Tuesday, January 15, 2008

എം. ഒ. ദേവസ്യയ്‌ക്ക്‌ പ്രണാമം...


ആയിരത്തി ഇരുന്നോറോളം സിനിമകള്‍‌ക്ക് ചമയം നിര്‍‌വഹിച്ച പ്രസിദ്ധനായ എം. ഒ. ദേവസ്യ ഇനിയൊരു ഓര്‍‌മ്മയായി. രജനീകാന്തിന്റെ പേഴ്‌സണല്‍ മേക്കപ്പുകാരനായിരുന്നു കുറേകാലം. തിക്കുറുശ്ശിയുടെ മുഖത്താണ്‌ ആദ്യമായി ചായം ചാര്‍‌ത്തിയത്. സത്യന്‍, നസീര്‍, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍‌ലാല്‍ തുടങ്ങി ഇങ്ങേയറ്റത്തെ പുതുമുഖങ്ങള്‍‌ക്ക് വരെ ചമയമണിയിച്ചു. മരിക്കുന്നതിന്‌ തൊട്ടുമുന്നെയുള്ള ദിവസങ്ങളില്‍ പോലും ചലച്ചിത്രരംഗത്ത് സജീവമായിരുന്നു ദേവസ്യ. ഇദ്ദേഹത്തിന്റെ മകന്‍ ജോര്‍‌ജ്ജ് ഇന്ന് മമ്മൂട്ടിയുടെ മേക്കപ്പുമാനാണ്‌.

ഇനി ഒരു സ്മരണക്കുറിപ്പിലേക്ക്‌...

വര്‍ഷം 2001. അന്നു ഞാന്‍ തിരുവനന്തപുരത്ത് ഛായാഗ്രഹണം പഠിച്ചിറങ്ങി സിനിമാലോകത്ത് ചുറ്റിപറ്റി നടക്കുന്നൊരു കാലം. ഒരു സിനിമാനിര്‍‌മാതാവിന്റെ ഓഫീസ് മാനേജറായി താമസവും ചിലവും ഫ്രീയായി കിട്ടുന്നൊരു വേള. ബോസ്സിന്റെ ബം‌ഗ്ലാവില്‍ ഒരു നാള്‍ ഷൂട്ടിംഗ് സംഘം വന്നു. അന്നത്തെ സംഭവകഥ വിശദമായി ദാ ഇവിടെയിട്ടിരുന്നു.
http://mycinemadiary.blogspot.com/2007/02/1.html
http://mycinemadiary.blogspot.com/2007/02/2.html
http://mycinemadiary.blogspot.com/2007/02/3.html
http://mycinemadiary.blogspot.com/2007/02/blog-post.html

അക്കൂട്ടത്തില്‍ എം.ഒ.ദേവസ്യ മാഷും ഉണ്ടായിരുന്നു. നടി ഇന്ദ്രജയ്‌ക്കും നടന്‍‌സ്‌ ഹരിശ്രീ അശോകനും, രാജന്‍ പീ ദേവിനുമെല്ലാം ചായം തേക്കുന്ന കൂട്ടത്തില്‍ ഒരു ചിന്നവേഷം ചെയ്യാന്‍ കൊതിപൂണ്ടുനിന്ന എന്റെ മോന്തയിലും ആ മഹാന്‍ ചായം വാരിപ്പൂശി തന്നു. ഇന്നതോര്‍‌ക്കുമ്പോള്‍... കണ്ണുകള്‍ നിറയുന്നു.

പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം തൊട്ട് സിനിമകള്‍ കാണുന്നേരം വെള്ളിത്തിരയില്‍ മിന്നിത്തെളിയുന്ന 'ചമയം - എം.ഒ. ദേവസ്യ' എന്നു ശ്രദ്ധിച്ച മാത്രയില്‍ വിചാരിച്ചതാണ്‌ അദ്ധേഹത്തെ ഒരിക്കല്‍ കാണണമെന്നത്. അത് സഫലീകരിച്ചത് അന്നായിരുന്നു. പ്രത്യേകിച്ച് ഐ.വി.ശശി പടങ്ങളും ഒരു പറ്റം കാട്ടുജാതിസിനിമകളും - മലയത്തിപ്പെണ്ണ്‌, ആദിപാപം മുതലായവ ദേവസ്യമാഷിന്റെ ചായമഷിക്കൂട്ടുകള്‍ നിറമണിയിച്ചവയാണല്ലോ. ആ മഹാന്റെ മുന്നില്‍ തൊഴുകൈയ്യോടെ മുഖത്ത് മിനുക്കുപണികള്‍ ചെയ്യാന്‍ വേണ്ടി ഇരുന്നുകൊടുക്കാനുള്ള ഭാഗ്യത്തോടെ ഞാന്‍ അന്ന് ദേവസ്യമാഷോട് കുശലം പറഞ്ഞു.

എന്റെ മോന്തയില്‍ സൂക്ഷിച്ചുനോക്കികൊണ്ട് കറുപ്പിനെ എങ്ങനെ വെളുപ്പാക്കാം എന്ന് ഗഹനമായാലോചിച്ച് ഗവേഷണഭാവത്തില്‍ ദേവസ്യമാഷ് പലനിറങ്ങള്‍ ചാലിച്ച് തേച്ചുതന്നു. ഒരു വാല്‍‌കണ്ണാടി നീട്ടി മുന്നില്‍ പിടിച്ചപ്പോള്‍ ഞാന്‍ ഞെട്ടി വാപൊളിച്ചു പോയി. ഇത് ഞാന്‍ തന്നെയാണോ? എന്ന് സംശയിക്കും വിധം എന്റെ കരിമോന്ത മിനുക്കിതിളക്കിവെച്ചിരിക്കുന്നു ആ മഹാന്റെ കരങ്ങള്‍...

ഞാന്‍ ചിരിച്ചപ്പോള്‍ അദ്ധേഹം മന്ദഹസിച്ചുകൊണ്ട് ഉപദേശിച്ചു. പല്ലിന്റെ മഞ്ഞനിറം മറ്റാന്‍ കരിമ്പും ഇഞ്ചിയും സമാസമം വെച്ച് കടിച്ചുതിന്നാനും ഉമിക്കരി ഉപയോഗിക്കാനും നിര്‍‌ദേശിച്ചു. ഞാന്‍ പിന്നെ ചിരിച്ചില്ല. പുഞ്ചിരിതൂകി കൈപിടിച്ചുകുലുക്കി എഴുന്നേറ്റു.

എന്റെ നാട്ടുകാരനും ചെറുപ്പത്തില്‍ ഗോട്ടി കളിച്ചിരുന്ന കൂട്ടുകാരനും ആയിരുന്ന പ്രകാശ് ചോക്കാട് ഏറെക്കാലം ദേവസ്യയുടെ ശിഷ്യനായിരുന്നു. പിന്നീട് അവന്‍ സ്വതന്ത്രനായി ബാബു ആന്റണിയുടെ കൂടെകൂടി. നിറ്മാതാവും തിരക്കഥാകാരനുമൊക്കെയായി. (മസാലസിനിമകളായിരുന്നു പ്രകാശിന്റെ തട്ടകം).

അവനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ദേവസ്യമാഷ് തിരിച്ച് എന്നോട് ആരാഞ്ഞു അവനെവിടെയാണിപ്പോള്‍ എന്നൊക്കെ അറിയാന്‍.. ഗുരുവിന്‌ ഇക്കാലത്ത് ശിഷ്യന്മാരെ കാണാനാണല്ലോ ബുദ്ധിമുട്ട് ഏറെ എന്നോര്‍‌ത്ത് ഞാന്‍ എന്റെ ഊഴം വരുന്നതും കാത്ത് ഇന്ദ്രജയും ഹരിശ്രീ അശോകനും അഭിനയിക്കുന്നതും നോക്കി ക്യാമറ യൂനിറ്റിനോടൊപ്പം ഒരു അരികുപറ്റിനിന്നു.

സത്യന്‍, നസീര്‍, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍‌ലാല്‍ എന്നീ പ്രശസ്തരുടെ നീണ്ട ലിസ്റ്റില്‍ ഒടുവില്‍ ആരോരുമറിയാത്ത ഒരു നാടനും അങ്ങിനെ ദേവസ്യമാഷിന്റെ ചമയം പൂശിയ മുഖവുമായി നിന്നു.

ആ യശ:ശരീരനായ മഹാന്റെ മുന്നില്‍ ഒരുപിടി പൂക്കള്‍ ഇട്ട് പ്രണാമം.. സ്വസ്തി..