Sunday, November 14, 2010

നാട്ടില്‍ ഒരു സിനിമാതാരം.!
ഓര്‍മ ശരിയാണെങ്കില്‍ ഒരു സിനിമാനടനെ എനിക്ക് സ്ഥിരമായി കാണാന്‍ കഴിഞ്ഞത് നിലമ്പൂരിലെ ജീവിതകാലത്താണ്. അതേതാ അമ്മാതിരി ഒരു സില്‍മാതാരം എന്ന് ചോദിക്കാന്‍ വരട്ടെ.. പറയാം.


ആളിന് ഒരു ആറര അടി പൊക്കം കാണും. തലയില്‍ മുടി എന്ന്  മാത്രം പറയാന്‍ പറ്റില്ല. അതൊരു കൊടുംകാടാണ്. ഇടതൂര്‍ന്ന ചെമ്പന്‍കാട് വളര്‍ന്നുപന്തലിച്ച ശിരസ്സ്.  വീതിയേറിയ മോന്തയില്‍ ഒരു ബുള്‍ഗാന്‍ താടി. ആ  ചെമ്പോത്തിന്‍ കണ്ണുകള്‍ കാണാന്‍ കിട്ടുന്നത്, ജന്മനാ ഫിറ്റ്‌ ചെയ്തപോലെയുള്ള കൂളിംഗ് ഗ്ലാസ്സ് വിയര്‍പ്പ് ഒപ്പാന്‍ വേണ്ടി കക്ഷി   ഊരുമ്പോള്‍ മാത്രം. കഴുത്ത്‌ മുതല്‍ അരഭാഗം വരെ അധികം ഏരിയ ഇല്ല. അര തൊട്ട് പാദം വരെ മൊത്തം ഉയരത്തിലെ മുക്കാല്‍ ഭാഗം കവര്‍ന്ന ഒരു കോലം. ഒരു കുഞ്ഞുടീഷര്‍ട്ടും ബെല്‍ബോട്ടം പാന്‍റ്സും ഹൈഹീല്‍ഡ് കുളമ്പ്‌ ഷൂസും പിറന്ന നാള്‍തൊട്ട് ഉള്ളത് മാതിരി പുള്ളിക്കാരന്‍ എന്നും അണിയുന്നു. വളച്ചുപിടിച്ച അമ്പ്‌ മാതിരി നിലമ്പൂര്‍ അങ്ങാടിയിലൂടെ നാട്ടിലെ താരം ചവിട്ടിമെതിച്ച് പോകുന്നത് കാണാം. ആ പോക്കിന് ഒരു താളമുണ്ട്. സ്വരലയം ഉണ്ട്. "ടം-ഡം-ടം" എന്ന പോലെ ഒരു ഇത്. അകലെ നിന്ന് കേട്ടാല്‍ അമ്പലകാളയുടെ സ്ലോമോഷന്‍ കുളമ്പടി ആണോന്ന് തോന്നിപ്പോകും. ചെറിയ ദേഹം, കുരുതായ കൈകള്‍, നീണ്ട കാലുകള്‍, ഓട്ടോറിക്ഷയുടെ പിറകില്‍ ഘടിപ്പിച്ച എഞ്ചിന്‍ പോലെത്തെ മുഴച്ച് തള്ളിനില്‍ക്കുന്ന ചന്തി ഇളക്കിയുള്ള അയാളുടെ വരവ് ഒരു ദിനോസറിനെ ഓര്‍മ്മിപ്പിച്ചു.

ഇതാണ് ഞാന്‍ പറഞ്ഞുവന്ന നാട്ടിലെ സില്‍മാതാരം മിസ്റ്റര്‍ ഫിലിപോസ്. കോട്ടയം അംശം വിട്ട് നിലമ്പൂര്‍ ദേശത്ത്‌ വന്നെത്തിയ ഫിലിപോസ് ഏതൊരു പുരുഷനും അസൂയ വരുത്തുന്ന തരത്തില്‍ ഒരു നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. ഫിലിപോസിന്‍റെ കുടുംബം നാട്ടുകാര്‍ക്ക്‌ അക്ഞാതമാണ്.

ഒരു സുപ്രഭാതത്തില്‍ ഷോര്‍ണൂര്‍-നിലമ്പൂര്‍ തീവണ്ടിയില്‍ വന്നിറങ്ങിയ കക്ഷി പഴയൊരു മാളികവീട് വാടകയ്ക്ക് എടുത്ത് ആരംഭിച്ചതാണ് ഇത്. ഡോ. ഫിലിപോസ് BSc. MBBS’ എന്ന ബോര്‍ഡ്‌ തൂക്കിയ മാളികവീട് അതുവരെ കാട് പിടിച്ച് കിടന്നതില്‍ നിന്നും മോചനം ലഭിച്ച് വെള്ളപൂശിയ ഭവനമായി മാറി. നാട്ടിലെ മതിലുകളില്‍ എല്ലാം നഴ്സിംഗ് കോഴ്സിലേക്ക് കുട്ടികളെ ചേര്‍ക്കാനുള്ള പരസ്യം പതിഞ്ഞു. ഇത് കണ്ട് ഇവിടെ വന്നെത്തിയ പെണ്‍കുട്ടികള്‍ തൂവെള്ള സാരിയും കറുത്ത ബ്ലൌസും അണിഞ്ഞ പറവകള്‍ പോലെ പ്രദേശത്ത്‌ പരന്നു. ദൂരെ ദിക്കില്‍ നിന്നുപോലും പെണ്ണുങ്ങള്‍ ഫിലിപോസ് നഴ്സിംഗ് ഹോമിന്‍റെ സമീപമുള്ള ഹോസ്റ്റലില്‍ താമസിച്ച് നഴ്സുമാരാവാന്‍ പ്രയക്നിച്ചു. അവരെ കൊണ്ട് ഇരിക്കപ്പൊറുതി നഷ്ടമായ നാട്ടിലെ പണിയില്ലാ ചെറുപ്പക്കാര്‍ എരിപിരി കൊണ്ട് വട്ടം കറങ്ങി. അവര്‍ക്ക്‌ ഡോ. ഫിലിപോസ് ഒരു പേടിസ്വപ്നവും സര്‍വോപരി അസൂയ ഉണ്ടാക്കിയ താരവും ആയിരുന്നു.

രാത്രികളില്‍ ലേഡീസ്‌ ഹോസ്റ്റലിനു പിറകിലെ കുറ്റിക്കാടുകളില്‍ പമ്മിയിരുന്ന് മുകളിലെ പാതിതുറന്ന ജനാലയിലൂടെ മിന്നിമറയുന്ന പെണ്‍കുട്ടികളുടെ രൂപം നോക്കി വെള്ളമിറക്കി ഇരുന്ന നാട്ടിലെ കേഡികളെ ഒരിക്കല്‍ നഴ്സ്മാരുടെ രക്ഷകനായ  ആജാനുഭാഹുവായ ഫിലിപോസ് ചേസ് ചെയ്തു ചാലിയാര്‍ പുഴയില്‍ കൊണ്ട് ചാടിച്ചു. തന്‍റെ ബെല്‍ബോട്ടം പാന്‍റ്സും പോളിഷ് ചെയ്ത ഹൈഹീല്‍ഡ് ഷൂസ് വെള്ളം കയറി പണിയാകും എന്ന്  അയാള്‍ വിചാരിച്ചതിനാലും  വേനല്‍കാലമായതിനാല്‍ പുഴയിലധികം വെള്ളം ഇല്ലാത്തതിനാലും അന്ന് കേഡികള്‍ രക്ഷപ്പെട്ടു എന്നാണു കേള്‍വി.  ഇവര്‍ മിസ്റ്റര്‍ ഫിലിപോസിനേയും നഴ്സിംഗ് പെമ്പിള്ളേരേയും ചേര്‍ത്ത് മസാലകഥകള്‍ നാട്ടില്‍ പരത്തി രസിച്ചു. 

ഇതില്‍ ഖിന്നനായ ഡോ. ഫിലിപോസ് തന്‍റെ മാനേജറായ കിളവന്‍ കുര്യാക്കോസിനെ തല്‍ക്കാലം നഴ്സിംഗ് സ്ഥാപനവും അതിലെ വിലപിടിപ്പുള്ള പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ ഏല്പിച്ച് ഒരു ബ്രീഫ്കേസില്‍ തന്‍റെ കുറുകിയ ടീഷര്‍ട്ടും ബെല്‍ബോട്ടം പാന്‍സും ജട്ടിയും നിക്കറും ഇട്ട് പുലര്‍ച്ചെ ആരാരും കാണാതെ സ്ഥലം വിട്ടു.

നാട്ടിലെ ക്ലിനിക്കിലെ നഴ്സ് അമ്മിണിചേച്ചി എന്നും പിള്ളേര്‍ക്ക്‌ ക്ലാസ്സ്‌ എടുത്തു. ഫിലിപോസിന്‍റെ ഹിപ്പിത്തല കാണാഞ്ഞ് ഉഷാറായ നാടന്‍ കേഡികള്‍ കുര്യാക്കോസിനെ കുപ്പിയില്‍ ആക്കി പരിസരത്ത് പാട്ടും കൂത്തും ആയി വിലസി. ഇതെല്ലാം നേരമ്പോക്ക് ആയി കണ്ട് ഹോസ്റ്റലിലെ ചില പെണ്ണുങ്ങള്‍ കൈയും മെയ്യും കാണിച്ചു അവരുടെ നിദ്രകളെ ഇല്ലാതാക്കി.

ടം-ഡം-ടം താളം നിലച്ച നാട്ടുപാതയില്‍ ചിലര്‍ ചോദിച്ചു. ഈ ഫിലിപോസ് എവിടെപോയെന്ന്? കുര്യാക്കോസിന് വെളിവ് ഇല്ലാതായി. നല്ല കോലത്തില്‍ അയാളെ കാണാന്‍ കിട്ടാതായി. അങ്ങിനെ ഒരു മാസം കഴിഞ്ഞു. നാട്ടില്‍ ഒരു കോളിളക്കവാര്‍ത്തയെത്തി!

ഡോക്ടര്‍ ഫിലിപോസ് സിനിമയില്‍!

നിലമ്പൂര്‍ ജ്യോതിയില്‍ ദിവസേന 3 കളികള്‍ ഉള്ള മൂന്നാംമുറ എന്ന മോഹന്‍ലാല്‍-കെ.മധു-എസ്.എന്‍.സ്വാമി സിനിമയില്‍ ലാലേട്ടന്റെ ഇടികിട്ടുവാന്‍ വേണ്ടി മാത്രം അവിടേയും ഇവിടേയും സൈഡിലും മൂലയിലും ഒക്കെയായി ഡോ. ഫിലിപോസ് വിലസുന്നു എന്ന ചൂടുവാര്‍ത്ത നാട്ടില്‍ പറന്നു.

നാട്ടിലെ കേഡികള്‍ ടിക്കറ്റ് ഇല്ലാതെ ജ്യോതിയുടെ മതില്‍ ചാടിക്കേറി മൂന്നാംമുറ പലമുറ കണ്ടു ഇല്ലാത്ത ഒരു ആരാധനയുമായി ഫിലിപോസിനെ ഒരു നോക്ക് കാണുവാന്‍ കൊതിച്ചു. പക്ഷെ ഫിലിപോസ് ഉടനെയൊന്നും നാട്ടില്‍ പ്രത്ര്യക്ഷപ്പെട്ടില്ല. കേഡികള്‍ നഴ്സിംഗ് ഇന്‍സ്റ്റിട്യൂട്ടിലെ മാനേജര്‍ കുര്യാക്കോസിന് നാടന്‍ കൊടുക്കല്‍ നിറുത്തിയിട്ട് പകരം മുന്തിയ കുപ്പിയിലേക്ക്‌ ആക്കി സല്‍ക്കരിച്ചു നിര്‍വൃതികൊണ്ടു.

മൂന്നാംമുറ നന്നായി ഓടിമാറി. ഉടനെ അടുത്ത പടം രാജേശ്വരി ടാക്കീസില്‍ എത്തി. ഊഹക്കച്ചവടം എന്ന ത്യാഗരാജന്‍ പടത്തില്‍ ശിങ്കിടിഗുണ്ടയായി ഇടിമേടിക്കാന്‍ വേണ്ടിമാത്രം നാട്ടിലെ താരമായ ഡോ. ഫിലിപോസ് മിന്നിമറയുന്നത് വാര്‍ത്തയായി. എന്നിട്ടും ഫിലിപോസ് നാട്ടില്‍ കാലുകുത്തുന്നില്ല. ഒന്ന് കാണാന്‍ കൊതിയോടെ പുള്ളിയുടെ പെണ്‍ശിഷ്യര്‍ പോലും അതിയായി ആഗ്രഹിച്ചു.

ഊഹക്കച്ചവടം പോയി പിന്നെ വെള്ളിത്തിരയില്‍ ഫിലിപോസ് ഇടിമേടിക്കാന്‍ എത്തിയത് കാലാള്‍പ്പട എന്ന ജയറാം-റഹ്മാന്‍-തിലകന്‍ സിനിമയായിരുന്നു. അപ്പോഴേക്കും മാസങ്ങള്‍ ആറെണ്ണം കൊഴിഞ്ഞുപോയിരുന്നു. അതിനിടയില്‍ ബക്രീദ് വന്നു. അവധിയില്‍ നിലമ്പൂര്‍ കേഡികളായ മത്തായ്‌ മുനീബ്‌, ചെള്ളിനാസര്‍, ചുണ്ടിമന്‍സൂര്‍, ഉണ്ടക്കണ്ണന്‍ മന്‍സൂര്‍, നായര്‍ബാബു, ഡിസ്കോമുജീബ്‌, കഞ്ചാറഷീദ്‌, പുകിലന്‍ സുനില്‍ എന്നിവര്‍ കോഴിക്കോട്‌ ഒന്ന് വിലസാന്‍ ഇറങ്ങി. പകല്‍ പട്ടമോന്തിയ ഇവരില്‍ ചിലര്‍ ചലപില പറഞ്ഞ് കടാപ്പുറത്ത് കറങ്ങി. ഉച്ചപ്പടം കാണാന്‍ പുഷ്പയില്‍ കയറി കൂര്‍ക്കം വലിച്ചുറങ്ങി. നേരം രാത്രിയായപ്പോള്‍ ഒരു ഫുട്പാത്തില്‍ മനോരമ മാതൃഭൂമി താളുകള്‍ വിരിച്ചു, നിരനിരയായി കേഡികള്‍ ഉറക്കത്തെ കാത്തു മാനത്ത്‌ നോക്കി കിടന്നു.

നഗരം തിരക്കൊഴിഞ്ഞു ആലസ്യത്തിലായി. ഇടയ്ക്കിടെ പാഞ്ഞുപോകുന്ന ഒന്നോ രണ്ടോ വാഹനങ്ങളുടെ ഒച്ചമാത്രം. പിന്നെ ഓടയില്‍ നിന്നും പൊങ്ങിവന്ന് കിടക്കുന്ന കേഡികളുടെ കാലുകള്‍ മണത്തുനോക്കി തിരിഞ്ഞുനോക്കാതെ പായുന്ന ഗുണ്ടുഎലികളുടെ ച്ലിം ച്ലിം സ്വരം.. കൊതുകുകളുടെ മൂളിപ്പാട്ടും മാത്രം.

അങ്ങേയറ്റത്ത് കിടക്കുന്ന ചുണ്ടിമന്‍സൂര്‍ മയങ്ങിക്കിടക്കുന്ന കൂട്ടാളികളെ ശ് ശ് ഒച്ചയുണ്ടാക്കി വിളിക്കാന്‍ തുടങ്ങി. ദൂരെ നിന്നും നല്ല പരിചിത താളസ്വരം അരികിലേക്ക്‌ വരുന്നു. ടം-ഡം-ടം.. ടം-ഡം-ടം..

ങേ! ഈ ഒച്ച നല്ല പരിചയമുണ്ടല്ലോ.. ഇത് ഇവിടെ എങ്ങനെ? ഉണ്ടക്കണ്ണന്‍ മന്‍സൂര്‍ തലപൊക്കി ചോദിച്ചു.

അവര്‍ കൂര്‍ക്കംവലി തുടങ്ങിയ കൂട്ടുകാരെ തട്ടിവിളിച്ചു.

ഡാ ഡാ നീക്കെടാ.. ദിനോസര്‍ വരുന്നൂ.. ചുണ്ടിമന്‍സൂര്‍ മന്ത്രിച്ചു.

ദിനോസറിനോട്‌ ഉള്ള ഗ്യാപ്പില്‍ കിടക്കാന്‍ പറ. ങ്ങുര്‍..ര്‍ര്‍.. ഉറക്കച്ചടവില്‍ നായര്‍ബാബു പറഞ്ഞ് തിരിഞ്ഞുകിടന്നു.

ഡിസ്കോമുജീബ്‌ ഒരു ചവിട്ടുവെച്ച് കൊടുത്തു. എല്ലാവരും അരികെ വരുന്ന ടം-ഡം-ടം താളം ശ്രദ്ധിച്ചു. ഉറക്കം വിട്ടെഴുന്നേറ്റു നോക്കി. അപ്പോള്‍ ഇരുളില്‍ ഒരു പരിചിത ആകാരരൂപം കൈയില്‍ ഒരു ബ്രീഫ്കേസ് പിടിച്ചു മൂഡ്‌ ഇളക്കി നടന്നുവരുന്നു. അവര്‍ കണ്ണുകള്‍ തിരുമ്മി സൂക്ഷിച്ചുനോക്കി.

ബുള്‍ഗാന്‍ താടി തടവികൊണ്ട് ഒരു കൈയില്‍ ബ്രീഫ്കേസ് പിടിച്ച് ബെല്‍ബോട്ടം കാറ്റില്‍ ആട്ടിക്കൊണ്ട് അയാള്‍ നടന്നടുത്തു. തെരുവ്-വിളക്കിന്‍റെ മഞ്ഞവെളിച്ചത്തിനു ചോട്ടില്‍ ആ രൂപം എത്തി. ഫിലിപോസ്!! കേഡിസംഘം പതുക്കെ സൈഡ് പിടിച്ച് നിരനിരയായി കിടന്നു ആ വരവ് കണ്ടു. അവരില്‍ ചിലര്‍ക്ക് ചെറിയ ഭയം. ഫിലിപോസ് പകരം ചോദിക്കാനുള്ള വരവാണോ?

നിരനിരയായി കിടക്കുന്ന കേഡികളെ ശ്രദ്ധിക്കാതെ നീങ്ങിയ സിനിമയിലെ തല്ലുകൊള്ളി താരം ഡോ. ഫിലിപോസ് ടം-ഡം-ടം താളത്തില്‍ നടന്നു അങ്ങേയറ്റം എത്തി. പിന്നെ താളം നിന്ന് നേരെ റിവേഴ്സ് ആയി. അവരുടെ ചെവികളില്‍ താളം മുഴങ്ങി. കേഡികള്‍ ഉറക്കം നടിച്ചു പാതിനോട്ടമിട്ടു കിടന്നു. ഇയാള്‍ എന്തിനുള്ള പുറപ്പാടാവോ..

ഫിലിപോസിന്‍റെ ബെല്‍ബോട്ടം ഇളകിയാടി കഞ്ചാറഷീദിന്റെ കാലില്‍ ഇക്കിളിയുണ്ടാക്കി. അവന്‍ കാലുവലിച്ചു കിടന്നു വിറച്ചു. പുകിലന്‍സുനില്‍ ആഞ്ഞുചുമച്ചു. എല്ലാവരും എന്തും സംഭവിച്ചേക്കാം എന്ന ഭയത്തില്‍ കിടന്നു. ഫിലിപോസ് ഇല്ലാത്ത നഴ്സിംഗ് ഹോസ്റ്റലിലെ അവരുടെ പേക്കൂത്തുകള്‍ പുള്ളിക്കാരന്‍ എങ്ങനെയോ അറിഞ്ഞിട്ടുണ്ടാവും. അയാള്‍ പണ്ട് ചാലിയാര്‍ പുഴയില്‍ കൊണ്ട് ചാടിച്ച സംഭവം അവര്‍ കിടിലമോടെ ഓര്‍ത്തു. നിരനിരയായി കിടന്നവരില്‍ ചിലര്‍ പതിയെ ഞരങ്ങി നീങ്ങി രക്ഷപ്പെടാന്‍ ആവതും ശ്രമിച്ചുതുടങ്ങിയിരുന്നു.

ഒരു സിഗരറ്റ് ചുണ്ടില്‍ വെച്ച് ഫിലിപോസ് അത് കത്തിക്കുവാന്‍ വേണ്ടി കൈയിലെ ലൈറ്റര്‍ കുറെ ഞെക്കിനോക്കി. കത്തുന്നില്ല. ലൈറ്റര്‍ ആഞ്ഞൊരു ഏറുവെച്ച് കൊടുത്ത് അയാള്‍ ചുറ്റും നോക്കി. അഭയാര്‍ത്ഥികളെപോലെ നിരനിരയായി കിടക്കുന്ന കേഡികളെ അയാള്‍ കണ്ടു.

പാതിനോട്ടത്തില്‍ കുനിഞ്ഞുവരുന്ന ഡോ. ഫിലിപോസിന്‍റെ ബുള്‍ഗാന്‍ മുഖം ചുണ്ടിമന്സൂര്‍ ഞെട്ടലോടെ ശ്രദ്ധിച്ചു.

ഇപ്പോള്‍ ഫിലിപോസിന്‍റെ വലിയ തലയും ചുണ്ടിയുടെ ചെറുതലയും ഒരു ഇഞ്ച്‌ വ്യത്യാസത്തില്‍ ക്ലോസപ്പില്‍ വന്നു.

തീപ്പെട്ടി ഉണ്ടോ ഒരു സിഗരറ്റ് കത്തിക്കാന്‍? പരുപരുത്ത ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

ചോദിച്ചുതീരുംമുന്നേ കത്തിച്ച കൊള്ളിയുമായി അപ്പുറത്ത് കിടന്ന മത്തായ്‌മുനീബ്‌ വിറച്ചു. ആ മങ്ങിയ വെളിച്ചത്തില്‍ ഫിലിപോസിനെ അവരും അവരെ ഫിലിപോസും ശരിക്കും കണ്ടു. ഇനി എന്തും സംഭവിക്കാം. വിധി അങ്ങനെയെങ്കില്‍ അങ്ങനെ എന്നവര്‍ കരുതി കാത്തിരുന്നു.

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഡോ. ഫിലിപോസ് പരിചയഭാവത്തില്‍ അവരെ നോക്കി പൊട്ടിച്ചിരിച്ചു! ചുണ്ടിമന്സൂറിനെ സന്തോഷത്താല്‍ ആഞ്ഞൊരു അടികൊടുത്തു. അവന്‍ വേദനയില്‍ പുളഞ്ഞു വല്ലാതെ ചിരിച്ചു.

നിങ്ങളെ നാട്ടുകാര്‍ നാടുകടത്തിയോ? എന്താ എല്ലാവരും പെരുവഴിയില്‍ കിടക്കുന്നത്?

അച്ചടിഭാഷ സംസാരിക്കുന്ന അയാള്‍ ചോദിച്ചു.

ഡോക്ടര്‍ എന്താ ഈ നേരത്ത് ഇവിടെ? അവര്‍ ഒരുമിച്ച് ചോദിച്ചു.

മറുപടി പറയുന്നതിനും മുന്‍പേ ദൂരെ നിന്നും ഉച്ചത്തില്‍ ഒരു ശബ്ദം അവരെല്ലാം കേട്ടു.

കട്ട്. ടെയ്ക്ക് ഓക്കെയ്!! വെല്‍ഡന്‍ ഫിലിപോസ്‌!

ദൂരെ നില്‍ക്കുന്ന കുറെപേര്‍ ഒരുമിച്ച് കൈയ്യടിക്കുന്നത് കേട്ടു കേഡികള്‍ അങ്ങോട്ട്‌ അന്തംവിട്ടു നോക്കി.

ഇരുളില്‍ ചിലയിടങ്ങളില്‍ ലൈറ്റ്‌ തെളിഞ്ഞു. വെളിച്ചത്തില്‍ ഒരു ട്രോളിയില്‍ ക്യാമറയും പിടിച്ച് ഒരുത്തന്‍ ഇരിക്കുന്നതും അരികെ തൊപ്പിവെച്ച കൂശാന്‍താടിക്കാരനും ക്ലാപ്പ് പിടിച്ച പയ്യനേയും ആള്‍ക്കാരേയും കണ്ട് ഇത് കിനാവാണോ എന്നവര്‍ക്ക് തോന്നി.

ഇതൊരു പുതിയ സിനിമയുടെ ഷൂട്ടിംങ്ങാണ്. ഫുട്പാത്തിലൂടെ ഞാന്‍ നടന്നുവരുന്ന രംഗം. അതില്‍ അറിയാതെ ആണെങ്കിലും നിങ്ങളും പെട്ടു!

ചിരിച്ചുകൊണ്ട് ഡോ. ഫിലിപോസ് മൂരിനിവര്‍ത്തി നിന്ന് അവരെ നോക്കി പറഞ്ഞു.

ഉറങ്ങിക്കിടന്ന തങ്ങളെയെല്ലാം താരങ്ങളാക്കിയ ഡോ. ഫിലിപോസിനെ അവര്‍ ബഹുമാനത്തോടെ നോക്കി എഴുന്നേറ്റ്‌ നിന്നു കൈകൊടുത്തു.

ആരാ ഡോക്ടറുടെ കൂടെ അഭിനയിക്കുന്ന താരം?

മമ്മൂക്ക. ഇന്നില്ല. നാളെ ന്യൂഡല്‍ഹി സെറ്റില്‍ നിന്നുമെത്തും

ഫിലിപോസിന്‍റെ കിടിലന്‍ പ്രകടനം മൂന്നാംമുറയിലും ഊഹക്കച്ചവട-ത്തിലും കണ്ടതിന്‍റെ ത്രില്‍ കേഡികള്‍ അറിയിച്ചു.

ലാലേട്ടന്‍ കയറില്‍ തൂങ്ങിക്കയറി ജനാലവഴി ചാടി കരണം മറിഞ്ഞുവരുമ്പോള്‍ തോക്കും തൂക്കി ഉലാത്തുന്ന ഫിലിപോസിന്‍റെ ഭാവപ്രകടനത്തെ അവര്‍ വാനോളം പുകഴ്ത്തി. പിന്നെ ലാലേട്ടന്‍ ആ തോക്ക് പിടിച്ചുമേടിച്ച് ഫിലിപോസിനെ വെടിവെച്ച് പെട്ടെന്ന്‍ കൊന്നതില്‍ അമര്‍ഷമോടെ അങ്ങേര് അത്ര പെട്ടെന്ന് ചാകേണ്ടിയിരുന്നില്ല എന്നും കേഡികള്‍ അയാളെ അറിയിച്ചു.

എന്ത് ചെയ്യാം. മൂന്നാംമുറയുടെ കഥ ഞാന്‍ എസ്.എന്‍.സാമിക്ക് പറഞ്ഞ് കൊടുത്തപ്പോള്‍ ആ സീന്‍ ഇല്ലായിരുന്നു. ലാലേട്ടന് ഭയങ്കര താല്പര്യം എന്നെ കൊല്ലാന്‍..! അതാ കാര്യം.

ഫിലിപോസ് ഗമയില്‍ പറഞ്ഞത്‌ കേട്ട്, ഉണ്ടക്കണ്ണന്‍ മന്‍സൂര്‍ ചെള്ളിനാസറിനോട് മന്ത്രിച്ചു:

ഒരു തോക്ക് കിട്ടുമോ. ഇതിനെ ഒന്ന് കൊല്ലാന്‍..!

(യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ പിന്നീട് ആണ് കേട്ടത്. എത്രയോ വട്ടം ലാലേട്ടന്‍ കരണം മറിഞ്ഞു തോക്ക് പിടിച്ച് ഉലാത്തുന്ന ഫിലിപോസിന്‍റെ പിറകില്‍ എത്തി. സംവിധായകന്‍ തിരിഞ്ഞുനോക്കാന്‍ പറയുമ്പോള്‍ ഫിലിപോസ് സംവിധായകനെ നോക്കി ടൈമിംഗ് തെറ്റിച്ച്  ആ രംഗം കുറേ റീടെയ്ക്ക് ചെയ്തുവെന്നും, നടുവേദന വന്ന ലാലേട്ടന്‍ ഉടനെ ഫിലിപോസ് ചെയ്ത കഥാപാത്രത്തെ ഫിനിഷ്‌ ആക്കിയെന്നുമുള്ള സത്യം നാട്ടില്‍ പാട്ടായി. സിനിമയില്‍ വേറെയും സീനുകള്‍ അങ്ങനെ വെട്ടിക്കുറച്ച്‌ പ്രേക്ഷകരെ സംവിധായകന്‍ രക്ഷിച്ചുവത്രേ.)

പിന്നെ ഫിലിപോസും കേഡികളും അല്‍പനേരം കുശലം പറഞ്ഞ് നിന്നു. കൂട്ടത്തില്‍ തന്‍റെ നഴ്സിംഗ് ഹോമിനെകുറിച്ചും മാനേജര്‍ കുര്യാക്കോസിനേയും നഴ്സിംഗിന് പഠിക്കുന്ന ലിസി, സൂസി, ശാന്തി, ശോഭ, സരള, മേരി, ആന്‍സി എന്നിങ്ങനെ ഓരോരുത്തരുടെ കാര്യങ്ങളും നാട്ടിലെ താരമായ അയാള്‍ അവരോടു ചോദിച്ചു. അവരെയെല്ലാം പൊന്നുപോലെ തങ്ങള്‍ സംരക്ഷിക്കുന്നുണ്ട് എന്ന് അവര്‍ മനസ്സാലെ പറഞ്ഞ് ഫിലിപോസിനെ നോക്കി ചിരിച്ചു നിന്നു.

ഇനി എന്നാ നിലമ്പൂരിലേക്ക്?

ഒരു കൊല്ലം മുഴുവന്‍ സിനിമയില്‍ ബുക്ക്‌ഡായി. തമിഴിലും തെലുങ്കിലും ചാന്‍സ്‌ വരുന്നു. നഴ്സിംഗ് പിള്ളേരെ ശരിക്കും മിസ്സാകുന്നുണ്ട്. അവരോട് നിങ്ങള്‍ പറയണം. ഇതാ എന്‍റെ സ്ഥിതി. ഞാന്‍ ഇല്ലാത്ത കുറവ്‌ അവിടെ ഉണ്ടാവരുത് എന്ന് കുര്യാക്കോസിനോട് പറയണം.

നിങ്ങള്‍ ഒരു കാലത്തും ഇനി അങ്ങോട്ട്‌ വരരുത്. അവിടെ ഞങ്ങളുണ്ട് എന്നാണു ശരിക്കും കേഡികള്‍ക്ക്‌ പറയാന്‍ തോന്നിയതത്രേ! അവര്‍ ആ രാത്രി പിരിഞ്ഞു.

കാലം കടന്നുപോയി. പിന്നെ ഫിലിപോസിനെ അവര്‍ ഏതാനും സിനിമകളില്‍ കണ്ടു. പിന്നീട് അതും ഇല്ലാതായി. അയാള്‍ ഒരിക്കലും നിലമ്പൂരില്‍ തിരികെ വന്നില്ല. കുര്യാക്കോസ് നഴ്സിംഗ് സ്ഥാപനം നിറുത്തി എങ്ങോട്ടോ പോയി. ആ മാളികവീട് വീണ്ടും കാടും പടലവും പിടിച്ച് ഒരിക്കല്‍കൂടെ ഒരു യക്ഷിഭവനം ആയി ഒറ്റപ്പെട്ടു കുറേകാലം കിടന്നു. ഇന്ന് ആ ഭവനവും ഇടിച്ചുനിരപ്പാക്കി അവിടെ ഒരു ഷോപ്പിംഗ്-മാള്‍ ഉയരുന്നുവെന്ന് കേട്ടറിഞ്ഞു.

എങ്ങോ പോയ്‌മറഞ്ഞ ഡോ. ഫിലിപോസിനെ ഓര്‍ക്കാന്‍ പോലും ആര്‍ക്കും നേരമില്ലാതായി എന്നതാണ് സത്യം.

21 comments:

 1. അവധിക്കാലം ആസ്വദിച്ച് വീട്ടില്‍ ഇരിക്കുമ്പോള്‍ നാട്ടിലെ പഴയൊരു സംഭവം ഓര്‍ത്തുപോയി. വായനക്കാര്‍ക്കുവേണ്ടി അത് പോസ്റ്റുന്നു. വായിക്കുമല്ലോ..

  ReplyDelete
 2. എന്നാലും ജോസേ നീ എവിടെ പോയി. കേഡികളും പിള്ളാരും തമ്മിലുള്ള ഡിന്‍ഗോല്ഫികേഷന്‍ എന്തെങ്ങിലുമായോ ?

  ReplyDelete
 3. Photographic memory man!! You are bringing back to life all long lost characters in our hometown...thanks for being that..:)

  ReplyDelete
 4. @ പഞ്ചാരക്കുട്ടന്‍ : നോ നോ. കേഡികള്‍ പിള്ളേരെ പൊന്നുപോലെ നോക്കിയിരുന്നു. അതില്‍ നോ സംശയം. :)

  @ റിയാസ്‌ (മിഴിനീര്‍തുള്ളി): നന്ദി.

  @ ലിസ : നാട്ടുകാരെ എങ്ങനെ മറക്കാന്‍! വന്നു വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

  ReplyDelete
 5. ഞാനും കേട്ടിട്ടുണ്ട് ഈ ജോസിനെ കുറിച്ച്

  ReplyDelete
 6. @ Mansoor Kaliamadam: നന്ദിണ്ട് സ്നേഹിതാ..

  @ ഒഴാക്കന്‍ : അത്ഭുതമുണ്ട്! നിങ്ങള്‍ എന്താണ് ജോസിനെ കുറിച്ച് കേട്ടത്? എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുമല്ലോ? അറിയാന്‍ വലിയ ആഗ്രഹമുണ്ട്. ജോസ്‌ എവിടെയാണ്?

  ReplyDelete
 7. എന്‍റെ പ്രിയപ്പെട്ട വായനക്കാരേ,

  ഇതിലെ നായകന്‍ ജോസ്‌ അല്ല പേര് ഫിലിപോസ് ആണെന്നത് ഇതിലെ മറ്റൊരു കഥാപാത്രമായ ചുണ്ടിയന്‍ മന്‍സൂര്‍ മെയില്‍ വഴി അറിയിച്ചു. ഓര്‍മ്മപിശകില്‍ ക്ഷമിക്കുക.

  ചുണ്ടിമന്‍സൂറിന് ഒരുപാട് നന്ദി.

  ReplyDelete
 8. മൂന്നാം മുരയിലെ നായകനേയും വെല്ലുന്ന നിലമ്പൂർ നായകന്മാർ.
  നന്നായി എഴുതിയിരിക്കുന്നു കേട്ടൊ

  ReplyDelete
 9. അല്ല ഏറനാടാ നേരത്തെ വായിച്ചപ്പോൾ ഡോ. ജോസ് എന്നായിരുന്നല്ലോ കണ്ടത്.. അതു മാറ്റി ഫിലിപോസ് ആക്കിയോ..? ഞാൻ ഈ പോസ്റ്റ് ആദ്യം വായിച്ചു ഞെട്ടിയത്‌ നുമ്മടെ പഴയ കാല ഹീറോ ജോസ് ആയിരിക്കുമെന്നാണ്, തുടർന്ന്‌ വായിച്ചു വന്നപ്പോൾ മനസ്സിലായി ആ ജോസല്ല ഇതെന്ന്‌.. ഇപ്പൊ നോക്കിയപ്പോൾ ജോസ് മാറി ഫിലിപോസ്... എന്തായാലും വളരെ ഇഷ്ടമായി ഈ പോസ്റ്റ്.. നല്ല ഉപമകൾ.. അവസാനഭാഗം വല്ലാതെ സ്പർശിക്കുന്നു. പിന്നെ മൂന്നാംമുറ ഇറങ്ങിയ സമയത്ത്‌, ഹിപ്പി മുടി, ബെൽബോട്ടം പാന്റ് ഇത്യാദികൾ അസ്തമിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ.

  ReplyDelete
 10. നിലമ്പൂര്‍ സുന്ദരനെ അറിയാമോ? നോവലിസ്റ്റ്...

  ReplyDelete
 11. വര്‍ഷങ്ങള്‍ക്കു മുന്‍പ്, നിലമ്പൂര്‍ ബാലേട്ടന്റെ കൂട്ടത്തില്‍ ശിങ്കിടിയായി നടന്നിരുന്ന ഒരു എ സീ മുഹമ്മദ്‌ ഉണ്ടായിരുന്നു, ഒരു സിനിമാ ഭ്രാന്തന്‍. ബാലേട്ടന്‍, 'അന്യരുടെ ഭൂമി' എന്ന സിനിമ എടുത്ത കാലത്തായിരുന്നു അത്. പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തെ ഓര്‍മ്മ വന്നു. അവതരണം ഭംഗിയായി.

  ReplyDelete
 12. സുനില്‍ പണിക്കര്‍ അറിയാന്‍ : കക്ഷിയുടെ പേര് ഫിലിപോസ് എന്നാണ് എന്നത് ഈ കഥയിലെ മറ്റൊരു കഥാപാത്രമായ ചുണ്ടിയന്‍ മന്‍സൂര്‍ ഇന്നലെ മെയില്‍ വഴി എന്നെ അറിയിച്ചു. ഞാന്‍ ഉടനെ തിരുത്തി എഴുതി.
  ഹിപ്പി മുടി, ബെല്‍ബോട്ടം പാന്‍റ് സംസ്കാരം കഴിഞ്ഞിട്ടും വര്‍ഷങ്ങളോളം നമ്മുടെ നായകന്‍ ഡോക്ടര്‍ ഫിലിപോസ് ആ സ്റ്റൈല്‍ തന്നെ തുടര്‍ന്നുപോന്നു. ഇന്നും നിലമ്പൂര്‍ നിവാസികള്‍ക്ക്‌ അയാളെ ഓര്‍മ്മയുണ്ട്.

  സുനിലിന്‍റെ വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ സന്തോഷം, നന്ദി.

  ReplyDelete
 13. നിശാഗന്ധി പൂക്കുന്ന രാത്രി : ഏതാ ആ നോവലിസ്റ്റ് നിലമ്പൂര്‍ സുന്ദരന്‍ ? അറിയില്ലാട്ടോ.

  ബ്ലോഗ്‌ പേരാണോ ഈ 'നിശാഗന്ധി പൂക്കുന്ന രാത്രി ?' നന്ദി ഇനിയും വരൂ..

  ReplyDelete
 14. മുരളി മുകുന്ദന്‍ ബിലാത്തിപട്ടണം: നിലമ്പൂര്‍ ബാലന്‍, നിലമ്പൂര്‍ ഷാജി, എസ്.എ.ജമീല്‍, ഡോക്ടര്‍ ഉസ്മാന്‍, നിലമ്പൂര്‍ ആയിഷ, സീനത്ത്‌, റഹ്മാന്‍ , ആര്യാടന്‍ ഷൌക്കത്ത്, ഏറനാടന്‍ -:)

  നിലമ്പൂര്‍ കലാകാരന്‍മാര്‍ നിരവധി അല്ലേ.. വായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.

  ReplyDelete
 15. അപ്പച്ചന്‍ ഒഴാക്കല്‍ : വായിച്ചതിനും അഭിപ്രായത്തിനും നന്ദി. നിങ്ങള്‍ സൂചിപ്പിച്ച ആളെകുറിച്ച് കേട്ടിട്ടുണ്ട്. പരിചയം ഇല്ല.

  ReplyDelete
 16. ഏറനാടാ...
  ഡോക്ടര്‍.ഫിലിപ്പോസ് അവര്‍കളുടെ ഒരു പടം സംഘടിപ്പിച്ച് ഇടാമായിരുന്നു..

  അവതരണം നന്നായി. ആ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടവും....

  ReplyDelete
 17. നല്ല രസികന്‍ പോസ്റ്റ്‌!
  eid mubaarak!

  ReplyDelete
 18. അന്നു തുടങ്ങിയ സിനിമാ പ്രാന്തായിരിക്കും അല്ലേ? Good post!!!!

  ReplyDelete
 19. നിലമ്പൂരില്‍ നിന്നും അങ്ങിനെ പലരും സിനിമയില്‍ വന്നിടുണ്ട്
  നല്ല കഥ
  ആശംസകള്‍

  ReplyDelete