Friday, April 19, 2019

മമ്മൂക്കയും മമ്മാലിയും

രാവിലെ റോഡ് വക്കിലെ മരത്തിൽ കേറി ഉണങ്ങി വീഴാറായ വലിയ കൊമ്പ് വെട്ടുകയായിരുന്നു മമ്മാലി. താഴെ റോഡിൽ ചുള്ളിക്കമ്പുകളും ഇലകളും വീണ് തടസ്സം ഉണ്ടായിക്കൊണ്ടിരുന്നത് മൂപ്പര് അറിഞ്ഞില്ല. ഏതാനും വാഹനങ്ങൾ ഹോണടിച്ച് പതുക്കെ അതിനു മുകളിലൂടെ കയറിയിറങ്ങി പോയി. മമ്മാലി അതൊന്നും ശ്രദ്ധിക്കാതെ വെട്ട് തുടർന്നു.

അന്നേരമാണ് കാറിൽ മെഗാസ്റ്റാർ മമ്മൂക്ക വന്നത്! പരിസരം മറന്ന് മരക്കൊമ്പ് വെട്ടുന്ന മമ്മാലിയെ നോക്കി മമ്മൂക്ക ഹോണടിച്ചു. മമ്മാലി മൈൻഡ് ചെയ്യാതെ വെട്ടുകയാണ്. കാറിൽ നിന്നും മാനേജർ ജോർജേട്ടൻ ഇറങ്ങി മമ്മാലിയോട് ഉറക്കെ വെട്ട് നിറുത്താൻ പറഞ്ഞു. 'ഇതിപ്പോ തീരും. ഒന്ന് വെയ്റ്റ് ചെയ്' വെട്ടുന്നതിനിടയിൽ മമ്മാലി താഴെ നോക്കാതെ പറഞ്ഞു.

ജോർജേട്ടൻ കാറിൽ സ്റ്റിയറിംഗ് പിടിച്ച് ഇരിക്കുന്ന മമ്മൂക്കയെ നോക്കി. മമ്മൂക്ക തല വെളിയിലിട്ട് ഉറക്കെ പറഞ്ഞു. 'എടോ.. വെട്ട് നിറുത്ത്. എനിക്ക് വേഗം ഷൂട്ടിനെത്തണം.'

നല്ല പരിചയമുള്ള ശബ്ദം.. ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോർത്ത് മമ്മാലി താഴേക്ക് നോക്കി. അതാ താഴെ സാക്ഷാൽ മമ്മൂട്ടി! മമ്മാലിയുടെ മുഖത്ത് അത്ഭുതമാഹ്ലാദം ബോധം കെടലിലേക്ക് മാറി. മമ്മാലി ബാലൻസ് തെറ്റി താഴേക്ക് വീണു. മമ്മൂക്കയുടെ കാറിന്റെ ബോണറ്റിലാണ് മമ്മാലി വന്നു പതിച്ചത്. സ്റ്റിയറിംഗ് പിടിച്ച് ഇരിക്കുന്ന മമ്മൂക്ക നോക്കുമ്പോൾ ബോണറ്റിൽ കൈകൾ നീട്ടി തന്റെ നേരെ കണ്ണുകൾ മിഴിച്ച് കിടക്കുന്ന മമ്മാലിയെയാണ് കാണുന്നത്.

'ജോർജേ.. ആരെങ്കിലും കാണുന്നതിന് മുൻപ് ഇയാളെ കാറിലോട്ടിട്ടോ.. വേഗാവട്ടെ..' മമ്മൂക്ക പറഞ്ഞതും ജോർജ് മമ്മാലിയെ പിടിച്ച് താങ്ങി കാറിലെ പിൻസീറ്റിൽ കിടത്തി. മമ്മൂക്ക കാർ വേഗത്തിലോടിച്ച് അടുത്തുള്ള ആശുപത്രിയിലെത്തി. മമ്മാലിയെ താങ്ങി മമ്മൂക്കയും ജോർജും അത്യാഹിത വിഭാഗത്തിൽ എത്തിയതും സ്ട്രെച്ചർ കൊണ്ടുവന്ന ജോലിക്കാർ താരത്തെ കണ്ട് അന്തംവിട്ടു. രോഗികൾ വാപൊളിച്ചു.

ഡോക്ടറെ കണ്ട് മമ്മാലിയുടെ ചികിത്സക്കുള്ള സൗകര്യങ്ങൾ ശരിയാക്കി ചിലവിനുള്ള കാശ് ജോർജിനോട് കൗണ്ടറിൽ കൊണ്ട് അടപ്പിച്ച് മമ്മൂക്ക തിരിയുമ്പോൾ നഴ്‌സ് പിറകിൽ എത്തി അറിയിച്ചു 'സാർ, രോഗിയുടെ ബോധം തിരികെ വന്നു. മമ്മൂട്ടി...മമ്മൂട്ടി... എന്നല്ലാതെ വേറൊന്നും പറയുന്നില്ല. ആകെ ഒരു വെപ്രാളം.'

പോവുന്നതിന് മുൻപ് ഒന്നാശ്വസിപ്പിച്ച് കളയാം എന്ന് വിചാരിച്ച് മമ്മൂക്ക മമ്മാലിയുടെ അടുത്തെത്തിയതും മമ്മാലി മമ്മൂക്കയെ അത്ഭുതത്തോടെ നോക്കിയതും പിന്നേം ബോധം കെട്ട് വാപൊളിച്ച് കിടന്നതും ഒരുമിച്ചായിരുന്നു.

'ദേ പിന്നേം ബോധം പോയി.' മമ്മൂക്ക ആരോടെന്നില്ലാതെ പറഞ്ഞ് പുറത്തിറങ്ങി ജോർജിനൊപ്പം വേഗം കാറിന്റെ അരികിലേക്ക് നടക്കുമ്പോൾ ആശുപത്രിയിൽ ആൾക്കൂട്ടം ആയിക്കൊണ്ടിരുന്നു.

(Inspired from real incident, written by സാലിഹ് കല്ലട, courtesy Sherif Nilambur)

Monday, June 24, 2013

ജാഗ്രത.

നമ്മുടെ നാടായ നിലമ്പൂരിലെ ജയന്തി പിന്നെ കീര്‍ത്തി എന്ന് പേര് മാറ്റിയ ഇന്ന് ഇല്ലാത്ത   പഴയൊരു ഓലടാക്കീസ് ആയിരുന്നു. സീമേച്ചി നടിച്ച 'അര്‍ച്ചന ടീച്ചര്‍' ആയിരുന്നു ഉല്‍ഘാടനചിത്രം. മനസ്സിന്‍റെ തിരശ്ശീലയിലേക്ക് ഹൃദയമാകുന്ന ഫിലിം പ്രൊജക്ടറില്‍ തലച്ചോറിലെ വൈദ്യുതി  കൊണ്ട് ഓര്‍മ്മകളുടെ ഫിലിം ചുരുളുകള്‍ ഞാന്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും തെളിമ നശിക്കാത്ത ദൃശ്യങ്ങള്‍ കാണാനായി.

അതില്‍ ആദ്യം വന്ന സീന്‍ ഒരു 'ജാഗ്രത'യാണ്.

മമ്മൂട്ടിയുടെ സിനിമ 'ജാഗ്രത' റിലീസായ ആദ്യ ദിവസം ഫസ്റ്റ് ഷോ.. ഇന്നത്തെപോലെ ടിവി ചാനലുകളും കണ്ണീര്‍ സീരിയലുകളും ഇല്ലാത്ത കാലമായതിനാല്‍ ഹാള്‍ നിറയെ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളെകൊണ്ട് നിറഞ്ഞിരുന്നു.

സ്ക്രീനില്‍ 'ജാഗ്രത' എഴുതികാണിച്ചു പടം തുടങ്ങി കുറച്ചായപ്പോള്‍ ഫസ്റ്റ് ക്ലാസില്‍ ഒരു വല്ലാത്ത നാറ്റവും പിന്നെ ഡോള്‍ബി സൌണ്ടും പരന്നു.  പ്രേക്ഷകര്‍ മൂക്ക് പൊത്തി ചുറ്റും നോക്കി പിറുപിറുത്തു. അവര്‍ ജാഗ്രതയോടെ പിന്നോട്ടും മുന്നോട്ടും നോക്കി. ആകെ പരവശരായി. സ്ക്രീനില്‍ മമ്മൂക്ക വന്നു കുറച്ചു കഴിഞ്ഞു വീണ്ടും ആ നാറിയ നാറ്റവും ഡോള്‍ബി സൌണ്ടും.

അസഹനീയമായപ്പോള്‍ ചില പുരുഷകേസരികള്‍ തെറി തുടങ്ങി.

"ഏതു തന്തയില്ലാത്തവനാ ഇമ്മാതിരി വളി വിടുന്നത്?"

മറുപടിയായി ഒരു കുറുകിയ വളിയുടെ അലയൊലി വന്നു കെട്ടടങ്ങി.

"നായിന്‍റെ മോന്‍ വളി വിടാന്‍ ടിക്കറ്റ് എടുത്ത് വന്നിരിക്കുന്നു. ചെറ്റ"

ഇടവേള ആകും വരെ വളിയമിട്ട് അഞ്ചാറെണ്ണം പൊട്ടിയിട്ടുണ്ടാകും. ഏതാനും സ്ത്രീകള്‍ കുട്ടികളെയെടുത്ത് മൂക്ക് പൊത്തി ഓടുന്നത് കണ്ടു.

ഇടവേളയായി. ഹാളില്‍ മാറാല പിടിച്ച ലൈറ്റുകള്‍ കത്തി. 

സ്ക്രീനിനു പിന്നിലെ ബോക്സില്‍ നിന്നും പാട്ടോഴുകി.

"ഇവിടെ കാറ്റിനു സുഗന്ധം..
ഇതിലേ പോയത് വസന്തം..."

അപ്പോഴും ആരാണാ വളിയുടെ ഉടമ എന്നറിയാന്‍ എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു.

"ദേ ഇങ്ങോട്ട് നോക്ക്യേ.."  - ആരോ കൈകൊട്ടി ശ്രദ്ധ ക്ഷണിച്ചത് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.

ഒരു മീശക്കൊമ്പന്‍ ചുവന്നകണ്ണുകള്‍ ഉരുട്ടിക്കൊണ്ട് കത്തിച്ച ബീഡി കറുത്തചുണ്ടില്‍ പിടിപ്പിച്ച് രണ്ടുകാലും പൊക്കി സീറ്റില്‍ ഇരിക്കുന്നു. അയാളാണ് കൈകൊട്ടി എല്ലാവരേയും ശ്രദ്ധ തിരിച്ചത്.
ആള് നല്ല പൂസ്സില്‍ ഇരിക്കുന്നു.

"അതെ. ഞാന്‍ തന്നെയാ ഈ വന്ന വളികളൊക്കെ വിട്ടത്!"

എല്ലാരും ഞെട്ടി നോക്കി. അയാള്‍ തുടര്‍ന്നു.

"പിടിച്ചാ നില്‍ക്കാന്‍ കൈയും കാലും ആകൃതിയുമൊന്നും അതിനു പടച്ചവന്‍ കൊടുത്തില്ലല്ലോ. വളി വിട്ടതിന് ഇത്രമാത്രം തന്തയ്ക്ക് വിളി കേള്‍ക്കാന്‍ ഞാന്‍ എന്ത് തെറ്റാ ചെയ്തെ? ഞാനും തറവാട്ടീ പെറന്നവന്‍ തന്നെ. വളി ഏത് തറവാട്ടീ പേറന്നവനും വരുന്ന ഇനമാ..

അയാളുടെ സീരിയസ്സായ കുമ്പസാരം കേട്ട് എല്ലാവരും വാപൊളിച്ച് ഇരുന്നപ്പോള്‍ ഇടവേള കഴിഞ്ഞു സിനിമ തുടര്‍ന്നു.

"എല്ലാരും ജാഗ്രത കണ്ട് പോകാന്‍ നോക്കീന്‍.... "- പുള്ളിക്കാരന്‍ ഒന്നൂടെ ആഞ്ഞു മുക്കിനോക്കി. പക്ഷെ പൊട്ടിയില്ല. ശൂ.... മാത്രം പോയി. സ്റ്റോക്ക് തീര്‍ന്നോ ആവോ. മൂപ്പര്‍ ജാഗ്രത സിനിമയില്‍ ലയിച്ചിരുന്നു.

(കീര്‍ത്തിയുടെ ഇന്നത്തെ കോലം. ഇന്നിതും അവിടെ കാണുന്നില്ല എന്നോര്‍ക്കുമ്പോള്‍ ഒരു നഷ്ടബോധം)


Monday, September 24, 2012

താരകതിലകം


മലയാള സിനിമയിലെ പെരുന്തച്ചന്‍ തിലകേട്ടനെ ഞാന്‍ ആദ്യമായി കണ്ടത്‌ 1986-ല്‍ 'എന്നെന്നും കണ്ണേട്ടന്റെ' ചിത്രീകരണത്തിന് നിലമ്പൂരില്‍ അദ്ദേഹം വന്നപ്പോഴാണ്. അതില്‍ അദ്ദേഹത്തോടൊപ്പം നെടുമുടിവേണുവും ജഗതിയും അഭിനയിച്ചിരുന്നു. (നെടുമുടി അപ്പൂപ്പന്‍ ആയും തിലകന്‍ മകനായും).

അന്ന് ഞാന്‍ സ്കൂള്‍ ക്ലാസ്‌ കട്ട് ചെയ്ത് ദിവസം മുഴുവനും ഷൂട്ടിംഗ് കണ്ടു നില്‍ക്കുമായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് എന്നെ സെറ്റിലെ പലര്‍ക്കും പരിചിതമായി. (അവരുടെ വ്യൂ പോയന്റില്‍ ഒരു വായ്‌നോക്കി ആയിട്ടാവാം.) പരുക്കനായ തിലകേട്ടന്‍ സെറ്റില്‍ ആരോടും അടുക്കാതെ എപ്പോഴും തനിച്ചിരിക്കുന്നത് കണ്ടു. ജഗതി എത്തിയാല്‍ സെറ്റ്‌ ആകെ രസമയം ആകുമ്പോഴും ചിരിയില്‍ കൂടാതെ തിലകേട്ടന്‍ മാറിതന്നെ ഇരുന്നു.

അന്നൊക്കെ എന്നിലെ സിനിമാഭ്രമം സ്വപ്നമായി തന്നെ കിടന്നു. യാദൃശ്ചികമായി 2010-ല്‍ തിലകേട്ടന്‍ അഭിനയിച്ച വിനയന്‍ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ മജിസ്റ്റ്രേറ്റ് വേഷം എനിക്ക് ചെയ്യാന്‍ അവസരം കിട്ടി. ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നുവെങ്കിലും ആ  നടനതിലകത്തിന്റെ സിനിമയില്‍ എനിക്ക് കിട്ടിയ ഒരു പുരസ്കാരം ആയി ഞാന്‍ കാണുന്നു.

സിനിമയില്‍ പലവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട ആ അഭിനേതാവിന് വിനയന്‍ എന്ന ഒറ്റയാന്‍ ആണ് നല്ലൊരു വേഷം ഈ സിനിമയില്‍ നല്‍കിയത്‌. അതിനു ശേഷമാണ് രഞ്ജിത്ത് 'ഇന്ത്യന്‍ റൂപ്പി'യില്‍ അസാധ്യകഥാപാത്രം നല്‍കിയത്‌. പക്ഷെ, ഇന്ന് ടിവിയില്‍ ഒക്കെ വാര്‍ത്താവായനക്കാര്‍ വിനയനെ പരാമര്‍ശിച്ചത് കണ്ടില്ല. ഇന്ത്യന്‍ റൂപ്പിയും രഞ്ജിത്തും ആണ് തിലകനെ തിരികെ മലയാളസിനിമയില്‍ കൊണ്ടുവന്നത് എന്നാക്കി അവര്‍ നമ്മുടെ ചെവിയില്‍ എത്തിച്ചു.

സ്കൂള്‍ കട്ട് ചെയ്ത് അന്ന് അദ്ദേഹം ഒക്കെ അഭിനയിക്കുന്നത് വാപൊളിച്ച് നോക്കി നിന്ന ഞാന്‍ ഇന്ന് ഓഫീസില്‍ പോകാതെ ആ മഹാകലാകാരന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികള്‍ ..