
പത്താം തരം പരീക്ഷ തട്ടിക്കൂട്ടി എഴുതിക്കഴിഞ്ഞ് അവധിയില്‍ പ്രവേശിച്ച കാലം. സിനിമാജ്വരം തലയ്ക്ക് പിടിച്ച് പിപ്പിരിയായി നിലമ്പൂരിലെ നാലു തീയേറ്ററുകളും കയറിയിറങ്ങി പടമായ പടമൊക്കെ കണ്ടു കഴിയുന്ന സമയം. ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു. ഭാഷകളില്‍ പ്രാവീണ്യം അത്രയ്ക്കോ എന്നു ചോദിച്ചാല്‍ അതല്ല. ഭാഷ ഏതായാലും സീന്‍ കണ്ടാല്‍ പോരേ എന്നല്ലേ.. ഉച്ചപ്പടങ്ങള്‍ വരെ ഒഴിവാക്കിയിരുന്നില്ല. ഇതിനൊക്കെ എവിടേന്നാ ഈ കൊച്ചിന് പൈസ കിട്ടിയത് എന്നാ ചോദ്യം അല്ലേ? അതിനല്ലേ വീട്ടിലേക്കുള്ള അരി, പച്ചക്കറി, റേഷന്‍ മേടിക്കല്‍ ഒക്കെ ഞാന്‍ തന്നെ ഏറ്റെടുത്തത്! ബാക്കി വരുന്നതില്‍ നിന്നും ആരോരുമറിയാതെ മെല്ലെ ചില്ലറ ഇസ്കും (അടിച്ചുമാറ്റും). തറടിക്കറ്റിന് അത് ധാരാളം.
അങ്ങനെ കുറേ സിനിമകള്‍ കണ്ടുനടക്കുമ്പോള്‍ മനസ്സില്‍ പൂതി മൊട്ടിട്ടു. ഇവമ്മാര്‍ക്ക് ഒക്കെ അഭിനയിച്ച് കസറാമെങ്കില്‍ എന്തുകൊണ്ട് ഞമ്മള്‍ക്കും ആയിക്കൂടാ? അത്രയ്ക്ക് എടങ്ങേറൊന്നും ഇല്ലാത്ത ഗ്ലാമറ് പണി എങ്ങനെ ഒപ്പിക്കും എന്നായി പിന്നത്തെ കലഷലായ ചിന്ത. ഹും ഇന്ന് മനസ്സിലെന്നല്ല കിനാവില്‍ പോലും മോഹം നാമ്പിടാത്ത പിള്ളേരെ താരരാജാക്കന്മാരും റാണിമാരും ആക്കുവാന്‍ നെട്ടോടമോടുന്ന മാതാപിതാക്കള്‍ അല്ലല്ലോ ഞമ്മള്‍ടെ ഉപ്പേം ഉമ്മേം! അങ്ങനെയെങ്ങാനും ആയിരുന്നേല്‍.. പടച്ചോനേ, എപ്പ സില്‍മാ സ്റ്റാര്‍ ആയി എന്നു ചോദിച്ചാമതി. ഉടയതമ്പുരാന്‍ എല്ലാം ഒന്നിച്ച് അനുഗ്രഹിച്ച് കൊടുക്കൂലാ എന്നത് ശെരിതന്നെ.
അങ്ങനെ നട്ടം തിരിഞ്ഞ് നടക്കുമ്പോള്‍ കൂട്ടിനുള്ളത് ഫിര്‍സു എന്ന ഹാഫിസ് ഫിര്‍സാദാണ്. അവന്‍ അന്നേ മുടിഞ്ഞ ഗ്ലാമറിന്റെ ഹുങ്കില്‍ വിലസിനടക്കുന്നവന്‍. പോരാത്തതിന് ക്രിക്കറ്റില്‍ കേമനും. വൈകുന്നേരങ്ങളില്‍ ചാലിയാര്‍ പുഴയുടെ മണല്‍തീരത്ത് ഓളങ്ങളുടെ ലല്ലലം കേട്ട് ഇരുന്ന് സംസാരിച്ചവേളയില്‍ അവനും അഭ്രപാളിയില്‍ ഒന്ന് കയറിക്കൂടാന്‍ ഒരു മോഹം ഉണ്ടെന്ന് അറിഞ്ഞു. എന്നാല്‍ നമുക്ക് മദ്രാസ് വരെ പോയി ശ്രമിച്ചാലോ എന്നായി. അത്രയ്ക്ക് സാഹസം എടുക്കാന്‍ ഒരു വിഷമവും ഉണ്ടായി. വീട്ടിലെ അരിസാമാനങ്ങള്‍, റേഷന്‍ മണ്ണെണ്ണ ഒക്കെ ക്യൂ നിന്ന് മേടിച്ച് കൊണ്ടുകൊടുക്കാന്‍ പിന്നെ ആരുണ്ടാവും. വേണ്ട അതു വേണ്ട. പിന്നെന്താണൊരു വഴി. വരട്ടെ. വരാതിരിക്കില്ല.
ഒരു നാള്‍ മനോരമപ്പത്രത്തില്‍ വന്ന പരസ്യത്തില്‍ കണ്ണുടക്കി. 'പരസ്യച്ചിത്രത്തിന് മോഡലുകളെ വേണം'. കണ്ണില്‍ പ്രകാശം പ്രതിഫലിച്ചു. മോഡലെങ്കില്‍ മോഡല്‍. അതുവഴി സിനിമ, കിനാവിന് തീ പിടിച്ചു. അന്ന് വൈകിട്ട് ഫിര്‍സുവിനെ കാണാന്‍ പുഴയുടെ തീരത്തെ മണല്‍ക്കൂനയില്‍ ചെന്നപ്പോള്‍ അവന്റെ കൈയ്യില്‍ വെട്ടിയെടുത്ത അതേ പരസ്യം. ഫോട്ടൊ എടുക്കണം. ക്ലോസപ്പ്, ഫുള്‍ സൈസ്. എങ്ങനെ എടുക്കും. പോപ്പുലര്‍ സ്റ്റുഡിയോയില്‍ അന്വേഷിച്ചപ്പോള്‍ അന്‍പതു ഉറുപ്പിക! ഒരു ഡ്രം വെള്ളം കുടിക്കാനുള്ള ദാഹം.
ഒടുവില്‍, വീട് മൊത്തം തപ്പി തട്ടിന്‍പുറവും കയറി പരതിയിട്ട് പത്രക്കെട്ടും, മാസികകളും, പഴയ പാട്ട, ഇരുമ്പ്, ചെമ്പുകമ്പി, ഞെളുങ്ങിയ അലൂമിനിയപ്പാത്രങ്ങള്‍, സ്കൂള്‍ നോട്ടുബുക്കുകള്‍ എല്ലാം ഞങ്ങള്‍ പെറുക്കിക്കൂട്ടി ബാപ്പുട്ടിക്കാന്റെ പീടികേന്ന് വാടകക്കെടുത്ത സൈക്കിളില്‍ വെച്ചുകെട്ടി വീട്ടിക്കുത്ത് റോഡിലെ ആലിക്കാന്റെ കടയില്‍ തൂക്കിവിറ്റ് കിട്ടിയത് അറുപത്തിയഞ്ച് ഉറുപ്പ്യ. ഫിര്‍സുവിന്റെ മോന്ത കോടിപ്പോയി. ഒരുവിധം സമാധാനിപ്പിച്ച് ഞാന്‍ അവനേം കൂട്ടി പോപ്പുലര്‍ സ്റ്റുഡിയോയുടെ പടികയറി.
ഒരോ ഫുള്‍സൈസ് ഫോട്ടോ നല്ല ചേലായി നിന്ന് എടുത്തു. പിന്നെ ഒരോ ക്ലോസപ്പും ഫോട്ടോഗ്രാഫറെ സോപ്പിട്ട് പൈസ കുറപ്പിച്ച് തരപ്പെടുത്തി. ഫിലിം വാഷ് ചെയ്ത് മഞ്ചേരീന്ന് പ്രിന്റ് ആയി വരുവാന്‍ രണ്ടീസം കാക്കണം. (ഇന്നത്തെ ഡിജിറ്റല്‍ യുഗത്ത് അതൊക്കെ ആലോചിക്കുമ്പം..)
വൈകുന്നേരങ്ങളില്‍ അക്ഷമരായി ചാലിയാര്‍ പുഴയിലൂടെ അക്കരേക്ക് ജോലികഴിഞ്ഞ് പോകുന്ന പെണ്ണുങ്ങളെ വെറുതെ നോക്കി, അലക്കുന്നവരേയും കണ്ണിട്ട് മണല്‍ക്കൂനയില്‍ ഇരുന്ന് രണ്ടുദിനം കൊന്നൊടുക്കി പോപ്പുലര്‍ സ്റ്റുഡിയോയില്‍ക്ക് പാഞ്ഞു. അവര്‍ ഫോട്ടോ റെഡി എന്നും പറഞ്ഞ് തപ്പിയെടുക്കുമ്പം ഞങ്ങളോട് ഇത് എന്തിനാ എടുത്തത് എന്നൊക്കെ പലവട്ടം ചോദിച്ചെങ്കിലും ഞങ്ങള്‍ നേരുപറഞ്ഞില്ല.
കവര്‍ തുറന്ന് ആകാംക്ഷയോടെ ഫോട്ടോ കൈയ്യിലെടുത്ത് നോക്കുമ്പം പാഞ്ഞുവരുന്ന ടിപ്പര്‍ ലോറി കണ്ട് വയറും വീര്‍പ്പിച്ച് അവസാന അടവെന്ന പോലെ നില്‍ക്കുന്ന പോക്കാച്ചിത്തവളയെ പ്പോലെ മസില്‍ പിടിച്ചു പൗഡര്‍ വാരിക്കോരി പൂശി നില്‍ക്കുന്ന ഞങ്ങളുടെ ലൈറ്റ് കൂടിയ പടങ്ങള്‍! അത് ഞങ്ങളല്ലാ എന്ന് വിളിച്ചുകൂവാന്‍ വായില്‍ ശബ്ദം വന്നില്ല. അതും വാങ്ങി ബാക്കി പൈസയും കൊടുത്ത് അവിടേന്നും പടിയിറങ്ങി.
മാഷെ പെട്ടിപ്പീടീന്ന് പതിനഞ്ചുപൈസേടെ പായപേപ്പറ് മേടിച്ച് ആപ്പിസ് തൊടുവില്‍ പിടിച്ചിട്ട തടിമുട്ടികളുടെ (ഫോറസ്റ്റ് ഓഫീസിലെ പിടിച്ചിട്ട മരത്തടിക്കൂട്ടം) മേലേ ചെന്നിരുന്ന് പരസ്യകമ്പനീല്‍ക്ക് അപേക്ഷ എഴുതാനിരുന്നു. പരസ്പരം ചര്‍ച്ചയായി, തര്‍ക്കമായി ഒടുക്കം അപേക്ഷ റെഡി. അതേതാണ്ട്, രാജസ്ഥാനീന്ന് വെള്ളക്കെടുതി കാരണം നാട്ടിലെത്തിയ നാടോടികളുടെ അച്ചടിച്ച അഭ്യര്‍ത്ഥനകാര്‍ഡിലെ കേണപേക്ഷ പോലെ ആയിരുന്നു.
'സാറേ.., സിനിമയില്‍ താരമാകാന്‍ മോഹിച്ച് ഒടുവില്‍ മോഡല്‍ ആകുവാന്‍ ആഗ്രഹിക്കുന്ന മനോഹരനായ ഒരു യുവകോമളന്‍ ആണിതയക്കുന്നത്. ദയവായി ഫോട്ടോ കാണണേ.. ഫോട്ടോയില്‍ ഉള്ളതിനേക്കാളും നേരില്‍ ഗ്ലാമറ് ഉണ്ട് എന്നത് നേരില്‍ വന്നാല്‍ ബോധ്യമാകുന്നത് ആവും. അതിനാല്‍ ദയവു ചെയ്ത് മോഡല്‍ ആക്കുവാന്‍ അപേക്ഷിക്കുന്നു. പ്രതിഫലം എന്തായാലും സന്തോഷം ആയിരിക്കും. എന്ന് വിനീതമോടെ, ഒപ്പ്.'
ഇത് ഈച്ചക്കോപ്പി അടിച്ച് ഒരു പേജിലൂടെ എഴുതി ഫിര്‍സുവും ഒപ്പിട്ടു. പിന്നെ ഓട്ടം നേരെ പോസ്റ്റോഫീസിലേക്ക്.. അന്നുവരെ ഒരു കത്തുപോലും ആര്‍ക്കും അയക്കാത്ത ഞങ്ങള്‍ അവിടെ ചെന്ന് ഓരോ കൗണ്ടറിലും ഏന്തിവലിഞ്ഞു നോക്കി. ഒടുക്കം ഒരു സ്ത്രീ ഞങ്ങളെ ഗൗനിച്ചു. (അപ്പോള്‍ മോഡല്‍ ആയാലുള്ള അവസ്ഥ ഓര്‍ത്ത് രോമാഞ്ചം)
ത്രൂശ്ശൂര്‍ക്ക് അയക്കാനൊരു കവര്‍ വേണം. എന്നറിയിച്ചപ്പോള്‍ ഒന്നര ഉറുപ്പ്യേന്റെ പോസ്റ്റ് കവര്‍ ഓരോന്ന് തന്നു. അതില്‍ അപേക്ഷയും ഫോട്ടോയും മടക്കീ ഒതുക്കി കേറ്റി വെള്ളം കൂട്ടിയ പശയൊട്ടിച്ച് പുറത്തെ പെട്ടിയില്‍ നിക്ഷേപിച്ചു. ഇനി മോഡലാവാന്‍ ഏതാനും നാളുകള്‍ ബാക്കി..
നിദ്രയില്ലാ രാത്രികള്‍ കൊതുകിനെ ആട്ടിക്കഴിഞ്ഞു. വൈകുന്നേരങ്ങളില്‍ പുഴതീരത്തെ പതിവു സംഗമം നടന്നുപോന്നു. ഓരോ നാളും പോസ്റ്റ്മാനുമാരെ കാണുമ്പോള്‍ പിറകേ കൂടി. അവര്‍ പിതാവിനുള്ള മാസികകള്‍ മാത്രം കെട്ടില്‍ നിന്നെടുത്തു തന്നു. ആ ഫോട്ടോയും കേണപേക്ഷയും തൃശൂരില്‍ പോയി എന്തെടുക്കുന്നു ആവോ. അവരത് വായിച്ച് മനസ്സലിഞ്ഞ് വിളിക്കാതിരിക്കുമോ? അതാലോചിച്ച് ഇരിക്കാനും വയ്യ നില്‍ക്കാനും വയ്യ.
ഫിര്‍സു ഓടിവന്നു. ഭയങ്കര സന്തോഷം ഓന്റെ മുഖത്ത്. എടാ നീ.. നീ മോഡലാവേ? ഞാന്‍ ആവാതെ നീ ആവേ? എന്നാ നോക്കാലോ എന്റെ ചെകുത്താന്‍ വക്രിച്ചു. അതുതന്നെ. ഓന് കത്ത് വന്നിരിക്കുന്നു. തോമ്മിസ് ആഡ് ഏജന്‍സി, ത്രിച്ചൂര്‍ അയച്ച മറുപടിക്കത്ത് ഉയര്‍ത്തിപ്പിടിച്ച് അവന്‍ കരണം മറി മാത്രം ഒഴിവാക്കി തുള്ളിച്ചാടി ഓടിനടന്നു.
'ഏടാ വന്നെടാ, കിട്ട്യേടാ, ഞാന്‍ മോഡലായെടാ. ഇനി എന്റെ മോന്ത ടീവീലും പത്രത്തിലും റോഡിനരികിലും മതിലിലും എല്ലാടത്തും പതിയുമെടാ.. ഹഹഹ. ഞാന്‍ ആരായി.'
'എടാ ഫിര്‍സൂ കാണട്ടെടാ, എന്താ കത്തില്?'
കുറേനേരം യാചിച്ചപ്പോള്‍ ഒരേയൊരു വട്ടം ഒന്നോടിച്ചുവായിക്കാന്‍ കിട്ടി. ഏപ്രീല്‍ ഒന്നാം തീയ്യതി രാവിലെ തൃശ്ശൂരിലെ തോമ്മിസ് ആപ്പീസില്‍ ഈ കത്തുമായി എത്തുക. എന്ന് മാനേജര്‍ തോമ്മീസ്. എന്നായിരുന്നു അതില്‍. അതിരാവിലെ ഞങ്ങള്‍ വീട്ടീന്നും ഒരു സുഹൃത്തുക്കളെ കാണാന്‍ എന്നും പറഞ്ഞ് ഇറങ്ങി. ബസ്സില്‍ കയറി തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. ജീവിതത്തിലെ ആദ്യ ദൂരയാത്ര അതാണ്.
എല്ലാ വശവും ഒരുപോലെ കിടക്കുന്ന തേക്കില്ലാത്ത തേക്കിന്‍കാട് മൈതാനിയും കണ്ട് വട്ടം കറങ്ങി പലവട്ടം പോയവഴിയെ തന്നെ പോയി ഒടുവില്‍ തോമ്മീസ് ആപ്പിസില്‍ ഹാജറായി. അവിടെ മോഡലാവാന്‍ വേറെ ആരും വന്നിട്ടില്ല. ഫിര്‍സു അഭിമാനാഹങ്കരത്തോടെ എന്നെ നോക്കി. ഞാന്‍ തന്നെ മോഡല്‍ എന്ന ഭാവം. തോമ്മീസിലെ സ്റ്റാഫ് ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞാന്‍ യാചനാഭാവത്തില്‍ ഇരിക്കാതെ മാറിനിന്നു. ഭവ്യത കണ്ടെങ്കിലും മോഡലാക്കിയെങ്കില്‍..
ഒടുവില്‍ മെലിഞ്ഞൊരുത്തന്‍ ഒരു കാമറയും തൂക്കിയിട്ട് പ്രത്യക്ഷപ്പെട്ടു. കട്ടിഗ്ലാസ്സുള്ള കണ്ണട വെച്ച്, ഫുള്‍സ്ലീവ് ഷര്‍ട്ട് ഇന്‍സേര്‍ട്ടാക്കി ബാഗിപാന്റ് വലിയ ബെല്‍ട്ടില്‍ വീഴാതെസൂക്ഷിച്ച് ലെതര്‍ ചപ്പലിട്ട് വല്ലാത്തൊരു കോലം. സ്റ്റാഫ് എഴുന്നേറ്റ് ഞങ്ങളോട് മന്ത്രിച്ചു. 'തോമ്മീ.. തോമ്മീ..സ്..'
ഞങ്ങള്‍ നിന്നു കൈകൂപ്പി. അയാള്‍ ഗൗനിക്കാതെ അകത്തേക്ക് പോയി. പിന്നീട് ഞങ്ങളെ വിളിപ്പിച്ചു. അയാള്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന് ആടി. ചോദ്യങ്ങളായി. ഞാന്‍ മിണ്ടാതെ ഇരുന്നു.
'ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന പരസ്യം കുന്നത്ത് ജെട്ടീം ബനിയനും വേണ്ടിയാണ്.'
ഫിര്‍സു എന്നെ ദയനീയതയോടെ നോക്കി. ഞാന്‍ സഹതാപമോടെ അവനേം..
'കുന്നത്ത് ജട്ടിയെ പറ്റി കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ?'
'ഉണ്ടേയ്..'
'പരസ്യം കണ്ടിട്ടുണ്ടോന്ന്?'
'ഇല്ലേയ്'
'ഇതില്‍ മോഡലിന്റെ മൊഖം വരൂല്ല. ദേഹത്തിലെ ഒരു പോര്‍ഷന്‍ ഒണ്‍ലി.'
ഫിര്‍സു സകലസ്വപ്നങ്ങളും കരിഞ്ഞുണങ്ങിയ പാടോടെ കറുത്ത മുഖം കുനിച്ചു.
'ദേഹം എന്നു പറഞ്ഞാല്‍ ജെട്ടി ധരിക്കുന്ന അരഭാഗം റ്റു മേല്‍തുട വരെ ഹൈലൈറ്റ് ചെയ്യുന്ന ഒരു ആഡ് ഫിലിം'
എനിക്ക് ചിരിപൊട്ടി ചുമയിലേക്ക് കണ്‍വേര്‍ട്ടാക്കി ഹൈബാസ്സില്‍ ചുമ പാസ്സാക്കി. ഫിര്‍സു കണ്ണുതള്ളി മിണ്ടാപ്രാണിപോലെ ഇരുന്നു.
'സാര്‍.. എന്തു കിട്ടും ഇതിന്?'
'ഞങ്ങള്‍ക്ക് നല്ല തുക കിട്ടും. പ്രമുഖ മോഡല്‍സിനൊക്കെ വല്യ ജാഡ, ജെട്ടി ഇട്ടുള്ള ആഡ്ഫിലിം അവരുടെ റേറ്റിന് ഒതുങ്ങൂല്ല. അതോണ്ടല്ലേ പുതുമുഖ ജെട്ടിമോഡല്‍സിനെ നോക്കുന്നത്.'
ഫിര്‍സു തലയാട്ടി. റെഡിയാണോന്ന് തോമ്മി ചോദിച്ചപ്പോള്‍ തല ഇരുവശത്തേക്കും ആടി.
'എന്നാല്‍ സമയം കളയാതെ പോകാന്‍ നൊക്കൂ. എനിക്ക് പിടിപ്പത് പണീണ്ട്. ഓക്കെ? ഇനി ദുഖിക്കാന്‍ പാടില്ല.'
ഫിര്‍സുവും ഞാനും അവിടേന്നും വേഗം വെളിയിലെത്തി. വട്ടത്തില്‍ കിടക്കുന്ന തേക്കിന്‍കാട് മൈതാനി നോക്കി തിരക്കുള്ള വീഥിയിലൂടെ നടക്കുമ്പോള്‍ സമീപമുള്ള വലിയൊരു ടെക്സ്റ്റൈല്‍സിനും മുന്നിലെ ബോര്‍ഡില്‍ ജെട്ടീം ബ്രായും ധരിച്ച ഒരു പെണ്ണിന്റെ രൂപം മങ്ങിക്കിടക്കുന്നതില്‍ നോക്കി ഫിര്‍സു പുലമ്പി.
'ഹും പെണ്ണായാല്‍ ഉടലല്ല മോന്ത വരെ പരസ്യത്തില്‍ വരും. കുന്നത്ത് ജെട്ടി അല്ല, പേര് ഒന്ന് പുതുക്കുന്നത് നല്ലതായിരിക്കും. കു....ത്ത് ചെട്ടി..!'
നാടായ നാടൊക്കെ ചുമരിലും സിനിമാഹാളിലും പരസ്യത്തില്‍ വരാന്‍ ജെട്ടിയിട്ട അവന്റെ ദേഹഭാഗത്തിന് ഭാഗ്യമില്ല.
ഇന്നും ഇടയ്ക്കിടെ ഞങ്ങല്‍ ഈ സംഭവമോര്‍ത്ത് രസിക്കാറുണ്ട്. നിങ്ങള്‍ക്കും രസിച്ചു എന്ന് കരുതട്ടെ..?
(ഫിര്‍സു ഇന്ന് പോലീസ്സായി. ഞാന്‍ ഞാനും..)



18 comments:
'ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന പരസ്യം കുന്നത്ത് ജെട്ടീം ബനിയനും വേണ്ടിയാണ്.'
ഫിര്‍സു എന്നെ ദയനീയതയോടെ നോക്കി. ഞാന്‍ സഹതാപമോടെ അവനേം..
'കുന്നത്ത് ജട്ടിയെ പറ്റി കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ?'
'ഉണ്ടേയ്..'
'പരസ്യം കണ്ടിട്ടുണ്ടോന്ന്?'
'ഇല്ലേയ്'
പാവം ഫിര്‍സു. സംഭവം കലക്കി
:)
തള്ളേ, ഗൊന്നു ഗൊലവിളിച്ചല്ലേ....
രചന കളുടെ നീളം ഇരുന്നു. അണ്‍ സഹിക്ക bil .. പക്ഷെ ശൈലിയും മാറ്ററും കൊള്ളാം [തലകെട്ടിലെ സബ് ടൈറ്റില്‍ നിറം മാറ്റുക . മഞ്ഞ നിറം ചേരും .]
കൊള്ളാം... തുടരട്ടെ..
ഒരു ഫോടോ കൂടി ഇടാരുന്നു :)
രസിച്ചു വായിച്ചു
ഹഹഹ..
:)
രസിച്ചു വായിച്ചു
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
ശരിക്കും ചിരിച്ചുപോയി. എന്നിട്ടു ഫിര്‍സു പിന്നെ മോഡലും താരവുമൊക്കെ ആയോ?
രസകരം ഈ കുറിപ്പ്...
:))))))))
ഒട്ടും വിഷമിക്കെണ്ട ലോകത്തിലെ എല്ലാ നല്ല കാര്യങളുടെയും തുടക്കം ജെട്ടിയില്‍ നിന്നാണെന്നല്ലെ ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്?
ഗജിനിയില്‍ അസിനും ഇതു പോലെ തന്നെ ഒരോഫര്‍ സൂര്യ/അമീറിനു കൊടുക്കുന്നുണ്ടല്ലോ..
സിജു, സത്യാണോ? ഗജിനി ഹിന്ദീം തമിഴും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവര്‍ ഇതെങ്ങനെ അടിച്ചുമാറ്റി ആവോ?
ഈ അനുഭവം സത്യായിട്ടും ശരിക്കും അനുഭവിച്ചതാണ്. വേണമെങ്കില്‍ ഇതിലെ നായകന്‍ ഫിര്‍സാദിനോട് നിങ്ങള്‍ക്ക് ചോദിച്ചുനോക്കാംട്ടോ. അവന്റെ നമ്പറോ ഈമെയിലോ വേണമെങ്കില്‍ തരാമേ. :)
എതായാലും ജെട്ടിയിലൊതുങ്ങിയതു നന്നായി
അല്ലായിരുന്നേല്‍ കാണാമായിരുന്നു
പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇവിടെ വന്ന് വായിച്ച് ഗമന്റിലൂടെ സപ്പോര്‍ട്ട് തന്ന എല്ലാ സല്‍ഹൃദയര്‍ക്കും എന്റെ നന്ദി, കൂപ്പുകൈ. അടുത്ത ഗുണ്ട് ഉടന്‍ വരുന്നത് വരേക്കും തല്‍ക്കാലം വിട.
ഭാവിയൊണ്ട്
Post a Comment