉമ്മയുടെ ചോക്കാട് വീട്ടില്‍ പാര്‍ക്കാന്‍ പോയി. ആ വീടിനെ പറ്റി പറയുകയാണെങ്കില്‍, പത്ത് ഏക്കറില്‍ ഭാഗം തിരിച്ച് വളര്‍ത്തുന്ന റബ്ബര്‍, തെങ്ങ്, കവുങ്ങ്, കശുവണ്ടി, മാവ്, പ്ലാവ്, വാഴത്തോട്ടം എന്നിവയ്ക്ക് നടുവില്‍ നിലകൊള്ളുന്ന പഴയ ഓടിട്ട വീടാണ്. കിണറിനപ്പുറം റബ്ബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രങ്ങള്‍ രണ്ടെണ്ണം ഉള്ള ഷെഡ്. പരിസരമാകെ റബ്ബറും കശുവണ്ടിയും ചക്കയും വാഴപ്പഴവും കൂടിക്കലര്‍ന്ന മണം ഉണ്ടാവും. മണിയന്‍ ഈച്ചകള്‍ മൂളി പറക്കുന്നതും തേനീച്ചകള്‍ വെട്ടിമാറി മറയുന്നതും കാണാം. പറമ്പിന്റെ അരതിര് പരുത്തിവള്ളികള്‍ കെട്ടുപിണഞ്ഞ് തടയിട്ടുള്ള നല്ല തെളിനീര് ഒഴുകുന്ന പുഴയാണ്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന മാന്‍ചീരി പുഴ വേനല്‍കാലത്ത് തെളിച്ചമുള്ള അരുവി പോലെയാകും. അതില്‍ 'എഴുത്തച്ഛന്‍ ' എന്ന് വിളിക്കപ്പെടുന്ന മെലിഞ്ഞു നീണ്ട പ്രാണികള്‍ ജലോപരിതലത്തില്‍ പലതും എഴുതിക്കൊണ്ട് നീങ്ങുന്നത് കാണാം.
ഈ വീട്ടില്‍ കഴിയുന്നത് ഉമ്മുമ്മയും (മരിച്ചുപോയി) കുഞ്ഞാമയും മൂന്ന് മാമമാരും ആയിരുന്നു. നോയമ്പ് കാലം ആയതിനാല്‍ മാമാമാര്‍ക്ക് തിന്നാനുള്ളത് ഉണ്ടാക്കി നോമ്പ് നോറ്റ ഉമ്മുമ്മയും കുഞ്ഞാമയും ക്ഷീണിച്ച് നോമ്പുതുറ നേരം ആവുന്നതും കാത്തിരിക്കും. കുഞാമയ്ക്കും മകള്‍ പാത്തുണ്ണിക്കും (മരിച്ചുപോയി) താമസിക്കാന്‍ പണ്ട് വല്യുപ്പ നിര്‍മ്മിച്ച് കൊടുത്ത ഒറ്റമുറിപുര റബ്ബര്‍മരങ്ങള്‍ക്കിടയില്‍ ദൂരെയായി ഒരു കുന്നിന്‍മുകളില്‍ (പറമ്പിലെ ഒരറ്റത്ത്) കാണാം. (അതിന്നില്ല). മകള്‍ മരിച്ചപ്പോള്‍ കുഞ്ഞാമ എട്ടത്തിയുടെ കൂടെ കഴിയാന്‍ തറവാട്ടുപുരയിലേക്ക് പോന്നു.
ഇപ്പോള്‍ കുന്നിന്‍മുകളിലെ ഒറ്റമുറിപുരയില്‍ പകല്‍ കഴിയുന്നത് കുഞ്ഞുമാമയായ അബ്ദുള്ളക്കുട്ടിയാണ്. പ്രിഡിഗ്രി തോറ്റപ്പോള്‍ പഠിക്കാന്‍ എന്നും പറഞ്ഞ് പുസ്തകങ്ങളുമായി മൂപ്പര്‍ അവിടെ ആയി വാസം. ഭക്ഷണസമയം ആവുമ്പോള്‍ തറവാട്ടില്‍ പൊങ്ങും, പിന്നെ മുങ്ങും. അവധിക്ക് തറവാട്ടില്‍ എത്തിയ ഞാന്‍ മാമയെ കാണാന്‍ വേണ്ടി അവിടെ ചെന്നപ്പോള്‍ മാമ കോലായില്‍ തിണ്ടിന്മേല്‍ കാലുകള്‍ നീട്ടിവെച്ചുകൊണ്ട് പ്ലാസ്ടിക് വയര്‍ മുടഞ്ഞ കസേരയില്‍ സുഖമായി ഇരുന്ന് പുസ്തകം വായിക്കുകയാണ്. പാഠപുസ്തകം അല്ല. നാന വാരികയാണ്. സമീപം വേറെയും നാനമാര്‍, സഖിമാര്‍, മനോരമമാര്‍, വനിതാ, ഗൃഹലക്ഷ്മിമാര്‍, പിന്നെ മനശ്ശാസ്ത്രം, മനോരോഗം മാസികമാരും കുന്നുകൂടി കിടപ്പുണ്ട്. അവധിക്കാലം ബോറടിക്കില്ല എന്ന് മനസ്സിലായ ഞാന്‍ മാമയെ കെട്ടിപ്പിടിച്ചു ആഹ്ലാദം അറിയിച്ചു.
ആ വാരികകൂനയിലേക്ക് കൂപ്പുകുത്താന്‍ തുനിഞ്ഞ എന്നെ മാമ തടഞ്ഞു. അവയൊന്നും കുട്ടികള്‍ക്ക് നോക്കാന്‍ പോലും പാടില്ലാത്രേ. അത് വക വെക്കാതെ ഞാന്‍ അവ എടുത്ത് തിണ്ണയില്‍ ഇരുന്ന് മറിച്ചുനോക്കി. തടഞ്ഞാല്‍ സംഗതി കേന്ദ്രത്തില്‍ അറിയിക്കുമെന്ന് കട്ടായം പറഞ്ഞപ്പോള്‍ മാമ സമ്മതിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു കിളിനാദം ഉമ്മറപ്പടിയില്‍ എത്തി. നോക്കുമ്പോള്‍ അയല്‍പക്കത്തെ പെണ്ണാണ്. പാല്‍ വിതരണം കഴിഞ്ഞുവരും വഴിയാണെന്ന് തോന്നുന്നു, കൈയ്യില്‍ പാത്രമുണ്ട്. മറുകൈയ്യില്‍ മംഗളം വാരികയും. അത് മാമയെ ഏല്പിച്ച് പുതിയ മംഗളം എത്തിയോ എന്ന് അവള്‍ ചോദിച്ചു. പകരം മനോരമ മതിയോ എന്ന് മാമയും ചോദിച്ചു. എന്നെ നോക്കി എപ്പോ എത്തി ഈ ചെക്കന്‍ എന്നൊരു ചോദ്യം ആ പെണ്ണ്.. വരും വഴിയാണ് എന്ന് ഞാനും മൊഴിഞ്ഞു. മനോരമ ചുരുട്ടി പാല്‍ പാത്രത്തില്‍ ഇട്ടു മൂടിയിട്ട് അധികം നില്‍ക്കാതെ അവള്‍ വന്ന വഴിയെ മടങ്ങി. ഒറ്റപ്പുര ഒരു താല്‍ക്കാലിക ലൈബ്രറി ആയിരിക്കുന്നു എന്ന് തോന്നുന്നു..
മാമ എന്‍റെ മാമ ഒക്കെ ആണെങ്കിലും എനിക്ക് ഒരു സുഹൃത്തിനെ പോലെയാണ്. ഞങ്ങള്‍ സിനിമാവിശേഷങ്ങള്‍ നാന, ചിത്രഭൂമി എന്നിവ നോക്കി ചര്‍ച്ച ചെയ്യും. കണ്ട സിനിമകളെ കീറിമുറിക്കും. അല്പസ്വല്പം നാട്ടുവിശേഷങ്ങള്‍ പറയും. അങ്ങനെ കാലം കഴിയും. പാവം ആ പോയ പെണ്ണിന്‍റെ കെട്ട്യോന്‍ പോയി. കുട്ട്യോളും ഇല്ല. മാമ സംഗതി പറഞ്ഞ് നിശ്വസിച്ചുകൊണ്ട് ഒരു മനശ്ശാസ്ത്രം വാരിക തുറന്നുപിടിച്ച് വീശിത്തുടങ്ങി. ദൂരെ പോയിമറയുന്ന അവളെ ഞാന്‍ ഏന്തിവലിഞ്ഞു നോക്കി നെടുവീര്‍പ്പിട്ടു. ഓരോ വിധി.. അങ്ങകലെ ഒരു കുയില്‍ ഇടവിട്ട് കൂവിക്കൊണ്ടിരുന്നു.
തറവാട്ടില്‍ പോയിട്ടാണോ വരുന്നതെന്ന് മാമ ചോദിച്ചു. അവിടെ അടുക്കളയില്‍ വല്ലതും തിന്നാന്‍ തയ്യാര്‍ ആണോന്നു ചോദിച്ചു. പത്തിരി ചുട്ടുകൊണ്ടിരിക്കുന്ന സംഗതി പറഞ്ഞപ്പോള്‍ എന്നാല്‍ കുറച്ചു കഴിഞ്ഞു പോകാംന്ന്‍ മാമ പറഞ്ഞു. ഇന്ന് രാത്രി ഒരു സിനിമക്ക് പോയാലോ എന്നായി മാമ.. എന്നാല്‍ ആവാലോ എന്ന് ഞാനും. പക്ഷെ എങ്ങനെ പോയി വരും? രാത്രി ബസ്സ് കിട്ടുമോ പൂക്കോട്ടുംപാടം വരെ പോവെണ്ടേ? (സിനിമ കാണണമെങ്കില്‍ ചോക്കാട് ടു പൂക്കോട്ടുംപാടം 14 കി.മീ പോകണം).
അബുമാമയുടെ സൈക്കിള്‍ എടുത്ത് പോകാം എന്നായി മാമ. എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയാം, പക്ഷെ റോഡില്‍ ചവിട്ടി പരിചയമില്ല എന്നായി ഞാന്‍. നീ അനങ്ങാതെ ഇരുന്നാല്‍ മതി എന്ന് മാമ പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷായി. പക്ഷെ ഉമ്മുമ്മയോടു എന്തെങ്കിലും നുണ പറയണം. അത് എന്‍റെ ജോലിയാണ് എന്ന് മാമ സൂചിപ്പിച്ചു. ഒക്കെ ഞാനേറ്റു എന്ന് വീമ്പിളക്കി ഞങ്ങള്‍ ഊറ്റം കൊണ്ട് ഇരുന്നു. ഏതാ സിനിമ എന്ന് ചോദിച്ചപ്പോള്‍ മാമ അന്നത്തെ മനോരമ ദിനപത്രം മറിച്ചുനോക്കി എനിക്ക് തന്നു. ഞാനും മറിച്ചുനോക്കി.
'ഇന്നത്തെ സിനിമ' എന്ന കോളത്തില്‍ കണ്ടു, പൂക്കോട്ടുംപാടം സരണിയില്‍ പടം 'വിടുതലൈ', നടിക്കുന്നത് രജനീകാന്ത്, ശിവാജി ഗണേശന്‍ , ബാലാജി, വിഷ്ണുവര്‍ദ്ധന്‍ , മാധവി, അനുരാധ. അത് വിടമാട്ടൈ എന്നായി ഞങ്ങള്‍ ..
തറവാട്ടില്‍ ഞങ്ങള്‍ ഒരുമിച്ച് ചെന്നു. ഉമ്മുമ്മ അടുക്കള വീഥനയില്‍ കയറി ഇരുന്നുകൊണ്ട് കുഞ്ഞാമ പരത്തികൊടുക്കുന്ന പത്തിരി ചട്ടിയില്‍ ഇട്ടുചുടുന്ന തിരക്കിലാണ്. സമീപം മണ്ണെണ്ണ വിളക്ക് പുകച്ചുരുള്‍ പരത്തി കത്തികൊണ്ട് ഇരിപ്പുണ്ട്. പോത്തിറച്ചിക്കറിയുടെ മണം മൂക്കില്‍ അടിച്ചുവരുന്നു. അത് എപ്പോഴോ കിട്ടിത്തുടങ്ങിയിട്ടാവാം രണ്ട് പൂച്ചകള്‍ മോങ്ങികൊണ്ട് അടുക്കളയില്‍ ചുറ്റിത്തിരിയുന്നുണ്ട്. അബുമാമ നോമ്പില്ലാതെ പട്ടാപകല്‍ കാജാബീഡി കത്തിച്ച് പുകച്ചുകൊണ്ട് മുറ്റത്ത് ഉലാത്തുന്നു. സുഖമില്ലാത്ത കമാല്‍ മാമ (മരിച്ചു പോയി) തന്‍റെ മുറിയില്‍ വിജനതയിലേക്ക് നോക്കി ആരോടെന്നില്ലാതെ പുഞ്ചിരിച്ചുകൊണ്ട് ഇരിപ്പുണ്ട്.
മഗ്രിബ് വാങ്ക് കൊടുത്തു. നോമ്പ് തുറക്കാനുള്ള അലാറം കേട്ടപ്പോള്‍ ഉമ്മുമ്മ, കുഞ്ഞാമ പിന്നെ നോമ്പില്ലാത്ത ഞങ്ങളും പത്തിരി പോത്തിറച്ചിക്കറി, ചൂടുചായ എന്നിവ ആവോളം ഭക്ഷിച്ചു എമ്പക്കമിട്ടു. നിസ്കാരപ്പായയില്‍ ഇരിക്കുന്ന ഉമ്മുമ്മയും കുഞ്ഞാമയും. കോലായില്‍ ഇരുന്ന മാമ എന്നെ തോണ്ടി നേരത്തെ ഉറപ്പിച്ച നമ്പര്‍ ഇറക്കാനും രാത്രി സിനിമക്ക് പോകാനുള്ള വഴി ഒപ്പിക്കാനും തിരക്കൂട്ടി. ഞാന്‍ പതുക്കെ ഉമ്മുമ്മയുടെ അരികിലേക്ക് നടന്നു.
(തുടരും.../-)