Tuesday, January 13, 2009

"ഞാന്‍ അംബികാറാവു, ഈ സിറ്റിയില്‍ തനിയെ.."

ശിവന്‍സ് അനുഭവമഹാമഹം-3

ശിവന്‍ സാറിനെ പോലെ ശിവന്‍ സാര്‍ മാത്രമേയുള്ളൂ. അതിപ്രശസ്തരായ മക്കളുടെ പ്രശസ്തനായ അച്ഛന്‍ അന്‍‌പതു വര്‍ഷങ്ങളായി ഒത്തിരി പ്രഗല്‍ഭ ഛായാഗ്രാഹകന്മാരെ പരിശീലിപ്പിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്നും ശിവന്‍സ് സ്റ്റുഡിയോയുമായി കഴിയുന്നു.

അവിടെ പ്രവേശനം ലഭിച്ചപ്പോള്‍ എവറെസ്റ്റില്‍ കാലുകുത്തിയവനെപ്പോലെ എനിക്ക് തോന്നി. ആദ്യദിനം അവിടെ വലതുകാല്‍ വെച്ചകത്തു കയറിയപ്പോള്‍ എന്നെ എതിരേറ്റത് റിസപ്ഷനിസ്റ്റ് സജിത എന്ന തടിച്ച ഇരുണ്ടനിറക്കാരി. (കിന്നാരത്തുമ്പികള്‍ ഇറങ്ങിയ അക്കാലത്ത് സജിത ഷക്കീല എന്ന ഇരട്ടപ്പേര്‌ കരസ്ഥമാക്കി. ഷക്കീല എന്നുവിളിച്ചാലേ അവളുപോലും പിന്നീട് വിളികേട്ടിരുന്നുള്ളൂ!) സ്റ്റുഡിയോയുടെ നീണ്ട ഇടനാഴിമുറ്റത്തിന്റെ അങ്ങേയറ്റത്ത് എസ്.ടി.ഡി ബൂത്തുണ്ട്. രണ്ട് പേര്‍ക്ക് വിളിക്കാനുള്ള ക്യാബിനും അരികില്‍ ചെറിയ ക്യാബിനില്‍ സദാ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന ചെറിയൊരു പെണ്ണ് ലക്ഷ്മിയും..

പിന്നെ അവിടെയുള്ള സ്ഥിരം മുഖങ്ങളായ ക്യാമറമാന്‍ വാസൂട്ടന്‍ (തിരുവനന്തപുരത്ത് എവിടേയൊ ഇന്നുണ്ടാവാം), മാനേജര്‍ വിനു (ഇപ്പോള്‍ മനോജ് പിള്ളയുടെ അസ്സി.ക്യാമറാമാന്‍), പരമേശ്വരക്കുറുപ്പ് (സ്റ്റുഡിയോ തുടങ്ങിയ നാള്‍ മുതല്‍ ഒരേ തസ്തികയില്‍ പണിയെടുത്ത് വിരമിച്ചു, പിന്നെ മരിച്ചുപോയി), കനകരാജ് എന്ന ആള്‍ ഇന്‍ ആള്‍ (ഇവനൊരു സംഭവമാണ്‌ പിന്നീട് പറയാം), ഇടയ്ക്കിടെ കണക്കുനോക്കുവാനെത്തുന്ന ദീപ്തി സഞ്ജീവ് ശിവന്‍ (ഇപ്പോള്‍ ക്ലബ് എഫ്.എം റേഡിയോ ഡയറക്റ്റര്‍), ഭര്‍ത്താവ് സഞ്ജീവ് ശിവന്‍, സംഗീത് ശിവന്‍, വല്ലപ്പോഴും തലകാണിച്ച് ലോകത്തെവിടേയോ വലിയ പ്രൊജക്റ്റുകള്‍ ചെയ്യാന്‍ പോകുന്ന സന്തോഷ് ശിവന്‍, പ്രശസ്തരായ സന്ദര്‍ശകര്‍, മുന്‍പ് പഠിച്ചിറങ്ങിയ പ്രഗല്‍ഭരായ മനോജ് പിള്ള, ഷാജി കൈലാസ്, സഞ്ജീവ് ശങ്കര്‍ തുടങ്ങിയവര്‍, മണിരത്നം സിനിമകളുടെ പ്രൊ.മാനേജര്‍ റഫീക്ക് ഭായ് (ഇന്ന് കൊച്ചിയിലെ പ്രശസ്ത പരസ്യസിനിമകളുടെ പ്രൊ.കോഡിനേറ്റര്‍, ഈയ്യിടെ ഞാനും അവിടെ സഹായി ആയിരുന്നു), എന്നും തൂത്തുവാരാന്‍ വരുന്ന കുടുംബപ്രാരാബ്‌ദക്കാരിയായ ചേച്ചി അങ്ങിനെ ഒരുപിടി മുഖങ്ങള്‍ ഞാനോര്‍ക്കുന്നു.

ഫസ്റ്റ് ഡെ അവിടെ കയറിച്ചെന്നപ്പോള്‍ സജിത (ഷക്കീല) ഗൗരവത്തോടെ എതിരേറ്റ് വിസിറ്റിംഗ് ചെയറില്‍ ഇരിക്കാന്‍ പറഞ്ഞ് വരുന്ന ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തും ഫോട്ടോ എടുക്കാന്‍ വരുന്നവരെ സ്വീകരിച്ചും ഇരുന്നു. അല്പം കഴിഞ്ഞ് നീണ്ടമുടിക്കാരനായ കണ്ണടവെച്ചൊരു പയ്യനെത്തി. അവനും ക്യാമറ പഠിക്കാനെത്തിയവനാണ്‌. പരിചയപ്പെട്ടു. പേര്‌ ഗോകുല്‍. അച്ഛന്‍ അഡ്വ. ഉദയഭാനു (ഇന്നത്തെ അഭയകേസിലെ അതേ അഡ്വ). പിന്നെ വന്നത് ഊശാന്‍‌താടി ഫിറ്റാക്കിയ മൊട്ടത്തലയനായ ഒരുത്തന്‍. കണ്ടാല്‍ തന്നെ ആളൊരു തലതിരിഞ്ഞവനാണെന്ന് തോന്നുന്ന വസ്ത്രധാരണം. ടീഷര്‍ട്ടും കീറിയ ജീന്‍സും. ടീഷര്‍ട്ടിലെ ഒത്തനടുക്ക് 'ASS HOLE' എന്നെഴുതിയ ചിരിക്കുന്ന കഴുതയുടെ പടം! കഞ്ചാവുകേസാണോ എന്ന് സംശയിച്ചത് വെറുതെയായില്ല. പക്ഷെ ആള്‌ വെരി ജീനിയസ്സാണ്‌. പേര്‌ ജേക്കബ് ജോര്‍ജ്. (ഇന്ന് ഹോളിവുഡില്‍ എവിടേയോ ക്യാമറ തുടക്കുകയോ താങ്ങുകയോ ചെയ്യുന്നുണ്ടാവാം.)

പിന്നിട് പ്രത്യക്ഷപ്പെട്ടത് ഒരു സ്ത്രീജന്മം! വെള്ളപ്പുള്ളികളുള്ള മഞ്ഞച്ചുരിദാറില്‍ പുറത്തുചാടാന്‍ വെമ്പുന്ന തടിച്ച ശരീരം തുള്ളിത്തുളുമ്പിച്ച് ഇളകിയാടി വളരെ ഊര്‍ജ്വസ്വലയായി എത്തിയ പെണ്ണ് മുന്‍‌പേ പരിചയമുള്ളവരെ പോലെ കണ്ടയുടനെ ഷേയ്ക്ക് ഹാന്‍ഡ് തന്ന് പുഞ്ചിരിച്ച് കുശലം ചോദിച്ച് അരികിലിരുന്നു. മുടി ബോബ് ചെയ്തത് ആ മുഖത്തിന്‌ അരോചകമായി തോന്നി. അവരുടെ ദേഹത്തെ നല്ല പരിമളം സ്റ്റുഡിയോയില്‍ പരന്നു.

'എന്താ പിള്ളേരേ ഒന്നും മിണ്ടാതെ ഇരിക്കുന്നെ?'

വന്നധികം ആയില്ല. അവളുടെ വക ഗുണ്ട് പൊട്ടിച്ച ചോദ്യം. ഞാന്‍ ഒരു ഹായ് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി, പേര്‍ ആരാഞ്ഞു.

'ഞാന്‍ അംബികാ റാവു. പാതി മലയാളിയും പാതി ആന്ധ്രയും. ഹബ്ബി ബിസ്സിനസാണ്‌. ഒരു മോനുണ്ട്. അവന്‍ ഹബ്ബിയുടെ വീട്ടിലാണ്‌. ഈ സിറ്റിയില്‍ ഞാന്‍ തനിയെ.'

ആ പരിചയപ്പെടുത്തലില്‍ എനിക്ക് എന്തോ ഒരാകര്‍ഷണം അനുഭവപ്പെട്ടു. എ ഡിഫ്രന്റ് ജെനുവിന്‍ സ്പീഷ്യസ് തന്നെ. കൂടുതല്‍ സംസാരിച്ച് ഇരിക്കുന്നതില്‍ കണ്ണുകടിയുള്ള പോലെ തടിച്ചിക്കാരി ഷക്കീല(സജിത) ഞങ്ങളോട് അപ്പുറത്തെ ക്ലാസ്സ് മുറിയില്‍ പോയി നിശ്ശബ്‌ദരായി ചെന്ന് ഇരിക്കുവാന്‍ ആക്ജാപിച്ചു.

ഈ സഹപാഠിയെക്കുറിച്ച് ദി ഹിന്ദു നടത്തിയ മുഖാമുഖം ഇവിടെ:
Tutoring an actor to speak an alien language is a hard but rewarding job, AMBIKA RAO
In charge of making actors `Malayalis'

അഞ്ച് ആണ്‍‌പിള്ളേരുടെ ഇടയിലെ ഒരേയൊരു പെണ്‍‌പിള്ളയായി അംബികാ റാവു കോഴ്സ് തീരുവോളം കൂടെയുണ്ടായിരുന്നു. പഞ്ചപാണ്‍ഠവന്മാരായ ഞങ്ങളേക്കാളും കൂടുതല്‍ സിനിമാരംഗത്ത് ദ്രുതഗതിയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുപോയ അംബികേച്ചിയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. ഇന്ന് ഒട്ടുമിക്ക സിനിമകളുടേയും മറുഭാഷാ നടികള്‍ക്ക് മലയാളം ഡയലോഗ് ട്യൂട്ടറാണ്‌ ഇവര്‍. അന്നത്തെ സൗഹൃദം, സഹപാഠിത്വം ഇന്നും ഞങ്ങള്‍ പരസ്പരം കാണുമ്പോള്‍ പങ്കുവെക്കാറുണ്ട്, നഷ്‌ടപ്പെടാതെ സൂക്ഷിക്കാറുണ്ട്.

(ശിവന്‍സ് അനുഭവമഹാമഹം ഉടന്‍ തുടരും..)