ശിവന്‍സ് അനുഭവമഹാമഹം ഭാഗം-2
അങ്ങനെ ഉറക്കത്തില്‍ സിനിമാകിനാവും കണ്ടുറങ്ങിയിരുന്ന ഞാന്‍ ഏറനാട്ടുമുക്കില് നിന്നും അനന്തപുരിയിലെ പ്രശസ്ത ശിവന്‍സ് സ്റ്റുഡിയോയില്‍ ഛായാഗ്രഹണ ബാലപാഠങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. പൊട്ടക്കിണറ്റില്‍ നിന്നും വെളിയില്‍ ചാടിയെത്തിയ മാക്രിയെ പോലെ കണ്ണും തള്ളിച്ചുകൊണ്ട് ഗുരുനാഥന് പണ്ടുകാലം തൊട്ട് എടുത്തുവെച്ച ബ്ലാക്കന്‍ വൈറ്റ് പടങ്ങളുടെ മുന്നില്‍ ഞാന്‍ അന്തം വിട്ടുനിന്നുപോയി. സ്റ്റുഡിയോ ചുമരുകളില്‍ വൃത്തിയായി പതിച്ചുവെച്ച ഫ്രെയിമിട്ട ഛായാചിത്രങ്ങളിലെ നെഹ്രു, ഇന്ദിരാഗാന്ധി, സത്യന്, നസീര്‍, സുകുമാരന്‍, ലളിത-പത്മിനി-രാഗിണി എന്ന തിരുവിതാംകൂര്‍ സഹോദരിമാര്‍,ശെമ്മാങ്കുടി, മണ്ണാറശ്ശാല മുത്തശ്ശി, കെ.കരുണാകരന് തുടങ്ങിയ ഒട്ടനവധി മതസാംസ്കാരികരാഷ്ട്രീയ മഹാരഥന്മാര് ചിരിച്ചും പുഞ്ചിരിച്ചും സ്ഥിതിചെയ്യുന്നു.. എന്നെ ആകര്‍ഷിച്ച ചിത്രം വേറൊന്നായിരുന്നു. അന്പതുകളിലെന്നോ ശിവന് സാര്‍ ക്യാമറയിലൂടെ അനശ്വരമാക്കിയ നാണംകുണുങ്ങിയായ ഒരു കോഴിക്കോടന്‍ മുസ്ലീം മണവാട്ടി മൈലാഞ്ചിവിരലുകളാല്‍ സാരിത്തലപ്പുകൊണ്ട് മുഖം പാതിമറച്ച് ഇരിക്കുന്ന ജീവസ്സുറ്റ പടം!
പിന്നീടൊരിക്കല്‍ ഗുരുനാഥന് പറഞ്ഞറിഞ്ഞു ആ മണവാട്ടി ഇന്ന് മക്കളും പേരമക്കളുമൊക്കെയായി വല്യുമ്മയായി കോഴിക്കോട്ടെ പ്രശസ്തമായ തറവാട്ടില്‍ ജീവിക്കുന്നുവെന്ന്! ഒരിക്കല്‍ ഒരവധിക്ക് ഞാന്‍ കോഴിക്കോട്ടേക്ക് പോരുമ്പോള്‍ എനിക്ക് ആ തറവാട്ടിലെ പ്രശസ്തനായ രാഷ്ട്രീയനേതാവായിരുന്ന പി.പി.ഉമ്മര്‍കോയ സാഹിബിന്റെ ഫോണ്‍ നമ്പര്‍ തന്നിട്ട് പറ്റുമെങ്കില്‍ അവരെ പോയികണ്ട് ശിവന്‍സാറിന്റെ അന്വേഷണം അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ഉമ്മര്കോയസാഹിബിനെ വിളിച്ച് സംസാരിച്ചെങ്കിലും എന്തുകൊണ്ടോ അവിടം വരെ പോകുവാന്‍ സാധിച്ചില്ല. പഴയകാലസ്നേഹിതന്റെ ശിഷ്യനാണെന്ന് അറിഞ്ഞപ്പോള്‍ മുന്‍ മന്ത്രിയായിരുന്ന അദ്ധേഹം പ്രായാധിക്യം വന്ന സ്വരത്തിലും ഏറെനേരം ഫോണിലൂടെ എന്നോട് സംസാരിച്ചു. (ഇന്നദ്ധേഹം ജീവിച്ചിരുപ്പില്ല).
തിരുവനന്തപുരത്ത് ഒരു താമസസ്ഥലം തേടിയലഞ്ഞിട്ടൊടുവില് നന്തന്‍കോട് ഒരിടം കിട്ടി. അയല്‍വാസികളെല്ലാം വീരശൂരപരാക്രമികളും നാടൊട്ടുക്ക് അറിയപ്പെടുന്നവരുമാണ്. എന്നും രാവിലെ അവരുടെ ഗംഭീരസ്വരമാണ് ഉറക്കത്തില്‍ നിന്നും എന്നെ ഞെട്ടിയെഴുന്നേല്പിച്ചത്. റോഡിനപ്പുറത്തെ മൃഗശാലാവളപ്പിലെ അന്തേവാസികളായ സിംഹം, കടുവ, പുലി, കഴുതപ്പുലി, പലജാതി കുരങ്ങന്മാര് എല്ലാം കുടുംബത്തോടെ പുലര്കാലങ്ങളില് ഒച്ചവെച്ച് പ്രദേശത്തെ ശബ്ദമുഖരിതമാക്കാറുണ്ട്.
ഇത്രയൊന്നും ശല്യക്കാരല്ലെങ്കിലും രാവിലേയും വൈകിട്ടും സൈറണ്‍ ഹോണ്‍ മുഴക്കികൊണ്ട് പോലീസിന്റെ അകമ്പടിയോടെ പൊടിപറത്തി ചീറിപ്പാഞ്ഞുപോകുന്ന ജനനായകരായ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ട് ഏതാനും വാര അകലെമാത്രമാണ്. അന്ന് രാജ്യം ഭരിച്ചിരുന്നത് ലീഡര്‍ കരുണാകരനായിരുന്നു. ആ വരവ് കാണാതെത്തന്നെ ദൂരേനിന്നുള്ള ഹോണ്‍ കേട്ടാല്‍ ഉറപ്പിക്കാവുന്നതായിരുന്നു. വല്ലവനും ആ നേരം റോഡുമുറിച്ചുകടന്നെങ്കില് പിന്നെ റോഡില്‍നിന്നും കോരിയിളക്കി എടുക്കാവുന്ന തരത്തില്‍ പതിഞ്ഞുപരന്നുകിടപ്പുണ്ടാവും. മ്യൂസിയം വശത്തുള്ള നന്തന്‍കോട് റോഡില്‍ അശ്രദ്ധയോടെ ആരും അക്കാലത്ത് നടക്കാറില്ലായിരുന്നു.
അയല്‍വാസികളായ ജഗജില്ലികളെക്കുറിച്ച് പറഞ്ഞല്ലോ. ഇനി ഞാന്‍ താമസിക്കാന്‍ കണ്ടെത്തിയ സ്ഥലത്തേയും അന്തേവാസികളേയും ഒന്നുപരിചയപ്പെടേണ്ടേ.. മാസവാടക മുന്നൂറ് ഉറുപ്പിക കൊടുത്താമതിയല്ലോ എന്നുവിചാരിച്ച് ഞാന്‍ ചെന്നുപെട്ടത് കൃഷ്ണാലോഡ്ജിലായിരുന്നു. പുറമേനിന്നും നോക്കിയാല്‍ മനോഹരമാം ഓടിട്ടൊരു ഭവനം. മുന്‍ഭാഗത്ത് മൂന്നാല് യുവതികള്‍ പണിയെടുക്കുന്ന ഒരു ടൈലറിംഗ് ഷോപ്പ്, ഒരു സൈഡില്‍ ടൂവീലര്‍ ഗ്യരേജ്, അതിനുമുകളില്‍ പരസ്യബോര്ഡെഴുത്ത് കട. ആദ്യം വരുന്നവനാരായാലും ടൈലറിംഗ് ഷോപ്പ് കണ്ടാല്‍പിന്നെ പിന്നാമ്പുറത്തെ ഏതേലും മുറിയില്‍ വാടകക്കാരനായിത്തീര്ന്നിരിക്കും, അല്ലെങ്കില്‍ അവിടെ ഒരിടം കിട്ടാനായിട്ട് ശ്രമിക്കും. യുവതികള്‍ കത്രിക ചലിപ്പിക്കുമ്പോളും തുണിവെട്ടിമുറിക്കുമ്പോളും തയ്യല്‍ മെഷീനില്‍ നിന്നുയരുന്ന ശബ്ദത്തില്‍ പോലും കാതിനിമ്പമുള്ള സംഗീതമുയരുന്നത് പ്രദമവരവില് തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഭാരിച്ച ബാഗും തൂക്കി ഒരുവശം ചെരിഞ്ഞുനിന്നുകൊണ്ട് മുരടനക്കികൊണ്ട് ഞാന്‍ പുഞ്ചിരിച്ചു. യുവതികളില്‍ ഒരുത്തി തുണിവെട്ടുന്നത് നിറുത്തി എന്നെ ശ്രദ്ധിച്ചു. ഞാന്‍ ചോദിച്ചു:
'വേക്കന്‍സിയുണ്ടോ ഇവിടെ?'
ആ പെണ്‍പട പാടുപെട്ട് ചിരിപൊത്തി തുറിച്ചുനോക്കി.
'ഐ മീന്‍, ലോഡ്ജില്‍ മുറി ഒഴിവുണ്ടോന്നാ?'
'ലോഡ്ജിന്റെ ഗേറ്റ് അപ്പുറത്താണ്. ഇതിന്റെ പിറകിലാണ് മുറികളൊക്കെ.' - യുവതികളില്‍ അല്പം കാണാന്‍ ശേലുള്ളവള് വിസ്തരിച്ച് പറഞ്ഞുതന്നു.
'ഗേറ്റ് കണ്ടു. അതു പൂട്ടിക്കിടക്കുന്നു. ഓണറുടെ നമ്പറ് അറിയോ? അല്ലെങ്കില്‍ എവിടെപോയാല്‍ കാണാന്‍ പറ്റും മൂപ്പരെ?'
ആ ശേലുള്ളോള് ഓണറുടെ ഫോണ്‍ നമ്പറ് കുറിച്ചുതന്നു. എന്നിട്ട് പറഞ്ഞു:
'ഓണറെ കാണണമെങ്കീ ഇപ്പോ ഹൈനസ്സ് ബാറീപോയാമതി. അല്ലെങ്കി രാത്രിവരെ ഇവിടെ നില്ക്കേണ്ടിവരും കെട്ടാ..!'
'ഓ, അപ്പോ മൂപ്പര് പൊരേം കുടീം ഒക്കെള്ള ആളാണല്ലേ..' - ഞാന്‍ ആത്മഗതം ചെയ്തു.
'സാരമില്ലാ. ഞാനിവിടെ നിന്നോളാം. ലോഡ്ജിലെ ആരെങ്കിലും വരുമല്ലോ. എന്റെ ബാഗ് ഇവിടെ വെക്കുന്നതില്‍ വിരോധല്ലാലോ?' - ഞാന്‍ ചോദിച്ചു.
അവള് ഇല്ലെന്ന് തലയാട്ടിയെങ്കിലും പെണ്‍പട സംശയത്തോടെ പരസ്പരം നോക്കി അവരുടെ പണികളിലേര്‍പ്പെട്ടു. ഞാന്‍ പരിസരമൊക്കെ നോക്കികൊണ്ട് അവിടെ കുറ്റിയടിച്ചുനിന്നു. റോഡിലൂടെ ശരവേഗത്തില്‍ കാക്കിഅകമ്പടിയോടെ പാഞ്ഞുപോയ ലീഡറുടെ കാര്‍ കണ്ടു. വഴിയോരക്കാഴ്ചകള്‍ കണ്ടു. ഇടയ്ക്കിടെ ടൈലറിംഗ് കടയിലെ യുവതികളുടെ തുണിവെട്ട് നോക്കി. അന്നേരംകൊണ്ട് അവര്‍ ഒരു ബ്ലൗസ്സും ചുരിദാര്‍ ടോപ്പും ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞത് ശ്രദ്ധിച്ചു. നേരമൊരുപാട് പോയത് മനസ്സിലായത് അവര്‍ കടപൂട്ടി വീട്ടിലേക്ക് പോവാന്‍ തയ്യാറാകുന്നത് കണ്ടപ്പോഴാണ്. ഞാന്‍ വാച്ചില്‍ നോക്കി. സമയം 6 പി.എം. ഇനിയുള്ള സമയം എങ്ങനെപോക്കും എന്നറിയാതെ ഞാന്‍ കൈയ്യിലെ കുറിപ്പിലെ ഓണറുടെ ഫോണ്‍ നമ്പറും നോക്കിനിന്നു. (അന്ന് മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായിട്ടില്ല)
കുറച്ചുകഴിഞ്ഞപ്പോള്‍ വെട്ടിയൊതുക്കാത്ത നരച്ചതാടിയുള്ള കലങ്ങിയ കണ്ണുകളുള്ള കുമ്പചാടിയ വയറും കുലുക്കികൊണ്ട് തടിമാടനായ ഒരാള്‍ ഗേറ്റ് തുറന്ന് അകത്തേക്ക് പോകുന്നത് കണ്ടു. മുഷിഞ്ഞൊരു ഷര്‍ട്ടും നെഞ്ച് വരെ മടക്കിക്കുത്തിയ ഡബിള്‍മുണ്ടും അയാള്‍ക്ക് ഒരു ബുജിലുക്ക് കൊടുത്തിരുന്നു. ഞാന്‍ ബാഗെടുത്ത് അങ്ങോട്ടോടി. ഇപ്പോള്‍ അയാള്‍ ലോഡ്ജിലെ ഒരുമുറി തുറന്ന് കസേരയെടുത്ത് വരാന്തയിലിട്ട് ഇരിക്കുവാനുള്ള ഒരുക്കത്തിലാണ്. എന്നെ ശ്രദ്ധിച്ചുനോക്കി നിസ്സംഗഭാവത്തില്‍ ഒരു ബീഡിക്ക് തീപിടിപ്പിച്ച് കസേരയിലിരുന്ന് ഏമ്പക്കമിട്ടു.
അയാളല്ല ഓണറെന്ന് പിന്നീട് പറഞ്ഞപ്പോള്‍ മനസ്സിലായി. മുറിതേടിവന്നതാണെന്ന് കേട്ടപ്പോള്‍ എന്നെ വിസ്തരിച്ചു. ആരാണിങ്ങോട്ട് വിട്ടതെന്നും ആര് പറഞ്ഞിട്ടാണ് വന്നതെന്നുമൊക്കെ.. അവിടെ മുന്‍പ് താമസിച്ചിരുന്ന എന്റെ സ്നേഹിതന്റെ പേരും ഒരു പ്രമുഖരാഷ്ട്രീയനേതാവിന്റെ ബന്ധുകൂടിയാണെന്നും തട്ടിവിട്ടപ്പോള്‍ ആ ബുജിയുടെ സമീപനത്തില്‍ അയവുവന്നത് ഞാന്‍ കണ്ടു. ഓണറെ കണ്ടാലേ മുറിയിലിടം കിട്ടൂ എന്നുംപറഞ്ഞ് കക്ഷി എന്നോട് കൂടെവരുവാന്‍ പറഞ്ഞ് മുന്നില്‍ നടന്നു. ബാഗ് അയാളുടെ മുറിയില്‍ വെച്ചേക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് അത് തോളില്‍ തൂക്കി. (വിലപിടിച്ചതായിട്ട് ബാഗിനുള്ളില്‍ എന്റെ 'കുന്നത്ത്' ബ്രാന്‍ഡ് ജെട്ടികളും ബനിയന്‍സും ഏതാനും ഷര്ട്ട്സും പാന്‍സും മാത്രമാണെങ്കിലും അതെങ്ങാനും നഷ്ടമായാല്‍ ഞാന്‍ പിന്നെ എങ്ങനെ പുറംലോകം കാണും എന്നൊക്കെ ആ നിമിഷം ചിന്തിച്ചുപോയി)
ഒരു ആട്ടോയില്‍ അയാളും ഞാനും എന്റെ മാറാപ്പുബാഗും തിങ്ങിഞെരുങ്ങി യാത്ര തുടങ്ങി. ഞാന്‍ വിചാരിച്ചത് ഹൈനസ്സ് ബാറിലേക്കായിരിക്കും പോക്കെന്നായിരുന്നു. പക്ഷെ ഓണറിപ്പോള്‍ വീട്ടിലെത്തിക്കാണുമെന്നും അവിടെപ്പോയി കാണാമെന്നും അയാള്‍ പറഞ്ഞു. കുറവന്‍കോണം വഴി താഴോട്ട് ആട്ടോ ഓടികൊണ്ടിരുന്നു. ഞാന്‍ അന്നേരമാണ് ഒന്നോര്‍ത്തത്. ഇതേവരേ സഹയാത്രികന്റെ പേര് ചോദിച്ചില്ല. എന്നാ ചോദിച്ചേക്കാംന്ന് വിചാരിച്ച് ചോദിച്ചു. കിട്ടിയ മറുപടി എന്നില്‍ ഇടിവാള്‍ മിന്നിച്ചു!
'ഞാന്‍ ബാബു. വട്ടവാള്‍ ബാബൂന്ന് നാട്ടാര് പറേം..'
ആ നാമം കേട്ടിട്ടാണോ എന്തോ ആട്ടോ ഓടിക്കുന്ന ആള് ഒന്നു ഞെട്ടിത്തിരിഞ്ഞുനോക്കീട്ട് വണ്ടീടെ ബാലന്‍സ് പോകാതെ ശ്രദ്ധിച്ചു.
'അതെന്താ അങ്ങിനെ വിളിക്കുന്നത്?' - കൂതൂഹലമോടെ ഞാന്‍ ആരാഞ്ഞു.
മറുപടിയായിട്ട് ചെമന്ന കണ്ണുരുട്ടി പല്ലിറുക്കി ഒരു നോട്ടമായിരുന്നു വട്ടവാള്‍ ബാബു തന്നത്. ഒരു മൗനത്തിനു ശേഷം പറഞ്ഞു.
'ലോഡ്ജില്‍ മുറി ശെരിയായാല് ഇവിടെത്തന്നെ കാണുമല്ലോ. അന്നേരം പറഞ്ഞേരാംട്ടോ..'
ഞാന്‍ തല സ്ലോമോഷനില്‍ ഇളക്കി ബാഗ് മുറുക്കെപ്പിടിച്ചിരുന്നു. ആട്ടോ ഒരിടത്ത് അയാള്‍ നിറുത്തിച്ച് വെളിയിലിറങ്ങി. പിറകെ ഞാനും.
ഒരു ഗേറ്റ് കടന്ന് ഞങ്ങള്‍ ഓണറുടെ വീട്ടുമുറ്റത്തെത്തി. കാളിംഗ് ബെല്ലടി കേട്ട് ഒരു പെണ്ണ് വന്നെത്തിനോക്കി. പിറകെ ഒന്നുരണ്ട് മുടിമാത്രമുള്ള തലയിളക്കി പാതിമയങ്ങിയ കണ്ണുകളോടെ നരച്ച കുറ്റിത്താടിയുള്ള ചുളിഞ്ഞ മുഖമുള്ള ഓണറ് ഞങ്ങളെകണ്ട് വെളുക്കെ ചിരിച്ച് സ്വികരിച്ചു. ഓസീആറിന്റെ രൂക്ഷഗന്ധം മൂക്കില്‍ തുളഞ്ഞെത്തി.
വട്ടവാള്‍ ബാബു സംഗതിപറഞ്ഞു. ഭാഗ്യത്തിന് മുറിയുണ്ട്, കരാറ് വ്യ്വസ്ഥകള്‍ കേട്ടറിഞ്ഞ് കരാറൊറപ്പിച്ചു. ഞാന്‍ ഒരുറപ്പിന് കൈപറ്റിയ പണത്തിന് രസീറ്റ് ചോദിച്ചു. വട്ടവാളും ഓണറ് രാധാകൃഷ്ണണ്ണനും എന്നെ തുറിച്ചുനോക്കി. രാധാകൃഷ്ണണ്ണന് പെന്തകോസ്താണെന്നത് അവിടെ ചുമരില്‍ ഫ്രയിമിട്ടുവെച്ച യേശുകൃസ്തു എന്നോട് വിളിച്ചോതി. ഓണറ് ചുറ്റും നോക്കി, പിന്നെ മേശമേലുള്ള ഒരു നോട്ടുബുക്കിലെ ഏടുകീറിയിട്ട് അതില്‍ വളഞ്ഞുപുളഞ്ഞ് രണ്ടുവരി എഴുതി ഒപ്പിട്ട് തന്നു. അതാണ് രസീറ്റ്. ഞാന്‍ കൈകൊടുത്ത് ഒരു കീ വാങ്ങി വട്ടവാളിനൊപ്പം തിരികെ ലോഡ്ജിലെത്തി.
തിരോന്തരത്ത് അന്തിയുറങ്ങാന്‍ ഒരിടം ഒത്തല്ലോ. ഇനി മനസ്സമാധാനത്തോടെ കഴിയാം എന്നൊക്കെ വിചാരിച്ചതാണ്. ഇടുങ്ങിയ മൂന്നാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്ന് അപ്പുറവും ഇപ്പുറവുമുള്ള രണ്ടു കട്ടിലുകളില്‍ കാലിയായതില്‍ എന്റെ ബാഗ് വെച്ച് ചുറ്റും കണ്ണോടിച്ചു. ഒരു മേശയും ഇളകുന്നൊരു കസേരയുമുണ്ട്. കയറുകൊണ്ടു തുണിയിടാനുള്ള അയയില്‍ സഹമുറിയന്റെ വസ്ത്രങ്ങള്‍ തൂങ്ങിക്കിടപ്പുണ്ട്. ചുമരില്‍ പണ്ടെങ്ങോ ഒട്ടിച്ചുവെച്ച മുഖഭാഗം കീറിയനിലയില്‍ ഒരു മാദകനടിയുടെ ചിത്രം. നാന വാരികയുടെ നടുപേജാണത്. എത്രശ്രമിച്ചിട്ടും അത് സില്‍ക്കുസ്മിതയാണോ ഡിസ്കോശാന്തിയാണോ ജയമാലിനിയാണോ എന്നറിയാന്‍ പറ്റില്ല. ഷക്കീലയല്ല ഉറപ്പ്, കാരണം ഷക്കീല അത്രമാത്രം പട്ടിണികിടന്ന് മെലിഞ്ഞതായി കേട്ടറിവില്ല.
ഇങ്ങനെ തലപുണ്ണാക്കി ഇരിക്കുമ്പോള്‍ വട്ടവാള്‍ ബാബു ബീഡിപുകച്ച് കയറിവന്ന് കസേരയിലിരുന്ന് വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ തിരോന്തരത്ത് വന്ന കാര്യം പറഞ്ഞു. സില്മാക്കാരന് ആകാനുള്ള ആളാണെന്നറിഞ്ഞപ്പോള്‍ പുള്ളി പണ്ട് ഒരു സില്മേല് ലാലേട്ടനൊപ്പം അഭിനയിച്ച കഥയൊക്കെ പറഞ്ഞു. ലാലേട്ടന്റെ കുടുംബത്തെ പണ്ടുമുതല്ക്കേ പരിചയമാനെന്നൊക്കെ കത്തിതുടങ്ങി. ഞാന്‍ ക്ഷമയോടെ കേട്ടൂ കേട്ടൂ കേട്ടില്ലാ എന്നപോലിരുന്നു. കുളിച്ചേച്ചുവരാം എന്നും പറഞ്ഞ് നയത്തില്‍ മൂപ്പരെ പുറത്തുചാടിച്ച് വാതിലടച്ച് വസ്ത്രം മാറി ലുങ്കിയുടുക്കുമ്പോള്‍ ചുമരിലെ മാദകനടിയുടെ ചിത്രത്തില്‍ കണ്ണുടക്കി. ഭാഗ്യം അവള്‍ക്ക് മുഖമില്ലാത്തത് എന്നാശ്വസിച്ച് തലയില്‍ പാരച്യൂട്ട് വെളിച്ചെണ്ണ തേച്ച് തോര്‍ത്ത് എടുത്ത് മുറിപൂട്ടിയിറങ്ങി. കുളിമുറി എവിടേയാണാവോ എന്നറിയാതെ വെളിയിലിറങ്ങി. വട്ടവാളും പുതിയൊരാളും വരാന്തയിലിരുന്ന് വെടിവട്ടം പറയുന്നത് കണ്ടു. കുളിമുറി എവിടേയാണെന്നത് അവര്‍ പറഞ്ഞുതന്നു.
ഞാന്‍ അവിടെചെന്നു. ഇത്രേം വൃത്തിഹീനമാണ് കുളിമുറിയെന്ന് വിചാരിച്ചതല്ല. പൊട്ടിയ ടാപ്പും പൊളിഞ്ഞ വാതിലുമൊക്കെയായി ഒരു ഓപ്പണെയര്‍ ബാത്ത് റൂം. വെളിയിലുള്ള ടാപ്പിലെ വെള്ളം അവിടെകണ്ട ഞെളുങ്ങിയ അലൂമിനിയം ബക്കറ്റില്‍ പിടിച്ച് കുളിതുടങ്ങി. അടഞ്ഞ കുളിമുറിയില്‍ ഉടുതുണിയില്ലാതെ കുളിച്ചു ശീലിച്ച ഞാന്‍ ഓപ്പണെയറില്‍ തോര്‍ത്തുടുത്ത് സോപ്പുതേച്ച് കുളിക്കുന്നതില്‍ വിഷമിച്ചു. അരണ്ട വെട്ടത്തില്‍ അപ്പുറത്തൊക്കെ വലിയ വലിയ ഫ്ലാറ്റ് കെട്ടിടങ്ങളില്‍ ലൈറ്റ് തെളിഞ്ഞ മുറികള്‍ ദൃശ്യമായി. അവിടേനിന്നാരെങ്കിലും (ലേഡീസോ ഗേള്‍സോ) ഈ ഓപ്പണെയര്‍ കുളി കാണുമോ മൈ ഗോഡ്! വേഗം കുളിച്ച് തുവര്‍ത്തി ഞാന്‍ മുറിയിലെത്തി. നല്ല വിശപ്പുണ്ട്. ഒരു ജീന്‍സും ടീഷര്‍ട്ടും ധരിച്ച് അന്നം തേടി ഞാന്‍ മുറിവിട്ടിറങ്ങി.
(തുടരും)
സിനിമാസ്വപ്നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറിക്കുറിപ്പുകള്‍.. "നാട്ടുമൊഴിയുടെ ചടുലവും സരസവുമായ ശൈലിയില്‍ അവതരിപ്പിക്കുന്ന കഥ പറച്ചിലിന്റെ സവിശേഷത കൊണ്ടാണ് ഇത് വേറിട്ടുനില്‍ക്കുന്നത്." - മാതൃഭൂമി ആഴ്ചപ്പതിപ്പ് ബ്ലോഗന (പുസ്തകം:86 ലക്കം:44)
Friday, September 19, 2008
Monday, August 11, 2008
ശിവന്‍സ് അനുഭവമഹാമഹം (അധ്യായം-1)
ശാസ്തമംഗലത്തെ കമ്പ്യൂട്ടര്‍പഠനം തിര്ന്നപ്പോ ഞാന്‍ തിരികെ കോഴിക്കോട്ടെത്തി ഏറെനാളിലെ സില്മാമോഹം വ്യാമോഹമാക്കി ഒരു സ്വകാര്യസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഞെക്കികൊണ്ട് കഴിഞ്ഞുകൂടിയപ്പോള്‍ ആയിരുന്നു അത്.. ഏതെന്നാല്‍ അതിവിടെ പറയാം. വല്യേട്ടന് വിദേശത്തൂന്നും വന്ന് വിവാഹിതനായി. ഏടത്തിയമ്മയേം കൂട്ടി തിരോന്തരം വഴിയൊക്കെ പോയി. അന്നൊരുനാള്‍ ഒരര്‍ധരാത്രി ഫോണ്‍ റിംഗ് കേട്ട് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. ഫോണില്‍ വല്യേട്ടന്..
'എന്താ വല്യേട്ടാ ഈ നേരത്ത്? വല്ലതും..?'
'ഡോ കോപ്പേയ്. താന്‍ നാളെ രാവില്ത്തെ മലബാര്‍ എക്സ്പ്രസ്സില്‍ കേറി തിരോന്തരത്തെത്തണം. തന്റെ സില്മാപിരാന്തിന് പറ്റിയ ചികില്‍സ ഈ വല്യേട്ടന് ഏര്‍പ്പാടാക്കീട്ടുണ്ട്.'
'ങ്ഹേ! വ-വ-വല്യേട്ടാ ഞാനിപ്പോ അതൊക്കെ മറന്ന്. ചികില്സിക്കാനൊന്നൂല്ല. വെറുതെ രാത്രീല് എന്തിനാ ഞെട്ടിക്കുന്നത്?'
'ഡാ കോപ്പേയ്.. തനിക്ക് സില്‍മാലോകത്ത് ഒരു ചുവടുവെയ്പ് വേണ്ടേ. എന്നാ ഇങ്ങട്ട് പോര്. ഞാന്‍ അതിനുള്ളതൊക്കെ പറഞ്ഞേര്പാടാക്കീട്ടുണ്ട്. അപ്പോ മോന് പോയി നല്ലൊരു സില്മാസ്വപ്നം കണ്ട് കിടക്ക്. ബാക്കി ഇവിടെ വന്നിട്ട് പറയാം.'
ഫോണ്‍ നിശ്ശബ്ദമായി. ഞാന്‍ എന്നെത്തന്നെ നുള്ളിനോക്കി. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. ആപ്പീസില് ലീവ് വിളിച്ചുപറഞ്ഞ് മലബാര്‍ എക്സ്പ്രസ്സ് പിടിക്കാന്‍ പാഞ്ഞു. തിക്കിത്തിരക്കി ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപറ്റി (ടിക്കറ്റ് എടുത്തിട്ടുണ്ട് കേട്ടോ) എന്റെ പൊക്കണംബാഗ് റാക്കില്‍ വെച്ചു സീറ്റിലിരിക്കുന്ന ഒരുകൂട്ടം 'കളറുകളെ' ഫോക്കസ് ചെയ്ത് നിന്നൂ നിന്നില്ലാന്ന രീതിയില്‍ യാത്ര ചെയ്ത് വൈകിട്ട് അനന്തപുരിയില്‍ കാലുകുത്തി. ഞാന്‍ വെളിയിലെത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ ഒരു ജന്റില്മാന് വന്ന് സ്വയം പരിചയപ്പെടുത്തി. അത് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ സൗണ്ട് എഞ്ചിനീയര്‍ ജോണ്‍ സാറായിരുന്നു. അദ്ധേഹം എന്നെ ഗീത് ഹോട്ടലിലെത്തിച്ചു. ഞാനപ്പോഴേ ത്രില്ലടിച്ചുകഴിഞ്ഞിരുന്നു. അവിടെ അദ്ധേഹം തന്നെ മുറിയെടുത്തുതന്നു. എവിടെ വല്യേട്ടനും ഏടത്തിയമ്മയും ആവോ. അന്നാണെങ്കില്‍ എന്റെ കൈയ്യില്‍ സെല്‍ ഫോണും കോപ്പും ഒന്നൂല്ല. എന്നോട് കുളിച്ചു റെഡിയായിരിക്കാന്‍ പറഞ്ഞ് ജോണ്‍ സാറ് പോയി. ഞാന്‍ ഫ്രഷായി. മുറിയില്‍ ചായയെത്തി. അതുകുടിച്ചു. എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഈ വല്യേട്ടന് എന്താണാവോ എന്റെ സില്മാപിരാന്തിനു കണ്ടുവെച്ച ചികില്‍സ ആവോ! ഇനി വല്ല സില്മേലും നായകന് ആക്കുമോ അതോ വില്ലന്‍ വേഷം വല്ലതും. എന്റെ ചിന്ത കാടുകേറിത്തുടങ്ങി.
മുറിയിലെ ഫോണ്‍ ശബ്ദിച്ചു. അത് വല്യേട്ടനായിരുന്നു. എനിക്ക് സന്തോഷായി. എന്നോട് എത്രയും വേഗം മസ്കറ്റ് ഹോട്ടലില്‍ എത്താന്‍ പറഞ്ഞ് ഫോണ്‍ വെച്ചു. ഞാന്‍ നല്ല വേഷത്തില്‍ ഒരാട്ടോയില്‍ അവിടെയെത്തി. വല്യേട്ടന് എന്നെ വെയിറ്റ് ചെയ്തവിടെ ഉണ്ടായിരുന്നു. നേരെ അവിടെത്തെ റസ്റ്റാറന്റില്‍ കൂട്ടികൊണ്ടുപോയി. ഒരു ടേബിളിനരികെ ഏടത്തിയമ്മ ഉണ്ട്. അവിടെ ഞങ്ങള്‍ കോഫി കഴിച്ചുകൊണ്ട് ഇരുന്നു. വല്യേട്ടന് ഇപ്പോഴും ചികില്‍സ എവിടേന്ന് പറഞ്ഞില്ല. ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങോട്ടാണ് നമ്മള് പോണതെന്ന് മാത്രം പറഞ്ഞു. ഒടുക്കത്തെ സസ്പെന്‍സ് ഒടുവില്‍ ഇല്ലാണ്ടാക്കി ഞങ്ങള്‍ ഒരിടത്തെത്തി. ആ സ്ഥലം കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യാഹ്ലാദഭരിതനായി തരിച്ചുപോയി!
'ശി-വ-ന്-സ്-സ്-റ്റു-ഡി-യോ..' എന്ന മുന്നിലെ ബോര്‍ഡിലെ പേര് ഞാന്‍ അന്തം വിട്ട് വായിച്ച് വാപൊളിച്ചുപോയി.അങ്ങിനെ ഒരുകാലത്ത് വഴിയേകൂടെ പോകുമ്പോള്‍ എത്തിനോക്കിയിരുന്ന സാക്ഷാല്‍ ശിവന്‍സ് സ്റ്റുഡിയോയുടെ കവാടം കടന്ന് വലതുകാല്‍ (ആയിരുന്നോ എന്നറിയില്ല) വെച്ച് ഞാന്‍ വല്യേട്ടനും ഏടത്തിയമ്മയ്ക്കുമൊപ്പം പ്രവേശിച്ചു. എന്റെ നെഞ്ചിടിപ്പ് ചടപടേന്നായി..
ചെമ്മീന്‍ പടത്തിന്റെ നിശ്ചലഛായാഗ്രാഹകനായിരുന്ന ശിവന് സാറും ലോകപ്രശസ്ത മക്കളായ സന്തോഷ് ശിവന്, സംഗീത് ശിവന്, സഞ്ചീവ് ശിവന് എന്നിവരെ ഒരുനോക്കെങ്കിലും കാണാന്‍ പൂതിവെച്ച് ശാസ്തമംഗലം റ്റു കിഴക്കേകോട്ട വഴി മണക്കാട് പോകും ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ ശിവന്‍സ് സ്റ്റുഡിയോ കാണുമ്പോള്‍ തലവെളിയിലിട്ട് എത്തിനോക്കിയ കാലം ഉണ്ടായിരുന്നു എനിക്ക്. നാല്പത്തിയെട്ടു കൊല്ലങ്ങള്‍ക്കു മുന്പാരംഭിച്ച ആ സ്ഥാപനം ഇന്നും തിരോന്തരം പുളിമൂടിനും സ്റ്റാച്യൂവിനും ഇടയിലായിട്ട് പഴയ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നല്പം ഇപ്പറത്ത് ഹോട്ടല്‍ പങ്കജിനോട് തൊട്ടുരുമ്മി കിടപ്പുണ്ട്. ഇവിടെ പഠിച്ചിറങ്ങിയവരില്‍ (ഞാനൊഴികെ) എല്ലാരും സില്മാരംഗത്ത് ഇന്ന് പ്രസിദ്ധരാണ്. ഷാജി കൈലാസ്, സഞ്ചീവ് ശങ്കര്‍, എസ്.കുമാര്‍, മനോജ് പിള്ള, കനകരാജ്.... പിന്നെ എന്റെ ബാച്ചിലെ ഏകവനിത അംബികാറാവു (അവര്‍ മലയാളസിനിമയിലെ അന്യഭാഷാനടികളുടെ മലയാളം ട്യൂഷന് ടീച്ചറും പ്രസിദ്ധസഹസംവിധായികയുമാണ്) ഇവരെ ഏറെകാലത്തിനൊടുവില് കാണുന്നത് ദുബായില്‍ 'പോത്തന് വാവ' ചിത്രത്തിന്റെ പ്രിവ്യൂവിനാണ്. മമ്മൂട്ടി, ജോഷി, ഉഷാഉതുപ്പ് എന്നിവരോടൊത്ത് എന്റെ പഴയ സഹപാഠിയും സുഹൃത്തുമായ അംബിക സ്റ്റേയിജില്‍. പോരാഞ്ഞ് ഉഷാഉതുപ്പ് അവരെ വാനോളം പുകഴ്ത്തി പറയുകമാത്രമല്ല മലയാളം പഠിപ്പിച്ചതിന് ഉപഹാരം സമ്മാനിക്കുകയും ചെയ്തത് കണ്ട് ഞാന്‍ വാ വീണ്ടും പൊളിച്ചുപോയി. അവര്‍ എന്നെ കണ്ട് അന്തം വിട്ടും പോയി. ഞങ്ങള്‍ പരിചയം പുതുക്കിക്കൊണ്ട് തിരക്കില്‍ അല്പനേരം ഇരുന്നു. പിന്നീട് അംബികയെ ഞാന്‍ രണ്ടുമാസംമുന്നെ കോഴിക്കോട്ട് മമ്മൂട്ടിചിത്രമായ 'പരുന്ത്' ലൊക്കേഷനിലും കണ്ടു. അപ്പോഴേക്കും എന്റെ സഹപാഠി ഏറെത്തിരക്കുള്ള സില്‍മാ സഹസംവിധായിക ആയിരുന്നു.
(ശിവന്‍സ് അനുഭവമഹാമഹം തുടരും..)

Labels:
ഉഷാഉതുപ്പ്,
എസ്.കുമാര്‍,
ജോഷി,
മനോജ് പിള്ള,
മമ്മൂട്ടി,
മലബാര്എക്സ്പ്രസ്സ്
Monday, June 30, 2008
‘പോയകിനാവിലെ‘രംഗങ്ങള്‍ (നിങ്ങള്‍ക്കായ്...)
ഏഷ്യാനെറ്റ് +ല്‍ കഴിഞ്ഞകൊല്ലം കാണിച്ച് ഗള്‍ഫിലിപ്പോള്‍ സുലഭമായി വിറ്റുപോകുന്ന 'പോയകിനാവിലെ' ടെലിഫിലീം സീഡിയില്‍ ഞാനഭിനയിച്ച രംഗങ്ങള്‍ കോര്ത്തിണക്കിയിതാ ഇവിടെ നിങ്ങള്‍ക്കായ്...
രംഗത്ത് കൂടെ അഭിനയിച്ചവര്‍: റെജിമണ്ണേല്, ശ്യാം, സന്തോഷ്
ശീര്‍ഷകഗാനം: ഉമ്പായി, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ബഷീര്‍ സില്‍സില
സംവിധാനം: കാദര്‍ ഡിംബ്രൈറ്റ്
രംഗത്ത് കൂടെ അഭിനയിച്ചവര്‍: റെജിമണ്ണേല്, ശ്യാം, സന്തോഷ്
ശീര്‍ഷകഗാനം: ഉമ്പായി, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ബഷീര്‍ സില്‍സില
സംവിധാനം: കാദര്‍ ഡിംബ്രൈറ്റ്
Tuesday, February 5, 2008
ഒരു സിനിമാഡയറിക്കുറിപ്പിനിന്ന് ഒരു വയസ്സ്!
കാലചക്രം കറങ്ങിത്തിരിഞ്ഞ് പോയതറിയുന്നില്ല. ചുമ്മാ ഇന്ന് ക്ലിക്കിനോക്കിയപ്പോള്‍ ഒരു സംഗതി ശ്രദ്ധിച്ചത്.. വായനക്കാരുടെ പ്രോല്‍സാഹനങ്ങളുടെ പിന്തുണയാല്‍ 'ഒരു സിനിമാഡയറിക്കുറിപ്പ്' ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു.
ഈ വേളയില്‍ ഒരു (രഹസ്യ)സത്യം പറയാതെ നിര്‍വാഹമില്ല. ദുബായില്‍ ആയിരുന്നവേളയില്‍ ഇടയ്ക്കിടെ ഫോണില്‍ രസങ്ങള്‍ പറയാറുള്ള ബൂലോഗവിശാലതയിലെ സൂര്യതേജസ്സായ സുഹൃത്തും അതിലേറെ സ്വന്തം 'ഏട്ടനും' ആയ വിശാലമനസ്കന് എന്ന നമ്മുടെ വിയെംജി ആയിരുന്നു ഇതിനുള്ള പ്രചോദനവും ഉപദേഷ്ടാവും... (വി.എം.ജീ സദയം പൊറുക്കുക ഈ സത്യം വിളിച്ചുപറഞ്ഞതില്‍..)
ലോഹിദദാസിന്റെ ബന്ധുവായ വിശാലമനസ്കേട്ടന്‍ സിനിമാരസങ്ങള്‍ പങ്കുവെക്കുന്നവേളയില്‍ എന്നോടൊരു ചോദ്യം: "ഡാ ഏറാനാടാ.. സില്‍മാലോകത്ത് ചുറ്റിപറ്റിനടന്നവേളയില്‍ എന്തോരം കാര്യങ്ങള്‍ ഉണ്ടാവും. ഒരു പറമ്പ് ബൂലോഗത്ത് പാട്ടത്തിനെടുത്ത് അതങ്ങട് വിതച്ചൂടേ ഏറൂ..?"
അങ്ങിനെ ആദ്യപോസ്റ്റ് റെഡിയാക്കി വിശാലേട്ടന് ഉപദേശിച്ച് നിര്‍ദ്ദേശിച്ച പ്രകാരം ബ്ലോഗ് നാമകരണവും കഴിഞ്ഞ് പോസ്റ്റിയത് കഴിഞ്ഞകൊല്ലം ഇതേ തിയ്യതി ഇതേ നേരത്തായിരുന്നു.. നല്ല ഗുരുത്വമോടെ അതൊരുവിധം ക്ലിക്കായി തുടരുന്നു.. :)
കൊതിച്ചതും വിധിച്ചതും ഒന്നെന്നെ.. എന്നപോലെ ഇക്കൊല്ലം ഞാനിതാ സില്മേടെ ഇട്ടാവട്ടത്ത് ചുറ്റികറങ്ങി ഇവിടെ.. പുതിയ സില്‍മാ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്..
എല്ലാവര്ക്കും ഈ വേളയില്‍ ഹൃദയംഗമമായ നന്ദി.. നന്ദി.. നന്ദി...

Tuesday, January 15, 2008
എം. ഒ. ദേവസ്യയ്ക്ക് പ്രണാമം...

ആയിരത്തി ഇരുന്നോറോളം സിനിമകള്‍ക്ക് ചമയം നിര്‍വഹിച്ച പ്രസിദ്ധനായ എം. ഒ. ദേവസ്യ ഇനിയൊരു ഓര്‍മ്മയായി. രജനീകാന്തിന്റെ പേഴ്സണല്‍ മേക്കപ്പുകാരനായിരുന്നു കുറേകാലം. തിക്കുറുശ്ശിയുടെ മുഖത്താണ് ആദ്യമായി ചായം ചാര്‍ത്തിയത്. സത്യന്, നസീര്‍, ജയന്, സോമന്, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഇങ്ങേയറ്റത്തെ പുതുമുഖങ്ങള്‍ക്ക് വരെ ചമയമണിയിച്ചു. മരിക്കുന്നതിന് തൊട്ടുമുന്നെയുള്ള ദിവസങ്ങളില്‍ പോലും ചലച്ചിത്രരംഗത്ത് സജീവമായിരുന്നു ദേവസ്യ. ഇദ്ദേഹത്തിന്റെ മകന് ജോര്‍ജ്ജ് ഇന്ന് മമ്മൂട്ടിയുടെ മേക്കപ്പുമാനാണ്.
ഇനി ഒരു സ്മരണക്കുറിപ്പിലേക്ക്...
വര്‍ഷം 2001. അന്നു ഞാന്‍ തിരുവനന്തപുരത്ത് ഛായാഗ്രഹണം പഠിച്ചിറങ്ങി സിനിമാലോകത്ത് ചുറ്റിപറ്റി നടക്കുന്നൊരു കാലം. ഒരു സിനിമാനിര്‍മാതാവിന്റെ ഓഫീസ് മാനേജറായി താമസവും ചിലവും ഫ്രീയായി കിട്ടുന്നൊരു വേള. ബോസ്സിന്റെ ബംഗ്ലാവില്‍ ഒരു നാള് ഷൂട്ടിംഗ് സംഘം വന്നു. അന്നത്തെ സംഭവകഥ വിശദമായി ദാ ഇവിടെയിട്ടിരുന്നു.
http://mycinemadiary.blogspot.com/2007/02/1.html
http://mycinemadiary.blogspot.com/2007/02/2.html
http://mycinemadiary.blogspot.com/2007/02/3.html
http://mycinemadiary.blogspot.com/2007/02/blog-post.html
അക്കൂട്ടത്തില്‍ എം.ഒ.ദേവസ്യ മാഷും ഉണ്ടായിരുന്നു. നടി ഇന്ദ്രജയ്ക്കും നടന്‍സ് ഹരിശ്രീ അശോകനും, രാജന് പീ ദേവിനുമെല്ലാം ചായം തേക്കുന്ന കൂട്ടത്തില്‍ ഒരു ചിന്നവേഷം ചെയ്യാന്‍ കൊതിപൂണ്ടുനിന്ന എന്റെ മോന്തയിലും ആ മഹാന് ചായം വാരിപ്പൂശി തന്നു. ഇന്നതോര്‍ക്കുമ്പോള്‍... കണ്ണുകള്‍ നിറയുന്നു.
പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം തൊട്ട് സിനിമകള്‍ കാണുന്നേരം വെള്ളിത്തിരയില്‍ മിന്നിത്തെളിയുന്ന 'ചമയം - എം.ഒ. ദേവസ്യ' എന്നു ശ്രദ്ധിച്ച മാത്രയില്‍ വിചാരിച്ചതാണ് അദ്ധേഹത്തെ ഒരിക്കല്‍ കാണണമെന്നത്. അത് സഫലീകരിച്ചത് അന്നായിരുന്നു. പ്രത്യേകിച്ച് ഐ.വി.ശശി പടങ്ങളും ഒരു പറ്റം കാട്ടുജാതിസിനിമകളും - മലയത്തിപ്പെണ്ണ്, ആദിപാപം മുതലായവ ദേവസ്യമാഷിന്റെ ചായമഷിക്കൂട്ടുകള്‍ നിറമണിയിച്ചവയാണല്ലോ. ആ മഹാന്റെ മുന്നില്‍ തൊഴുകൈയ്യോടെ മുഖത്ത് മിനുക്കുപണികള്‍ ചെയ്യാന്‍ വേണ്ടി ഇരുന്നുകൊടുക്കാനുള്ള ഭാഗ്യത്തോടെ ഞാന്‍ അന്ന് ദേവസ്യമാഷോട് കുശലം പറഞ്ഞു.
എന്റെ മോന്തയില്‍ സൂക്ഷിച്ചുനോക്കികൊണ്ട് കറുപ്പിനെ എങ്ങനെ വെളുപ്പാക്കാം എന്ന് ഗഹനമായാലോചിച്ച് ഗവേഷണഭാവത്തില്‍ ദേവസ്യമാഷ് പലനിറങ്ങള്‍ ചാലിച്ച് തേച്ചുതന്നു. ഒരു വാല്‍കണ്ണാടി നീട്ടി മുന്നില്‍ പിടിച്ചപ്പോള്‍ ഞാന്‍ ഞെട്ടി വാപൊളിച്ചു പോയി. ഇത് ഞാന്‍ തന്നെയാണോ? എന്ന് സംശയിക്കും വിധം എന്റെ കരിമോന്ത മിനുക്കിതിളക്കിവെച്ചിരിക്കുന്നു ആ മഹാന്റെ കരങ്ങള്‍...
ഞാന്‍ ചിരിച്ചപ്പോള്‍ അദ്ധേഹം മന്ദഹസിച്ചുകൊണ്ട് ഉപദേശിച്ചു. പല്ലിന്റെ മഞ്ഞനിറം മറ്റാന്‍ കരിമ്പും ഇഞ്ചിയും സമാസമം വെച്ച് കടിച്ചുതിന്നാനും ഉമിക്കരി ഉപയോഗിക്കാനും നിര്‍ദേശിച്ചു. ഞാന്‍ പിന്നെ ചിരിച്ചില്ല. പുഞ്ചിരിതൂകി കൈപിടിച്ചുകുലുക്കി എഴുന്നേറ്റു.
എന്റെ നാട്ടുകാരനും ചെറുപ്പത്തില്‍ ഗോട്ടി കളിച്ചിരുന്ന കൂട്ടുകാരനും ആയിരുന്ന പ്രകാശ് ചോക്കാട് ഏറെക്കാലം ദേവസ്യയുടെ ശിഷ്യനായിരുന്നു. പിന്നീട് അവന് സ്വതന്ത്രനായി ബാബു ആന്റണിയുടെ കൂടെകൂടി. നിറ്മാതാവും തിരക്കഥാകാരനുമൊക്കെയായി. (മസാലസിനിമകളായിരുന്നു പ്രകാശിന്റെ തട്ടകം).
അവനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ദേവസ്യമാഷ് തിരിച്ച് എന്നോട് ആരാഞ്ഞു അവനെവിടെയാണിപ്പോള്‍ എന്നൊക്കെ അറിയാന്‍.. ഗുരുവിന് ഇക്കാലത്ത് ശിഷ്യന്മാരെ കാണാനാണല്ലോ ബുദ്ധിമുട്ട് ഏറെ എന്നോര്‍ത്ത് ഞാന്‍ എന്റെ ഊഴം വരുന്നതും കാത്ത് ഇന്ദ്രജയും ഹരിശ്രീ അശോകനും അഭിനയിക്കുന്നതും നോക്കി ക്യാമറ യൂനിറ്റിനോടൊപ്പം ഒരു അരികുപറ്റിനിന്നു.
സത്യന്, നസീര്‍, ജയന്, സോമന്, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ പ്രശസ്തരുടെ നീണ്ട ലിസ്റ്റില്‍ ഒടുവില്‍ ആരോരുമറിയാത്ത ഒരു നാടനും അങ്ങിനെ ദേവസ്യമാഷിന്റെ ചമയം പൂശിയ മുഖവുമായി നിന്നു.
ആ യശ:ശരീരനായ മഹാന്റെ മുന്നില്‍ ഒരുപിടി പൂക്കള്‍ ഇട്ട് പ്രണാമം.. സ്വസ്തി..
Subscribe to:
Posts (Atom)